തിരുവനന്തപുരം: ശബരിമല ഭരണാധികാരം സംബന്ധിച്ച ചെമ്പോല വ്യാജമൊണെന്ന പരാതിയിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പരിശോധന തുടരുകയാണ്. ശബരിമല പ്രക്ഷോഭകാലത്ത് ഏറെ ചർച്ചചെയ്യപ്പെട്ട ചെമ്പോല മോൻസൻ മാവുങ്കലിന്റെ പക്കലുണ്ടായിരുന്ന ചെമ്പോലയാണെന്ന് കണ്ടെത്തിയതോടെ അതിന്റെ ചരിത്രപ്രാധാന്യം തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്

24 ന്യൂസാണ് ഈ വാർത്ത നൽകിയത്. ചെമ്പോല ഉയർത്തിക്കാട്ടിയതുകൊച്ചി റിപ്പോർട്ടർ സഹീൻ ആന്റണിയാണ്. വാർത്തയിൽ എവിടേയും മോൻസൺ മാവുങ്കൽ ഇത് തന്റെ ശേഖരത്തിൽ ഉള്ളതാണെന്ന് അവകാശപ്പെട്ടിട്ടില്ല. റിപ്പോർട്ടറാണ് അങ്ങനെ പറയുന്നത്. ഈ സാഹചര്യത്തിൽ മോൻസണെ ഈ കേസിൽ പ്രതിയാക്കാൻ കഴിയുമോ എന്ന ചർച്ചയും സജീവമാണ്. തൽക്കാലം ശബരിമല കേസ് പൊലീസ് ഓപ്പൺ ചെയ്യില്ല. കേസ് രജിസ്റ്റർ ചെയ്യേണ്ടതില്ലെന്നാണ് പൊലീസിന് കിട്ടിയ നിർദ്ദേശം. 24 ന്യൂസിനെ പ്രതിയാക്കി കേസും എടുക്കില്ല. കോടതി നിർദ്ദേശം ഉണ്ടെങ്കിൽ മാത്രം ഇതു മതിയെന്നാണ് സർക്കാർ നിലപാട്. ദേശാഭിമാനിയും ഇതേ വാർത്ത നൽകിയ സാഹചര്യത്തിൽ കൂടിയാണ് ഇത്.

350ലേറെ വർഷം പഴക്കം അവകാശപ്പെടുന്ന രേഖ ഉദ്ധരിച്ച് ശബരിമല ദ്രാവിഡ ആരാധനാലയമായിരുന്നെന്നും യുവതീപ്രവേശനത്തിന് വിലക്കില്ലെന്നും 2018 ഡിസംബറിൽ പാർട്ടി പത്രത്തിലും 24 ന്യൂസ് ചാനലുകളിലും വാർത്ത വന്നു. ചീരപ്പൻചിറ ഈഴവകുടുംബത്തിനും മലയരയ സമുദായത്തിനും ക്ഷേത്രാചാരങ്ങളിൽ അധികാരമുണ്ടെന്നും പറഞ്ഞിരുന്നു. മോൻസന്റെ ശേഖരത്തിലുള്ളത് പന്തളം കൊട്ടാരത്തിന്റെ തീട്ടൂരമെന്ന് പരാമർശിച്ചായിരുന്നു ഇത്. ചരിത്രകാരനായ ഡോ.എം.ആർ.രാഘവവാര്യർ അഭിപ്രായം പറയുകയും ചെയ്തു.

തന്നെ കാണിച്ച ചെമ്പുതകിടിലുള്ള രേഖയുടെ ആധികാരികത പരിശോധിക്കപ്പെട്ടതല്ലെന്ന് കഴിഞ്ഞ ദിവസം അദ്ദേഹം പ്രതികരിച്ചിരുന്നു. ഈ ചെമ്പോല വ്യാജമാണെന്ന് കണ്ടാൽ നിയമനടപടി സ്വീകരിക്കുമെന്ന് പന്തളം രാജകുടുംബവും അറിയിച്ചിട്ടുണ്ട്. ഇതിനിടെയാണ് ശങ്കു ടി ദാസ് പരാതി നൽകിയത്. എന്നാൽ ഇതുവരേയും പൊലീസ് എഫ് ഐ ആർ ഇട്ടിട്ടില്ല. ഉന്നത നിർദ്ദേശത്തെ തുടർന്നാണ് ഇതെന്നാണ് സൂചന. അതിനിടെ പുതിയ വെളിപ്പെടുത്തലുകളും ചെമ്പോലയിൽ എത്തുന്നുണ്ട്.

