തിരുവനന്തപുരം: റീജിയണൽ കാൻസർ സെന്ററിൽ ഗുരുതര ചികിൽസാ പിഴവ് മൂലം തന്റെ ഭാര്യ മരിച്ചതിന്റെ കാര്യകാരണങ്ങൾ വിശദീകരിച്ച് അവിടുത്തെ അനാസ്ഥ തുറന്നുകാട്ടുകയാണ് ഭർത്താവ് ഡോ.റെജി ജേക്കബ്. വിവിധ വകുപ്പുകളിലെ ചില ഡോക്ടർമാർ വരുത്തിയ പിഴവുകൾ സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിൽ അദ്ദേഹം അക്കമിട്ടുനിരത്തുന്നു.ആർസിസി മികച്ച സ്ഥാപനമാണെങ്കിലും ചില ഡോക്ടർമാരുടെ അനാസ്ഥ കളങ്കമേൽപ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ലിംഫോമ ചികിൽസയ്ക്കായി തന്റെ ഭാര്യ ഡോ.മേരി റെജിയെ ആർസിസിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് ഡോക്ടർ റെജിക്ക് ദുരനുഭവമുണ്ടായത്.ഡോക്ടർ കുടുംബമായ തങ്ങൾക്ക് ഈ അനുഭവമാണെങ്കിൽ സാധാരണക്കാരുടെ അവസ്ഥ അവിടെ എന്തായിരിക്കുമെന്നും ഡോക്ടർ വീഡിയോയിൽ ചോദിക്കുന്നു.ചികിൽസാ പിഴവിനെ തുടർന്ന് കഴിഞ്ഞ മാർച്ച് 18 ന് ഡോ.മേരി റെജി മരണപ്പെട്ടിരുന്നു.

ഡോക്ടറുടെ വാക്കുകളിലേക്ക്:

ആർസിസി മികച്ച സ്ഥാപനമാണെന്ന കാര്യം സമ്മതിക്കുന്നെങ്കിലും, ഗുരുതരമായ അനാസ്ഥയിലൂടെയാണ് തന്റെ ഭാര്യയുടെ മരണം സംഭവിച്ചതെന്ന് ഡോക്ടർ ആരോപിക്കുന്നു.തന്റെ വീഡിയോ കണ്ട് ആർസിസിയിലെ ഡോക്ടർമാർക്ക് അവരുടെ മനോഭാവത്തിൽ എന്തെങ്കിലും മാറ്റം വരികയോ, ഏതെങ്കിലും രോഗികൾക്ക് മെച്ചം ലഭിക്കുകയോ ചെയ്യുമെന്നാണ് പ്രതീക്ഷ.ഡോക്ടർ കുടുംബമായ തങ്ങൾക്ക് ഗുരുതരമായ അനാസ്ഥയുടെ ഫലമായി ഈ ദുരന്തമുണ്ടായെങ്കിൽ സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കും?

രോഗികളുടെ ജീവൻ നിസാരമായി കാണുന്ന ചില ഡോക്ടർമാർ ആർസിസിക്ക് കളങ്കമാണ്.എന്റെ ഭാര്യ ഇനി തിരിച്ചുവരില്ലെങ്കിലും ഇത്തരത്തിലൊരു വേദന ഇനി ആർക്കും ഉണ്ടാകാൻ പാടില്ല.2017 സെപ്റ്റംബറിലാണ് എന്റെ ഭാര്യയ്ക്ക് സ്പ്ലീനിൽ ലിംഫോമ കണ്ടുപിടിച്ചത്.ആർസിസിയിലെ ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം സ്പ്ലീൻ അല്ലെങ്കിൽ പ്ലീഹ നീക്കം ചെയ്യണമെന്ന് പറഞ്ഞു.ലാപ്രോസ്‌കോപ്പി സർജറിയിൽ വൈദഗ്ധ്യം നേടിയെന്ന ്അവകാശപ്പെടുന്ന ഡോ.ചന്ദ്രമോഹനെ ശസ്ത്രക്രിയയ്ക്കായി സമീപിച്ചു.അദ്ദേഹം അക്കാര്യം ഏൽക്കുകയും ചെയ്തു.എന്നാൽ ഞങ്ങളുടെ ദൗർഭാഗ്യം കൊണ്ടോ, ഡോക്ടറുടെ കഴിവുകേടുകൊണ്ടോ ലാപ്രോസ്‌കോപ്പി ശസ്ത്രക്രിയ വൻപരാജയമാവുകയും ഏകദേശം ആറേഴ് മണിക്കൂർ നീണ്ട വയർ തുറന്നുള്ള ശസ്ത്രക്രിയയിലൂടെ സ്പ്ലീൻ നീക്കം ചെയ്യുകയും ചെയ്തു.പത്ത് മുപ്പത് സ്റ്റിച്ചുകളും ഇട്ടു.എന്നാൽ, അതിന് ശേഷം രണ്ടുമൂന്നാഴ്ച എന്റെ ഭാര്യ വേദന കൊണ്ടുപുളയുന്നതാണ് ഞാൻ കണ്ടത്.പലപ്രാവശ്യവും ഡോക്ടറെ കണ്ട് എന്റെ മകൾ അമ്മയെ പരിശോധിക്കണമെന്ന ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അതിന് തയ്യാറായില്ല.ജൂനിയേഴ്‌സിനെ പറഞ്ഞുവിട്ടെങ്കിലും വേദനയ്ക്ക് പരിഹാരം കാണാൻ അവർക്ക് കഴിഞ്ഞില്ല.

