- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
അഞ്ചു മക്കൾ പട്ടിണിയാവാതിരിക്കാനാണ് ബാപ്പ ഗൾഫിലേക്ക് പോയത്; സ്വപ്നങ്ങളെല്ലാം തകിടം മറിച്ച് ബാപ്പ മരിക്കുമ്പോൾ ഇളയ അനുജന് ഒരു വയസ്: ജീവിക്കാൻ വേറൊരു വഴിയും ഇല്ലാതായപ്പോൾ യത്തീം ഖാനയിൽ എത്തി: അവിടെ നിന്നും പഠിച്ച് ഞങ്ങൾ മൂന്ന് പേർ ഡോക്ടറായി: മർകസ് വിദ്യാർത്ഥി ആയിരുന്ന ഡോ രിസാലത്ത് കെ പിയുടെ അനുഭവം വൈറലാവുന്നു
2001ൽ വാപ്പയെ ഗൾഫിലേക്ക് യാത്രയയക്കാൻ കോഴിക്കോട്ടേക്ക് പോയത് എനിക്കിപ്പോഴും നല്ല ഓർമ്മയുണ്ട്. വയനാട്ടിലെ ഒരു കുഗ്രാമമായ വെണ്ണിയോട്ട് നിന്നും പുറത്തേക്കു പോകാൻ കിട്ടുന്ന അവസരം അപൂർവമാണ്. ആവശ്യത്തിന് വാഹനങ്ങളോ നല്ല ഒരു റോഡോ ഇല്ലാത്തതു തന്നെ പ്രധാന കാരണം. എപ്പോഴെങ്കിലും പുറത്തേക്കു പോകുന്നത് ഉമ്മയുടെ വീട്ടിലേക്കാണ്. അതാകട്ടെ ഞങ്ങളുടെ ഗ്രാമത്തെക്കാൾ ഉൾവലിഞ്ഞുനിൽക്കുന്ന, വയനാട്-കണ്ണൂർ ജില്ലാ അതിർത്തിയായ നെടുമ്പൊയിൽ ചുരത്തോടു ചേർന്നു നിൽക്കുന്ന പേര്യയിലേക്കാണ്. വാപ്പ ഗൾഫിലേക്ക് പോകുമ്പോൾ എനിക്ക് എനിക്ക് എട്ടു വയസ്സായിരുന്നു. വെണ്ണിയോട് ഗവ. മാപ്പിള സ്‌കൂളിലെ മൂന്നാം ക്‌ളാസ് വിദ്യാർത്ഥിനി . നാട്ടിലെ സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായ ആളായിരുന്നിട്ടും, വീട്ടിലെ പ്രാരബ്ധങ്ങൾ ആണ് വാപ്പയെയും ഗൾഫിലേക്ക് കൊണ്ടുപോയത്. കൃഷിയും ഇടയ്ക്കിടെ മരപ്പണികളും ചെയ്തുപോരുന്ന ഒരാളായിരുന്നു വാപ്പ, കുന്നത് പീടികയിൽ മൊയ്ദീൻ. അഞ്ചുമക്കളുൾപ്പെടുന്ന കുടുംബത്തെ മുന്നോട്ടുകൊണ്ടുപോകാൻ ആ ജോലിയിലെ കുറഞ്ഞ വരുമാനം മതിയാകുമായിരുന്നി
2001ൽ വാപ്പയെ ഗൾഫിലേക്ക് യാത്രയയക്കാൻ കോഴിക്കോട്ടേക്ക് പോയത് എനിക്കിപ്പോഴും നല്ല ഓർമ്മയുണ്ട്. വയനാട്ടിലെ ഒരു കുഗ്രാമമായ വെണ്ണിയോട്ട് നിന്നും പുറത്തേക്കു പോകാൻ കിട്ടുന്ന അവസരം അപൂർവമാണ്. ആവശ്യത്തിന് വാഹനങ്ങളോ നല്ല ഒരു റോഡോ ഇല്ലാത്തതു തന്നെ പ്രധാന കാരണം. എപ്പോഴെങ്കിലും പുറത്തേക്കു പോകുന്നത് ഉമ്മയുടെ വീട്ടിലേക്കാണ്. അതാകട്ടെ ഞങ്ങളുടെ ഗ്രാമത്തെക്കാൾ ഉൾവലിഞ്ഞുനിൽക്കുന്ന, വയനാട്-കണ്ണൂർ ജില്ലാ അതിർത്തിയായ നെടുമ്പൊയിൽ ചുരത്തോടു ചേർന്നു നിൽക്കുന്ന പേര്യയിലേക്കാണ്.
