- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്യാൻസറിനോട് പൊരുതാൻ ഇനി എളുപ്പം; ലക്ഷക്കണക്കിന് ആളുകളുടെ ജീവൻ രക്ഷിക്കാവുന്ന ഗവേഷണത്തിൽ മലയാളി വിജയം; ബ്രിട്ടണിലെ ഡോ. ശ്യാം മോഹൻ ഉൾപ്പെട്ട ഗവേഷണ സംഘത്തിന്റെ കണ്ടെത്തൽ വഴിത്തിരിവായേക്കാം; തുടർ ഗവേഷണത്തിന് ശതകോടികളുടെ പദ്ധതി
ലണ്ടൻ: ക്യാൻസറാണ് ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി എന്ന് പറഞ്ഞാൽ കോവിഡ് വൈറസ് പോലും എതിരഭിപ്രായം പറഞ്ഞേക്കില്ല .കാരണം പ്രതിദിനം ക്യാൻസറിനു അടിമപ്പെടുന്ന മനുഷ്യകുലത്തിന്റെ എണ്ണത്തെ കുറിച്ച് ലോകം ആകുലതപ്പെടുന്നില്ല എന്നതുകൊണ്ട് ഈ രോഗം മനുഷ്യരെ കീഴടക്കുന്നതിൽ ഒരു കുറവും സൃഷ്ടിക്കുന്നില്ല. കൊച്ചു കുട്ടികൾ മുതൽ പ്രായം ആയവർ വരെ കാരണമറിയാതെ ആണ് ക്യാൻസർ ബാധിച്ചു മരിക്കുന്നത്. ഇന്ത്യയിലെയും മറ്റും സവിശേഷ സാഹചര്യത്തിൽ ഒരു കുടുംബത്തിൽ ഒരാൾക്ക് ക്യാൻസർ വന്നാൽ ആ കുടുംബത്തിന്റെ സാമ്പത്തിക അടിത്തറ കൂടിയാണ് പലപ്പോഴും ഇല്ലാതാകുന്നത്.
ഈ സാഹചര്യത്തിൽ ക്യാൻസർ ചികിത്സയിൽ പരമ്പരാഗതം അല്ലാത്ത വഴികൾ കണ്ടെത്തിയിരിക്കുകയാണ് പന്തളത്തു നിന്നും ജെയിംസ് വാട്ട് സ്കോളർഷിപ് നേടി ഹെരിയോട്ട് വാട്ട് യൂണിവേഴ്സിറ്റിയിൽ പിഎച്ച്ഡി ചെയ്യുവാൻ എത്തിയ ശ്യാം മോഹൻ. ഇപ്പോൾ എഡിൻബറോ യൂണിവേഴ്സിറ്റിയിൽ റിസർച്ച് അസ്സോസിയേറ്റ് ആയി ഗവേഷണം തുടരുകയാണ് ഡോ ശ്യാം. ഏകദേശം അഞ്ചു വർഷത്തോളമായി ശ്യാം നടത്തുന്ന കഠിന അധ്വാനമാണ് ഇപ്പോൾ സന്തോഷ വാർത്തയായി ലോകത്തിനു മുന്നിലേക്ക് എത്തുന്നത്.
ക്യാൻസർ ചികിത്സയിൽ ബ്രിട്ടന് ലോക നായക പദവി നേടാൻ അവസരം
ക്യാൻസർ ചികിത്സാ പ്രഗത്ഭരായ ഡോക്ടർമാരെ പോലും കുഴപ്പിക്കുമ്പോൾ അതിനുള്ള വഴിയാണ് ശ്യാം ഉൾപ്പെട്ട ഗവേഷക സംഘം കണ്ടെത്തിയിരിക്കുന്നത്. ശരീരത്തിൽ കയറിക്കൂടിയ ക്യാൻസർ കോശങ്ങളെ ലേസർ ചികിത്സയിലൂടെ നശിപ്പിക്കുമ്പോൾ ആരോഗ്യമുള്ള നല്ല കോശങ്ങളും കുറെ നശിക്കും. ഇതുവഴി രോഗിയുടെ ആരോഗ്യവും കാര്യമായി കുറയും. ഈ സാഹചര്യത്തിൽ ആരോഗ്യമുള്ള കോശങ്ങളെ കാര്യമായി പരുക്കേൽപ്പികാതെ എങ്ങനെ ക്യാൻസർ കോശങ്ങളെ നിർവീര്യമാക്കാൻ കഴിയും എന്നതാണ് ശ്യാം പന്നിയുടെയും എലിയുടെയും വൻകുടലിൽ ഈ ലേസർ പരീക്ഷിച്ചതിലൂടെ വിജയിച്ചത്.
