- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വ്യാജ ഡോക്ടറേറ്റുകാരെ കൊണ്ട് നിറഞ്ഞു കേരളത്തിലെ സർവകലാശാലകൾ; എം ജി പി.വി സിയുടെ ഡോക്ടറേറ്റ് വിവാദത്തിൽ: വാർത്തു പുറത്തുവിട്ട മാതൃഭൂമി ചാനൽ സമ്മർദ്ദം സഹിക്കാനാവാതെ ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ പിൻവലിച്ചു
തിരുവനന്തപുരം: കേരളത്തിലെ സർവകലാശാലയിൽ വ്യാജ ഡോക്ടറേറ്റുകാരെ കൊണ്ട് നിറഞ്ഞിരിക്കയാണോ? രാഷ്ട്രീയക്കാരുടെ ഇംഗിതത്തിന് അനുസരിച്ച് സർവകലാശാലയിലെ ഉന്നത പദവികളിലേക്ക് നിയമനം നടത്തുമ്പോൾ നിശ്ചിത യോഗ്യതയില്ലാത്തവരും നുഴഞ്ഞുകയറുന്നത് സ്ഥിര സംഭവം ആകുകയാണെന്ന ആക്ഷേപം ശക്തമാകുന്നു. ബയോഡാറ്റയിൽ തെറ്റായ വിവരങ്ങൾ നൽകി എം ജി സർവകലാശാലയ
തിരുവനന്തപുരം: കേരളത്തിലെ സർവകലാശാലയിൽ വ്യാജ ഡോക്ടറേറ്റുകാരെ കൊണ്ട് നിറഞ്ഞിരിക്കയാണോ? രാഷ്ട്രീയക്കാരുടെ ഇംഗിതത്തിന് അനുസരിച്ച് സർവകലാശാലയിലെ ഉന്നത പദവികളിലേക്ക് നിയമനം നടത്തുമ്പോൾ നിശ്ചിത യോഗ്യതയില്ലാത്തവരും നുഴഞ്ഞുകയറുന്നത് സ്ഥിര സംഭവം ആകുകയാണെന്ന ആക്ഷേപം ശക്തമാകുന്നു. ബയോഡാറ്റയിൽ തെറ്റായ വിവരങ്ങൾ നൽകി എം ജി സർവകലാശാലയുടെ വൈസ് ചാൻസലർ തസ്തികയിൽ നിയമനം നേടിയ എ വി ജോർജ്ജിന് പരാതികൾക്കൊടുവിൽ ഗവർണ്ണർ പുറത്താക്കിയ ഘട്ടത്തിലേക്ക് വരെ കാര്യങ്ങളെത്തിയിരുന്നു. ഇതിന് ശേഷം ഇപ്പോഴിതാ അതേസർവകലാശാലയിലെ പ്രോവൈസ് ചാൻസലർ കൂടി വ്യാജയോഗ്യതാ വിവാദത്തിൽ ചാടിയിരിക്കുന്നു.
എംജി സർവകലാശാലയിലെ പ്രോ വൈസ് ചാൻസലർ ഡോ. ഷീനാ ഷുക്കൂറിന്റെ നിയമനമാണ് ഇപ്പോൾ വിവാദത്തിലായിരിക്കുന്നത്. നിശ്ചിത യോഗ്യതകളില്ലാത്ത ഷീന ഷുക്കൂർ വ്യാജ ഡോക്ടറേറ്റ് സമർപ്പിച്ചാണ് നിയമനം നേടിയതെന്നാണ് ഉയർന്നിരിക്കുന്ന ആരോപണം. ഇത് സംബന്ധിച്ച് രേഖകൾ സഹിതം ഇന്നലെ മാതൃഭൂമി ന്യൂസ് ചാനൽ വാർത്ത നൽകിയെങ്കിലും കടുത്ത സമ്മർദ്ദത്തെ തുടർന്ന് ചാനലിന് വാർത്ത പിൻവലിക്കേണ്ടി വന്നു. മുസ്ലിംലീഗിന്റെ നോമിനിയായി നിയമനം നേടിയ ഷീന ഷുക്കൂറിന് വേണ്ടി യുഡിഎഫിലെ തന്ന ഉന്നതനായ ലീഗ് മന്ത്രി രംഗത്തെത്തുകയാണ് ഉണ്ടായത്. ഒടുവിൽ സംപ്രേഷണം ചെയ്ത് രണ്ട് മണിക്കൂറിനുള്ളിൽ ചാനൽ വാർത്ത പിൻവലിക്കുകയായിരുന്നു. അതേസമയം ഡോ. ഷീനയുടെ ഡോക്ടറേറ്റിനെ കുറിച്ച് ആക്ഷേപത്തിന് ഇടയാക്കുന്ന ഇടയാക്കുന്ന തെളിവുകൾ മറുനാടൻ മലയാളിക്ക് ലഭിച്ചു.