തുടർന്ന് ഞങ്ങൾ സ്വകാര്യ മെഡിക്കൽ കോളേജിലെ സർജനെ സമീപിക്കുകയും ആർസിസിയിലെ ഡോക്ടർ ഇട്ട സ്റ്റിച്ചുകൾ മുഴുവൻ എടുക്കുകയും ചെയ്തതോടെ വേദന ശമിച്ചു.വീണ്ടും കീമോതെറാപ്പിക്കായി ആർസിസിയെ സമീപിച്ചു.ഏതൊരു കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലും വാർഡിൽ പ്രവേശിക്കുമ്പോൾ രോഗിക്ക് സെന്റർ ലൈൻ അല്ലെങ്കിൽ പിക്ക് ലൈൻ ഡ്രിപ് ഇടാനും മറ്റുമുള്ള സൗകര്യത്തിന് ഇടാറുണ്ട്. എന്നാൽ, ആർസിസിയിൽ അത് ചെയ്യുന്ന അനസ്‌തേഷ്യ വിഭാഗത്തെ ഞങ്ങൾ മൂന്ന് തവണ സമീപിച്ചെങ്കിലും മുടന്തൻ ന്യായങ്ങൾ പറഞ്ഞ് ഞങ്ങളെ ഒഴിവാക്കി. രോഗി മരിക്കുന്നതിന് രണ്ടുദിവസം മുമ്പ് അനസ്‌തേഷ്യ വിഭാഗത്തിലെ ഡോ.വേണുഗോപാലിനെ വ്യക്തിപരമായി സമീപിച്ചെങ്കിലും, കാലിൽ ഒരു പെരിഫറൽ ലൈൻ ഇടേണ്ട ആവശ്യമേ ഉള്ളുവെന്നായിരുന്നു മറുപടി.കാലിലും കൈയിലും ഇടുന്ന ഈ പെരിഫറൽ ലൈനുകൾ പൊട്ടാഷ്യം പോലുള്ളവ ഡ്രിപ്പായി കൊടുക്കുമ്പോൾ 10 മിനിറ്റ് കഴിയുമ്പോൾ ബ്ലോക്ക് ആവുകയും പിന്നീട് വരുന്ന നഴ്‌സുമാർക്ക് വെയ്ൻ കിട്ടാതെ വരികയും മാറി മാറി കുത്തുകയും ചെയ്തു.ഒരുപ്രാവശ്യം അവിടുത്തെ സ്റ്റാഫ് എന്റെ വൈഫിനെ എട്ട് പ്രാവശ്യം മാറിക്കുത്തുന്നത് ഞാൻ കണ്ടു.കേരളത്തിലെ ഏറ്റവും പ്രമുഖമായ കാൻസർ ആശുപത്രിയിൽ രോഗിക്ക് ഇത്രയും വേദന സമ്മാനിക്കുന്നത് ഉചിതമോയെന്ന് ചിന്തിക്കണം.

