തിരുവനന്തപുരം: രാഷ്ട്രീയത്തിൽ ഇറങ്ങും മുമ്പ് താൻ ചായ വിറ്റ് നടന്നിരുന്നു എന്നായിരുന്നു നരേന്ദ്ര മോദിയുടെ വെളിപ്പെടുത്തൽ ... ഇത് കർണാടകയിലെ തെരെഞ്ഞടുപ്പിലും ചർച്ച വിഷയമാക്കിയത് തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കടക്കടുത്തുള്ള ആമച്ചൽ സ്വദേശി പി അനിൽകുമാറാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇമേജും സ്വന്തം ഇമേജും ബന്ധിപ്പിച്ച് കൊണ്ടുള്ള അനിൽകുമാറിന്റെ പ്രചരണം കർണാടകയിലെ ബൊമ്മനഹള്ളി മണ്ഡലത്തിൽ ശ്രദ്ധേയനാക്കുകയും ചെയ്തു. ബിജെപി-കോൺഗ്രസ് സ്ഥാനാർത്ഥികൾക്ക് സമാനമായിരുന്നു പ്രചരണം. കാശിറക്കി വോട്ട് ചോദിച്ചിട്ടും പ്രതീക്ഷിച്ചത് പെട്ടിയിലായില്ല. എങ്കിലും അനിൽകുമാർ നിരാശനല്ല.

കപ്പും സാസാറും ചിഹ്നമാക്കി അനിൽകുമാർ ഗോദയിലിറങ്ങിയപ്പോൾ മണ്ഡലത്തിലെ 36000ത്തോളം വരുന്ന മലയാളികൾ കൈവിടില്ലെന്നായിരുന്നു പ്രതീക്ഷ. എന്നാൽ സംഭവിച്ചത് അതൊന്നുമല്ല. 1143 വോട്ട് മാത്രമാണ് അനിലിന് കിട്ടിയത്. അപ്പോഴും ചില തീരുമാനങ്ങളുമായി മുന്നോട്ട് പോവുകയാണ് ഈ മലയാളി. ഇലക്ഷൻ കഴിഞ്ഞാൽ ഇവിടങ്ങളിൽ ജന പ്രതിനിധിയെ മഷി ഇട്ട നോക്കിയാൽ കാണില്ല.... വീണ്ടും കാണണമെങ്കിൽ അടുത്ത തെരെഞ്ഞടുപ്പ് വരെ കാക്കണം. വോട്ട് കുറഞ്ഞെങ്കിലും ബൊമനഹള്ളിയെ സ്വന്തം തട്ടകമായി മാറ്റി പ്രശ്‌ന പരിഹാരങ്ങളുണ്ടാക്കാനാണ് അനിൽ കുമാറിന്റെ തീരുമാനം.

പൊതു പ്രവർത്തന രംഗത്ത് ഇറങ്ങും മുൻപ് തന്നെ അനിൽകുമാർ മണ്ഡലത്തിലെ പരസഹായി കൂടിയാണ് , ഇതിനകം തന്നെ ചാരിററി പ്രവർത്തനങ്ങൾക്ക് കോടികൾ ചെലവഴിച്ചു കഴിഞ്ഞു. ഇല്ലായമകൾക്ക ്നടുവിൽ നിന്ന് വന്ന ഇദ്ദേഹം മണ്ഡലത്തിലുള്ളവരുടെ വല്ലായ്്മകൾ കേൾക്കാനും കാണനും കണ്ണീർ ഒപ്പാനും ഇനിയും ഉണ്ടാകുമെന്നാണ് അഭ്യൂദയ കാംക്ഷികളോടു പറയുന്നത്. ചായവിറ്റ് കോടീശ്വരനായ അനിൽകുമാറിന്റെ ബാല്യം ഇല്ലായ്മകളുടേതായിരുന്നു. അതിന് പരിഹാരമുണ്ടാക്കിയത് ഈശ്വര കടാക്ഷമാണ്. ഇത് സഹജീവികൾക്കും നൽകാനാണ് അനിൽകുമാറിന്റെ തീരുമാനം. കർണ്ണാടകയിൽ അധികാരം പിടിക്കാൻ എല്ലാ പാർട്ടികളും കുതിരക്കച്ചവടത്തിലേക്ക് പോകുമ്പോൾ അനിൽ കുമാർ തോൽവിയിലും തളരാതെ പൊതുപ്രവർത്തനത്തിൽ സജീവമാകുന്നു.

