മലപ്പുറം: സൈബർലോകം ഡോ. ഷാനവാസിന്റെ വിയോഗത്തിന്റെ നടക്കത്തിലാണ്. നിലമ്പൂരിലെ പാവങ്ങളുടെ സ്വന്തം ഡോക്ടറുടെ അപ്രതീക്ഷിത വിയോഗം എല്ലാവരെയും ഞെട്ടിച്ചിരിക്കുന്നു. ആരായിരുന്നു ഈ ഡോക്ടർ ഷാനവാസ്? ഇങ്ങനെ ചോദിക്കുന്നവരോട് പറയാൻ ഒരു കാര്യം മാത്രമേയുള്ളൂ. ഷാനവാസെന്നാൽ അതിന്റെ അർത്ഥം കരുണ എന്നായിരുന്നു. നിലമ്പൂരിലെ ആദിവാസി ഊരുകളിൽ ഭക്ഷണവും സഹായവും സൗജന്യമായി എത്തിച്ചിരുന്ന ഈ ഡോക്ടർ സ്വന്തം വരുമാനത്തിലെ ഒരു പങ്കാണ് ഇവർക്ക് പകുത്തു നൽകിയത്. എംബിബിഎസ് അഡ്‌മിഷൻ തരപ്പെടുത്തി ഡോക്ടറായാൽ പണം വസൂലാക്കാൻ ഉന്നത ആശുപത്രികളിൽ ജോലി തേടിപ്പോകുന്ന പ്രവണതയാണ് ഇന്നത്തെ യുവഡോക്ടർമാർക്കിടയിൽ ഉള്ളത്. അതുകൊണ്ട് തന്നെ ഗ്രാമീണ സേവനങ്ങളിൽ നിന്നും ഒളിച്ചോടി പോകാനും ഇവർ ശ്രമിക്കും. ഇങ്ങനെ ആതുരസേവന രംഗം പൂർണ്ണമായും കച്ചവടവൽക്കരിപ്പെട്ട വേളയിലാണ് നിലമ്പൂരിലെ ഡോ. ഷാനവാസ് ശ്രദ്ധേയനായത്.

നഗരത്തിലെ ശീതീകരിച്ച ആശുപത്രികളിൽ ലക്ഷങ്ങൾ ശമ്പളം പറ്റുന്ന ജോലി വേണ്ടെന്ന് വച്ചാണ് നിലമ്പൂരിലെയും കരുളായിയിലേയും ഉൾവനത്തിലൂടെ കിലോമീറ്ററുകൾ സഞ്ചരിച്ച് ആദിവാസികൾക്ക് ഷാനവാസ് സഹായം എത്തിച്ചിരുന്നത്. ആദിവാസി കോളനികളിൽ ഭക്ഷണവും മരുന്നും വസ്ത്രവുമെല്ലാം എത്തിച്ചാണ് ഷാനവാസ് ഇവർക്ക് പ്രിയങ്കരനായത്. വെളിച്ചവും വൈദ്യുതിയും സ്‌കൂളുകളും ഇല്ലാത്ത ആദിവാസി കോളനികൾ നിരവധിയാണ് ഇവിടെ. ഇവിടെയായിരുന്നു ഷാനവാസ് കാരുണ്യധാര ചൊരിഞ്ഞത്. ഇപ്പോൾ അദ്ദേഹത്തിന്റെ അപ്രതീക്ഷിത മരണത്തോടെ ആദിവാസി കോളനിയിൽ സഹായം എത്തിച്ചിരുന്ന ആ കാരുണ്യദീപം അണയുകയാണ്.