വാപ്പ ഗൾഫിലേക്ക് പോകുമ്പോൾ എനിക്ക് എനിക്ക് എട്ടു വയസ്സായിരുന്നു. വെണ്ണിയോട് ഗവ. മാപ്പിള സ്‌കൂളിലെ മൂന്നാം ക്‌ളാസ് വിദ്യാർത്ഥിനി . നാട്ടിലെ സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായ ആളായിരുന്നിട്ടും, വീട്ടിലെ പ്രാരബ്ധങ്ങൾ ആണ് വാപ്പയെയും ഗൾഫിലേക്ക് കൊണ്ടുപോയത്. കൃഷിയും ഇടയ്ക്കിടെ മരപ്പണികളും ചെയ്തുപോരുന്ന ഒരാളായിരുന്നു വാപ്പ, കുന്നത് പീടികയിൽ മൊയ്ദീൻ. അഞ്ചുമക്കളുൾപ്പെടുന്ന കുടുംബത്തെ മുന്നോട്ടുകൊണ്ടുപോകാൻ ആ ജോലിയിലെ കുറഞ്ഞ വരുമാനം മതിയാകുമായിരുന്നില്ല. ഗൾഫ് ഞങ്ങളുടെ ആവലാതികൾ എല്ലാം ഉടനെ തീർക്കുമെന്ന കണക്കു കൂട്ടലിൽ ആണ് വാപ്പ വണ്ടികയറിയത്.
ആ കണക്കു കൂട്ടൽ പക്ഷെ അധിക നാൾ നീണ്ടു നിന്നില്ല. ഗൾഫിലെത്തി മൂന്നാമത്തെ മാസം തുടങ്ങിയ വയറുവേദന കാരണം തിരിച്ചു പോരേണ്ടി വന്നു. പിന്നെ എല്ലാം പെട്ടെന്നായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ 23 ദിവസം കിടന്നു. കാൻസർ ആണെന്നും ചികിത്സ ഫലിക്കുന്ന അവസ്ഥയിലല്ല എന്നും തിരിച്ചു വീട്ടിലേക്കു കൊണ്ടുപോകാം എന്നും ഡോക്ടർമാർ പറഞ്ഞു. വിവരം അറിഞ്ഞ ഞങ്ങളുടെ മറ്റൊരു അത്താണിയായ വലിയുപ്പ ഹൃദയസ്തംഭനം വന്നു മരണപ്പെട്ടു. അതുകഴിഞ്ഞു മൂന്നാമത്തെ ദിവസം, 2001 ലെ ഒരു റമദാൻ ഒമ്പതിന് വാപ്പയും ഞങ്ങളെ വിട്ടുപിരിഞ്ഞു. മൂന്നു ദിവസത്തിന്റെ ഇടവേളയിൽ താങ്ങും തണലുമായി നിന്ന രണ്ടു പേരുടെ വേർപാട്.