ഡോ. ഷീന ഷുക്കൂറിന്റെ ബയോഡേറ്റയിലും സത്യവാങ്മൂലത്തിലും പൊരുത്തക്കേടുകളുണ്ടായിരുന്നു. ഒരേ വിഷയത്തിൽ രണ്ടു സർവകലാശാലകളിൽ നിന്ന് ഡോക്ടറേറ്റ് പഠനം നടത്തിയെന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് മാതൃഭൂമി ചാനൽ വാർത്ത നൽകിയത്. ഇത് കൂടാതെ ഇവരുടെ ബയോഡേറ്റയിൽ നിരവധി പൊരുത്തക്കേടുകളുണ്ടെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. ഷീന ഡോക്ടറേറ്റ് നേടിയ കാലയളവിലെ തീയതികൾ തമ്മിൽ പൊരുത്തപ്പെടാത്തതാണ് ഇവരുടെ ഡോക്ടറേറ്റിനെ സംശയത്തിന്റെ നിഴലിൽ ആക്കുന്നത്.
ചെന്നൈയിലെ അംബേദ്കർ ലോ യൂണിവേഴ്‌സിറ്റിയിൽ നിന്ന് 'മുസ്ലിം കുടുംബ നിയമത്തിന് കേരളത്തിലും ലക്ഷദ്വീപിലുമുള്ള പ്രായോഗികത' എന്ന വിഷയത്തിലാണ് ഡോക്ടറേറ്റ് നേടിയെന്നാണ് ഷീന ഷുക്കൂർ പ്രോ. വിസി നിയമനം ലഭിക്കുന്നതിനായി നൽകിയ ബയോഡേറ്റയിൽ പറയുന്നത്. 2009 ഒക്ടോബറിൽ ഡോക്ടറേറ്റിന് അർഹയായെന്നാണ് ബയോഡേറ്റയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം ചട്ടങ്ങൾ അനുസരിച്ച് പാർട്ട് ടൈമായി ഡോക്ടറേറ്റ് ചെയ്യുന്നവർ കുറഞ്ഞത് 3 വർഷമെങ്കിലും ഗവേഷണത്തിനായി ഉപയോഗപ്പെടുത്തണമെന്നാണ് നിഷ്‌കർഷിക്കുന്നത്. അങ്ങനെയെങ്കിൽ 2006 മുതലെങ്കിലും ഗവേഷണ പഠനം ആരംഭിക്കേണ്ടതുണ്ട്.
അതേസമയം കണ്ണൂർ സർവ്വകലാശാല റീഡർ തസ്തികയിലേക്ക് തന്നെ പരിഗണിക്കണമെന്നാവശ്യപ്പെട്ട് കേരളാ ഹൈക്കോടതിയിൽ ഡോ. ഷീനാ ഷുക്കൂർ സമർപ്പിച്ച സത്യവാങ്മൂലവും പിവിസി നിയമനത്തിനായി സമർപ്പിച്ച ബയോഡേറ്റയിൽ പറയുന്ന കാര്യങ്ങളും തമ്മിൽ പൊരുത്തപ്പെടുന്നതല്ല. 2007 ജനുവരി 25 ന് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ ഡൽഹി അമിറ്റി സർവ്വകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് പഠനം പൂർത്തിയാക്കിയതാണ് കാണിച്ചിരിക്കുന്നത്.