അത് ഗവേഷണ ഫലമായി പ്രശസ്തമായ ജേർണൽ ഓഫ് ബയോഫോട്ടോണിക്സിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.. ഈ കണ്ടെത്തലും അതെ തുടർന്നുള്ള പുതിയ പ്രോജക്ടിനുള്ള ഫണ്ടിങ്ങും ലോക മാധ്യമങ്ങൾ ഒക്കെ വൻ വിജയ വാർത്തയായി ആഘോഷിക്കുകയാണിപ്പോൾ. ലോകത്തെ ക്യാൻസർ ചികിത്സയിൽ ബ്രിട്ടന് നായക പദവി അവകാശപ്പെടാൻ കഴിയും വിധമുള്ള ഈ കണ്ടെത്തലിനു തുടർ ഗവേഷണ സഹായമായി ഇപ്പോൾ അനുവദിക്കപ്പെട്ടിരിക്കുന്നത് 1.2 മില്യണറെ പദ്ധതിയാണ്. ഇത്രയും ഉയർന്ന തുകയ്ക്കുള്ള ഗവേഷണ സഹായം ലഭിച്ചരിൽ മലയാളികൾ കാര്യമായില്ല എന്നാണ് കരുതപ്പെടുന്നത്.
ഗുഹ്യഭാഗത്തും വൻകുടലിലും മറ്റും രൂപം കൊള്ളുന്ന ക്യാൻസറിൽ ഈ ഗവേഷണ രീതിയിൽ ഫലപ്രദമായി ചികിത്സ നടത്താനാകുമെന്നു ഇതിനകം ശ്യാം ഉൾപ്പെട്ട ഗവേഷക സംഘം തെളിയിച്ചു കഴിഞ്ഞിരിക്കുകയാണ്. ഇത് ചികിത്സ രംഗത്ത് വലിയ മാറ്റങ്ങൾക്കാണ് വഴി തുറക്കുന്നത്. അടുത്തത് ബ്രെയിൻ ട്യൂമർ രോഗികളിലേക്കാണ് പരീക്ഷണം നീളുന്നത്. ഇതും വിജയിച്ചാൽ ഇതുവരെ ക്യാൻസർ ചികിത്സാ രംഗത്ത് ലോകം നേടിയതിൽ ഏറ്റവും വലിയ വിജയമാകും ഹെരിയോട്ട് വാട്ട് യൂണിവേഴ്സിറ്റിയിലെ ഗവേഷക സംഘത്തെ കാത്തിരിക്കുന്നത് .ലോകം കണ്ട പല നേട്ടങ്ങളിലും മലയാളി കയ്യൊപ്പു പതിഞ്ഞ കൂട്ടത്തിൽ ഏറ്റവും വിജയ തിളക്കമുള്ള നേട്ടമായി ശ്യാമിന്റെ പിഎച്ച്ഡി ഗവേഷണ കണ്ടെത്തലുകൾ മാറുവാനും സാധ്യത ഏറെയാണ്. ക്യാൻസർ കോശങ്ങളെ അതിസൂക്ഷ്മമായി കണ്ടെത്തി അതി വേഗത്തിൽ നശിപ്പിക്കുന്ന ചികിത്സ രീതിയാണിത് എന്നതും ശ്രദ്ധ നേടുന്നു.
