- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡിൽ അമ്മ മരിച്ചപ്പോൾ പ്രകോപിതനായ മകൻ ഡോക്ടറെ തല്ലി ചതച്ചു; പൊലീസുകാരനായതു കൊണ്ട് കേസും അറസ്റ്റും ഉണ്ടായില്ല; അപമാനിതനായി ഡോക്ടർ; സർക്കാർ സർവ്വീസിൽ നിന്ന് രാജിവച്ച് പ്രതിഷേധം; ഇടതുപക്ഷക്കാരനായിട്ടും ചതിക്കപ്പെട്ട വേദനയിൽ തീരുമാനം എന്ന് ഡോ രാഹുൽ മാത്യു
മാവേലിക്കര: ഡ്യൂട്ടി ചെയ്യുന്നതിനിടെ തന്നെ മർദിച്ച പൊലീസുകാരനെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് രാജിവയ്ക്കുന്നതായി മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോക്ടർ രാഹുൽ മാത്യു. ഇടതുപക്ഷ പ്രവർത്തകനായിട്ടുപോലും നീതി കിട്ടിയില്ലെന്നു ഡോക്ടർ പറഞ്ഞു.നീതി കിട്ടിയില്ലെന്നും ജോലി രാജി വയ്ക്കുമെന്നും ഡോ. രാഹുൽ മാത്യു സമൂഹമാധ്യമത്തിലാണ് കുറിച്ചത്. 40 ദിവസം കഴിഞ്ഞിട്ടും പ്രതിയായ പൊലീസുകാരനെ അറസ്റ്റ് ചെയ്തിട്ടില്ല. ജോലിയിൽ പ്രവേശിക്കും മുൻപ് പ്രദേശിക സിപിഎം നേതാവായിരുന്നു രാഹുൽ മാത്യു. ഇടതുപക്ഷക്കാരനായിട്ടു പോലും താൻ ചതിക്കപ്പെട്ടുവെന്നാണ് ഡോക്ടറുടെ കുറിപ്പ്.
മെയ് 14നാണ് മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോക്ടറായ രാഹുൽ മാത്യുവിനെ സിപിഒ അഭിലാഷ് മർദിച്ചത്. കോവിഡ് ബാധിച്ച് ചികിൽസയിലായിരുന്ന സ്ത്രീ മരിച്ചതിനെ തുടർന്ന് മകനായ പൊലീസുകാരൻ ഡോക്ടറെ കൈകാര്യം ചെയ്യുകയായിരുന്നു. ഉമ്പർനാട് അഭിലാഷ് ഭവനം ലാലിയാണ് മരിച്ചത്. ലാലിയുടെ മകനും സിവിൽ പൊലീസ് ഓഫിസറുമായിരുന്ന അഭിലാഷ് ഡോ. രാഹുലിനെ കയ്യേറ്റം ചെയ്യുകയായിരുന്നു.മരണത്തിന് തൊട്ടടുത്ത ദിവസമാണ് ആശുപത്രിയിലെത്തി പൊലീസ് ഡോക്ടറെ മർദ്ദിച്ചത്.
കേസിൽ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യം തേടിയ പ്രതിയായ പൊലീസുകാരൻ കോടതിയിൽ വാദിച്ചത് അമ്മയെ നഷ്ടമായി, ജാമ്യം നിഷേധിച്ചാൽ ജോലിയും കൂടി നഷ്ടമാകുമെന്ന്. അപ്പോഴത്തെ വിഷമത്തിൽ ചെയ്തു പോയതാണെന്നും ജാമ്യം നൽകണമെന്നുമായിരുന്നു അപേക്ഷ. അതേസമയം പ്രതിക്ക് മുൻകൂർ ജാമ്യം നൽകരുതെന്ന കർശന നിലപാടാണു മർദനമേറ്റ ഡോ. രാഹുൽ മാത്യുവിനു വേണ്ടി സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎ ചുമതലപ്പെടുത്തിയ അഭിഭാഷകൻ സ്വീകരിച്ചത്.
