പാലക്കാട്: മോർച്ചറിയെന്നു കേൾക്കുമ്പോൾ തന്നെ എല്ലാവരും പേടിക്കും. കാടുപിടിച്ചും വൃത്തിയില്ലാതെയും കിടക്കുന്ന എല്ലാവരും വെറുക്കുകയും ഭയപ്പെടുകയും ചെയ്യുന്ന ഇടം. നിവൃത്തിയില്ലായ്മ കൊണ്ട് ഒരു തവണ പോവേണ്ടിവന്നവർ ഇനിയും പോവാൻ അവസരം വരുത്തരുതേ എന്ന പ്രാർത്ഥനയോടെയാണ് മടങ്ങിവരുന്നത്. അത്തരം മോർച്ചറിയും പരിസരവും പൂങ്കാവനമാക്കിയാലോ? നിറയെ മരങ്ങളും പൂക്കളും ഫലവൃക്ഷങ്ങളും വെച്ച് മനോഹാരിതയും പച്ചപ്പും സൃഷ്ടിച്ചാലോ? പിന്നെ മോർച്ചറിയെ ആരും ഭയക്കില്ല, വെറുക്കുകയുമില്ല. പാലക്കാട് ജില്ലാ ആശുപത്രിയിലെ മോർച്ചറി ഇപ്പോഴൊരു പൂങ്കാവനമാണ്. നല്ല വൃത്തിയുള്ള പരിസരവും കെട്ടിടവും. മൃതദേഹങ്ങൾ ബന്ധുക്കൾക്ക് മാത്രം കാണാൻ കഴിയുന്ന തരത്തിൽ ആധുനികജാലക മോർച്ചറി. ഇതിനു പിന്നിൽ ഒരു ഡോക്ടറുടെ കയ്യൊപ്പുണ്ട്. ഡോ.പി.ബി.ഗുജ്‌റാൾ എന്ന പൊലീസ് സർജന്റെ മനസ്സും ശരീരവും ഉണ്ട്.

18 വർഷമായി ഡോക്ടറും മോർച്ചറിയുമായുള്ള ബന്ധം തുടരുന്നു. കുറ്റാന്വേഷകന്റെ മനസ്സുമായി പോസ്റ്റുമോർട്ടം ടേബിളിൽ തെളിവുകൾക്ക് ജീവിതം ഉഴിഞ്ഞുവെയ്ക്കുന്ന ഡോക്ടറെ തേടി ഒടുവിൽ സർക്കാരിന്റെ ബഹുമതിയെത്തി. ഈ വർഷത്തെ മികച്ച ഡോക്ടർക്കുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ്. 12000-ത്തിലേറെ പോസ്റ്റു്‌മോർട്ടം നടത്തിയ കേരളത്തിലെ ഏക പൊലീസ് സർജൻ എന്ന നേട്ടവും ഗുജ്‌റാളിന് മാത്രമെയുള്ളൂ. പോസ്റ്റ്‌മോർട്ടം ഒരു വഴിപാട് ചടങ്ങല്ലെന്ന് ജീവിതം കൊണ്ട് തെളിയിച്ച വ്യക്തിയാണ് ഡോ.ഗുജ്‌റാൾ. പൊലീസ് സർജൻ എന്ന പേരിനെ അന്വർത്ഥമാക്കുന്ന വിധത്തിൽ കുറ്റാന്വേഷണത്തിന് വേണ്ട തെളിവു ശേഖരണമാണ് ഇദ്ദേഹത്തിന് ഓരോ പോസ്റ്റ് മോർട്ടവും. 36 കൊലപാതക കേസുകളിൽ നിർണായക തെളിവുകൾ നൽകിയത് ഗുജ്‌റാളാണ്. അട്ടപ്പാടിയിലെ മരുതി കൊലക്കേസ് ഒരു ഉദാഹരണം മാത്രം. ക്രൂരമായ ബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ട മരുതിയുടെ കേസിൽ ബന്ധുവായ ആദിവാസിയെ പ്രതിചേർത്ത് രജിസ്റ്റർ ചെയ്ത പൊലീസ് നടപടി തിരുത്തിച്ച്്് യഥാർത്ഥ പ്രതിയായ സ്ഥലത്തെ ഭൂവുടമക്കും സഹായിക്കും എതിരെ തെളിവുകൾ നൽകി ഇരട്ട ജീവപര്യന്തം ശിക്ഷ വാങ്ങിച്ചുകൊടുത്തതിൽ മുഖ്യ പങ്ക് ഗുജ്‌റാളിനാണ്.