ശബരിമലയിലെ അവകാശത്തർക്കം സംബന്ധിച്ച് തിരുവിതാംകൂർ ദേവസ്വവും അയ്യപ്പനെ കളരിമുറകൾ അഭ്യസിപ്പിച്ച ചീരപ്പൻചിറ കുടുംബക്കാരും തമ്മിൽ നടന്ന വ്യവഹാരത്തിൽ ഹൈക്കോടതിയിൽ ഒരു ചെമ്പോല തെളിവായി എത്തിയിരുന്നു. 1960കളിലും എഴുപതുകളുടെ ആദ്യവുമായിരുന്നു കോടതി വ്യവഹാരം. അന്ന് ഹാജരാക്കപ്പെട്ട ചെമ്പോലയും ഇപ്പോൾ ദേശാഭിമാനിയും 24 ന്യൂസും ശബരിമലയുടെ അവകാശം സംബന്ധിച്ച് തെളിവായി അവതരിപ്പിച്ച ചെമ്പോലയും ഒന്നു തന്നെയാണോ എന്ന് സംശയം ചിലർ ഉയർത്തുന്നുണ്ട്.

ശബരിമലയിലെ അനുഷ്ഠാനങ്ങളുടെ യഥാർത്ഥ അവകാശികളെ സംബന്ധിച്ച് പന്തളം രാജകുടുംബത്തിന്റേതെന്ന പേരിൽ മോൻസൺ മാവുങ്കലിൽ നിന്ന് ലഭിച്ച, മൂന്നരപ്പതിറ്റാണ്ട് പഴക്കമുള്ള ചൊമ്പോല പ്രമാണം മുൻനിർത്തി ദേശാഭിമാനി 2018ൽ നല്കിയ വാർത്തയാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. അതേ ചെമ്പോല തന്നെയാണോ അരനൂറ്റാണ്ട് മുമ്പ് ഹൈക്കോടതിയിൽ എത്തിയ ചെമ്പോല എന്ന സംശയമാണ് ഉയരുന്നത്. അന്ന് ഹാജരാക്കിയ ചെമ്പോല വ്യാജമാണെന്ന് അത് പരിശോധിച്ച എപ്പിഗ്രാഫിസ്റ്റും ഭാഷാപണ്ഡിതനുമായ വി.ആർ. പരമേശ്വരൻ പിള്ള വെളിപ്പെടുത്തിയിരുന്നു.

ചരിത്രകാരനായ പ്രൊഫ. എ. ശ്രീധരമേനോനെയും വി.ആർ. പരമേശ്വരൻ പിള്ളയെയുമായിരുന്നു ചെമ്പോലയുടെ ആധികാരികത പരിശോധിക്കാൻ നിയോഗിച്ചിരുന്നത്. ചെമ്പോല വ്യാജമായിരുന്നു എന്ന ഇവരുടെ കണ്ടെത്തൽ സംബന്ധിച്ച് അക്കാലത്തെ പത്രങ്ങളിലൂടെ നാടൻകലാ ഗവേഷകനായ സി.എം.എസ് ചന്തേര പ്രതികരിച്ചിരുന്നതായി ചന്തേരയുടെ മകൻ ഡോ. സഞ്ജീവൻ അഴീക്കോട് ഫെയ്‌സ് ബുക്കിൽ എഴുതുന്നു.

ഗവേഷകന്റെ സത്യസന്ധത

ഗവേഷണമേഖലയിലും, സാഹിത്യ കലാസാംസ്‌കാരിക രംഗത്തും അക്കാദമിക് സത്യസന്ധത നിലനിർത്താൻ പടവെട്ടി രക്തസാക്ഷിയായ ഗവേഷകനാണ് സി.എം.എസ്. ചന്തേര മാഷ്.സ്വയം വെട്ടി മരിച്ച കോമരമെന്ന് അദ്ദേഹത്തെ ചിലർ വിശേഷിപ്പിച്ചതും ഓർക്കാം.

