- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിജയ് ബാബു കേസിൽ ലൈംഗിക ബന്ധം നടന്നിട്ടുണ്ടെന്നും ഇവിടെ ഒന്നും നടന്നിട്ടില്ലെന്നും ഡോക്ടറുടെ വാദം; മാനഭംഗക്കുറ്റത്തിനുള്ള ഐപിസി 354 വകുപ്പ് പൊലീസ് ദുരുപയോഗം ചെയ്യുന്നുവെന്ന് കോടതി നിരീക്ഷണം; ഇരയുടെ ആക്ഷേപ ഹർജിയും ഫലം കണ്ടില്ല; തിരുവനന്തപുരത്തെ ഓർത്തോപീഡിക് പ്രൊഫസർക്ക് മുൻകൂർ ജാമ്യം; ഡോ ഷാനവാസിന് ഇനി ചികിൽസിക്കാം
തിരുവനന്തപുരം: ചികിത്സക്കെത്തിയ രോഗിയെ മെഡി. കോളേജ് ഡോക്ടർ മാനഭംഗപ്പെടുത്താൻ ബലപ്രയോഗം നടത്തിയെന്നും ലൈംഗിക പീഡനം നടത്തിയെന്നുമുള്ള കേസിൽ ഓർത്തോ പീഡിക് ഡോക്ടർക്ക് സോപാധിക മുൻകൂർ ജാമ്യം അനുവദിച്ചു. തിരുവനന്തപുരം ആറാം അഡീ. ജില്ലാ സെഷൻസ് കോടതിയാണ് പ്രതിയായ ഡോക്ടർക്ക് ജാമ്യം അനുവദിച്ചത്.
അറസ്റ്റ് ചെയ്യപ്പെടുന്ന പക്ഷം ഉടൻ തന്നെ ഇരുപത്തയ്യായിരം രൂപയുടെ പ്രതിയുടെ സ്വന്തവും തുല്യ തുകക്കുള്ള രണ്ടാൾ ജാമ്യത്തിലും ഡോക്ടറെ വിട്ടയക്കണം. അന്വേഷണവുമായി സഹകരിക്കണം. അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോൾ ഹാജരാകണം. സാക്ഷിയെ ഭീഷണിപ്പെടുത്താനോ സാധീനിക്കാനോ പാടില്ല തുടങ്ങിയ ഉപാധികളോടെയാണ് ജഡ്ജി കെ. വിഷ്ണു മുൻകൂർ ജാമ്യം അനുവദിച്ചത്. കോടതിയിൽ നേരിട്ടു ഹാജരായി ജാമ്യ ഹർജിയെ എതിർത്ത് പരാതിക്കാരി സമർപ്പിച്ച ആക്ഷേപം തള്ളിയാണ് കോടതി ജാമ്യം അനുവദിച്ചത്. മാനഭംഗക്കുറ്റത്തിനു ചാർത്തുന്ന വകുപ്പായ ഐ പി സി 354 വകുപ്പ് പരക്കെ പൊലീസ് ദുരുപയോഗം ചെയ്യുന്നതായി കോടതി വാക്കാൽ നിരീക്ഷിച്ചു കൊണ്ടാണ് ജാമ്യം നൽകിയത്.
ഡോക്ടറുടെ അറസ്റ്റ് കോടതി കഴിഞ്ഞ ദിവസം വിലക്കിയിരുന്നു. ഡോക്ടർ സമർപ്പിച്ച മുൻകൂർ ജാമ്യഹർജിയിലെ അന്തിമ തീരുമാനം വരെയായിരുന്നു ഡോക്ടറുടെ അറസ്റ്റ് കോടതി തടഞ്ഞത്. ജാമ്യം നൽകുന്നതിൽ ആക്ഷേപമുണ്ടെങ്കിൽ ബോധിപ്പിക്കാൻ തിങ്കളാഴ്ച (ജൂലൈ 4 ന്) കോടതിയിൽ നേരിട്ടു ഹാജരാകാൻ പരാതിക്കാരിക്ക് നോട്ടീസും അയച്ചിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പ്രമുഖ ഓർത്തോ പീഡിക് സർജനും പ്രൊഫസറുമായ ( ഇ. കെ. ഷാനവാസ്) ഡോക്ടറാണ് മുൻകൂർ ജാമ്യം തേടി ജില്ലാ കോടതിയെ സമീപിച്ചത്.
