കൊല്ലം : കൊറോണ എന്ന മഹാമാരിക്ക് മുന്നിൽ പകച്ചു നിൽക്കുന്ന ജനങ്ങളെ കബളിപ്പിച്ച് കേരളത്തിലെ സ്വകാര്യ ആശുപത്രികൾ കൊള്ളലാഭം കൊയ്യുന്നത് തുടരുന്നുവെന്നാണ് റിപ്പോർട്ടുകൾ. കൊല്ലത്തെ മെഡിട്രീനാ ആശുപത്രിക്കെതിരേയും പരാതി ഉയർന്നു. കൃത്യമായ നിരക്കിൽ മാത്രമേ കൊറോണ രോഗികളിൽ നിന്ന് ചികിൽസാ ഫീസ് ഈടാക്കാവൂ എന്ന സർക്കാർ നിർദ്ദേശം മറികടക്കാൻ വെള്ളക്കടലാസിൽ രോഗിക്ക് ബിൽ നൽകി കൊല്ലത്തെ സ്വകാര്യ ആശുപത്രി എന്നാണ് വാർത്ത വന്നത്. കൊല്ലം മെഡിട്രീന ആശുപത്രിയാണ് സീലോ, ഉത്തരവാദപ്പെട്ടവരുടെ ഒപ്പു പോലുമില്ലാതെ , ചികിൽസാ ഫീസായി മൂന്നു ലക്ഷത്തി പതിനാലായിരം രൂപ കണക്കുകൂട്ടി വെള്ളക്കടലാസിൽ എഴുതി നൽകിയത്. എന്നാൽ ഇതിന് ആശുപത്രിക്കും പറയാൻ ന്യായങ്ങളുണ്ട്. തെറ്റു ചെയ്തില്ലെന്നും ആശുപത്രി വിൽപ്പനയ്ക്ക് വയ്ക്കാൻ തയ്യാറാണെന്നും ആശുപത്രി ഉടമ കൂടിയായ എന്ന്, ഡോ. പ്രതാപ് കുമാർ പറയുന്നു.

ഫെയ്‌സ് ബുക്ക് പോസ്റ്റിൽ ഡോക്ടർ ഇങ്ങനെ കുറിക്കുന്നു- ഏഷ്യാനെറ്റ് ന്യൂസിൽ വന്ന ഈ വാർത്ത. ഇതിന്റെ നിജസ്ഥിതി അറിയാനോ ഇത് ശരിയാണോ എന്ന് പരിശോധിക്കാനോ, ഒരാളും തയ്യാറായില്ല. അഞ്ചുലക്ഷത്തിപതിനായിരം രൂപ ബില്ല് ആയത് സർക്കാർ നിശ്ചയിച്ച ബില്ലിനെ കാൾ കൂടുതലാണോ? അതെ. സർക്കാർ നിശ്ചയിച്ച ബില്ല് നാല് ലക്ഷത്തിന് അല്പംകൂടി ആവുമ്പോൾ ഞങ്ങൾ രോഗിക്ക് കൊടുത്ത ഫൈനൽ ബില്ല് നാലു ലക്ഷത്തി അമ്പതിനായിരം ആയിരുന്നു. നാലു ലക്ഷത്തി അമ്പതിനായിരം എന്ന് പറയുന്നത് നാലു ലക്ഷവുമായി എത്ര വ്യത്യാസമുണ്ട്? അതും 20 ദിവസത്തെ വാസത്തിൽ? കേരളത്തിലെ വേറെ ഏതെങ്കിലും കോർപ്പറേറ്റ് ഹോസ്പിറ്റൽ ആയിരുന്നെങ്കിൽ ഇത് എത്രയോ ഇരട്ടി ആയിരുന്നേനെ ഇതിന്റെ തുക!