അക്കാദമിക് സത്യസന്ധതയ്ക്കു വേണ്ടി 1970 കളിലും 1980 കളിലും 1990 കളിലും വിവിധ പത്രങ്ങളിലൂടെ അദ്ദേഹം നടത്തിയ വാദപ്രതിവാദങ്ങൾ
ചരിത്ര ,പൈതൃക ഗവേഷണ രംഗത്ത് കോളിളക്കം സൃഷ്ടിച്ചിരുന്നു.ചന്തേര മാഷുടെ വിമർശനങ്ങളിൽ ഒരിക്കലും രാഷ്ട്രീയ പക്ഷപാതം ഉണ്ടായിരുന്നില്ല.

അക്കാദമികളും സർവകലാശാലകളും ഗവേഷണത്തിലെ സത്യസന്ധത ഉറപ്പാക്കണമെന്നാണ് അദ്ദേഹം കഴിഞ്ഞ നൂറ്റാണ്ടിൽ ആവർത്തിച്ചുകൊണ്ടിരുന്നത്.അന്ന് ഹൈക്കോടതിയിൽ ഹാജരാക്കപ്പെട്ട ശബരിമലച്ചെമ്പോല വ്യാജമാണെന്ന് വിഖ്യാത ഗവേഷകനും ലിപി വിദഗ്ധനുമായ വി.ആർ പരമേശ്വരൻ പിള്ള തെളിയിച്ചത് ചന്തേര മാഷുടെ പോരാട്ടങ്ങൾക്ക് ശക്തി പകർന്നു.

അക്കാദമിക് ഗവേഷകർ വരുത്തുന്ന വീഴ്ചകൾ ഒന്നൊന്നായി അക്കമിട്ട് ചൂണ്ടിക്കാട്ടുന്ന ചന്തേര മാഷുടെ രൂക്ഷമായശൈലി അന്ന് പലർക്കും രസിച്ചിരുന്നില്ല. ഗവേഷണത്തിലെ കള്ളക്കടത്ത് ചാർട്ട് 1976 ൽ പ്രസിദ്ധീകരിച്ചതും സ്മരിക്കാം. അവർ അദ്ദേഹത്തെ ഒറ്റപ്പെടുത്തി.

പക്ഷേ, ചന്തേര മാഷിന്റെ മുന്നറിയിപ്പുകളും വിമർശനങ്ങളും ഉൾക്കൊണ്ട നിരവധി ഗവേഷകരും അന്ന് ഉണ്ടായിരുന്നു. അവരിൽ പലരും രഹസ്യമായി ചന്തേര മാഷിന് പിന്തുണ അറിയിച്ചു. അധികാരിവർഗങ്ങളുടെ അപ്രീതി പേടിച്ച് അവർ പരസ്യമായി അന്ന് രംഗത്ത് വന്നില്ല.അക്കാദമിക് സത്യസന്ധതയ്ക്ക് ചന്തേര മാഷ് നടത്തുന്ന പോരാട്ടങ്ങളെ പരസ്യമായി ശ്ലാഘിച്ച ധീര ഗവേഷകരും ഉണ്ടായിരുന്നു

ശൂരനാട് കുഞ്ഞൻപിള്ള, ഡോ.എ അയ്യപ്പൻ, പ്രഫ എസ്. ഗുപ്തൻ നായർ ,എൻ.വി.കൃഷ്ണവാരിയർ, ഡോ.കെ.ഭാസ്‌കരൻനായർ, ഡോ.എം.ജി.എസ്.നാരായണൻ,ഡോ.സി.ജെ.റോയ്, ഡോ.വി എസ്.ശർമ്മ ,തുടങ്ങി നിരവധി ഗവേഷകർ പലപ്പോഴായി ചന്തേര മാഷുടെ പ്രവർത്തനങ്ങളെ രേഖപ്പെടുത്തിയിട്ടുമുണ്ട്.

ഗവേഷകന്റെ ചിരി

വ്യാജ ചെമ്പോല ചർച്ചയിൽ ചരിത്രകാരനായ ഡോ.എം.ജി.ശശിഭൂഷൺ ഇപ്പോൾ പടപൊരുതുന്നതും അക്കാദമിക് സത്യസന്ധതയ്ക്ക് വേണ്ടിയാണ്. ശബരിമല ചെമ്പോല പരിശോധനയിൽ ഗവേഷകന്റെ നിലപാടും സത്യസന്ധത യില്ലായ്മയും ഡോ.ശശിഭൂഷൺ ചോദ്യം ചെയ്തപ്പോൾ ചന്തേര മാഷ് എൻ മുന്നിലെത്തി.. .