ദുഃഖങ്ങളും ദുരിതങ്ങളും ചുമടായപ്പോൾ ഒൻപതാം വയസിൽ കാട്ടാക്കടയിലെ ആമച്ചലിൽ നിന്നും കള്ള വണ്ടി കയറിയ അനിൽകുമാർ ചെന്നെത്തിയത് മുംബൈയിലെ ഒരു ചായക്കടയിലായിരുന്നു. അവിടെ സഹായിയായി കൂടി മുന്നോട്ടു പോകുന്നതിനിടെ ചില കുടുംബ പ്രശ്നങ്ങളുടെ പേരിൽ ഉടമ കടപൂട്ടി. വീണ്ടും നാട്ടിലേക്ക് തിരിച്ചു. പട്ടിണിയും പരിവട്ടവുമായി കഴിഞ്ഞിരുന്ന കുടുംബം അമ്മ വീട്ടുജോലി ചെയതുവരുന്നത് വരെ കാത്തിരിക്കുമായിരുന്നു. അമ്മയക്കായി ജോലി ചെയ്യുന്ന വീട്ടിൽ നിന്നും നൽകുന്ന ഭക്ഷണം മക്കളുടെ അടുത്ത് എത്തി പകുത്ത് നല്കിയരുന്ന അമ്മ സത്യത്തിൽ പച്ച വെള്ളം കുടിച്ചാണ് പലപ്പോഴും വിശപ്പടക്കിയിരുന്നത്. നാല് ഇഡ്ഢലിയോ നാലു ദേശയോ കിട്ടിയിരുന്നത് മൂന്ന് മക്കൾക്കായി അമ്മ പകുത്ത് നൽകിയിരുന്നതായി അനിൽകുമാർ നിറ കണ്ണുകളോടെ ഓർക്കുന്നു.

അടുക്കള പണിക്ക് പുറമെ പച്ചമരിച്ചീനി അരിഞ്ഞുണക്കൽ ഉൾപ്പെടെയുള്ള ജോലികൾക്കും അമ്മ പോയിരുന്നു. അച്ഛനുപേക്ഷിച്ച് പോയതനിനാൽ അമ്മയുടെ കഠിനാദ്ധ്വാനം മാത്രമായിരുന്നു കുടുംബത്തിന്റെ അത്താണി. പട്ടിണി ഏറി വരികയും അമ്മയുടെ ദുരിതം കാണാൻ കഴിയാതെ വരികയും ചെയ്തതോടെ അനിൽകുമാർ വീണ്ടും വണ്ടി കയറി. ഇത്തവണ എത്തപ്പെട്ടത്് ബാഗ്ലൂരിലായരുന്നു. അവിടെ മജസ്റ്റിക് സ്ട്രീറ്റിൽ ഉറങ്ങി, കടവരാന്തയിൽ ചായ വിൽപ്പന തുടങ്ങിയ അനിലിന്റെ ചായക്ക് ഡിമാന്റ് കൂടിയതോടെ ഭാഗ്യവും തെളിഞ്ഞു. ചായക്കച്ചവടത്തിനായി കടയെടുത്തു. പിന്നീട് എം ജി റോഡിലായി ചായക്കട.

ഇതിനിടെ സമീപത്തെ പ്രധാന കടകളിലെയും കമ്പിനികളിലെയും ചായ എത്തിക്കാനും അവസരമായി. ചെമ്മണ്ണൂർ ജുവലേഴ്സ്, വിപ്രോ, ഒരു ലിഫ്ട്് കമ്പിനി എന്നിവിടങ്ങളിലെ നൂറ് കണക്കിന് ജീവനക്കാർ അനിൽകുമാറിന്റെ പറ്റുകാരും ആയി. മോശമില്ലാത്ത വരുമാനം ഉണ്ടായതോടെ 19ാം വയസിൽ അനിൽകുമാർ വിവാഹവും കഴിഞ്ഞു. തൃശൂർ സ്വദേശിനി സന്ധ്യ ജീവിത സഖിയായതോടെയാണ് അനിൽകുമാറിന്റെ ജീവിതത്തിലും മാറ്റങ്ങൾ സംഭവിച്ചു തുടങ്ങിയിത്. കുടുംബമായതോടെ വീടെന്ന സ്വപ്നവുമായി ബാഗ്ലൂർ നഗരത്തിൽ നിന്നും 8 കിലോ മീറ്റർ അകലെയുള്ള ബൊമ്മനഹള്ളിയിലെത്തി സ്ഥലം വാങ്ങി.