2005-ലാണ് മരുതി കൊല്ലപ്പെടുന്നത്. അതൊരു സംഭവകഥയാണ്. മരുതിയും ബന്ധു ജുങ്കനും കൂടി ഊരിൽ നിന്നും മലയിലേക്ക് പോയി വരുമ്പോൾ രണ്ടു പേർ തടഞ്ഞുനിർത്തി തോക്ക് ചൂണ്ടി ഓടിച്ചുവെന്നതിലാണ് തുടക്കം. പേടിച്ച ജുങ്കൻ മരത്തിൽ കയറി ഒളിച്ചു. മരുതിയെ കാണാനുമില്ല. പിറ്റേദിവസം വിവരമറിഞ്ഞ നാട്ടുകാർ മലയിൽ തിരച്ചിൽ നടത്തിയപ്പോഴാണ് തുഞ്ചനെ കാണുന്നത്. പിന്നീട് നടത്തിയ തിരച്ചിലിൽ മരുതിയുടെ മൃതദേഹം പാറപ്പുറത്ത് നിന്നും കണ്ടെത്തി. ബലാൽസംഗം ചെയ്തുകൊലപ്പെടുത്തിയെന്നാണ് പ്രാഥമികമായി തെളിഞ്ഞത്. സുഗതകുമാരിയുടെ അട്ടപ്പാടിയിലെ സുഹൃത്തും തായ്കുല സംഘത്തിന്റെ ഭാരവാഹിയുമായിരുന്നു മരുതി. അതുകൊണ്ടു തന്നെ കൊലപാതകം പെട്ടെന്ന് വാർത്തകളിലിടംപിടിച്ചു. കുറ്റക്കാരെ കണ്ടെത്താൻ സമരങ്ങളും നടന്നു. പൊലീസ് കേസ്്് രജിസ്റ്റർ ചെയ്തു.

ചോദ്യം ചെയ്യലിൽ പ്രതി ജുങ്കൻ തന്നെയാണെന്ന് പൊലീസ് വെളിപ്പെടുത്തുകയും സ്ഥിരീകരിക്കുകയും ചെയ്തു. പിന്നീട് ജഡം പോസ്റ്റ് മോർട്ടത്തിന് പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചു. അവിടെ നിന്നാണ് സംഭവങ്ങൾ തുടങ്ങുന്നത്. ആ ദിവസത്തെക്കുറിച്ച് ഡോക്ടർ പറയുന്നതിങ്ങനെ- രാവിലെ എട്ടു മുതൽ തുടങ്ങിയ പോസ്റ്റ്‌മോർട്ടം തീർന്നത്് വൈകീട്ട് മൂന്നിനായിരുന്നു. ബോഡിയിൽ 143 മുറിവുകളുണ്ടായിരുന്നു. ക്രൂരമായ ബലാൽസംഗത്തിന് ശേഷം കഴുത്ത് ഞെരിച്ച്്് കൊലപ്പെടുത്തുകയായിരുന്നു. ആരോഗ്യവതിയായ മരുതിയെ ജുങ്കന് ഒറ്റക്ക് ഇങ്ങനെ ചെയ്യാൻ കഴിയില്ലെന്ന് മനസ്സിലായി. തുടർന്ന് ജുങ്കന്റെ ലൈംഗികശേഷി പരിശോധിക്കാൻ ഡോക്ടർ തീരുമാനിച്ചു. ഈ പരിശോധനക്കിടെ ജുങ്കന്റെ മടിക്കുത്തിൽ നിന്നും പത്ത് രൂപയുടെ പുതിയ നോട്ടുകെട്ട്്് ഡോക്ടർക്ക് കിട്ടി. അതൊരു തുമ്പായിരുന്നു. വിശദമായി ചോദിച്ചപ്പോൾ താനല്ല കൊലപാതകം ചെയ്തതെന്നും നാട്ടിലെ ഭൂവുടമയായ മണി തനിക്ക് 50,000 രൂപ തന്നുവെന്നും അയാളാണ് ഈ ക്രൂരകൃത്യം ചെയ്തതെന്നും ജുങ്കൻ മൊഴി നൽകി. മണിയെ രക്ഷപ്പെടുത്താൻ പൊലീസ് തന്ത്രപൂർവം ജുങ്കനെ കരുവാക്കുകയായിരുന്നു. ആദിവാസി ആദിവാസിയെ കൊന്നാൽ കുറ്റമില്ലെന്നു പറഞ്ഞ്് ബോധ്യപ്പെടുത്തുകയും ചെയ്തു. ഇതോടെ ജുങ്കൻ കുറ്റം ഏറ്റെടുക്കുകയായിരുന്നു. താനാണ് മരുതിയെ കൊന്നതെന്ന് ഊരിൽ പൊലീസ് സാന്നിധ്യത്തിൽ പരസ്യമായി പറയുകയും ചെയ്തു.