രാജ്യത്ത് പല സ്ഥലങ്ങളിലും സമാനമായി ഡോക്ടർമാർ ആക്രമണത്തിന് ഇരയാകുന്നുണ്ടെന്നും പ്രതിക്കു ജാമ്യം നൽകുന്നതു സമൂഹത്തിനു മോശം സന്ദേശം നൽകുമെന്നും ഡോക്ടർമാരുടെ സംഘടന വാദിച്ചു. ഡോക്ടർ രാഹുൽ ക്രൂരമായ മർദനത്തിനാണ് ഇരയായത്. അതുകൊണ്ടുതന്നെ പ്രതിക്ക് മുൻകൂർ ജാമ്യം നൽകുന്നതു നീതി നിഷേധമാകുമെന്നും കേസെടുത്തു മാസങ്ങൾ പിന്നിട്ടിട്ടും പൊലീസിൽനിന്നു തുടർ നടപടിയുണ്ടായിട്ടില്ലെന്നുമായിരുന്നു അഭിഭാഷകൻ കോടതിയിൽ പറഞ്ഞത്. ഇതേത്തുടർന്ന് കേസിൽ വിധി പറയുന്നത് കോടതി മാറ്റിവയ്ക്കുകയായിരുന്നു.
ഹൈക്കോടതിയിൽ മുൻകൂർ ജാമ്യഹർജി നിലനിൽക്കുന്നതു ചൂണ്ടിക്കാട്ടിയാണ് സഹപ്രവർത്തകൻ കൂടിയായ പ്രതിയുടെ അറസ്റ്റ് പൊലീസ് വൈകിപ്പിക്കുന്നത് എന്നാണ് ആക്ഷേപം. നീതി ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ഡോക്ടർ സർക്കാർ ജോലിയിൽനിന്നു രാജിവയ്ക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. ഇദ്ദേഹത്തെ അനുനയിപ്പിക്കാൻ വിവിധ കേന്ദ്രങ്ങളിൽനിന്നു ശ്രമമുണ്ടെങ്കിലും നിലപാടിൽ ഉറച്ചു നിൽക്കുകയാണു ഡോക്ടർ എന്നാണറിയുന്നത്. നിയമസംവിധാനം നീതി നിഷേധിക്കുന്നതിൽ കടുത്ത നിരാശയാണ് ഡോക്ടർ പങ്കുവയ്ക്കുന്നത്.
കടുത്ത കോവിഡ് പശ്ചാത്തലത്തിലും മുൻനിര പോരാളികളായ ഡോക്ടർമാർക്കു നേരെയുണ്ടായ ആക്രമണം അംഗീകരിക്കാനാവില്ലെന്ന നിലപാടാണ് കെജിഎംഒഎ സ്വീകരിച്ചിരിക്കുന്നത്. സംഭവത്തിൽ അഭിലാഷിനെതിരേ കേസ് എടുത്ത് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡോക്ടർമാർ 40 ദിവസമായി മാവേലിക്കരയിൽ സമരത്തിലാണ്. എന്നാൽ ഇതുവരേയും ഒരുതരത്തിലുള്ള നടപടിയുമില്ലെന്നാണ് രാഹുൽ മാത്യു ആരോപിക്കുന്നത്. ഇതിൽ പ്രതിഷേധിച്ചാണ് അദ്ദേഹം സർവീസിൽ നിന്ന് രാജി വെച്ചിരിക്കുന്നത്.
അതുകൊണ്ടു തന്നെ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് അടുത്ത ദിവസം ഒപി ബഹിഷ്കരിക്കാൻ സംഘടന ആഹ്വാനം ചെയ്തിട്ടുണ്ട്. രാവിലെ പത്തു മുതൽ 11 വരെയായിരിക്കും പ്രതിഷേധം. ഈ സമയം പ്രതിഷേധ യോഗങ്ങൾ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട
മറുനാടന് മലയാളി ബ്യൂറോ