ഗൾഫ് യാത്രയിലൂടെ പരിഹരിക്കാൻ കഴിയും എന്ന് കരുതിയിരുന്ന അനേകം ആവലാതികൾ ഒരു ഭാഗത്ത്. ആ ആവലാതികൾ പരിഹരിക്കാൻ കഴിയുമെന്ന് ഞങ്ങൾ കരുതിയ വാപ്പയുടെ വിയോഗം തീർത്ത പതർച്ച മറുഭാഗത്ത്. ആഴക്കടലിലെ തുരുത്ത് എന്നപോലെ കയറിചെല്ലാവുന്ന വലിയുപ്പയുടെ വിയോഗം ഉണ്ടാക്കിയ ആഘാതം വേറെയും. പത്തുവയസ്സുള്ള ഏറ്റവും മൂത്ത സഹോദരനും എന്റെ താഴെ, ആറും നാലും ഒന്നും വയസ്സുള്ള മൂന്നു ആങ്ങളമാരുമടക്കം അഞ്ചു മക്കൾ ആണ് ഞങ്ങൾ. നാലാം ക്ലാസ് വരെ മാത്രം പഠിച്ച ഉമ്മ. ഒരു ഉൾനാടൻ ഗ്രാമത്തിന്റെ പ്രതിബന്ധങ്ങളും പ്രയാസങ്ങളും വരിഞ്ഞുമുറുക്കിയ കുടുംബാന്തരീക്ഷം. പത്തു വയസ്സിനു താഴെയുള്ള അഞ്ചു കുട്ടികൾ. അങ്ങിനെയൊരു കുടുംബത്തിനു ഇത്രയും വേദനാജനകമായൊരു നേരത്ത് ആവലാതികൾക്കു മേലെ ആവലാതികൾ അല്ലാതെ സ്വപ്നം കാണാൻ എന്തു ജീവിതമാണ് ബാക്കിയുണ്ടാവുക? ജീവിതത്തിന്റെ പച്ചയായ യാഥാർഥ്യം എന്നൊക്കെ പറയാറില്ലേ. അതുമായുള്ള നിരന്തരമായ ഏറ്റുമുട്ടൽ. വാപ്പ മരിച്ചു ഒരു വര്ഷമാകുമ്പോഴേക്കും ഞങ്ങൾ ഉമ്മയുടെ പേര്യയിലെ അംബിലാത്തി വീട്ടിലേക്കു പോന്നു.
ആൺകുട്ടികൾ എങ്ങിനെയെങ്കിലും പത്താം ക്ലാസ് പൂർത്തിയാക്കി മൈസൂരിലോ ബാഗ്ലൂരിലോ ഉള്ള കടകളിലോ, അല്ലെങ്കിൽ ഗൾഫിലോ ജോലി കണ്ടെത്തുക എന്നതായിരുന്നു നാട്ടിലെ കീഴ്‌വഴക്കം. അങ്ങിനെയൊക്കെ ചെയ്യാനുള്ള സാമൂഹിക-ഭൗതിക സൗകര്യങ്ങളെ നാട്ടിൽ ഉണ്ടായിരുന്നുള്ളൂ താനും. അങ്ങിനെയൊരു സാഹചര്യത്തിൽ ഞങ്ങളുടേത് പോലുള്ള ഒരു കുടുംബത്തെ സംബന്ധിച്ചടുത്തോളം പഠിക്കുക എന്നതൊക്കെ ഒരു ധൂർത്ത് നിറഞ്ഞ ആഗ്രഹം മാത്രമാണ്. അങ്ങിനെയൊന്നും ആലോചിക്കാനേ പറ്റില്ലായിരുന്നു. വാപ്പായുണ്ടായിരുന്ന കാലത്തെ ആഗ്രഹങ്ങളുടെ ഒരംശം പോലും മനസ്സിൽകൊണ്ടു നടക്കാനുള്ള ത്രാണി ആർക്കും ഉണ്ടായിരുന്നില്ല. ഉമ്മയുടെ ആത്മവിശ്വാസവും അമ്മാവന്മാരുടെ പിന്തുണയും മാത്രമായിരുന്നു കൂട്ടിനുണ്ടായിരുന്നത്.
ആയിടെ മർകസ് ശരീഅത്ത് കോളേജിൽ പഠിക്കുക്കുകയായിരുന്ന അമ്മാവന്മാരിൽ ഒരാൾ, ഉസ്മാൻ സഖാഫി, ആണ് മൂത്ത സഹോദരൻ ഇർഷാദിനെ മർകസ് യതീം ഖാനയിൽ ചേർത്താലോ എന്നു ഉമ്മയോട് ചോദിച്ചത്. ആലോചിച്ചു തീരുമാനമെടുക്കാനുള്ള ഒരു ചോയ്‌സ് ആയിരുന്നില്ല ഉമ്മയെ സംബന്ധിച്ചടുത്തോളം ആ ചോദ്യം. ആ ചോദ്യത്തിന് അന്നു ഉമ്മയുടെ പക്കൽ ഒരേയൊരു ഉത്തരമേ ഉണ്ടായിരുന്നുള്ളൂ. അങ്ങിനെയാണ്, ഒരു നബി ദിനത്തിൽ സുബൈർ എന്ന അമ്മാവൻ ഇർഷാദിക്കയെയും കൂട്ടി മർകസിൽ പോയത്. വാപ്പ ഗൾഫിലേക്ക് പോയതുപോലെയുള്ള അനുഭവം ആയിരുന്നു ഇക്കയുടെ മർക്കസിലേക്കുള്ള പോക്ക്.
