കോഴിക്കോട്; രാജ്യത്തെ സർവ്വകലാശാലകളിലെ സംവരണ വിരുദ്ധതക്കെതിരെ മാധ്യമം ദിനപത്രത്തിൽ ലേഖനമെഴുതിയതിന് നടപടിനേരിടുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി ചരിത്ര വിഭാഗം അദ്ധ്യാപകൻ ഡോ. കെഎസ് മാധവന് പിന്തുണയുമായി കൂടുതൽ പേർ രംഗത്ത്. ഡോ. കെഎസ് മാധവന് കാലിക്കറ്റ് യൂണിവേഴ്സിറ്റി കാരണം കാണിക്കൽ നോട്ടീസ് നൽകിയ സാഹചര്യത്തിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് നടത്തിയ ചർച്ചയിൽ കെഎസ് മാധവന് പിന്തുണയുമായി നിരവധി പേർ രംഗത്തെത്തി.

കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ സംവരണ മാഫിയ ഉണ്ട് എന്നതിനുള്ള തെളിവാണ് കെ എസ് മാധവനെതിരായ നടപടിയെന്ന് ചർച്ചയിൽ പങ്കെടുത്ത കാലിക്കറ്റ് യൂണിവേഴ്സിറ്റി സിന്റിക്കേറ്റ് അംഗം ഡോ. റഷീദ് അഹമ്മദ് പറഞ്ഞു. സിൻഡിക്കേറ്റ് ചർച്ചചെയ്യാത്ത ഒരു കാര്യമാണ് ഡോ. കെഎസ് മാധവനെതിരയാ നടപടി. സംവരണ മാഫിയകൾ വൈസ് ചാൻസലറുടെയും രജിസ്ട്രാറുടെയും സഹായത്തോടെ നടത്തുന്ന വേട്ടയാണിത്. നിലവിൽ നടന്നുകൊണ്ടിരിക്കുന്ന അദ്ധ്യാപക നിയമനം സംവരണ നിയമങ്ങളെല്ലാം ലംഘിച്ചു കൊണ്ടുള്ളതാണെന്നും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സിൻഡിക്കേറ്റ് അംഗം ഡോ. റഷീദ് അഹമ്മദ് പറഞ്ഞു.

64 വർഷമായിട്ടും എസ് ടി വിഭാഗത്തിൽ നിന്ന് ഒരാൾ പോലും യൂനിവേസഴ്സിറ്റിയിൽ അദ്ധ്യാപകനായില്ല എന്നുള്ളത് സർവകലാശാലയുടെ സംവരണ വിരുദ്ധതയെ തുറന്നു കാണിക്കുന്നുണ്ട്.ഭരണഘടന സംരക്ഷണത്തിന് മുറവിളി കൂട്ടുന്നവരാണ് സംവരണ അട്ടിമറികൾക്ക് നേതൃത്വം നൽകുന്നത് എന്നത് വിരോധാഭാസമാണ്. സാമൂഹിക നീതിയുടെ ആണിക്കല്ലായ സംവരണത്തിന് വേണ്ടി നിലകൊള്ളുന്നവരെ വേട്ടയാടുന്നതിൽ കേന്ദ്രവും കേരളവും തമ്മിൽ വ്യത്യാസം ഇല്ലാതായിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

കേരളം മറ്റു പലസംസ്ഥാനങ്ങളെ അപേക്ഷിച്ചു വളരെ മുന്നിലാണ് എന്ന് പറയുമ്പോഴും വിദ്യാഭ്യാസ മേഖലയിൽ ദലിത്, ആദിവാസി, മറ്റു പിന്നാക്ക ജനവിഭാഗങ്ങൾക്ക് അർഹിക്കുന്ന പ്രാതിനിധ്യം ഇതുവരെയും ഉണ്ടായിട്ടില്ല എന്നത് അപമാനകരമാണെന്ന് ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ച ഡോ.പി.കെ പോക്കർ അഭിപ്രായപ്പെട്ടു. ഡോ. പികെ പോക്കറുമായി ചേർന്നായിരുന്നു ഡോ. കെഎസ് മാധവൻ മാധ്യമം ദിനപത്രത്തിൽ ലേഖനമെഴുതിയിരുന്നത്. ഭരണഘടന ഉറപ്പു നൽകുന്ന അവകാശങ്ങളെ അട്ടിമറിക്കുകയും അതിനെതിരെ പ്രതികരിക്കുന്നവർക്കെതിരെ അച്ചടക്ക നടപടിയെടുക്കുകയും ചെയ്യുന്ന സമീപനം ചോദ്യം ചെയ്യപ്പെടേണ്ടതാണ്. ദാരിദ്ര്യ നിർമ്മാർജനമല്ല സർവകലാശാലകളുടെ ഉദ്ദേശം മറിച് വൈജ്ഞാനിക ഉല്പാദനമാണ്. രാജ്യത്തിന്റെ പുരോഗതി ഉറപ്പുവരുത്തണമെങ്കിൽ എല്ലാ ജനവിഭാഗങ്ങളുടെയും അർഹിക്കുന്ന പ്രാതിനിധ്യം വിജ്ഞാന ഉല്പാദനത്തിൽ ഉറപ്പു വരുത്താൻ കഴിയേണ്ടതുണ്ട് എന്നും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വിസിറ്റിങ് പ്രൊഫസർ കൂടിയായ പി കെ പോക്കർ കൂട്ടിച്ചേർത്തു.

ഡോ കെസ് മാധവനെതിരെയുള്ള കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ നടപടിയുടെ പശ്ചാതലത്തിൽ സംഘടിപ്പിച്ച ചർച്ചയിൽ ഡോ.പി.കെ സാദിഖ്(Department of Social Communication CEDEC NISWASS Bhubaneswar), ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം നുജൈം പി.കെ തുടങ്ങിയവർ പങ്കെടുത്തു.