- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡോ. എസ്. പത്മാവതി അന്തരിച്ചു; രാജ്യത്തെ പ്രഥമ വനിതാ കാർഡിയോളജിസ്റ്റ് വിട പറഞ്ഞത് 103-ാം വയസ്സിൽ
ന്യൂഡൽഹി: രാജ്യത്തെ ആദ്യ കാർഡിയാക് ക്ലിനിക് സ്ഥാപിച്ച ഡോ. എസ്. പത്മാവതി അന്തരിച്ചു. 103 വയസ്സായിരുന്നു. കാർഡിയോളജി പ്രത്യേക പഠന–ചികിത്സാ വിഭാഗമാക്കുകയും ചെയ്ത ഡോ. എസ് പത്മാവതി, രാജ്യത്തെ പ്രഥമ വനിതാ കാർഡിയോളജിസ്റ്റ് കൂടിയാണ്. രാജ്യം പത്മവിഭൂഷൺ, പത്മഭൂഷൺ ബഹുമതികൾ നൽകി ആദരിച്ചിട്ടുണ്ട്. നാഷനൽ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ട്, ഓൾ ഇന്ത്യ ഹാർട്ട് ഫൗണ്ടേഷൻ എന്നിവയ്ക്കു തുടക്കം കുറിച്ചത് പത്മാവതിയാണ്. ആറര പതിറ്റാണ്ടിലേറെ ഹൃദ്രോഗ ചികിത്സാ, ഗവേഷണ മേഖലകളിൽ സജീവമായിരുന്നു.
കോയമ്പത്തൂരിൽ നിന്നു മ്യാന്മറിലേക്കു കുടിയേറിയ കുടുംബത്തിൽ 1917ൽ ആയിരുന്നു ജനനം. അച്ഛൻ അഡ്വ. വി എസ്. അയ്യർ, അമ്മ ലക്ഷ്‌മിയമ്മാൾ. യാങ്കൂൺ മെഡിക്കൽ കോളജിലായിരുന്നു എംബിബിഎസ് പഠനം. രണ്ടാം ലോകയുദ്ധ കാലത്ത് കുടുംബം ഇന്ത്യയിലേക്കു മടങ്ങി. ലണ്ടനിൽ ഉന്നതപഠനം. ലോകം കണ്ട ഏറ്റവും മികച്ച ഹൃദ്രോഗചികിത്സാവിദഗ്ധരായ ഡോ. ഹെലൻ ടോസിഗ്, ഡോ. പോൾ ഡഡ്‌ലി വൈറ്റ് എന്നിവർക്കു കീഴിൽ പരിശീലനത്തിനുള്ള അപൂർവാവസരം ലഭിച്ചു.
വൈദ്യശാസ്‌ത്ര രംഗത്തെ ഒട്ടേറെ ഉന്നത പദവികൾ വഹിച്ചിട്ടുള്ള പത്മാവതി, 1953ൽ ഡൽഹിയിലെ ലേഡി ഹാർഡിങ് മെഡിക്കൽ കോളജിലാണു സേവനം തുടങ്ങിയത്. ഇവിടെ രാജ്യത്തെ ആദ്യ കാർഡിയാക് ക്ലിനിക് തുടങ്ങി. മൗലാനാ ആസാദ് മെഡിക്കൽ കോളജിന്റെ പ്രിൻസിപ്പലും ഡയറക്‌ടറുമായി. ജി.ബി.പന്ത് ആശുപത്രിയിൽ 1964ൽ രാജ്യത്തെ ആദ്യ കാർഡിയോളജി പഠന–ചികിത്സാ വിഭാഗം തുടങ്ങി. ഓൾ ഇന്ത്യ ഹാർട്ട് ഫൗണ്ടേഷന്റെ സ്ഥാപക പ്രസിഡന്റായി.
1981ൽ നാഷനൽ ഹാർട്ട് ഇൻസ്‌റ്റിറ്റ്യൂട്ടിനു തുടക്കം കുറിച്ചു. രാജ്യത്തുടനീളം ഒട്ടേറെ ഹൃദ്രോഗ ക്യാംപുകളും ബോധവൽക്കരണ പരിപാടികളും നടത്തി. കാർഡിയോളജിയുമായി ബന്ധപ്പെട്ട് മുന്നൂറിലധികം ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചു. ലോകമെങ്ങും ശിഷ്യരുണ്ട്. അവിവാഹിതയാണ്.