തിരുവനന്തപുരം: അതിസങ്കീർണമായ കേസുകളിലും അന്വേഷണ സംഘങ്ങൾക്ക് സഹായകമായ സൂക്ഷ്മമായ കണ്ടെത്തലുകൾ നടത്തിയിട്ടുണ്ട് കഴിഞ്ഞ ദിവസം അന്തരിച്ച മുൻ ഫോറൻസിക് സ്ർജൻ ഡോ. പി രമ. അതുകൊണ്ട് തന്നെ കുറ്റാന്വേഷണ രംഗത്തെ മികവു കൂടി അവർക്ക് അവകാശപ്പെടാനുണ്ട്. എന്നാൽ, മാധ്യമങ്ങളിൽ തിളങ്ങി നിൽക്കാൻ അവസരം ധാരാളം ഉണ്ടായിട്ടും അതിന് അവർ മുതിർന്നില്ല. തന്റെ തൊഴിലും വ്യക്ത ജീവിതവും പരസ്യപ്പെടുത്താതെ മുന്നോട്ടു പോകുകയായിരുന്നു രമ.

ഫോറൻസിക് രംഗത്തേക്ക് ഇറങ്ങാൻ സ്ത്രീകൾ മടിച്ചിരുന്ന കാലത്തായിരുന്നു, ഡോ രമയുടെ വരവ്. ഡോ. ഉമാദത്തനെ പോലുള്ളവർ നിറഞ്ഞു നിന്ന മേഖലയിൽ രമക്ക് വഴികാട്ടികളായി അധികമാരും ഉണ്ടായിരുന്നില്ല. എങ്കിലും തന്റെ മേഖലയിൽ ശോഭിക്കാൻ അവർക്ക് സാധിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ എംബിബിഎസ് പഠന ശേഷം ഫോറൻസികിൽ എംഡി. കോളിളക്കം സൃഷ്ടിച്ച മേരിക്കുട്ടി കേസോടെയാണ് ഡോ രമ ശ്രദ്ധിക്കപ്പെട്ടത്. അന്ന് വിവാദമായ മേരിക്കുട്ടിയുടേതുകൊലപാതകമെന്ന് തെളിയിച്ചത് ഡോ. രമ നടത്തിയ പോസ്റ്റ്‌മോർട്ടത്തിലെ കണ്ടെത്തലുകൾ.

പിന്നാലെ സംസ്ഥാനത്തെ പിടിച്ചുകുലുക്കിയ കല്ലുവാതുക്കൽ വിഷമദ്യ ദുരന്ത കേസ് അന്വേഷണത്തിലും ഡോ.രമയ്ക്കുള്ളത് നിർണായക പങ്ക്. മിഥൈൽ അൽക്കഹോൽ എങ്ങനെ കാഴ്ച നഷ്ട്‌പ്പെടുത്തു, എങ്ങനെ ശരീരത്തിൽ മാറ്റങ്ങളുണ്ടാക്കുമെന്ന കണ്ടെത്തലുകൾ സുപ്രീംകോടതിയുടെ വരെ അഭിനന്ദം നേടികൊടുത്തു. ന്യായാധിപർ പോലു ഡോ. രമയുടെ കണ്ടെത്തലുകളെ പ്രശംസിക്കുന്ന അവസ്ഥ വന്നു.

ഡോ. രമയുടെ ജീവിതത്തിൽ നിർണായകമായ മറ്റൊരു കേസ് പ്രമാദമായ അക്കു വധക്കേസാണ്. സ്പിരിറ്റ് മാഫിയയുടെ കുടിപ്പകയെത്തുടർന്ന് യുവാവിനെക്കൊന്ന് റെയിൽവേ ട്രാക്കിൽ തള്ളിയ കേസിൽ, കൊലപാതകമെന്ന് തെളിയിക്കാൻ പ്രോസിക്യൂഷനെ സഹായിച്ചതും ഡോ രമയുടെ നിഗമനങ്ങളായിരുന്നു. അക്കുവിന്റെ തല തകർന്നത് ട്രെയിൻ തട്ടിയല്ല, മറിച്ച് തല തകർത്തുകൊന്നിട്ട് ശരീരം ട്രാക്കിൽ കൊണ്ടിട്ടതാണെന്ന് സ്ഥാപിക്കാൻ ഡോ രമയുടെ സൂക്ഷ്മമായ കണ്ടെത്തലുകൾക്കായി.