ഒരേ വിഷയത്തിൽ വിവിധ സർവ്വകലാശാലകളിൽ നിന്ന് ഗവേഷണം നടത്താൻ അനുവദനീയമായ കാര്യമല്ല. അതുകൊണ്ടാണ് ഷീനയുടെ ഡോക്ടറേറ്റിനെ കുറിച്ച് സംശയം ഉയരുന്നത്. ഷീനാ ഷുക്കൂർ അമിറ്റി സർവ്വകലാശാലയിൽ നിന്ന് തന്റെ കീഴിൽ ഗവേഷണം പൂർത്തിയാക്കിയെന്നും ഉടൻ ഡോക്ടറേറ്റ് നൽകാമെന്നും ശുപാർശ ചെയ്ത് ജസ്റ്റിസ് കെഎ അബ്ദുൾ ഗഫൂർ 2006 ഒക്ടോബർ 27 ന് നൽകിയ കത്താണ് മറുനാടൻ മലയാളി ചുവടേ പ്രസിദ്ധീകരിക്കുന്നത്.
ഈ കത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളിൽ നിന്നും തീർത്തും ഘടകവിരുദ്ധമായ കാര്യങ്ങളാണ് ഇവർ ബയോഡേറ്റയിൽ നൽകിയിരിക്കുന്നത്. 2009 ഒക്ടോബറിൽ അംബേദ്കർ സർവ്വകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് നേടിയെന്നാണ്. അമിറ്റി സർവ്വകലാശാലയിലെ ഗവേഷണ പഠനം 2007 ൽ റദ്ദാക്കി അംബ്ദേക്കറിൽ പുനരാരംഭിച്ചാൽ തന്നെ 2009 ൽ 3 വർഷം പൂർത്തിയാക്കാൻ സാധിക്കില്ല. ഇത് കൂടാതെ 20082009 വർഷത്തിൽ അമേരിക്കയിലെ ടെന്നിസിയിലുള്ള വാൻഡർബിൽറ്റ് ലോ സ്‌കൂളിൽ എൽഎൽഎം ന് ഫുൾ്രൈബറ്റ് സ്‌കോളർഷിപ്പ് നേടി പഠനത്തിലായിരുന്നു ഷീനാ ഷുക്കൂർ എന്ന് ലോ സ്‌കൂൾ രേഖകളും ബയോഡേറ്റയും വ്യക്തമാക്കുന്നു. അതായാലത് മൂന്ന് വർഷം കൊണ്ട് നേടേണ്ട ഡോക്ടറേറ്റ് ഷീന ഷുക്കൂർ രണ്ട് കൊല്ലം കൊണ്ട് സ്വന്തമാക്കിയെന്ന് വ്യക്തം. ഇങ്ങനെ നിരവധി പൊരുത്തക്കേടുകൾ ഡോ. ഷീന ഷുക്കൂറിന്റെ ബയോഡേറ്റയിൽ ഉണ്ട് താനും.
അത് കൂടാതെ ഡോ. ഷീന ഷുക്കൂറിന്റെ നിയമനത്തിനെതിരെ ഗവർണർ മുമ്പാകെ പരാതിയും പോയിട്ടുണ്ട്. ഡോ. എ വി ജോർജ്ജിനെ ബയോഡേറ്റയിൽ കൃത്രിമം കാട്ടിയതിന്റെ പേരിൽ പുറത്താക്കിയ കാര്യം ചൂണ്ടിക്കാട്ടി കെ ആർ സുനിൽകുമാർ എന്നയാളാണ് ഷീനയ്‌ക്കെതിരെ ഗവർണർ മുമ്പാകെ പരാതി നൽകിയിരിക്കുന്നത്. നേരത്തെ ഹൈക്കോടതി നിർദ്ദേശപ്രകാരം ചാൻസലർ കൂടിയായ ഗവർണ്ണർ ഷീലാ ദീക്ഷിതാണ് ജോർജിനെ പുറത്താക്കിയത്. കേരള ചരിത്രത്തിൽ ആദ്യമായാണ് ഒരു വൈസ് ചാൻസലർ പുറത്താക്കപ്പെട്ടത്. സമാനമായ കേസാണ് ഡോ. ഷീന ഷുക്കൂറിന്റേ കാര്യത്തിൽ ഉള്ളതെന്നും ചൂണ്ടിക്കാട്ടി ഒരു വിഭാഗം ഹൈക്കോടതിയെയും സമീപിക്കാൻ ഒരുങ്ങുകയാണ്. അതേസമയം താൻ കാര്യങ്ങളെല്ലാം ചെയ്തത് നിയമപരമായിട്ട് ആണെന്നാണ് ഡോ. ഷീന ഷുക്കൂറിന്റെ വ്യക്തമാക്കുന്നത്. തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്നും ഇവർ വ്യക്തമാക്കുന്നു.