തുടർഘട്ടം ബ്രെയിൻ ട്യൂമർ രോഗികളിലേക്ക്
തലമുടിനാരിഴയെക്കാൾ കനം കുറഞ്ഞു എത്തുന്ന ലേസർ രശ്മികൾ ക്യാൻസർ കോശങ്ങളെ മാത്രം കണ്ടെത്തുന്ന ഗവേഷത്തിനു ശതകോടികൾ നൽകുന്നത് എൻജിനിയറിങ് ആൻഡ് ഫിസിക്കൽ സയൻസ് റിസർച് കൗൺസിലാണ്. മനുഷ്യ ബുദ്ധിയിൽ വിഭാവനം ചെയ്യാൻ കഴിയുന്നതിലും നേർത്തതും വേഗത്തിലുമുള്ള തരംഗമായാണ് ഈ രശ്മികളെ ശരീരത്തിലേക്ക് കടത്തി വിടുന്നത്. ലേസർ ചികിത്സയിൽ ലോകപ്രശസ്തനായ ജോനാഥൻ ഷെപ്പേർഡിന്റെ കീഴിലാണ് ശ്യാം ഗവേഷണം പൂർത്തിയാക്കിയിരിക്കുന്നത്. ഇനി ബ്രെയിൻ ട്യൂമർ ചികിത്സാ രംഗത്ത് രോഗികളിൽ തുടർ പരീക്ഷണത്തിനായി യൂണിവേഴ്സിറ്റി ഓഫ് ലീഡ്സ്, ലീഡ്സ് ടീച്ചിങ് ഹോസ്പിറ്റൽ ട്രസ്റ്റ് എന്നിവയോടൊപ്പമാകും ഹെരിയോട്ട് വാട്ടിലെ ഗവേഷക സംഘത്തിന്റെ പ്രവർത്തനം. ഇതോടൊപ്പം തലയുടെ മറ്റുഭാഗത്തു ഉണ്ടാകുന്ന ക്യാൻസറും കഴുത്തിലെ ക്യാൻസറിനും ഒക്കെ പ്രതിവിധിയാകും വിധത്തിൽ ഈ ചികിത്സയുടെ ക്ലിനിക്കൽ പരീക്ഷണം നടത്താനും ഒരുങ്ങുകയാണ് ഗവേഷക സംഘം.
ഏറ്റവും ചെറിയ ലേസർ രശ്മികൾ ആയതിനാൽ ക്യാൻസർ കോശത്തിനു ചുറ്റുമുള്ള ആരോഗ്യമുള്ള കോശങ്ങളെ നശിപ്പിക്കാനുള്ള ചൂട് ഉണ്ടാകില്ല എന്നതാണ് ഈ കണ്ടെത്തലിൽ ഏറ്റവും പ്രധാന ഭാഗമായി അവതരിപിക്കുന്നത്. ഫോട്ടോണിക്സ് സാങ്കേതിക വിദ്യയിൽ ചെറുപ്പകാലം മുതൽ പഠനവും ശ്രദ്ധയും നൽകുന്ന ശ്യാമിന്റെ മിടുക്കു തന്നെയാണ് ഇത്ര ചെറിയ സൂക്ഷ്മ ഭാവത്തിലുള്ള ലേസർ തരംഗങ്ങൾ ഉപയോഗിച്ചുള്ള സർജറി നടത്തുവാനുള്ള സാധ്യത തുറന്നിട്ടത്.. ഇപ്പോൾ കണ്ടെത്തലിന്റെ കേന്ദ്രബിന്ദുവായി പരിഗണിക്കപ്പെടുന്നതും ഇതുതന്നെയാണ്. ക്യാൻസർ ലേസർ ചികിത്സയിൽ നശിപ്പിക്കപ്പെടാൻ കഴിയാതെ പോകുന്ന ക്യാൻസർ കോശങ്ങൾ വീണ്ടും രോഗിയെ ആക്രമിക്കും എന്നതാണ് ഇതുവരെ ഉണ്ടായിരുന്ന ഏറ്റവും വലിയ വെല്ലുവിളി.
ക്യാൻസർ കോശത്തിനു സമീപമുള്ള ആരോഗ്യമുള്ള കോശങ്ങൾ നശിപ്പിക്കപ്പെട്ടാൽ ജീവിതത്തിൽ പ്രവചനാതീതമായ കോട്ടം ഉണ്ടാകും എന്നതിനാൽ ഏറ്റവും ഭയപ്പാടോടെയാണ് ഡോക്ടർമാർ ക്യാൻസർ കോശങ്ങളെ നശിപ്പിക്കാൻ തയ്യാറാകുക. ചെറിയ പിഴവ് പറ്റിയാൽ പോലും രോഗി അധികകാലം ജീവിച്ചിരിക്കണമെന്നില്ല. അതിനാൽ നിലവിലെ ക്യാൻസർ ചികിത്സാ രീതിയിലെ മുഴുവൻ ന്യൂനതയും മാറ്റുന്ന വിധത്തിലാണ് പുതിയ ചികിത്സ രീതി എന്നതും ലക്ഷക്കണക്കിന് ആളുകളുടെ ജീവനാകും രക്ഷിച്ചെടുക്കുക.
കെ ആര് ഷൈജുമോന്, ലണ്ടന്. മറുനാടന് മലയാളി പ്രത്യേക പ്രതിനിധി.