ജീവിതത്തിന്റെ നല്ലൊരു ഭാഗവും ശബ്ദിക്കാത്ത തെളിവുകളുടെ ശബ്ദമായി മാറിയ ഡോ. രമ രോഗം മൂർച്ഛിച്ചതോടെ, സർവീസ് തീരാൻ വർഷങ്ങൾ ബാക്കിനിൽക്കെ സ്വയം വിരമിക്കുകയായിരുന്നു. അഭയ കേസിൽ, വീട്ടിലെത്തിയാണ് ഡോക്ടറുടെ നിർണായക മൊഴി കോടതി രേഖപ്പെടുത്തിയത്. ഏറ്റവും ഒടുവിൽ അഭയ കേസിൽ സി. സെഫി കന്യാചർമ്മം വെച്ചുപിടിച്ചെന്ന് കണ്ടെത്തിയതും ഡോ രമയുടെ ടീമായിരുന്നു.

കേസിൽ നിന്നും രക്ഷപെടാൻ വേണ്ടി സെഫി നടത്തിയ ശ്രമങ്ങൾക്ക് വിലങ്ങു തടിയായതും ഡോ. രമയുടെ കണ്ടെത്തലായിരുന്നു. സെഫി ഹൈമനോപ്ലസ്റ്റി നടത്തിയെന്ന കണ്ടെത്തലായിരുന്നു കേസിൽ നിർണായകമായത്. ഇത് ശരിവെക്കുന്ന റിപ്പോർട്ടായിരുന്നു ഡോ. രമയുടേത്. അഭയക്കേസിൽ പ്രതി സിസ്റ്റർ സെഫിയെ അറസ്റ്റു ചെയ്ത് മെഡിക്കൽ പരിശോധനയ്ക്കു ഹാജരാക്കിയപ്പോൾ ആലപ്പുഴ മെഡിക്കൽ കോളജിലെ പൊലീസ് സർജനായിരുന്നു.

2019ൽ അഭയക്കേസിലെ വിചാരണ സിബിഐ കോടതിയിൽ ആരംഭിച്ചപ്പോൾ മജിസ്‌ട്രേറ്റ് പ്രോസിക്യൂഷൻ സാക്ഷിയായ ഡോ.രമയുടെ വീട്ടിലെത്തിയാണ് മൊഴിയെടുത്തത്. അസുഖ ബാധിതയായതിനാൽ സർവീസിൽനിന്ന് സ്വയം വിരമിച്ച് വീട്ടിൽ വിശ്രമത്തിലായിരുന്നു ആ സമയം രമ. പാർക്കിസൺസ് രോഗബാധിതയായി ചികിത്സയിൽ ആയിരുന്നു അന്ന് അവർ. മൂന്നു വർഷം മുൻപ് സർവീസിൽനിന്നു സ്വയം വിരമിച്ചു. ആലപ്പുഴ, തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജുകളിലായി ഒട്ടേറെ ഡോക്ടർമാരുടെ പ്രിയപ്പെട്ട അദ്ധ്യാപിക കൂടിയായിരുന്നു രമ. തിരുവനന്തപുരം മെഡിക്കൽ കോളജിൽ 1985ലാണ് ഫൊറൻസിക് വിഭാഗത്തിൽ ജോലിയിൽ പ്രവേശിക്കുന്നത്. കുറച്ചുനാൾ ആലപ്പുഴ മെഡിക്കൽ കോളഡിൽ പ്രഫസറായി ജോലി ചെയ്തു. സർവീസിലെ കൂടുതൽ സമയവും തിരുവനന്തപുരം മെഡിക്കൽ കോളജിലായിരുന്നു.

സർവീസിലിരിക്കെ, നിരവധി പ്രമാദമായ കേസുകൾക്ക് ഫൊറൻസിക് തെളിവുകൾ ശേഖരിക്കുന്നതിൽ പങ്കുവഹിച്ചു. അതുകൊണ്ട് തന്നെ കുറ്റാന്വേഷണ രംഗത്തെയും അറിയപ്പെടുന്ന സാന്നിധ്യമായിരുന്നു അവരെന്നാണ് പൊലീസ് ഉദ്യോഗസ്ഥരും അഭിഭാഷകരും അടക്കം പറയുന്നത്.