ഗുജ്‌റാളിന്റെ റിപ്പോർട്ട്്് വന്നതോടെ പൊലീസിന്റെ കള്ളക്കഥകളെല്ലാം പൊളിഞ്ഞു. സംഭവം വിവാദമായി. കേസ് ഡിവൈ.എസ്‌പിയെ ഏൽപിച്ചു. പോസ്റ്റ് മോർട്ടം റിപ്പോർട്ടിന്റെയും ജുങ്കന്റെ മൊഴിയുടെയും അടിസ്ഥാനത്തിൽ വ്യക്തമായ തെളിവ് ശേഖരിച്ചതോടെ മണി കുറ്റം ഏറ്റു പറഞ്ഞു. സഹായിയും പ്രതിപ്പട്ടികയിലെത്തി. മരുതിയുടെ സഹോദരിയുടെ മകളെ മണി ഉപദ്രവിക്കാൻ ശ്രമിച്ചതിനെ മരുതിയും ഊരുവാസികളും ചോദ്യം ചെയ്യുകയും അയാളെ പരസ്യമായി അപമാനിക്കുകയും ചെയ്തിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പിന്നീട് പൊലീസ് കണ്ടെത്തി.

കേസിൽ ഡി.എൻ.എ പരിശോധന വരെ നടത്തിയാണ് തെളിവുകൾ സംഘടിപ്പിച്ചത്്.2006-ൽ പാലക്കാട്് ജില്ലാ സെഷൻസ് കോടതി വിധി പറഞ്ഞു. മണിക്കും സഹായിക്കും ഇരട്ട ജീവപര്യന്തമാണ് വിധിച്ചത്. ഭൂവുടമയുടെ സ്വാധീനത്തിന് വഴങ്ങി ജുങ്കനെന്ന നിരപരാധിയെ കുടുക്കാൻ ആദ്യഘട്ടത്തിൽ രംഗത്തുവന്ന പൊലീസിനെ തിരുത്തിച്ചത് ഗുജ്‌റാളിന്റെ കണ്ടെത്തലുകളായിരുന്നു. ഇങ്ങനെ എത്രയെത്ര കേസുകൾ! ഒടുവിൽ പെരുമ്പാവൂരിലെ ജിഷ കൊലപാതകത്തിലും നിർണായക ഘട്ടത്തിൽ പൊലീസിന് സഹായം നൽകാൻ മുന്നിൽ ഗുജ്‌റാളുണ്ടായിരുന്നു. ആത്മഹത്യകളിലും അജ്ഞാത മരണങ്ങളിലും അവസാനിക്കേണ്ട നിരവധി സംഭവങ്ങൾ കൊലപാതകമുൾപ്പെടെ വലിയ കേസുകളായി മാറിയ സംഭവങ്ങളും നിരവധി.

കുറ്റാന്വേഷണത്തിൽ പൊലീസിനെ സഹായിക്കുക എന്നതാണ് പൊലീസ് സർജന്റെ കടമയെന്ന് ഗുജ്‌റാൾ പറഞ്ഞു.വിവിധ കേസുകളിലായി 3000-ഓളം തവണ കോടതികളിൽ ഹാജരായി മൊഴി നൽകി. ഇതും ഒരു റെക്കോഡാണ്. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും എം.ബി.ബി.എസ് കഴിഞ്ഞ ഗുജ്‌റാൾ 1999-ൽ മറയൂർ പി.എച്ച്.സിയിലാണ് ആദ്യം ജോലി തുടങ്ങുന്നത്. ഇവിടെ നിന്നാണ് ഫോറൻസിക് മെഡിസിൻ പഠിച്ച് പൊലീസ് സർജൻ ആവണമെന്ന മോഹം ഉദിച്ചത്. ജോലിക്കിടെ എം.ഡിക്ക് അവസരം കിട്ടി. കോഴിക്കോട് മെഡിക്കൽ കോളേജിൽ എം.ഡി കഴിഞ്ഞ് നേരെ ചെല്ലുന്നത് പൊലീസ് സർജനായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക്.

ആദ്യ വർഷങ്ങളിൽ രോഗികളെയും നോക്കണമായിരുന്നു. പിന്നീട് അതൊഴിവാക്കി 2003 മുതൽ പോസ്റ്റ് മോർട്ടം ചുമതല മാത്രമാക്കി. എച്ച്.ഐ.വി ബാധിതരുടെയും വയോജനങ്ങളുടെയും ഉയർന്ന ആത്മഹത്യാനിരക്കിനെക്കുറിച്ചുള്ള പഠനങ്ങൾ, മദ്യപാനം മൂലമുണ്ടാകുന്ന ആത്മഹത്യകൾ, മുങ്ങിമരണങ്ങൾ, വാഹനാപകടമരണങ്ങൾക്ക് വരെ കാരണമാവുന്ന തെരുവ് നായ പ്രശ്‌നം തുടങ്ങി പല വിഷയങ്ങളിലും ഡോക്ടർ നടത്തിയ പഠനങ്ങൾ പുരസ്‌കാരത്തിന് പരിഗണിച്ചിരുന്നു.