യുവതി രണ്ടു കുട്ടികളും മാതാവുമൊത്താണ് തന്റെ തോളെല്ല് വേദനക്ക് ഡോക്ടറുടെ സ്വകാര്യ റൂമിൽ ചികിത്സക്കെത്തിയത്. കുട്ടികളെ പുറത്തിരുത്തി ചികിത്സാ റൂമിൽ യുവതിയായ രോഗിയും മാതാവും ഒരുമിച്ചിരിക്കെ മേശക്ക് അപ്പുറമിരുന്ന യുവതിയുടെ കൈയെടുത്ത് 5 പ്രാവശ്യം ഡോക്ടർ തന്റെ സ്വകാര്യ ഭാഗത്ത് പിടിപ്പിച്ച് സ്ത്രീയെ മാനഭംഗപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ കൈയേറ്റവും ബലപ്രയോഗവും നടത്തുകയും ലൈംഗിക നേട്ടങ്ങൾക്ക് വേണ്ടി ശാരീരിക സ്പർശവും മുന്നേറ്റങ്ങളും നടത്തുകയും ആയതിലേക്ക് ഡോക്ടർ നിർബന്ധിക്കുകയും ആവശ്യപ്പെടുകയും ചെയ്തുവെന്ന പരാതിയിലാണ് സിറ്റി മെഡിക്കൽ കോളേജ് പൊലീസ് കേസ് എടുത്തത്.
അതേ സമയം രോഗിയും മാതാവും മേശക്ക് അപ്പുറം ഒരുമിച്ചിരിക്കെ താൻ മാനഭംഗപ്പെടുത്തിയെന്നത് അവിശ്വസനീയമെന്ന് സിസിടിവി ദൃശ്യങ്ങളുടെ ഫോട്ടോകൾ കോടതിയിൽ ഹാജരാക്കി ഡോക്ടർ ബോധിപ്പിച്ചു. തൽസമയം ഇപ്രകാരമൊരു കേസ് വരാൻ എന്താണ് കാരണമെന്ന് ജഡ്ജി കെ.വിഷ്ണു ഡോക്ടറോട് ചോദിച്ചു. രോഗിയുടെ കൈ താൻ റൊട്ടേറ്റ് ചെയ്യിച്ചപ്പോൾ മുതുകിൽ കണ്ട ചതവ് ഭർത്താവ് ഇടിച്ചതാണോയെന്ന് ചോദിച്ചതാണ് ഇപ്രകാരമൊരു കള്ളക്കേസ് ഫയൽ ചെയ്യാൻ രോഗിക്ക് പ്രകോപനമായതെന്ന് ഡോക്ടർ ഉത്തരമായി ബോധിപ്പിച്ചു.
ഏതു നിമിഷവും അറസ്റ്റ് ചെയ്യുമെന്ന ഭയത്താൽ തന്നെ കാണാൻ നേരത്തേ ബുക്ക് ചെയ്ത അനവധി രോഗികളെ ചികിത്സിക്കാനാവുന്നില്ലെന്നും മെഡിക്കൽ കോളേജിൽ എംബിബിഎസ് വിദ്യാർത്ഥികളെ പഠിപ്പിക്കാൻ പോകാൻ പറ്റുന്നില്ലെന്നും തന്റെ കരിയർ തകർക്കാനുള്ള ഉദ്ദേശ്യത്തോടെയുള്ള കള്ളക്കേസാണിത്. നടൻ വിജയ് ബാബു മോഡൽ ജാമ്യം ലഭിക്കാൻ തനിക്കും അർഹതയുണ്ട്. വിജയ് ബാബു കേസിൽ ലൈംഗിക ബന്ധം നടന്നിട്ടുണ്ടെന്നും ഇവിടെ അപ്രകാരം ഒന്നും നടന്നിട്ടില്ലെന്നും ഡോക്ടർ ബോധിപ്പിച്ചു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്