അവരെയൊന്നും തൊടാൻ ഈ ചാനലുകൾക്ക് കഴിയില്ല. കാരണം, അവരെ തൊട്ടാൽ ഇവർ വിവരമറിയും. ഏതെങ്കിലും സമുദായ സംഘടനകളുടെ, ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ, കീഴിൽ നടത്തുന്ന ആശുപത്രിയോ ഏറ്റവും വലിയ കോർപ്പറേറ്റുകളെയോ തൊടാൻ ഇവർക്ക് ധൈര്യമില്ല. അവരെ തൊട്ടാൽ ഇവർക്ക് പരസ്യം കിട്ടില്ല. മറ്റു പല ഗുണങ്ങളും കിട്ടില്ല. സമുദായ രാഷ്ട്രീയ സംഘടനകളെ തൊട്ടാൽ ഒരുപറ്റം ഇവരുടെ ചാനലുകൾക്കെതിരെ ആവും. അങ്ങനെ എതിരായാൽ ഇവരുടെ റേറ്റിങ് കുറയും. ഇതേ ചാനൽ തന്നെ രണ്ടു രാഷ്ട്രീയപ്രസ്ഥാനങ്ങളുമായി ഏറ്റുമുട്ടി അവസാനം മാപ്പ് പറഞ്ഞില്ലേ?-പോസ്റ്റിൽ പറയുന്നു

ഡോ. പ്രതാപ് കുമാറിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം

ഒരു സ്വപ്നം വിൽക്കാനുണ്ട്,
കൂടെ മുന്നൂറിൽപരം ജീവിതങ്ങളും!

ഈ ആശുപത്രി തുടങ്ങിയ അന്ന് മുതൽ വേദന മാത്രം. ഒരു നല്ല ആശുപത്രി എന്റെ നാട്ടിൽ എന്നത് ഒരു സ്വപ്നമായിരുന്നു. വൃത്തിയുള്ള, എല്ലാ സൗകര്യങ്ങളുമുള്ള, ഒന്ന്. യൂറോളജിയിൽ ഹോമിയം ലേസർ ഉൾപ്പെടെ ആറ് ഓപ്പറേഷൻ തിയേറ്ററുകൾ, കാത്ത് ലാബ്, ഓ.സി.റ്റി, ഐവസ്, റോട്ടബ്ലെഷൻ, രണ്ട് ലല്ലബി ലേബർ സ്യൂട്ട്, തുടങ്ങിയ അത്യാധുനിക സൗകര്യങ്ങൾ...

തുടങ്ങാനായി ആയി അനുവാദം കിട്ടാനായി സുപ്രീംകോടതി വരെ. രണ്ടാഴ്ചയ്ക്കുള്ളിൽ തുടങ്ങാൻ സുപ്രീം കോടതി അനുവാദം തന്ന ശേഷവും നമ്മുടെ കയ്യിൽ അതിന് അനുവാദം കിട്ടിയത് ഒന്നര കൊല്ലം കഴിഞ്ഞ്. പല പല സ്ഥലങ്ങളിൽ കയറി ഇറങ്ങിയശേഷം മാത്രം. പിന്നെ ചുറ്റുമുള്ള നാട്ടുകാർ! കുറ്റപ്പെടുത്തുന്നില്ല. വൈദ്യുതി ലൈൻ എടുക്കാൻ വരെ സമയമെടുത്തു. ആശുപത്രി തുടങ്ങിയിട്ട് ഒൻപതുമാസം ഡീസലിൽ പ്രവർത്തിച്ചു. അതോടെ പ്രശ്‌നങ്ങൾ തീർന്നു എന്ന് വിചാരിച്ചു. ചില ചെറിയ നേതാക്കന്മാർ, അവർ തന്നെ പണം വാങ്ങി സ്റ്റാഫിനെ തിരുകിക്കയറ്റാൻ നോക്കി. അത് സമ്മതിച്ചില്ല. പിന്നെ അവരുടെ വിരോധം. പിരിവ് കൊണ്ട് പൊറുതിമുട്ടി.

മുന്നൂറോളം തൊഴിലാളികൾ, ഒരു പറ്റം നല്ല കൺസൾട്ടൻസ്, ഇവരൊക്കെയായി തുടങ്ങി. നമുക്ക് നേട്ടം ഉണ്ടായിട്ടില്ലെങ്കിലും രണ്ടു ബാങ്ക്, ഒട്ടേറെ കടകൾ, ഒരുപാട് സ്ഥാപനങ്ങൾ - ഇവയെല്ലാം അയത്തിൽ തുടങ്ങാൻ ഈ സ്ഥാപനം കാരണമായി. ഒരുപാട് ഓട്ടോറിക്ഷക്കാർ ഈയൊരു സ്ഥാപനം കൊണ്ട് ജീവിക്കാൻ കാരണമായി.

പക്ഷേ എനിക്ക് മനസ്സിലാകുന്നില്ല. പതിനയ്യായിരത്തിനു മുകളിൽ ബലൂൺ ശസ്ത്രക്രിയ ചെയ്ത ഞാൻ, അതും ഏറ്റവും കൂടുതൽ സിററിഒ ആൻജിയോപ്ലാസ്റ്റി (രക്തധമനിയിലെ 100% അടവുകളിലെ ബലൂൺ ശസ്ത്രക്രിയ) ഇന്ത്യയിൽ ചെയ്യുന്ന ഡോക്ടർ. യൂറോപ്പ്, ജപ്പാൻ തുടങ്ങിയ സ്ഥലങ്ങളിൽ ഹൃദ്രോഗ വിദഗ്ധരുടെ സംഗമത്തിന് സ്ഥിരം ക്ഷണിതാവ്. ഏറ്റവും കൂടുതൽ ബലൂൺ ശസ്ത്രക്രിയ തൽസമയം ചെയ്തു ഡോക്ടർമാരെ പരിശീലിപ്പിക്കുന്ന കേരളത്തിലെ ഡോക്ടർ. ബലൂൺ ശസ്ത്രക്രിയ ഏറ്റവും കുറഞ്ഞ ചെലവിൽ ഇന്ത്യയിൽ ജില്ലാ ആശുപത്രികളിൽ ചെയ്യുന്നയാൾ. മതിയായി!

ഈ സ്ഥാപനം നടത്തിക്കൊണ്ടു പോകാൻ പറ്റാത്ത രീതിയിൽ ഉപദ്രവം. ഓരോ ഇലക്ഷൻ സമയത്തും - അത് പഞ്ചായത്ത് ആയിക്കോട്ടെ, നിയമസഭ ആയിക്കോട്ടെ, ലോക്‌സഭ ആയിക്കോട്ടെ, ചെറിയ പാർട്ടികൾ പല പല വാർഡുകളിൽ നിന്നും അവരുടെ എല്ലാ നേതാക്കന്മാരും പിരിക്കുക! കൊച്ചു കൊച്ചു രാഷ്ട്രീയ പാർട്ടികളുടെ പല പല സംഘടനകളുടെ പല പല സമ്മേളനങ്ങൾക്ക് അവരുടെ പോഷക സംഘടനകളുടെ സമ്മേളനങ്ങൾക്ക് - എല്ലാം പിരിവുമായി വരിക. കൊടുത്തില്ലെങ്കിൽ ഉപദ്രവം. കാണിച്ചുതരാമെന്ന് ഭീഷണി. നിന്നെയും ഈ സ്ഥാപനത്തെയും പൂട്ടിത്തരാം എന്ന രീതിയിലുള്ള പോക്ക്. എവിടെ ചെന്ന് അവസാനിക്കും?

ഇപ്പോൾത്തന്നെ ഏഷ്യാനെറ്റ് ന്യൂസിൽ വന്ന ഈ വാർത്ത. ഇതിന്റെ നിജസ്ഥിതി അറിയാനോ ഇത് ശരിയാണോ എന്ന് പരിശോധിക്കാനോ, ഒരാളും തയ്യാറായില്ല. അഞ്ചുലക്ഷത്തിപതിനായിരം രൂപ ബില്ല് ആയത് സർക്കാർ നിശ്ചയിച്ച ബില്ലിനെ കാൾ കൂടുതലാണോ? അതെ. സർക്കാർ നിശ്ചയിച്ച ബില്ല് നാല് ലക്ഷത്തിന് അല്പംകൂടി ആവുമ്പോൾ ഞങ്ങൾ രോഗിക്ക് കൊടുത്ത ഫൈനൽ ബില്ല് നാലു ലക്ഷത്തി അമ്പതിനായിരം ആയിരുന്നു. നാലു ലക്ഷത്തി അമ്പതിനായിരം എന്ന് പറയുന്നത് നാലു ലക്ഷവുമായി എത്ര വ്യത്യാസമുണ്ട്? അതും 20 ദിവസത്തെ വാസത്തിൽ?
കേരളത്തിലെ വേറെ ഏതെങ്കിലും കോർപ്പറേറ്റ് ഹോസ്പിറ്റൽ ആയിരുന്നെങ്കിൽ ഇത് എത്രയോ ഇരട്ടി ആയിരുന്നേനെ ഇതിന്റെ തുക!

അവരെയൊന്നും തൊടാൻ ഈ ചാനലുകൾക്ക് കഴിയില്ല. കാരണം, അവരെ തൊട്ടാൽ ഇവർ വിവരമറിയും. ഏതെങ്കിലും സമുദായ സംഘടനകളുടെ, ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ, കീഴിൽ നടത്തുന്ന ആശുപത്രിയോ ഏറ്റവും വലിയ കോർപ്പറേറ്റുകളെയോ തൊടാൻ ഇവർക്ക് ധൈര്യമില്ല. അവരെ തൊട്ടാൽ ഇവർക്ക് പരസ്യം കിട്ടില്ല. മറ്റു പല ഗുണങ്ങളും കിട്ടില്ല. സമുദായ രാഷ്ട്രീയ സംഘടനകളെ തൊട്ടാൽ ഒരുപറ്റം ഇവരുടെ ചാനലുകൾക്കെതിരെ ആവും. അങ്ങനെ എതിരായാൽ ഇവരുടെ റേറ്റിങ് കുറയും. ഇതേ ചാനൽ തന്നെ രണ്ടു രാഷ്ട്രീയപ്രസ്ഥാനങ്ങളുമായി ഏറ്റുമുട്ടി അവസാനം മാപ്പ് പറഞ്ഞില്ലേ?

നമ്മൾ എന്ത് ചെയ്യും? നമ്മളെ ഉപദ്രവിക്കാൻ അവർക്ക് കഴിയും. കൊല്ലത്ത് തന്നെ അനൂപ് ഓർത്തോ കെയർ എന്ന ഒരു ആശുപത്രി ഉണ്ടായിരുന്നു. ചാനലുകൾ പൂട്ടിച്ചില്ലേ? പൂട്ടിച്ചത് മാത്രമോ, ഒരു മനുഷ്യന്റെ ജീവനല്ലേ കളഞ്ഞത്? അവന്റെ ജീവൻ കളഞ്ഞതുവഴി അവന്റെ അമ്മയ്ക്കും അച്ഛനും അല്ലേ നഷ്ടപ്പെട്ടത്? അവസാനം ആ അന്വേഷണം എവിടെ എത്തി? അവന്റെ മരണത്തിന് ആര് ഉത്തരവാദിത്വം പറഞ്ഞു?
നിങ്ങൾക്ക് എന്താണ് വേണ്ടത്? ഞാൻ മരിക്കണം എന്നാണോ? അതോ ഈ സ്ഥാപനം പൂട്ടണം എന്നാണോ? ഈ സ്ഥാപനം പൂട്ടാൻ ഞാൻ തയ്യാറാണ്. നിങ്ങൾക്കിഷ്ടമുള്ള പ്രസ്ഥാനങ്ങളെ വിളിച്ചു കൊണ്ടുവരൂ. അവർക്ക് ഞാൻ ഇതുകൊടുക്കാൻ തയ്യാറാണ്. എനിക്ക് മതിയായി. പക്ഷേ എന്നെ നിങ്ങൾക്ക് ഒന്നും ചെയ്യാൻ പറ്റില്ല. ഞാൻ വേറെ എവിടെയെങ്കിലും പോയി ജീവിക്കും. ഒരു ഡോക്ടർ അനൂപ് ആയി ഞാൻ മാറില്ല. ഞാൻ കഴിവുള്ള ഒരു കാർഡിയോളജിസ്റ്റ് ആണ്. അനൂപിന് കഴിവില്ല, എന്നല്ല ഞാൻ പറഞ്ഞത്. ഭയപ്പെട്ടു ഞാൻ ഓടില്ല. ഒരു ഡോക്ടർ എന്ന നിലയിൽ എന്റെ കഴിവ് വിനിയോഗിക്കാൻ എനിക്ക് പറ്റും, വേറെ ഏതെങ്കിലും നാട്ടിൽ. ഇനി എന്റെ നാട് എനിക്ക് ചേർന്നതല്ല.

ചുറ്റുമുള്ളവർ എങ്ങനെയാ ആയിക്കോട്ടെ. ഒരു പ്രസ്ഥാനം ഉണ്ടാക്കി തന്നല്ലോ.. ഏതെങ്കിലും സാമുദായിക സംഘടനയോ രാഷ്ട്രീയ സംഘടനയോ വാങ്ങുകയാണെങ്കിൽ നിങ്ങൾക്ക് അവരെ തൊടാൻ പറ്റില്ല. അവർ നന്നായി നടത്തിക്കൊള്ളും. അവരെക്കൊണ്ടെ പറ്റൂ. കാരണം അവരെ എതിർക്കാൻ നിങ്ങൾക്ക് ആർക്കുമാവില്ല. എന്നെപ്പോലുള്ള ഏതെങ്കിലും ഒരു വ്യക്തി നടത്തുന്ന പ്രസ്ഥാനങ്ങളെ നിങ്ങൾക്ക് പൂട്ടിക്കാൻ ആവും. അല്ലാത്തവരെ പൂട്ടിക്കാൻ നിങ്ങൾക്ക് പറ്റില്ല. നിങ്ങൾ തോറ്റു പിന്മാറും. നിങ്ങൾക്ക് ആ തോൽവി ഉണ്ടാവരുത്. ഏതെങ്കിലും ചാനലിൽ ഒരു വ്യക്തി ടെമ്പററി ജോലിയുമായി വന്ന് മൂന്നോ നാലോ ബ്രേക്കിങ് ന്യൂസ് ഉണ്ടാകുമ്പോൾ മനസ്സിലാക്കേണ്ടത് ഇവനും ഒരു വ്യക്തിയാണ്, ഈ സംസ്ഥാനത്തിന് പ്രൊട്ടക്ഷൻ കിട്ടേണ്ട വ്യക്തിയാണ്. ഇവിടെ ജോലി ചെയ്യുന്ന 300 പേർക്കും അതിന് അർഹതയുണ്ട്. ഒന്നോ രണ്ടോ വ്യക്തികൾ പറയുന്ന വാക്ക് കേട്ടു ഒരു ബ്രേക്കിങ് ന്യൂസ് ആക്കരുത്.

എന്ത് ബ്രേക്കിങ് ന്യൂസ് ആണ് നിങ്ങൾ കാണിച്ചത്? മൂന്നു ലക്ഷത്തി പതിനായിരം രൂപയുടെ ബില്ലു കൊടുത്തപ്പോൾ നിങ്ങൾ പറയുന്നു അത് തെറ്റാണെന്ന്. വെള്ളപേപ്പറിൽ എഴുതി കൊടുക്കാൻ പാടില്ലെന്ന്. നിങ്ങൾ ഒരു കടയിൽ സാധനം വാങ്ങാൻ പോയാൽ ബില്ല് നിങ്ങൾക്ക് എപ്പോഴാ തരുന്നത്? പൈസ അടച്ചശേഷം അല്ലേ? അല്ലാതെ ബില്ല് നിങ്ങൾക്ക് തന്ന ശേഷം മൂന്നു ദിവസം കഴിഞ്ഞ് ബില്ലടയ്ക്കാം എന്നുപറയുന്നത് എവിടെയാണ് നടക്കുന്നത്? നിങ്ങൾ മറ്റു ആശുപത്രികളിൽ നിന്ന് രോഗികളോട് ബില്ല് വാങ്ങാൻ പറയൂ. മൂന്നുദിവസം കഴിഞ്ഞ് അടയ്ക്കാനായിട്ട് എത്ര ആശുപത്രികൾ കൊടുക്കും എന്ന് കാണട്ടെ. ഇതെന്താണ് ഇത് ഉമ്മാക്കിയോ? അവർ ബില്ല് വാങ്ങിച്ചിട്ട് പറഞ്ഞു ഞങ്ങൾ ഏഷ്യാനെറ്റ് ന്യൂസിൽ പോയിട്ട് ബിൽ അടയ്ക്കാതെ പോകും എന്ന്!

കഴിഞ്ഞ രോഗി എന്താ ചെയ്തത്? സർക്കാർ നിശ്ചയിക്കുന്ന നാല് ലക്ഷം രൂപ. നാലു ലക്ഷത്തി അമ്പതിനായിരം വരെയാണ് ഞങ്ങൾ തരാൻ പറഞ്ഞ ബില്ല്. അതിൽ 1,45,000 തന്നിട്ട് ചില പത്രങ്ങളിലൂടെയും വാർത്തയിലൂടെയും ബ്രേക്കിങ് ന്യൂസ്! അവർ ഇടപെട്ടത് കാരണം നാല് ലക്ഷം രൂപ സർക്കാർ നിശ്ചയിച്ച തുക പോലും കൊടുക്കാതെ ഒന്നര ലക്ഷം രൂപയുമായി രക്ഷപ്പെട്ടു. ഇപ്പോൾ ഇതോ? 75,000 രൂപ അടച്ച് രക്ഷപ്പെടാനുള്ള മാർഗ്ഗം! പൈസ അടയ്ക്കാതിരിക്കാൻ ഉള്ള മാർഗങ്ങൾ ആണ് അവർ തേടുന്നത്. ആരെയാണ് കുറ്റപ്പെടുത്തേണ്ടത്? ഇവർ പൈസ അടക്കാതെ പോയാൽ ആരു തരും? എനിക്ക് മനസ്സിലാവുന്നില്ല. ആരാണ് തരുന്നത്? ഞങ്ങൾക്ക് എങ്ങനെ ഇവിടെ ശമ്പളം കൊടുക്കാൻ പറ്റും? ഇത്രയും തൊഴിലാളികൾ. ഇത്രയും ഡോക്ടർമാർ. ഇത്രയും സ്റ്റാഫംഗങ്ങൾ...

കോവിഡ് മഹാമാരി ഞങ്ങൾക്കും പിടിക്കില്ലേ? ഒരു രോഗിയെ കൊണ്ട് കോവിഡ് വാർഡിൽ കിടത്തിക്കഴിഞ്ഞാൽ തിരിഞ്ഞുനോക്കാൻ നിങ്ങൾക്കും പേടിയാണ്. നിങ്ങൾക്ക് കോവിഡ് പിടിക്കുമെന്ന് പേടിയുണ്ട്. ഞങ്ങൾക്കോ? പിടിച്ചു മരിച്ചുപോയാൽ കുഴപ്പമില്ല! എത്ര ആരോഗ്യപ്രവർത്തകർ ആണ് കോവിഡ് പിടിച്ച് മരിക്കുന്നത്? ഞങ്ങൾ മരണത്തെ വരിച്ചോളൂ നിങ്ങൾ മരണത്തെ വരിക്കാൻ തയ്യാറല്ല. ഒരു രോഗിയെ ആശുപത്രിയിൽ തള്ളിക്കഴിഞ്ഞാൽ ഉത്തരവാദിത്വം മുഴുവൻ ഞങ്ങൾക്ക്.

50 ശതമാനം കിടക്ക കോവിഡിന് വേണ്ടി മാറ്റിവയ്ക്കണമെന്ന് സർക്കാർ. സമ്മതിച്ചു. 50 അല്ല ഞങ്ങൾ അറുപതിന് മുകളിൽ കൊടുത്തിട്ടുണ്ട്. ആകെയുള്ള 104 ബെഡ്ഡിൽ 60% വരെ കൊടുക്കാം എന്ന് ഞങ്ങൾ പറഞ്ഞു. പക്ഷേ എങ്ങനെ കൊടുക്കും? അകത്ത് കിടക്കുന്ന രോഗിയാണോ ഒരു സ്ത്രീയുടെ വീഡിയോ എടുക്കുന്നത്? എനിക്ക് പോലും ഒരു രോഗിയുടെ വീഡിയോ എടുക്കണമെങ്കിൽ ആ രോഗിയുടെ അനുവാദം വാങ്ങണം. ഇതൊന്നും വാങ്ങിക്കാതെ എങ്ങനെ ഇദ്ദേഹത്തിന് വീഡിയോ എടുക്കാൻ പറ്റും? കുളിമുറിയിൽ കുളിക്കുന്ന ഒരു സ്ത്രീയുടെ ദേഹത്ത് മറുകുണ്ടോ എന്ന് നോക്കാൻ വീഡിയോ എടുത്താൽ അത് നിയമം ആകുമോ? ഇത് എന്ത് നിയമം? അയാൾക്ക് എതിരായി കേസ് എടുക്കണ്ടേ? എന്തൊക്കെയാ അയാൾ കാണിച്ചത്? എത്ര സ്റ്റാഫ് അംഗങ്ങളെ ആണ് അയാൾ അസഭ്യം പറഞ്ഞത്? അയാളവിടെ കോവിഡ് വാർഡിന് അകത്തു കിടന്നു എന്തെല്ലാം പ്രശ്‌നങ്ങൾ ഉണ്ടാക്കി? അയാൾ വീഡിയോ എടുത്തത് ഇതാണ് ഉദ്ദേശം എന്ന് നിങ്ങൾക്കെങ്ങനെ ബോധ്യപ്പെട്ടു? ആ വീഡിയോ എടുത്ത ആളുടെ കയ്യിൽ നിന്നും മൊബൈൽ വാങ്ങി ആ വീഡിയോ ഡിലീറ്റ് ചെയ്യണം എന്ന് പറയുന്നത് തെറ്റാണോ? നിങ്ങൾ പറയൂ. എനിക്ക് മനസ്സിലാകുന്നില്ല. നിങ്ങളുടെ വീട്ടിലെ അമ്മമാരുടെ അല്ലെങ്കിൽ ഒരു ബന്ധു കിടക്കുന്നത് വേറൊരാൾ വന്നു വീഡിയോ എടുത്താൽ നിങ്ങൾ സമ്മതിക്കുമോ? ഇത് പ്രൈവറ്റ് പാർട്‌സ് വരെ മാറ്റി കൊണ്ടല്ലേ പലപ്പോഴും ചികിത്സ നടത്തുന്നത്? ഒരു ഇസിജി എടുക്കുന്ന സമയത്ത് വീഡിയോ എടുക്കാൻ പറ്റുമോ? ഒരു എക്കോ ചെയ്യുന്ന സമയത്ത് വീഡിയോ എടുക്കാൻ പറ്റുമോ? നിങ്ങൾ എന്താണ് പറയുന്നത്? ഇതൊന്നും നിയമത്തിന് പുറത്തല്ലേ? ഇത് ആര് ആരോട് പറയണം? ഞങ്ങളെ സഹായിക്കാൻ പോലും ആരുമില്ല.

നിർത്താം. ഞാൻ നിങ്ങളുടെ എല്ലാവരുടെയും അനുവാദപ്രകാരം ഈ ആശുപത്രി നിർത്താൻ തയ്യാറാണ്. ഞാൻ ഒരു പരസ്യം തരാം. ഒന്നോരണ്ടോ പ്രധാന പത്രങ്ങൾക്ക് മാത്രം. എല്ലാവർക്കും പരസ്യം തരാൻ എന്റെ കയ്യിൽ പൈസയില്ല. ഇനി ആ പേരും പറഞ്ഞ് നിങ്ങൾ എന്നെ കൊലയ്ക്ക് കൊടുക്കരുത്. ഒന്നോരണ്ടോ പ്രധാന പത്രങ്ങളിൽ 'ഹോസ്പിറ്റൽ ഫോർ സെയിൽ' എന്ന പരസ്യം ചെയ്യാം. ആരെങ്കിലും ഈ സമയത്ത് വരുമെങ്കിൽ ഇതുകൊടുത്തു മതിയാക്കാം. എനിക്ക് മതി. ജോലി ചെയ്യാതിരിക്കുന്നു എന്നതിന് ആർക്കും ഒന്നും പറയാൻ പറ്റില്ലല്ലോ. എന്നെ നിർബന്ധിച്ച് ജയിലിലടയ്ക്കാൻ പറ്റില്ലല്ലോ. ഞങ്ങൾ എന്തു ചെയ്യണം? നിങ്ങൾ പറയൂ. അതിനു ഞാൻ തയ്യാറാണ്. ഇതാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ ഉദ്ദേശമെങ്കിൽ, അല്ലെങ്കിൽ ഇനിയും അവരുടെ കൂടെ ചേർന്ന് പ്രവർത്തിക്കാൻ ഉദ്ദേശിക്കുന്ന ചാനലിന്റെ ഉദ്ദേശമെങ്കിൽ, ഞങ്ങൾ തയ്യാറാണ്. ഇത്രയും മാത്രമേ എനിക്ക് പറയാനുള്ളൂ!

എന്ന്, ഡോ. പ്രതാപ് കുമാർ.