ഇതിന് പുറമേ, ഡോപ്‌ളർ സ്‌കാനിങ്ങിൽ ഡോ.രേണുക വളരെ തെറ്റായ റിപ്പോർട്ടാണ് നൽകിയത്.മാർച്ച് 13 ന് ഇതിന്റെ ബന്ധപ്പെട്ട ഡോക്ടറായ ശ്രീജിത്തിനെ പോയി കണ്ടു.ആ സമയത്ത് എന്റെ ഭാര്യ ഒരു പകുതി അബോധാവസ്ഥയിലായിരുന്നു.ഡോക്ടറെ എന്തെങ്കിലും കുഴപ്പമുണ്ടോയെന്ന് ചോദിച്ചപ്പോൾ വേദനസംഹാരികളുടെ മോർഫിന്റെ സൈഡ് ഇഫക്ടാകാമെന്നും,മറുമരുന്ന് കൊടുക്കാമെന്നും പറഞ്ഞു.രോഗി പൂർവാധികം ശക്തിയായി തിരിച്ചുവരുമെന്ന് പറഞ്ഞിട്ട് അദ്ദേഹം മടങ്ങിപ്പോയി.എന്നാൽ, അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോൾ രോഗി വീണ്ടും പൂർവസ്ഥിതിയിലേക്ക് പോയപ്പോൾ, ന്യൂറോളജിസി്റ്റിന്റെ അഭിപ്രായം തേടാമെന്നായിരുന്നു ഡോ.ശ്രീജിത്തിന്റെ അഭിപ്രായം.എന്നാൽ, ശ്രീചിത്രയിലെ പരിചയക്കാരനായ ഡോ.മാത്യു എബ്രഹാം വന്ന് പരിശോധിച്ചപ്പോൾ ന്യൂറോളജിക്കൽ പ്രശ്‌നങ്ങളില്ലെന്നും ഇലക്ട്രൊലൈറ്റ് അസന്തുലിതാവസ്ഥ കൊണ്ടുവരുന്ന അസുഖമാണ് എന്നും ഉടൻ ചികിൽസിക്കണമെന്നും പറഞ്ഞു.ഉടൻ ഐസിയു സൗകര്യമുള്ള ആശുപത്രിയിലേക്ക് മാറ്റണമെന്നും പറഞ്ഞു.പിന്നീട് ഈ പ്രശ്‌നത്തിന്റെ കാരണം കണ്ടുപിടിക്കാനുള്ള എബിജി ടെസ്റ്റ് നടത്തണമെന്ന ആവശ്യവും ഡോ.ശ്രീജിത്തും മറ്റും നിരസിച്ചു.രോഗിയെ ഐസിയുവിലേക്ക് മാറ്റുന്ന കാര്യത്തിലും സംസാരമുണ്ടായില്ല,. എന്റെ ഭാര്യ 24 മണിക്കൂർ മരണത്തോട് മല്ലിടുകയും ബ്രെയിനിൽ അതിനിടെയുണ്ടാകാവുന്ന തകരാറുകൾ വരികയും ചെയ്തു.

പിന്നീട് മാർച്ച് 15 ന് ഡോ.ശ്രീജിത്തിന് രോഗിയുടെ ഗുരുതരാവസ്ഥ മനസിലാകുകയും, എത്രയും പെട്ടെന്ന് മാറ്റണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.കിഡ്‌നി ഫെയ്‌ലിയറാണ്...ഡയലിസിസ് ആവശ്യമാണ് എന്നൊക്കെയാണ് അദ്ദേഹം കാരണം പറഞ്ഞത്.എന്നാൽ, ഡയലിസിസിന്റെ ആവശ്യമില്ലെന്നായിരുന്നു രണ്ടു വിദഗ്ധ നെഫ്രോളജിസ്റ്റുകളുടെ അഭിപ്രായം തേടിയപ്പോൾ അറിയാൻ കഴിഞ്ഞത്.പിന്നീട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചപ്പോൾ ആർസിസിയിൽ ചെയ്യാൻ വിമുഖത കാട്ടിയ ടെസ്റ്റുകളെല്ലാം ചെയ്തു. എന്നിരുന്നാലും അപ്പോഴേക്കും എന്റെ ഭാര്യയുടെ തലച്ചോറിൽ ആർസിസിയിലെ ചികിൽസാപ്പിഴവ് മൂലമുണ്ടായ തകരാറുകൾ സംഭവിച്ചിരുന്നു. തുടർന്ന് മാർച്ച് 18 ന് എന്റെ ഭാര്യ മരിച്ചു.

റാസൽഖൈമ ഇന്ത്യൻ അസ്സോസിയേഷന്റയും.വേൾഡ് മലയാളി കൗൺസിലിന്റയും പ്രസിഡന്റാണ് ഡോ.റെജി ജേക്കബ്