ബലാൽസംഗത്തിന്റെ ഇരകളുടെ പരിശോധനയുമായി ബന്ധപ്പെട്ട ക്ലിനിക്കൽ ചട്ടങ്ങൾ പരിഷ്‌കരിച്ച് ഡോക്ടർ തയ്യാറാക്കിയ പുതുക്കിയ മാർഗനിർദ്ദേശങ്ങൾ 2015മുതൽ നിലവിലുണ്ട്. 2011-ൽ കേരളത്തിൽ നടപ്പാക്കിയ കേരള മെഡിക്കോ ലീഗൽ കോഡും രാജ്യത്ത് നടപ്പാക്കാനിരിക്കുന്ന ഇന്ത്യൻ മെഡിക്കോ ലീഗൽ പ്രോട്ടോക്കോളും തയ്യാറാക്കിയത് ഡോ.ഗുജ്‌റാളാണ്. 2006 മുതൽ കേരള മെഡിക്കോ ലീഗൽ സൊസൈറ്റിയുടെ സെക്രട്ടറിയാണ്. 2009 മുതൽ പ്രസിഡന്റും.ആരോഗ്യ വകുപ്പിൽ ഡെപ്പ്യൂട്ടി ഡയറക്ടർ(സീനിയർ കൺസൾട്ടന്റ്),മെഡിക്കൽ കോളേജുകളിൽ ഫോറൻസിക് മെഡിസിൻ പ്രൊഫസർമാരുമാണ് പൊലീസ് സർജൻ എന്ന പേരിൽ അറിയപ്പെടുന്നത്. നിലവിൽ എട്ടു പൊലീസ് സർജന്മാരാണുള്ളത്്. ആരോഗ്യവകുപ്പിലെ ഏക പൊലീസ് സർജനാണ് ഗുജ്‌റാൾ. മറ്റുള്ള ഏഴു പേർ മെഡിക്കൽ കോളേജുകളിലുള്ളവരാണ് .

നാഷണൽ ജുഡീഷ്യൽ അക്കാദമിയിൽ ഉൾപ്പെടെ ക്ലാസ്സെടുത്തിട്ടുള്ള ഗുജ്‌റാൾ കേരള പൊലീസ് അക്കാദമിയിൽ വിസിറ്റിങ് ഫാക്കൽറ്റിയാണ്. കഞ്ചിക്കോട്ടെ ഇരുമ്പുരുക്ക് കമ്പനികളിൽ യുദ്ധസാമഗ്രികളുടെ അവശിഷ്ടങ്ങൾ കണ്ടതിനെക്കുറിച്ച് ഡോക്ടർ എഴുതിയ ലേഖനം ഇൻർനാഷണൽ ജേണൽ ഓഫ് ഫോറൻസിക് സയൻസിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 60 രൂപ പോസ്റ്റ് മോർട്ടം അലവൻസിനാണ് ഗുജ്‌റാൾ ജോലി തുടങ്ങിയത്. ഇന്നത് 1000 രൂപയായി. ഇതിനുപിന്നിലും ഡോക്ടറുടെ പങ്കുണ്ടായിരുന്നു. പോസ്റ്റ്് മോർട്ടം നടത്തുന്നതിനും റിപ്പോർട്ട്് തയ്യാറാക്കുന്നതിനും ഡോക്ടർ ആരുടെയും സഹായം തേടാറില്ല. എല്ലാം സ്വന്തമായി ചെയ്യും.ആരോഗ്യ മേഖലക്ക് പുറമെ സമൂഹത്തെ ബാധിക്കുന്ന മറ്റ്്് നിരവധി പ്രശ്‌നങ്ങളിലും ഡോക്ടറുടെ ഇടപെടലുകൾ ഉണ്ടാവുന്നുണ്ട്. ഇതിനെല്ലാമുള്ള അംഗാകാരമായിരിക്കാം ഇപ്പോൾ സംസ്ഥാന സർക്കാരിൽ നിന്നും ലഭിച്ചതെന്ന വിശ്വാസമാണ് ഗുജ്‌റാളിന്.

എറണാകുളം അയ്യമ്പിള്ളിയിൽ ബാലന്റെയും തങ്കമ്മയുടെയും മകനാണ്. ഭാര്യ ഡോ.പി.ആർ.സിന്ധു പാലക്കാട് ജില്ലാ ആശുപത്രിയിൽ തന്നെ ജോലി ചെയ്യുന്നു. മൂത്ത മകൻ ഗൗതം കൃഷ്ണ ബൽജിയത്തിൽ നിയമ വിദ്യാർത്ഥിയാണ്. രണ്ടാമത്തെ മകൻ ഗൗരീ കൃഷ്ണ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിയും.