നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയദുരന്തത്തിന് ഇരയായ മലയാളി (കേരളം) അതിന്റെ ആഘാതത്തിൽ നിന്നും ഇനിയും കര കയറിയിട്ടില്ലാത്ത ഈ അവസ്ഥയിൽ ഒരു പുനർചിന്തനത്തിന്, പുനർജനത്തിന് തയ്യാറാകണം എന്നുള്ള ഒരു സൂചന നൽകാൻ ഉപകരിക്കും എന്ന് ആത്മാർത്ഥമായി വിശ്വസിച്ചുകൊണ്ട്, നിങ്ങളിൽ ഒരാളായ എന്റെ മനസ്സിൽ തെളിഞ്ഞ ചില ചിന്തകൾ പങ്കു വെയ്ക്കുവാൻ ശ്രമിച്ചു കൊള്ളട്ടെ. 

വിവധങ്ങളും മഹത്തുമായ നിരന്തരമായ അനുഭവങ്ങൾ പകർന്നു തരുന്ന ഒരു വിശാല പാഠശാലയാണ് നമ്മുടെ നിലനിൽപിന് ആധാരമായ ഈ പ്രകൃതി. അതു കാല കാലങ്ങലിൽ അതികഠിനമായ ചില തിക്താനുഭവങ്ങളും നമ്മുക്ക് കാട്ടിത്തരാറുണ്ട്. ആ അനുഭവങ്ങൾ ഉൾക്കൊള്ളാൻ മനുഷ്യൻ ഒരിക്കലും ശ്രമിക്കാറില്ലെന്നതാണ് സത്യം.

സ്വാർത്ഥതയുടെയും അഹന്തതയുടെയും മത്തു പിടിച്ച മലയാളിയുടെ അർത്ഥമില്ലാത്ത ഓട്ടത്തിന് പ്രകൃതി നൽകിയ ഓർമ്മപ്പെടുത്തലാണ് ദുരന്തഭാഷ്യമായി, പ്രളയമായി വന്നുഭവിച്ചത്. ഇത്എന്തുകൊണ്ട് സംഭവിച്ചു എന്നതിന് ഭൂമിശാസ്ത്രപരമായും കാലാവസ്ഥാപരമായും മറ്റുംപല വിശദീകരണങ്ങളും നൽകാൻ കഴിയും. പക്ഷേ അത്തരം വിശദീകരണങ്ങൾക്കുപരിയായി മനുഷ്യനാൽ സൃഷ്ടിക്കപ്പെട്ട ദുര്യോഗങ്ങളുടെ പരിണതഫലമാണിതെന്നതാണ് വസ്തുത. മനുഷ്യന്റെ അതിരില്ലാത്ത അശാസ്ത്രീയമായ അധിനിവേശങ്ങൾ ഭൂമിയുടെ സ്വച്ഛന്ദതയേയും നൈസ്സർഗികതയേയും എന്നും കെടുത്തിയിട്ടേയുള്ളൂ. അനധികൃത കയ്യേറ്റങ്ങളിലൂടെയുണ്ടായ എക്കോസിസ്റ്റത്തിന്റെ തകർച്ചയും അത് സൃഷ്ടിച്ച അസന്തുലിതാവസ്ഥയും പ്രളയകാരണങ്ങളിൽ പ്രധാനമാണ്. മലനിരകളേയും തണ്ണീർതടങ്ങളേയും വിസ്മൃതിയിലാക്കുന്ന ലെക്കുകെട്ട നിർമ്മാണപ്രവർത്തനങ്ങളും അതിന് ആധാരമാകുന്ന വിധത്തിലുള്ള നിയമലംഘനങ്ങളും എന്നും ഭൂമിയുടെ ദീർഘായുസ്സിന് ഭംഗം വരുത്തിയിട്ടേയുള്ളൂ.

അതിനെ കാലാകാലങ്ങളിൽ പ്രോത്സാഹിപ്പിക്കുന്ന നയമാണ് ഇവിടെ മാറിമാറി വരുന്ന സർക്കാരുകൾ സ്വീകരിച്ചുകൊണ്ടിരിക്കുന്നതും. അതിന്റെ ഫലമായി ഒരിക്കൽ ഗോഡ്‌സ് ഓൺ കൺട്രി എന്ന് പ്രകീർത്തിക്കപ്പെട്ട കേരളം ഇപ്പോൾ ഡെവിൾസ് ഓൺ കൺട്രിയായി തരംതാഴ്‌ത്തപ്പെടുകയും ചെയ്തിരിക്കുന്നു. തദ്ദേശങ്ങളിലെ പെയ്ത്തുജലം കൂടാതെ ദൂരെപ്പെയ്ത മഴ ജലവാഹികളായി നദികൾ നിറഞ്ഞുതുളുമ്പിയപ്പോൾ ഒരിലയുടെ നേർപകുതിപോലെ ഇന്ത്യാമഹാരാജ്യത്തിന്റെ പടിഞ്ഞാറൻതീരത്ത് സുഖസുഷുപ്തിയിലാണ്ടുകിടന്ന കേരളം ആദ്യമായി ദുര്യോഗത്തിന്റെ രുചിയറിഞ്ഞു. ഇവ്വിധമായ അവസ്ഥയിലേയ്ക്ക് കേരളത്തെ കൊണ്ടെത്തിച്ചത് ഒരിക്കലും ഉള്ളിൽ മഹത്ത്വം സൂക്ഷിച്ചിരുന്നവരായിരുന്നില്ല. സ്വാർത്ഥത എന്ന പൈശാചികസ്വഭാവം ഹൃദയത്തിൽ കരുതലായി കൊണ്ടുനടന്നവർതന്നെയാണ് അതിനുത്തരവാദികൾ. അവരാണ് കേരളത്തെ സാത്താന്മാരുടെ നാടാക്കി പിന്നീട് പരിവർത്തനപ്പെടുത്തിയത്.

അവരുടെ കുത്സിതശ്രമങ്ങളും പ്രകൃതിയോടുള്ള അവഹേളനങ്ങളുമാണ് 1924 നുശേഷം ഐക്യകേരളത്തെ നാശോന്മുഖമായ അവസ്ഥയിലെത്തിച്ചത്. ഒൻപ്ത ദശകങ്ങൾക്കുമുമ്പ് പ്രളയം മലയാളികളുടെ ജീവൻ കവർന്നപ്പോൾ നമ്മൾ മലബാറുകരും കൊച്ചിക്കാരും തിരുവിതാംകൂറുകാരുമായിരുന്നു. വിഭിന്നമായ ആ ദേശ സവിശേഷതകളിൽ പലുർന്നുവന്നിരുന്നെങ്കിലും നമ്മളിൽ മലയാളിയും മലയാളവുമെന്ന ഐക്യഭാവമുണ്ടായിരുന്നു. ആ കാലത്തെ പ്രളയജലത്തിൽ കൈകാലിട്ടടിച്ച മലയാളിയുടെ പിൻതലമുറയാണ് 2018 ൽ സ്വന്തം സംസ്ഥാനത്തുതന്നെ പ്രളയംമൂലം അഭയാർത്ഥികളായിത്തീർന്നതും. അതൊരു വൈചിത്ര്യമായ കാര്യമാണ്.

നമ്മളിൽതന്നെ എത്രയോപേരുടെ വിലപ്പെട്ട ജീവനാണ് പ്രളയം കവർന്നെടുത്തത്. എത്രയെത്ര വളർത്തുമൃഗങ്ങളാണ് നമ്മുടെ കണ്മുന്നിലൂടെ പ്രളയജലത്തിൽ ഒഴുകിയകന്നത്. എത്രയെത്ര ഉരഗങ്ങളാണ് കാടിറങ്ങിയ പ്രളയജലത്തിനൊപ്പം നമ്മുടെ വീടുകളിൽ കൂടിപാർക്കാനെത്തിയത്. പ്രകൃതിയെ പഠിക്കാത്ത, പരിരക്ഷിക്കാത്ത, സ്‌നേഹിക്കാത്ത മനുഷ്യന്റെ ദുര്യോഗത്തിന് ഒരിക്കൽകൂടി കാലം സാക്ഷിയായിരിക്കുന്നു. മലയാളിയുടെ സർവ്വ സ്വപ്നങ്ങളും സങ്കല്പങ്ങളും തകർത്തെറിയപ്പെട്ടിരിക്കുന്നു.

പ്രകൃതിയെ സ്‌നേഹിക്കുവാൻ നമ്മളോട് പറഞ്ഞത് ആർഷസംസ്‌ക്കാരമായിരുന്നു. പഴയകാല മനുഷ്യൻ പ്രകൃതിയുടെ പ്രതികരണമെന്നോണം ഭൂമിയെയും വൃക്ഷത്തെയും, നാഗങ്ങളേയും മറ്റു ജീവജാലങ്ങളേയും, സൂര്യനേയും, ചന്ദ്രനേയും, കടലിനെയും, അഗ്നിയേയും, വായുവിനേയും, പഞ്ചഭൂതങ്ങളേയും ആരാധിച്ചിരുന്നു. ഭൂമിയുടെ നിലനിൽപ്പിന് ആധാരഘടകങ്ങൾ ഇവയെല്ലാമാണെന്ന ബോധം അവനുണ്ടായിരുന്നു. പ്രകൃതിയോടുള്ള ആ വിനയം, സ്‌നേഹം ഇവയെല്ലാം ഒരുകാലത്ത് മലയാളിയുടെ സിരകളിൽ പടർന്ന വികാരങ്ങളായിരുന്നു. ഇന്ന് ആ സ്ഥാനത്ത് മലയാളിയെ പൊതുവെ ഭരിക്കുന്ന വികാരമെന്തെന്ന് നമുക്കുതന്നെ വ്യക്തമായി അറിയാം. വളരെ ദയനീയമാംവിധം അവന്റെ ചിന്തയിലും പ്രവൃത്തിയിലും സ്വഭാവത്തിലും രൂപഭാവത്തിലും പരസ്പര വൈരുദ്ധ്യങ്ങൾ നിറഞ്ഞിരിക്കുന്നു. സ്വാർത്ഥതയും ദുർചിന്തയും ദുർനടപടികളും സ്‌നേഹമില്ലായ്മയുമൊക്കെ പ്രകൃതിയെ നിന്ദിക്കാനും നശിപ്പിക്കാനും മനുഷ്യനെ പ്രേരിപ്പിച്ചു എന്നതാണ് യാഥാർത്ഥ്യം. സർവ്വംസഹയായ പ്രകൃതിയുടെ ഏറ്റവും അസഹനീയമായ മുഹൂർത്തത്തിലെ പ്രതികരണമായി നമുക്ക് ഈ പ്രളയത്തെ കാണാം.

പ്രകൃതിക്ഷോഭമെന്നോ, കാലാവസ്ഥാവ്യതിയാനമെന്നോ പല കാരണങ്ങളും വ്യാഖ്യാനങ്ങളും ശാസ്ത്രീയമായും സാങ്കേതികമായും പറയുന്നുണ്ടെങ്കിലും ചിന്തിക്കുന്ന ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം ഈ പ്രളയം പ്രകൃതിയുടെ തിരിച്ചടിതന്നെയാണ്. പണക്കാരനെന്നോ, പാവപ്പെട്ടവനെന്നോ ഭേദമില്ലാതെ, ജാതിയോ, മതമോ, വർഗ്ഗമോ നോക്കാതെയാണ് പ്രളയജലം അതിന്റെ സഹസ്രകരങ്ങൾകൊണ്ട് താണ്ഡവമാടിയത്്. ഓരോ വിശ്വാസിയുടെയും ദൈവങ്ങൾ കണ്ണടച്ച സമയംകൂടിയായിരുന്നു അത്. കാരണം പ്രകൃതിക്കുമുമ്പിൽ മനുഷ്യൻ ആടിനെപ്പോലെ, പ്രശുവിനെപ്പോലെ, പട്ടിയെപ്പോലെ വെറുമൊരു ജീവിവർഗ്ഗം മാത്രമാണ്. പ്രകൃതിക്ക് അവന്റെ വിശ്വാസങ്ങളെ അറിയില്ല; ദൈവങ്ങളെ അറിയില്ല. വിശ്വാസിയേയും അവിശ്വാസിയേയും പ്രളയം പുണർന്നത് ഒരുപോലെയാണ്. സ്വാർത്ഥതതന്നെയാണ് തന്റെ മതമെന്നും ദൈവമെന്നും വിശ്വസിച്ചിരുന്ന ജനതയെ സന്മാർഗ്ഗ ചിത്തരാക്കാൻ പ്രകൃതി പഠിപ്പിച്ച മഹനീയ പാഠമാണ് ഈ പ്രളയം.

മലയാളിയുടെ മനസ്സിൽ അഹന്ത വിന്യസിക്കാൻ തുടങ്ങിയത് ഏതാനും ദശകങ്ങൾക്കുമുമ്പാണ്. മര്യാദയ്ക്കുമേൽ ധാർഷ്ട്യത്തിന്റെ മുള്ളുകൾ പാകി സർവ്വവും തനിക്കാക്കാനുള്ള ആ പടപ്പുറപ്പാടിന് കാരണം വ്യക്തിപരമായ സാമ്പത്തിക മുന്നേറ്റം തന്നെയാണ്. പണം മാത്രമാണ് ദൈവമെന്ന് വിശ്വസിച്ചിരുന്ന അവരുടെ ദുഷ്‌ച്ചെയ്തികൾക്ക് ഏറ്റവും കൂടുതൽ വില കൊടുക്കേണ്ടിവന്നത് പരിസ്ഥിതിക്കാണ്. നമ്മുടെ പരിസരങ്ങളെ ജീവസ്സുറ്റതാക്കാനുള്ള ക്ഷമ ഇല്ലാതെപോയ ഒരു വിഭാഗം ആൾക്കാരുടെ കൊടുംദുരയാണ് നാളെ എന്ന പ്രതീക്ഷയെ എന്നും തച്ചുതകർത്തുകൊണ്ടിരിക്കുന്നത്. ഈ മനോഭാവത്തിന് മാറ്റം വരുത്തേണ്ട അത്യാവശ്യത്തിലേയ്ക്കാണ് പ്രളയജലം ഒഴുകിയെത്തി വീണ്ടുവിചാരത്തിന് പ്രേരിപ്പിക്കുന്നത്.

ഏതായാലും നാം ഇപ്പോൾ പ്രളയത്തിന്റെ ഞെട്ടലിൽ നിന്നും ഉണർന്നു തുടങ്ങിയിരിക്കുകയാണ്. കേരളം മുമ്പെങ്ങും കണ്ടിട്ടില്ലാത്ത ഒരു അവസ്ഥ. ഒരേ മനസ്സോടെ, ശരീരത്തോടെ, വർഗ്ഗ-വർണ്ണ-ജാതി-മതങ്ങൾക്ക് അതീതമായി മലയാളികൾ ഒത്തൊരുമയോടെ ഉണർന്നു പ്രവർത്തിക്കുന്ന സന്ദർഭം. ഭവനരഹിതരുടെയും ബന്ധുക്കൾ നഷ്ടപ്പെട്ടവരുടേയും കണ്ണീരൊപ്പാൻ കേരളം ഇതിനുമുമ്പ് സാഹസപ്പെട്ടൊരു കാലം ഓർമ്മയിൽ ഇല്ലെന്നുതന്നെ പറയാം. അല്ലെങ്കിലും ദുഃഖത്തിൽനിന്നൊരു ഉയർത്തെഴുന്നേൽപ്പ് ചരിത്രത്തിന്റെ ആവശ്യകതയാണ്. നിരന്തരമായ യുദ്ധം ചരിത്രത്തിന്റെ ഭാഗമാകാത്തപോലെ നിരന്തരമായ ദുഃഖവും ജീവിതത്തിന്റെ ഭാഗമാകില്ല. യുദ്ധം ഉടമ്പടികളിലൂടെ അവസാനിച്ച്‌സമാധാനം പുലരുന്നിടത്താണ്ചരിത്രത്തിന്റെഅസ്തിത്വം. അതുപോലെ ദുഃഖവും സന്തോഷവും ഇടകലരുന്നിടത്താണ് ജീവിതത്തിന്റെ നിലനിൽപ്പ്. പ്രളയക്കെടുതികളിൽനിന്ന് ഒരു ഉയർത്തെഴുന്നേൽപ്പിലേയ്ക്ക് ഉണരുകയാണ് കേരളം ഇപ്പോൾ. താത്ത്വികമായിപ്പറഞ്ഞാൽ ദുഃഖംആർക്കായാലും,വ്യക്തിക്കായാലുംസമൂഹത്തിനായാലുംദേശത്തിനായാലും രാജ്യത്തിനായാലും ഒരു ഉയർത്തെഴുന്നേൽപ്പിന്, നവോസ്ഥാനത്തിന് അല്ലെങ്കിൽ ഒരു പുനർജന്മത്തിന് ആവശ്യമായ കാര്യമാണ്.

സാമൂഹികമായും സാമ്പത്തികമായും സാങ്കേതികമായും ഉള്ള ഈ ഉണർവ്വ് നമ്മളിൽ മാറ്റത്തിന് ആരംഭം കുറിക്കണം.സമസ്തരിലും (സാധാരണക്കാരിലും സമ്പന്നരിലും, സാസ്‌കാരിക നായകന്മാരിലും അധികാരികളിലും, ഭരണകർത്താക്കളിലും മറ്റെല്ലാവരിലും) അനിവാര്യമായിരിക്കണം ഈ മാറ്റം. അതിലൂടെ നമ്മുടെ ചിന്തയും പ്രവൃത്തിയും സ്വഭാവവും സ്ഫുടം ചെയ്ത് തിളക്കമുള്ളതായി മാറ്റാൻ കഴിയും. അല്ലെങ്കിൽ അതിഭീകരമായ വിപത്തുകൾക്ക് നമ്മൾ വീണ്ടും വീണ്ടും സാക്ഷിയാകേണ്ടിവരും. കാരണം പ്രകൃതിയാണ് സത്യം. ആ ശക്തിയാണ് നമ്മെ നയിക്കുകയും സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുന്നത്. പ്രകൃതിയെ നിന്ദിച്ചുള്ള, നിഷേധിച്ചുള്ള, വേദനിപ്പിച്ചുള്ള ഒരു പ്രവൃത്തിയും നിലനിൽക്കില്ല. പ്രകൃതിയെ സ്‌നേഹിക്കുകയും അതിനനുസരിച്ച് ജീവിക്കുകയും പ്രകൃതിയുടെ അനുഗ്രഹത്തോടുകൂടിത്തന്നെ നമ്മൾ വിജയിക്കുകയും ചെയ്താൽ ഒരു നവചൈതന്യം ഓരോ മലയാളിക്കും സ്വായത്തമാക്കാൻ കഴിയും.

അതുകൊണ്ട്പ്രായഭേദമന്യേ ഓരോമലയാളിക്കും ഒരു പ്രതിഞ്ജയെടുക്കാം. പ്രകൃതിതന്നെയാണ് ജീവൻ. ആ ജീവൻതന്നെയാണ് പ്രകൃതി. അതിനെ പരിരക്ഷിക്കുക തന്നെയാണ് നമ്മുക്ക് നമ്മോടുതന്നെ ചെയ്യാവുന്ന ഏറ്റ്‌വും വലിയ നന്മ.പ്രകൃതിയെ സ്‌നേഹിച്ചുകൊണ്ട് ലളിതവും സത്യസന്ധവുമായ ഒരു ജീവിതം നയിക്കാൻ നമ്മുക്ക് തുടങ്ങാം! ഇത് ഒരു പുതിയതുടക്കത്തിന്റെതുടക്കമാകട്ടെ!