- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
ലങ്കൻ പ്രസിഡണ്ടിന്റെ നീന്തൽകുളത്തിൽ നിന്ന് ക്ലിഫ് ഹൗസിലെ നീന്തൽകുളത്തിലേക്ക് അധിക ദൂരമില്ല; ധൂർത്തിന്റെ കാര്യത്തിൽ മുഖ്യമന്ത്രിയാണ് ഏറ്റവും മുന്നിൽ; ഞാൻ ഒന്നും അറിഞ്ഞില്ലേ രാമനാരായണ എന്ന് ബാലഗോപാലും; ഡോ ശൂരനാട് രാജശേഖരന്റെ എഴുതുന്നു
സംസ്ഥാനം നേരിടുന്ന ഗുരുതര സാമ്പത്തിക പ്രതിസന്ധിയുടെ നേർചിത്രമാണ് കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ 2020-21 സാമ്പത്തിക വർഷത്തെ ഓഡിറ്റ് റിപ്പോർട്ട്. റിപ്പോർട്ടിലെ സാമ്പത്തിക സൂചകങ്ങൾ ഭയപ്പെടുത്തുന്നതാണ്. ബജറ്റിനു പുറമേ നിന്ന് കടം എടുത്തതിലൂടെ കുടിശ്ശിക ബാധ്യത ഉൾപ്പെടെ സംസ്ഥാനത്തിന്റെ മൊത്തം കടം 3,24,855.06 കോടി രൂപ ആയി. 9723.24 കോടി രൂപയാണ് ബജറ്റിന് പുറമേ സർക്കാർ എടുത്ത കടം. ബജറ്റിനു പുറമേ നിന്നുള്ള കടം എടുക്കൽ സംസ്ഥാനത്തിന്റെ കടബാധ്യത വർദ്ധിപ്പിക്കുകയും സംസ്ഥാനം കടക്കെണിയിലേയ്ക്ക് നീങ്ങുകയും ചെയ്യും.
ബജറ്റിൽ ഉൾപ്പെടുത്താത്തതിനാൽ നിയമസഭ അത്തരം കടബാധ്യത ഉണ്ടായതായി അറിയുകപോലുമില്ല. നമ്മുടെ അയൽരാജ്യമായ ശ്രീലങ്കയുടെ സാമ്പത്തിക തകർച്ച ഇതിന്റെ മികച്ച ഉദാഹരണമാണ്. സംസ്ഥാനത്തിന്റെ ജി.എസ്.ഡി.പി. കടത്തിന്റെ അനുപാതം 2019-20 ലെ 20.4 ശതമാനത്തിൽനിന്നും 2020-21 ൽ 27.07 ശതമാനമായി വർദ്ധിച്ചു. സംസ്ഥാനത്തിന്റെ മൊത്തം റവന്യു വരുമാനവുമായി പലിശ ചെലവിന്റെ അനുപാതം 2019-20 ലെ 21.30 ശതമാനത്തിൽനിന്നും 2020-21 ൽ 21.49 ശതമാനമായി വർദ്ധിച്ചു. അതായത്, നമ്മുടെ റവന്യൂ വരുമാനത്തിന്റെ 21.49 ശതമാനവും പലിശ ചെലവുകൾക്കാണ് വിനിയോഗിക്കുന്നത് എന്നർത്ഥം. സംസ്ഥാനത്തിന്റെ റവന്യു കമ്മി 2019-20 ലെ 14,495.25 കോടിയിൽനിന്നും 2020-21 ൽ 25829.50 കോടിയായി ഉയർന്നിരിക്കുന്നു. 2016 മുതൽ സംസ്ഥാനം ഭരിക്കുന്ന ഇടത് സർക്കാരിന്റെ ധനകാര്യ മിസ്മാനേജ്മെന്റ് അഥവാ ധനകാര്യ കെടുകാര്യസ്ഥതയാണ് ഈ സാമ്പത്തിക സുചകങ്ങൾ പ്രതിഫലിപ്പിക്കുന്നത്.