സുബൈർക്ക വൈകുന്നേരം തിരിച്ചുവന്നു മർകസിലെ വിശേഷങ്ങൾ പറഞ്ഞു. യാത്രപറഞ്ഞിറങ്ങാൻ നേരത്ത് ഇർഷാദിക്കയെ അരികിൽ വിളിച്ച നീയിവിടെ നിന്ന് എന്തായിട്ടാണ് വരിക എന്നു ചോദിച്ചെന്നും ഡോക്റ്ററായിട്ടു വരും എന്നു പറഞ്ഞെന്നും അമ്മാവൻ പറഞ്ഞതിപ്പോഴും ഓർമ്മയുണ്ട്. അങ്ങിനെയൊരാഗ്രഹം മനസ്സിൽ രൂപപ്പെടാനുള്ള ഒരു പശ്ചാത്തലവും ഞങ്ങൾക്കുണ്ടായിരുന്നില്ല. എന്നിട്ടും അവനാ ആഗ്രഹം എങ്ങിനെ മനസ്സിൽ വന്നു? എനിക്കറിഞ്ഞുകൂടാ.
ജേഷ്ഠനു പിന്നാലെ, ഞാനും മർകസിലേക്കു പോയി. മരഞ്ചാട്ടിയിലെ പെൺകുട്ടികൾക്ക് വേണ്ടിയുള്ള യതീംഖാനയിലേക്ക്. എട്ടാം ക്‌ളാസ്സിലേക്കായിരുന്നു അഡ്‌മിഷൻ. അഗതികളും അനാഥരുമായ കുടുംബങ്ങളിലെ പെണ്കുട്ടികളായിരുന്നു അവിടെ ഉണ്ടായിരുന്നത്. നൂറുകണക്കിന് വിദ്യാർത്ഥിനികൾ. മർകസ് തുടക്കകാലത്തു തന്നെ ആരംഭിച്ച സ്ഥാപനമാണ് പെണ്കുട്ടികൾക്കുവേണ്ടിയുള്ള യതീംഖാന എന്നു പിന്നീട് അറിയാൻ കഴിഞ്ഞു. എന്റെതിനു സമാനമോ അതിനേക്കാൾ ദാരുണമോ ആയ ജീവിത പശ്ചാത്തലങ്ങളിൽ നിന്നുള്ളവരായിരുന്നു അവരോരുത്തരും. പഠനത്തിൽ മാത്രമല്ല പഠ്യേതര പ്രവർത്തികളിലും അസാധാരണമായ കഴിവുകൾ ഉള്ളവർ. ജീവിതം വഴിമുട്ടിപ്പോകുമോ എന്നു തോന്നിയ സന്നിഗ്ദ ഘട്ടത്തിൽ ബന്ധുക്കളുടെയോ, അയൽവാസികളുടെയോ, പള്ളിയിലെ ഉസ്താദുമാ രുടെയോ കൈപിടിച്ചു മരഞ്ചാട്ടിയിലേക്ക് വന്നവരാണധികപേരും.
എസ് എസ് എൽ സി പഠനത്തിന് ശേഷം ഞാൻ മർകസ് ഇന്റർനാഷണൽ ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ പ്ലസ് ടുവിനു ചേർന്നു. എന്റെ പ്ലസ് ടു പഠനം പൂർത്തിയാകുമ്പോഴേക്കും ഇക്കാക്ക തൊടുപുഴയിലെ അൽ അസ്ഹർ ഡെന്റൽ കോളേജിൽ ബി ഡി എസ്സിന് ചേർന്നിരുന്നു. എ പി ഉസ്താദ് പ്രത്യേക താല്പര്യമെടുത്ത് മാനേജ്‌മെന്റ് ക്വാട്ടയിലായിരുന്നു അവനു സീറ്റ് സംഘടിപ്പിച്ചു കൊടുത്തത്. മർകസ് ഓർഫനേജിൽ നിന്നും ഞാൻ തൃശൂരിൽ എൻട്രൻസ് പരിശീലനത്തിന് ചേർന്നു. തൊട്ടടുത്ത വർഷം തൊടുപുഴയിലെ കോളേജിൽ മെറിറ്റിൽ തന്നെ അഡ്‌മിഷൻ കിട്ടി. ഇക്കാക്ക അവിടെയുള്ളത് എന്റെ പഠനത്തെയും ജീവിതത്തെയും ഒരുപാട് സഹായിച്ചു. പഠനത്തിന് ശേഷം തൊട്ടടുത്ത വർഷങ്ങളിൽ കോഴ്‌സും ഹൗസ് സർജൻസിയും പൂർത്തിയാക്കി ഞങ്ങൾ പ്രാക്ടീസ് തുടങ്ങി.
