- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിലെ ആദ്യ പ്ലാസ്റ്റിക് സർജറി വിഭാഗത്തിനു നേതൃത്വം നൽകിയ സർജൻ; കേരളത്തിലെ ആദ്യ ലിംഗമാറ്റ ശസ്ത്രക്രിയയിലുടെ ചരിത്രം കുറിച്ചു; എസ്എസ്എൽസി പരീക്ഷയിൽ റാങ്ക് ജേതാക്കളായ 3 കുട്ടികളുടെ പിതാവ് എന്ന നിലയിൽ ശ്രദ്ധേയനായി; വിടവാങ്ങിയത് ജനകീയ ഡോക്ടർ പി.എ.തോമസ്

തിരുവനന്തപുരം: വൈദ്യശാസ്ത്രമേഖലയിൽ സംസ്ഥാനത്ത് തന്നെ ചരിത്രപരമായ ഒട്ടേറെ മൂഹൂർത്തങ്ങൾക്ക് നേതൃത്വം വഹിച്ച വ്യക്തിത്വമായി കഴിഞ്ഞ ദിവസം അന്തരിച്ച ഡോ പി.എ.തോമസ്.കേരളത്തിലെ ആദ്യ പ്ലാസ്റ്റിക് സർജറി വിഭാഗത്തിനു നേതൃത്വം, കേരളത്തിലെ ആദ്യ ലിംഗമാറ്റ ശസ്ത്രക്രിയയുടെ നേതൃസ്ഥാനം എന്നിങ്ങനെ നീളുന്ന ഡോ തോമസിന്റെ നേട്ടങ്ങളുടെ പട്ടിക.ഇതിനുപുറമെ ഏറെ കൗതുകകരമായ ഒരു നേട്ടവും അദ്ദേഹത്തെതേടിയെത്തി.എസ്എസ്എൽസി പരീക്ഷയിൽ റാങ്ക് ജേതാക്കളായ 3 കുട്ടികളുടെ പിതാവ് എന്ന നിലയിൽ എഴുപതുകളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു ഇദ്ദേഹം.
റോഷൻ തോമസ്, ഉഷ ടൈറ്റസ്, ആശ തോമസ് എന്നിവരാണ് കേരളം ശ്രദ്ധിച്ച മക്കൾ. ഡോക്ടർമാരായ മൂവരിൽ രണ്ടു പേർ ഐഎഎസുകാരാണ്. ആശ തോമസ് ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയും ഉഷ ടൈറ്റസ് ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തുനിന്നു വിരമിച്ച ശേഷം അഡീഷനൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാം കേരള (അസാപ്) സിഎംഡിയുമാണ്. റോഷൻ തോമസ് പുണെയിൽ അനസ്തെറ്റിസ്റ്റാണ്.
റാന്നിയിൽ ജനിച്ച തോമസ് മുംബൈ ഗ്രാൻഡ് മെഡിക്കൽ കോളജിൽ നിന്ന് എംബിബിഎസും എംഎസും പൂർത്തിയാക്കിയ ശേഷമാണ് തിരുവനന്തപുരം മെഡിക്കൽ കോളജ് സർജറി വിഭാഗത്തിൽ ജോലിയിൽ പ്രവേശിച്ചത്. ഇംഗ്ലണ്ടിലെ ഈസ്റ്റ് ഗ്രിൻസ്റ്റെഡിൽ പ്ലാസ്റ്റിക് സർജറി പരിശീലനം പൂർത്തിയാക്കിയ അദ്ദേഹം മെഡിക്കൽ കോളജ് സർജറി, പ്ലാസ്റ്റിക് സർജറി വിഭാഗങ്ങളുടെ ഡയറക്ടറായാണു വിരമിച്ചത്.
തീപ്പൊള്ളലേറ്റവരുടെ ചികിത്സയ്ക്കാണ് ഊന്നൽ നൽകിയത്. അസോസിയേഷൻ ഓഫ് പ്ലാസ്റ്റിക് സർജൻസ് ഓഫ് ഇന്ത്യയുടെ പ്രസിഡന്റായ ആദ്യ മലയാളിയാണ്. മാർത്തോമ്മാ സഭയുടെ ആദ്യ ഹോസ്പിറ്റൽ ഗൈഡൻസ് സൊസൈറ്റി തിരുവനന്തപുരത്ത് ആരംഭിക്കുന്നതിലും മുഖ്യപങ്കു വഹിച്ചു.
ഭാര്യ: ലീല തോമസ് (കൊല്ലം പാറപ്പാട്ട് കുടുംബാംഗം). മരുമക്കൾ: ടി.സി.ബെഞ്ചമിൻ (റിട്ട. അഡീ. ചീഫ് സെക്രട്ടറി, മഹാരാഷ്ട്ര), ഡോ. ടൈറ്റസ് പി.കോശി (റെയിൽവേ ബോർഡ് മുൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ), മാത്യു ചാണ്ടി (ആർക്കിടെക്ട് അർബൻ പ്ലാനർ, യുഎസ്.)സംസ്‌കാരം ഉച്ചയ്ക്കു മൂന്നിന് ശ്രീകാര്യം ബെഥേൽ മാർത്തോമ്മാ പള്ളിയിൽ.