ഭരണഘടനയുടെ ആർട്ടിക്കിൾ 293 (1) അനുസരിച്ചാണ് കടം വാങ്ങൽ നിയന്ത്രിച്ചിരിക്കുന്നത്. സംസ്ഥാനങ്ങൾക്ക് അവരുടെ സഞ്ചിത നിധിയുടെ ഈടിൽ ഇന്ത്യയുടെ അതിർത്തികൾക്കുള്ളിൽനിന്നും വായ്പ എടുക്കാവുന്നതാണ്. അത്തരം വായ്പ എടുക്കലിന്റെ പരിധി ഭരണഘടനയുടെ 293(3) ആർട്ടിക്കിൾഅനുസരിച്ച് നിയന്ത്രിക്കുന്നു. എന്നാൽ, ഇതെല്ലാം മറികടന്നാണ് കിഫ്ബി മസാല ബോണ്ട് ഉൾപ്പെടെ സമാഹരിച്ചത്. 9.72 ശതമാനം കൊള്ളപ്പലിശയ്ക്കാണ് മസാല ബോണ്ട് സമാഹരണം കിഫ്ബി നടത്തിയത്. അന്ന് തന്നെ ഇത് ഭരണഘടനാ വിരുദ്ധമാണെന്ന് പ്രതിപക്ഷം മുന്നറിയിപ്പ് നൽകിയിരുന്നു. കിഫ്ബിക്ക് സ്വന്തമായി വരുമാനം ഒന്നും ഇല്ല. സംസ്ഥാന സർക്കാർ എല്ലാ വർഷവും ബജറ്റിലൂടെ നൽകുന്ന മോട്ടോർ വാഹന നികുതി, പെട്രോളിയം സെസ് എന്നിവയാണ് കിഫ്ബിയുടെ വരുമാന മാർഗ്ഗങ്ങൾ.
ഒരു ലിറ്റർ പെട്രോളിനും ഡീസലിൽനിന്നും 1 രൂപ വീതമാണ് പെട്രോളിയം സെസ് ആയി കിഫ്ബിക്ക് ലഭിക്കുന്നത്. 2016-17 മുതൽ 2022-23 (31.05.2022 വരെ) പെട്രോളിയം സെസ് എന്ന പേരിൽ കിഫ്ബിക്ക് ലഭിച്ചത് 3022.76 കോടി രൂപയാണ്. മോട്ടോർ വാഹന നികുതി ഇനത്തിൽ ലഭിച്ചതാകട്ടെ 7374.31 കോടി രൂപയും. സംസ്ഥാന ഖജനാവിലേയ്ക്ക് വരേണ്ട ഈ തുകകൾ കിഫ്ബിക്ക് കൊടുക്കുന്നതിലൂടെ സംസ്ഥാന ഖജനാവിന് അധിക ഭാരമാണ് ഉണ്ടാകുന്നത്.
പെട്രോളിയം സെസ്, മോട്ടർ വാഹന നികുതി ഇനത്തിൽ കിഫ്ബിക്ക് ലഭിച്ചത്.
സാമ്പത്തിക വർഷം 2016-17 2017-18 2018-19 2019-20 2020-21 2021-22 2022-23(31.5.2022 വരെ) ആകെ തുക കോടിയിൽ
പെട്രോളിയം സെസ് 448.10 421.19 501.82 550 539 499.99 62.66 3022.76
മോട്ടോൽ വാഹന നികുതി 281.43 621.45 1098.86 1650 1633.86 1568.08 520.63 7374.31
കിഫ്ബിയുടെ ബജറ്റിതര വായ്പകൾ തീർക്കേണ്ടതിന്റെ ബാധ്യതയും സംസ്ഥാന സർക്കാരിനാണ്. സർക്കാർ വർഷം തോറും ബജറ്റിന് പുറത്തുനിന്ന് കടം വാങ്ങുന്നത് തുടരുകയാണെങ്കിൽ അത് കടം കുമിഞ്ഞ് കൂടുന്നതിലേയ്ക്ക് നയിക്കുകയും സർക്കാർ കൂടുതൽ പലിശ നൽകേണ്ടിവരികയും ചെയ്യും. ഈ പലിശ കൊടുക്കൽ തന്നെ കടത്തിന് കാരണമാകും. കടത്തിന്റെ വർദ്ധനവ് മൂലധന രൂപീകരണത്തെയും വളർച്ചയെയും കുറയ്ക്കുക മാത്രമല്ല, ഭാവി തലമുറയ്ക്ക് ഭാരമായിതീരുകയും ചെയ്യും എന്ന വ്യക്തമായ മുന്നറിയിപ്പാണ് സി.ആൻഡ് എ.ജി. ഓഡിറ്റ് റിപ്പോർട്ടിലൂടെ നൽകിയിരിക്കുന്നത്.