മൂന്നാമത്തെ സഹോദരൻ അർഷാദ് ഇപ്പോൾ മർകസ് യുനാനി മെഡിക്കൽ കോളേജിലെ അവസാന വർഷ വിദ്യാർത്ഥിയാണ്. ഏറ്റവും ചെറിയവരിൽ ഒരാൾ കൗൺസിലിങ് സൈക്കോളജിയിൽ ഡിഗ്രി ചെയ്യുന്നു. മറ്റൊരാൾ മർകസ് ഓർഫനേജിലെ തന്നെ ശരീഅത്ത് കോളേജിൽ പഠിക്കുന്നു. എല്ലാവരുടെയും ജീവിതത്തിലെ വഴിത്തിരിവ് മർകസ് തന്നെ. വർഷങ്ങൾക്കു മുമ്പ് നീയിവിടെ നിന്ന് എന്തായിട്ടു വരും എന്നു ചോദിച്ച അമ്മാവനോട് ഡോക്ടർ എന്നു മറുപടി പറഞ്ഞ ഇർഷാദിന്റെ വാക്കിനു ഇത്രയേറെ മൂർച്ചയുണ്ടായിരുന്നു എന്നോർക്കുമ്പോൾ ഇപ്പോൾ അതിശയം തോന്നുന്നു.
വാപ്പയുടെയും വലിയുപ്പയുടെയും മരണത്തോടെ സ്തംഭിച്ചുപോയ ഞങ്ങളുടെ വീട്ടിലെ കൊച്ചു കൊച്ചു ആവശ്യങ്ങൾ, ആഗ്രഹങ്ങൾ, ്വപ്നങ്ങൾ, അവയെല്ലാം ഇന്ന് തിടം വെച്ച് വലുതായിരിക്കുന്നു. ആ ആവശ്യങ്ങളും ആഗ്രഹങ്ങളുമെല്ലാം കയ്യെത്തും ദൂരത്തുണ്ട് എന്ന ആശ്വാസത്തിലേക്കു മർകസ് ഞങ്ങളെ എത്തിച്ചിരിക്കുന്നു. ഒരനാഥ കുടുംബത്തിന്റെ പ്രാരാബ്ധങ്ങൾ ഇന്ന് ഞങ്ങൾക്കില്ല. മർകസിന്റെ വരവോടെ ഞങ്ങളുടെ ജീവിതം അനാഥമല്ലാതായിരിക്കുന്നു. കാര്യങ്ങൾ നോക്കാൻ, പരാതിപറയാൻ, ആവലാതികൾ ബോധ്യപ്പെടുത്താൻ, ആവശ്യങ്ങൾ നിരത്താൻ, സന്തോഷം പങ്കുവെക്കാൻ, ശാസിക്കാൻ, ഓടിച്ചെല്ലാൻ അവിടെ ഞങ്ങൾക്ക് ഒരു വാപ്പയും വലിയുപ്പയും ഉണ്ടെന്നത് തന്നെ കാരണം. ഈ സൗഭാഗ്യങ്ങളെയെല്ലാം കൂട്ടിയിണക്കി പൂരിപ്പിച്ചു ഞങ്ങളുടെ ഉമ്മയും അമ്മാവന്മാരും.