വീടു വെയ്ക്കാൻ ആലോചന തുടങ്ങിയപ്പോൾ ചില സുഹൃത്തുക്കൾ വാങ്ങിയ സ്ഥലം മോശമാണന്ന് അഭിപ്രായപ്പെട്ടു. തുടർന്ന് കുറച്ചു കൂടി ഉള്ളിലേക്ക് മാറി സ്ഥലം വാങ്ങി വീടു പണി തുടങ്ങിയപ്പോൾ ആദ്യം വാങ്ങിയ സ്ഥലം ഇരട്ടി വിലക്ക് വാങ്ങാൻ ആളെത്തി. ഉടൻ വിറ്റു കാശ് വാങ്ങി. റിയൽ എസ്റ്റേറ്റിലെ ലാഭം നേരിട്ടനുഭവിച്ച് അറിഞ്ഞു. പിന്നീട് പണി നടക്കുന്ന വീടിന്റെ മുന്നിലുള്ള ഒരേക്കർ വാങ്ങി ഫ്ളോട്ട് തിരിച്ചു വിറ്റു. തുടർന്ന് പണിയിച്ച വീടും കൂടി വിറ്റ് രണ്ട് ഏക്കർ വാങ്ങി. ഇതിനിടെ ചായ ക്കട നിർത്തി. പിന്നെ ഏക്കർ കണക്കിന് സ്ഥലം വാങ്ങി കൂട്ടി. പതിനഞ്ച് വർഷം മുൻപ് ബാംഗ്ലൂരിൽ ഐ ടി രംഗത്ത് ഉണ്ടായ മാറ്റവും തന്റെ തലവര മാറ്റിയെഴുതാൻ കാരണമായതായി അദ്ദേഹം പറയുന്നു.

ഇപ്പോൾ ബാംഗ്ലൂരിലെ കണ്ണായ സ്ലത്ത് 300 ഏക്കർ ഭൂമിയുണ്ട് അനിൽകുമാറിന്. ഇവിടെ വിവിധ പ്രോജക്ടുകൾ വരാൻ പോകുന്നു. റിയൽ എസ്റ്റേറ്റ് മേഖലയില സമ്പാദ്യം ഉൾപ്പെടെ 339 കോടിയുടെ ആസ്തിയുണ്ട് അനിൽകുമാറിന്. മണ്ഡലത്തിൽ ജയിക്കാനല്ല മത്സരിച്ചത് എന്ന് അനിൽകുമാർ പറയുന്നു. കോൺഗ്രസ് ബിജെപി അഡ്ജസ്റ്റുമെന്റ് രാഷ്ട്രീയത്തിന് അറുതി വരുത്തുകയായിരുന്നു ലക്ഷ്യം. ബൊമ്മനഹള്ളിയിലെ അടിസ്ഥാന പ്രശ്നങ്ങളിലേക്ക് ജന പ്രതിനിധികൾ ഇറങ്ങി ചെന്നിട്ടില്ല.. നല്ല റോഡില്ല, കുടിവെള്ളമില്ല, തൊഴിരഹിതർ കൂടുന്നു. തൊഴിൽ രംഗത്തെ ചൂക്ഷണങ്ങൾക്കും അറുതിയായിട്ടില്ല. അതു കൊണ്ട് തന്നെ തോറ്റാലും ഇനിയുള്ള ജീവിതം മണ്ഡലത്തിലെ ജനങ്ങൾക്ക് വേണ്ടിയാണന്ന് അനിൽ പറയുന്നു.

ഗാർമെന്റ്സ് മേഖലയിൽ പണിയെടുക്കുന്ന സ്ത്രീകൾക്കായി പരിശീലന പദ്ധതി, പാവങ്ങൾക്കായി ക്ഷേമ പദ്ധതികൾ അങ്ങനെ. അനിൽകുമാറിന്റെ നിയന്ത്രണത്തിലുള്ള ഫൗണ്ടേഷൻ വഴി പല വിധ പദ്ധതികളാണ് ആസുത്രണം ചെയ്യാൻ പോകുന്നത്. തോൽവിക്കിടയിലും മനസ്സ് മടുത്തിട്ടില്ല. അടുത്ത പാർലമെന്റ് തെരെഞ്ഞെടുപ്പിലും ഒരു കൈ നോക്കാനാണ് അനിൽകുമാറിന്റെ ആലോചന. മണ്ഡലത്തിൽ സജീവമായ അനിൽകുമാർ പിറന്ന നാടിനെ കൈവിടാനും ഒരുക്കമല്ല.

കാട്ടാക്കടയിലെ ആമച്ചലിൽ നടക്കുന്ന ഏതു പരിപാടിക്കും സഹായങ്ങൾക്കും അനിൽകുമാറിന്റേതായി സഹായം ഉണ്ടാവും അതു കൊണ്ട് തന്നെ ബൊമ്മനഹള്ളിക്കാരെ പോലെ തന്നെ ആമച്ചൽകാർക്കും അനിൽ പ്രിയപ്പെട്ടവൻ തന്നെ.