ആതുരസേവനത്തിന്റെ പേര് പറഞ്ഞ് വിദേശഫണ്ട് പറ്റാൻ ഷാനവാസ് തയ്യാറായിരുന്നില്ല. തന്റെ ശമ്പളത്തിൽ നിന്നും ലഭിച്ച തുകയും സുഹൃത്തുക്കളുടെ ചെറിയ സഹായവുമായിരുന്നു ഡോക്ടറുടെ പ്രവർത്തനങ്ങൾക്കുള്ള മുതൽക്കൂട്ട്. കോളനിവാസികളുടെ ചുണ്ടിൽനിന്നുതിരുന്ന പ്രാർത്ഥനയും കണ്ണുകളിലെ തിളക്കവും മാത്രമാണ് ഇദ്ദേഹത്തിന് ലഭിച്ചിരുന്ന പ്രതിഫലം. നിലമ്പൂരിന് അടുത്തുള്ള വടപുറം പുള്ളിച്ചോല വീട്ടിൽ പി മുഹമ്മദ് ഹാജിയുടെയും പി കെ ജമീല ഹജ്ജുമ്മ ദമ്പതികളുടെയും മൂന്നു മക്കളിൽ രണ്ടാമനായിരുന്നു ഷാനവാസ്.

ആറ് വർഷത്തിനിടെ മലപ്പുറത്തും കോഴിക്കോട്ടുമായി നാൽപ്പതോളം സ്വകാര്യ ആശുപത്രികളിൽ ഷാനവാസ് ജോലി ചെയ്യുകയുണ്ടായി. മൂന്നുവർഷം മുമ്പാണ് സർക്കാർ സർവീസിൽ പ്രവേശിച്ചത്. ആദ്യ നിയമനം പാലക്കാട് അമ്പലപ്പാറയിലായിരുന്നു. പിന്നീട് ചുങ്കത്തറയിലും കരുളായിയിലും ജോലി നോക്കി. അധിക ദിവസങ്ങളിലും ഉച്ചയ്ക്കുശേഷമുള്ള പ്രാക്ടീസുകളും ഒഴിവാക്കിയിരുമായിരുന്നു ഷാനവാസിന്റെ സേവനപ്രവർത്തനങ്ങൾ. മരുന്നു വാങ്ങാനും ഭക്ഷണത്തിനും പണമില്ലാത്ത ആദിവാസികളുടെ ദുർഘതി ഒരിക്കൽ കണ്ടതോടെയാണ് ആദിവാസി ഊരുകളിൽ ഷാനവാസും സുഹൃത്തുക്കളും പ്രവർത്തനം ആരംഭിക്കുന്നത്.

താൻ ചെയ്യാന്ന കാര്യങ്ങളെല്ലാം ഫേസ്‌ബുക്കിലൂടെ സുഹൃത്തുക്കളുമായി പങ്കുവെക്കുമായിരുന്നു ഷാനവാസ്. പലരും സഹായം വാഗ്ദാനം ചെയ്‌തെങ്കിലും സ്ഥാപിത താൽപ്പര്യക്കാരെ ഒഴിവാക്കി സുമനസുകളിൽ നിന്നാണ് അദ്ദേഹം പണം സ്വീകരിച്ചത്. കരുളായി ആദിവാസി കോളനിയിലുള്ള നാൽപ്പതോളം കുടുംബങ്ങൾ ഈ ഡോക്ടറുടെ കാരുണ്യസ്പർശം അനുഭവിച്ചവരാണ്. ഇപ്പോൾ അപ്രതീക്ഷിതമായി ഷാനവാസിനെ മരണം വിളിച്ചപ്പോൾ ഒപ്പം അനാഥരായത് ഈ കുടുംബങ്ങൾ കൂടിയാണ്. ഷാനവാസിനൊപ്പം ആതുരസേവന പ്രവർത്തികളിൽ പങ്കാളിയായിരുന്ന അനീഷായിരുന്നു മരണത്തിന്റെ വേളയിലും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നത്. അവസാന കാലത്ത് സോഷ്യൽ മീഡിയയിലൂടെ നിരവധി വിമർശനങ്ങളും ഷാനവാസ് കേൾക്കേണ്ടി വന്നു.