2016 മെയിൽ അധികാരത്തിലേറിയപ്പോൾ പിണറായി സർക്കാരിലെ ധനകാര്യമന്ത്രിയായിരുന്ന തോമസ് ഐസക്ക് ആദ്യം ചെയ്തത് ധവളപത്രം ഇറക്കുകയായിരുന്നു. അഞ്ച് വർഷംകൊണ്ട് 30,000 കോടിരൂപ യു.ഡി.എഫ്. സർക്കാരിന് പിരിക്കാൻ സാധിക്കാത്തത് നികുതി പിരിവിലെ കെടുകാര്യസ്ഥതയും അഴിമതിയും കൊണ്ടാണെന്നും നികുതി വകുപ്പ് അഴിമതിയിൽ മുങ്ങിക്കുളിച്ചിരിക്കുകയാണെന്നുമായിരുന്നു ധവളപത്രത്തിലെ ഐസക്കിന്റെ കണ്ടുപിടിത്തം.
2011 മുതൽ 2016 വരെ യു.ഡി.എഫ്. സർക്കാർ നികുതി പിരിവിൽ വീഴ്ച വരുത്തിയത് 30000 കോടിയാണെങ്കിൽ 2016 മുതൽ 2021 വരെയുള്ള പിണറായി സർക്കാർ വരുത്തിയത് 72608.54 കോടി രൂപയാണ്. ഐസക്കിന്റെ പാത തന്നെയാണ് പിൻഗാമി ബാലഗോപാലും തുടരുന്നതെന്നാണ് നികുതി പിരിവിൽനിന്നുള്ള ഈ സാമ്പത്തിക വർഷത്തെ വരുമാനത്തിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുന്നത്. ഐസക് അഞ്ച് വർഷം കൊണ്ട് 72608.54 കോടിയാണ് നികുതി പിരിവിൽ വീഴ്ച വരുത്തിയതെങ്കിൽ ബാലഗോപാൽ ആദ്യവർഷം തന്നെ നികുതി പിരിവിലെ വീഴ്ച 30000 കോടിയായി എന്നാണ് അക്കൗണ്ടന്റ് ജനറലിന്റെ കണക്കുകളിൽ നിന്ന് വ്യക്തമാകുന്നത്.
സംസ്ഥാനത്തിന്റെ മൊത്തം കടബാധ്യത 2021-22 ലെ കണക്കുകൾകൂടി പരിശോധിച്ചാൽ നാല് ലക്ഷം കോടി കവിയും. ആളോഹരികടം ഒരു ലക്ഷം രൂപ ആയി. അതായത് ജനിക്കാൻ പോകുന്ന ഓരോ കുട്ടിയും 1 ലക്ഷം രൂപ കടത്തിലാണ് ജനിക്കുന്നത് എന്നർത്ഥം. അഞ്ചു വർഷം കൊണ്ട് 50000 കോടിരൂപയുടെ പദ്ധതികൾ പൂർത്തീകരിക്കും എന്നു പ്രഖ്യാപിച്ച കിഫ്ബിയിൽ ആകെ നടന്നത് 20000 കോടിയുടെ പ്രവർത്തികൾ മാത്രമാണ്. 70000 കോടിയുടെ പദ്ധതികൾ കിഫ്ബി ഏറ്റെടുത്തിരിക്കുകയാണ്. കിഫ്ബിയുടെ കയ്യിലുള്ള 23000 കോടിയിൽ, 20000 കോടിയും ചെലവായി. കടക്കെണിയിലായ സർക്കാരിനോട് 10000 കോടി ഗ്യാരന്റി നൽകണമെന്ന കിഫ്ബിയുടെ ആവശ്യം സർക്കാർ നിരസിച്ചിരിക്കുകയാണ്. അവശേഷിക്കുന്ന 3000 കോടി രൂപകൊണ്ടാണ് ബാക്കി ഇത്രയും പ്രവർത്തി ചെയ്യേണ്ടത്. ഈ സാമ്പത്തികവർഷമാണ് ഏറ്റവും കൂടുതൽ ബില്ലുകൾ മാറുന്നതെന്നാണ് കിഫ്ബി അവകാശപ്പെടുന്നത്. രണ്ടാഴ്ച മുൻപ് 1000 കോടി രൂപ ഒമ്പതര ശതമാനം പലിശയ്ക്ക് കിഫ്ബി കെ.എഫ്.സി.യിൽനിന്ന് കടമെടുത്തിരിക്കുകയാണ്. ജി.എസ്.ടി. നഷ്ടപരിഹാര കാലാവധി കഴിഞ്ഞ സ്ഥിതിക്ക് അതിൽനിന്നുള്ള വരുമാനവും സർക്കാരിലേയ്ക്ക് ലഭിക്കില്ല.