ഡോ.എം.ആർ. രാഘവവാരിയർ വായിച്ച ശബരിമല ചെമ്പോല വ്യാജ പ്രമാണമാണെന്ന് ഡോ.ശശിഭൂഷൺ അദ്ദേഹത്തെ നേരിൽ കണ്ട് പറഞ്ഞുവത്രെ. അതു കേട്ട ഡോ.രാഘവവാരിയർ ചിരിക്കുക മാത്രമായിരുന്നുവെന്നും ഡോ.ശശിഭൂഷൺ പറയുന്നു.വ്യാജ ചെമ്പോലയ്ക്കു അംഗീകാരം നല്കുന്ന ഡോ.രാഘവവാരിയരുടെ നിലപാടിൽ വളരെ സങ്കടമുണ്ടെന്ന് ഡോ.ശശിഭൂഷൺ കേരളീയ സമൂഹത്തോട് വിളിച്ചു പറഞ്ഞപ്പോൾഒരിക്കൽ കൂടി ചന്തേര മാഷുടെ വാക്കുകൾ ഓർത്തു പോയി .

കള്ളന് ചൂട്ട പിടിക്കുന്ന ഗവേഷകൻ

ഡോ.എം.ആർ. രാഘവവാരിയർ കള്ളക്കളിക്കു ചൂട്ട് പിടിക്കുന്ന ഗവേഷകനാണെന്ന് 1982- 1983 കാലഘട്ടത്തിൽചന്തേര മാഷ് ചൂണ്ടിക്കാട്ടിയപ്പോൾ അന്ന് പലരും നെറ്റി ചുളിച്ചു. ചിറക്കൽ കോവിലകം ഗ്രന്ഥപ്പുരയിൽ നിന്നും അന്നത്തെ വലിയ തമ്പുരാൻ ആയില്യം തിരുനാൾ രാമവർമ്മ മഹാരാജ കണ്ടെടുത്ത് തിരുവനന്തപുരം ബുക്ക് ഡിപ്പോ പ്രസാധനം ചെയ്ത ഭാരതം പാട്ട് ,'കൃഷ്ണ ഗാഥാകാരനായ മഹാകവി ചെറുശ്ശേരി എഴുതിയതല്ല എന്ന വാദക്കാർക്കൊപ്പമായിരുന്നു ചന്തേര മാഷ് -

അത് ചെറുശ്ശേരി ശീല് അനുകരിച്ച് എഴുതിയ കൃതിമ സൃഷ്ടി മാത്രം. ചിറക്കൽ ടി യായിരുന്നു ഭാരതം പാട്ടിന് അവതാരിക എഴുതിയത്.

ഇതു സംബന്ധിച്ച ചർച്ചയിൽ ചന്തേര മാഷ് എഴുതിയ വാചകം ഇങ്ങനെ: 'ഡി. പത്മനാഭനുണ്ണിയെപ്പോലെയുള്ള സത്യോന്മുഖ ഗവേഷകന്മാർ ഇക്കാര്യംവിമർശിച്ചിട്ടുള്ളതൊന്നും രാഘവവാരിയർ അറിഞ്ഞിട്ടില്ലായിരിക്കും. വടക്കുംകൂർ തമ്പുരാനും മറ്റും ഗാഥാ കൃത്രികളെക്കുറിച്ച് അംഗീകരിക്കുകയാണുണ്ടായതെന്നും വാരിയർ തട്ടി വിടുന്നു.- നാട്ടുനടപ്പിന്നും ശാസ്ത്ര വിധിക്കും നിരക്കാത്തതാണ് എന്നു പറഞ്ഞ് വടക്കുംകൂർ രാജ രാജ വർമ്മ ആ കള്ളക്കഥ തള്ളിയെന്നതാണ് വാസ്തവം.

പുനം നമ്പൂതിരിയും ചെറുശ്ശേരിയും ഒരാളാണെന്ന വാദക്കാരൻ കൂടിയായിരുന്നു ചന്തേര മാഷ്. ഡോ.സുകുമാർ അഴീക്കോടിന്റെ അവതാരികയോടെയാണ് തന്റെ പ്രബന്ധം ചെറുശ്ശേരിയുടെ ചമ്പൂ ഗദ്യമെന്ന പേരിൽ 1970 ൽ ചന്തേര മാഷ് പ്രസിദ്ധീകരിച്ചത്.