വെണ്ണിയോട് ഗവ. മാപ്പിള യു പി സ്‌കൂളിലെയും, പേര്യ യു പി സ്‌കൂളിലെയും എന്റെ പഴയ സഹപാഠികളെ കുറിച്ച് വെറുതെ ഒന്നാലോചിച്ചു നോക്കി. എന്റേതുപോലുള്ള വിഷമങ്ങൾ ഒന്നും ഇല്ലാതെ വളർന്നവരാണവർ. എന്താകാനാണ് ആഗ്രഹം എന്ന ടീച്ചറുടെ ചോദ്യത്തിന് അവർ ഉത്തരം പറയുന്നത് കേട്ട് ഞാൻ തലകുനിച്ചിരിന്നിട്ടുണ്ട്. കാരണം എന്തെങ്കിലും ആകാനുള്ള വഴി ഞങ്ങൾക്ക് മുന്നിൽ ഉണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ ഒന്നും ആകില്ല എന്ന നിരാശയായിരുന്നു ഹൈസ്‌കൂൾ പഠനകാലം വരെയും ഞങ്ങളെ അടക്കി ഭരിച്ചിരുന്നത്. അതിന്റെ മന്ദിപ്പും നിസ്സഹായതയും ഞങ്ങളുടെ കണ്ണിൽ, ശരീരത്തിൽ, നടത്തത്തിൽ, പെരുമാറ്റത്തിൽ, പഠനത്തിൽ ഒക്കെ നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു. ആ അപകർഷതാബോധമൊക്കെ മർകസ് ഞങ്ങളിൽ നിന്ന് ഊരിയെടുത്തു.
മർകസ് ഇന്റർനാഷണൽ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലൊക്കെ നഗരത്തിലെ സമ്പന്ന കുടുംബങ്ങളിൽ നിന്നുള്ള കുട്ടികളോടൊപ്പം ആയിരുന്നു ഞങ്ങളുടെയും പഠനവും താമസവുമൊക്കെ. ചെറുപ്പകാലത്ത് ക്ലാസ്സിലെ മറ്റുകുട്ടികളുമായി ഉണ്ടായിരുന്ന അകലം മാഞ്ഞുമാഞ്ഞു ഇല്ലാതാകുന്നത് ഞാൻ ശരിക്കും അനുഭവിച്ചിട്ടുണ്ട്. ഉസ്താദിന്റെ കുട്ടികൾ എന്ന പ്രത്യേക പരിഗണനയും പരിലാളനയും എവിടെയും ലഭിച്ചു. സാമൂഹിക പദവികൾ കൊണ്ടും വീട്ടിലെ സൗഭാഗ്യങ്ങൾകൊണ്ടും എന്റെ ബാല്യകാല സുഹൃത്തുക്കൾക്കു എളുപ്പത്തിൽ ലഭിക്കുമെന്ന് കരുതിയ സൗഭാഗ്യങ്ങൾ എനിക്ക് ഇടതടവില്ലാതെ ലഭിച്ചു പോന്നു. ഉയർന്ന മാർക്കുകൾ, മികച്ച കോഴ്‌സുകൾ, മെച്ചപ്പെട്ട പരിശീലനങ്ങൾ, ഭേദപ്പെട്ട ഭക്ഷണം, താമസം, വാഹനം, യാത്രകൾ, തൊഴിലവസരങ്ങൾ, ഈ സന്തോഷങ്ങളുടെയെല്ലാം ഉടമയായ അല്ലാഹുവിനെ പ്രതിയുള്ള ജാഗ്രതകൾ, അവന്റെ ദൂതനായ മുത്ത് നബിയോടുള്ള സ്നേഹം. ആ സൗഭാഗ്യങ്ങളുടെ നിര നീണ്ടതാണ്. ഒരുൾനാടൻ ഗ്രാമത്തിന്റെ, ഒരനാഥ കുടുംബത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ പതിതാവസ്ഥകളെ എളുപ്പം മറികടക്കാക്കാനുള്ള ഒരു പാലമായി മർകസ് ഞങ്ങൾക്ക് വഴിയൊരുക്കി.