'രാഘവവാരിയരും മറ്റു ചിലരും ചേർന്ന് ഒരു ശാസ്ത്രീയ നാടോടി വഴക്ക അന്വേഷണ സമിതി ഉണ്ടാക്കാൻ പോകുന്നുവെന്നു കാട്ടി തനിക്ക് ഒരു കത്തു വന്ന കാര്യം എടുത്തുകാട്ടി ചന്തേര മാഷ് ഇങ്ങനെ രേഖപ്പെടുത്തി. 'സംഘം ചേരുമ്പോൾ ചിലതൊക്കെ കണ്ടില്ലെന്നു നടിക്കാൻ വാരിയർക്ക് കടമ യുണ്ടല്ലോ.'

ഭാരതം പാട്ടുമായി ബന്ധപ്പെട്ട് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എഴുതിയ അഭിപ്രായത്തെ മുൻനിർത്തിയാണ് ചന്തേര മാഷ് ഡോ.വാരിയരെ അന്ന് പ്രതിക്കൂട്ടിലാക്കിയത്.

ആ വിമർശനത്തിന്റെ അവസാന ഭാഗംഇങ്ങനെ:

'ഒരു കോടതിയിലെത്തിയാലറിയാം ആ രീതിക്ക് പിന്നിലെ കള്ളക്കളി ...അല്ലയോ ഡോക്ടരേറ്റുകാരനായ രാഘവവാരിയരേ, ഇപ്പോഴത്തെ നിങ്ങളുടെ സർവകലാശാലാ ശിലാശാസന - ശാസ്ത്രീയ ഗവേഷണവും ഇമ്മട്ടിലാണോ?എങ്കിൽ നിങ്ങൾക്ക് വിദൂര നമസ്‌കാരം' [1982]

രാഷ്ട്രീയമോ ബന്ധങ്ങളോ കടപ്പാടോ ഒന്നും ഗവേഷണത്തിൽ പക്ഷം പിടിക്കാൻ ഇടവരുത്തരുത്. അക്കാദമിക് രംഗത്ത് വേണ്ടത് സത്യസന്ധതയാണ്. ചരിത്ര , പുരാവസ്തു, പൈതൃക, നാടൻ കലാ ഗവേഷണത്തിലെ സത്യസന്ധതയ്ക്ക് വേണ്ടിപോരാടിയ ഗവേഷകനായിരുന്നു
ചന്തേര മാഷ്. അക്കാദമിക് സത്യസന്ധതയ്ക്കുള്ള പോരാട്ടത്തിൽ മുഖം നോക്കാതെ വിമർശിക്കുന്ന ചന്തേര മാഷിന്റെ ശൈലി പക്ഷെ, അതി രൂക്ഷമായിരുന്നു..

ആ പോരാട്ടത്തിൽ സ്വന്തമോ ബന്ധമോ ഒന്നും നോക്കിയിരുന്നില്ല. സത്യമേവ ജയതേ എന്നു മാത്രമായിരുന്നു മാഷുടെ മന്ത്രം.

'യതോ ധർമ്മസ്തതോ ജയ 'എന്ന വ്യാസമഹർഷിയുടെ വചനമുദ്ധരിച്ചാണ് സംവാദങ്ങളിൽ മാഷ് തന്റെ വാദം അവതരിപ്പിച്ചിരുന്നത്.ഡോ.ശശിഭൂഷൺ ഇപ്പോൾ നടത്തുന്ന പോരാട്ടവും
അതേ വഴി തന്നെ.

അതെ ഗവേഷകന്റെ സത്യസന്ധത ...

കലിയുഗവരദനായ ശ്രീശബരിമല അയ്യപ്പൻ സത്യമൂർത്തിയാണ് , കള്ള ച്ചെമ്പോലയ്ക്ക് കൂട്ടുനിന്നവരുടെ
ചെമ്പ് പുറത്താക്കുക തന്നെ ചെയ്യും.''സനാതനസത്യത്തെ ആർക്കും മൂടിവയ്ക്കാൻ പറ്റില്ലല്ലോ ..

സത്യമേവ ജയതേ ..!

ഡോ.സഞ്ജീവൻ അഴീക്കോട്

ഡയറക്ടർ,
സി എം.എസ്.
ചന്തേര മാഷ് സ്മാരക സംഘവഴക്കഗവേഷണ പീഠം

കണ്ണൂർ - 9