ഏറ്റവുമൊടുവിൽ, എന്റെ ജീവിതത്തിലേക്ക് ഭർത്താവായി കടന്നുവന്ന ഫസലുള്ളയും ഒരർഥത്തിൽ മർകസിന്റെ സമ്മാനം തന്നെ. വയനാട്ടിൽ നിന്നും കോഴിക്കോട്ടെ പൂനൂരിലേക്കു കുടിയേറിയതാണ് അവരുടെ കുടുംബം. മർകസിന്റെ സഹകാരികൾ ആയിരുന്നു അവർ. ഉപ്പ വാരാംബറ്റ മൊയ്ദീൻ മുസ്ലിയാർ എ പി ഉസ്താദിന്റെ ഉറ്റ ബന്ധുക്കളായ സി പി അബ്ദുൽഖാദിർ മുസ്ലിയാരോടൊപ്പം ദീർഘകാലം മുദരിസായി ജോലി ചെയ്തിരുന്നു. മർകസും ഉസ്താദും കൊണ്ടുവന്ന സാമൂഹികമായ ഉണർവിന്റെ നേർ ചിത്രം കൂടിയാണ് ആ കുടുംബം. എൺപതു-തൊണ്ണൂറുകളിൽ പള്ളികളിൽ മുദരിസായി ജീവിക്കേണ്ടി വന്ന ഒരാളുടെ ജീവിത നിലവാരം, ആ കുടുംബത്തിലെ മക്കളുടെ ഭാവി, ഇവയൊക്കെയും ഒരുകാലത്ത് എളുപ്പത്തിൽ ഊഹിക്കാവുന്ന ഒന്നായിരുന്നല്ലോ.
പോരാത്തതിന്, ഒരു മുസ്ലിയാർ അനുഭവിക്കേണ്ടി വരുന്ന ഒറ്റപ്പെടലുകൾ, ബഹിഷ്‌കരണങ്ങൾ, കളിയാക്കലുകൾ എന്നിവ വേറെയും. വാരാംബറ്റ മൊയ്ദീൻ മുസ്ലിയാരുടെ നാല് മക്കളും വിവിധ ദഅവാ കോളേജുകളിൽ പഠിച്ച വിദ്യാർത്ഥികളാണ്. അതിൽ ഒരാൾ ഇപ്പോൾ നാനോ ടെക്‌നോളജിയിൽ പി എച് ഡി പഠനം പൂർത്തിയാക്കുന്നു. എന്റെ ഭർത്താവ് കൂടിയായ രണ്ടാമൻ ബി ഡി എസ് പഠനം കഴിഞ്ഞു പ്രാക്ടീസ് ചെയ്യുന്നു, മൂന്നാമൻ യുനാനി മെഡിക്കൽ കോളേജിൽ പഠിക്കുന്നു. അവസാനത്തെയാൾ ഹിഫ്സ് പഠനത്തിന് ശേഷം ഒതുക്കുങ്ങൽ ഇഹ്യാ ഉ സ്സുന്നയിൽ ഇ സുലൈമാൻ ഉസ്താദിന്റെ അടുത്ത് ദറസ് ഓതുന്നു. സുന്നികളുടെ സർവ്വതോന്മുഖമായ മുന്നേറ്റം എന്ന ഉസ്താദിന്റെ കാഴ്ചപ്പാടിനെ എത്ര മനോഹരമായാണ് ഈ കുടുംബം ആവിഷ്‌കരിച്ചിരിക്കുന്നത്!.
എന്റെ കല്യാണ ദിവസം രാവിലെ മർകസിൽ നിന്ന് വലിയൊരു കൂട്ടം ഉസ്താദുമാർ വീട്ടിൽ വന്നു. എന്റെ കണ്ണുകൾ നിറഞ്ഞു. പോകാൻ നേരത്ത് അവർ എ പി ഉസ്താദ് കൊടുത്തയച്ച ഒരു സമ്മാനവും വീട്ടിൽ ഏല്പിച്ചാണ് പോയത്. പൊതി തുറന്നു നോക്കുമ്പോൾ വലിയൊരു സ്വർണ്ണ മാല. മാറിൽ ആ സ്വർണമാല ഇട്ടപ്പോൾ ഉണ്ടായതിലും വലിയ സന്തോഷം ഞാൻ ഇതുവരെയും അനുഭവിച്ചിട്ടില്ല. എന്റെ ആത്മാഭിമാനത്തിന്റെ അടയാളമായിരുന്നു നെഞ്ചത്തു തൂങ്ങിനിൽക്കുന്ന ആ സ്വർണ്ണ മാല.