ഇങ്ങനെ അതീവ ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലൂടെ സർക്കാർ കടന്നുപോകുമ്പോൾ കാർഷിക മേഖലകൾ ഉൾപ്പെടെ പല മേഖലകളും പ്രതിസന്ധിയിലാണ്. കർഷകർക്ക് ആശ്വാസം പകരേണ്ട കാർഷിക കടാശ്വാസ കമ്മീഷൻ 2020 മുതൽ അപേക്ഷകൾ സ്വീകരിക്കാതെ നിശ്ചലാവസ്ഥയിലാണ്. കർഷകർക്ക് വിള ഇൻഷുറൻസ് ആയി സംസ്ഥാനം അനുവദിച്ചിരിക്കുന്ന 30 കോടിയിൽ 15 കോടി മാത്രമേ ഇതുവരെ വിതരണം ചെയ്തിട്ടുള്ളു. പല പഞ്ചായത്തുകളിലും ശമ്പളം പോലും മുടങ്ങിയിരിക്കുകയാണ്. ജീവനക്കാർ കൂലിപ്പണിക്ക് പോകേണ്ട അവസ്ഥയിലാണ്. കെ.എസ്.ആർ.ടി.സി.യിൽ ഈ മാസം ഇതുവരെയായും ശമ്പളം നൽകിയിട്ടില്ല. പണം ഇല്ലാത്തിനാൽ സംസ്ഥാനത്തെ ആശുപത്രികളിൽ അതിരൂക്ഷമായ മരുന്നു ക്ഷാമമാണ് നേരിടുന്നത്. സ്‌കൂളുകളിൽ ജൂൺ മാസത്തെ ഉച്ചഭക്ഷണത്തിന് ചെലവായ പണം പോലും കൊടുക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. അർബുദ രോഗികൾക്കുള്ളസഹായം ഒരു വർഷമായി മുടങ്ങിയിരിക്കുകയാണ്. ആശ്വാസ കിരണം പെൻഷൻ ലഭിച്ചിട്ട് 10 മാസത്തിലേറയായി. ഇതിനു പുറമേയാണ് അരിക്കും പലവ്യജ്ഞനങ്ങൾക്കും ജി.എസ്.ടി. ഏർപ്പെടുത്തുന്നതിനുള്ള ജി.എസ്.ടി. കൗൺസിൽ തീരുമാനം.
ജി.എസ്.ടി. കൗൺസിലിൽ ഇതിനെക്കുറിച്ച് ഒരക്ഷരംപോലും എതിർക്കാതെ കയ്യടിച്ച് പാസ്സാക്കിയ ആളാണ് ധനകാര്യമന്ത്രി ബാലഗോപാൽ. ഈ വിഷയത്തിൽ ജനങ്ങൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് എതിരായതോടെ ഞാൻ ഒന്നും അറിഞ്ഞില്ലേ രാമനാരായണ എന്ന മട്ടിൽ കേന്ദ്രത്തിന് കത്ത് എഴുതിയിരിക്കുകയാണ് ധനകാര്യമന്ത്രി. പെട്രോളിൽനിന്നും ഡീസലിൽനിന്നും ലഭിക്കുന്ന അധിക നികുതി ഒരു തവണപോലും കുറയ്ക്കാത്ത രാജ്യത്തെ ഏക സംസ്ഥാനമാണ് കേരളം. പാചകവാതകവില ദിനം പ്രതി വർദ്ധിക്കുകയാണ്. കേന്ദ്രത്തിന്റെ ജനദ്രോഹനയങ്ങൾ അതേപടി പകർത്തി അതിൽനിന്നും വരുമാനം സർക്കാർ ഖജനാവിലേയ്ക്ക് വരട്ടെ എന്ന ഷൈലോക്കിന്റെ മാനസികാവസ്ഥയാണ് ധനമന്ത്രിയുടേത്. വൈദ്യുതി ചാർജ്ജ്, വാട്ടർ ചാർജ്, ബസ് ചാർജ്, ഭൂ നികുതി തുടങ്ങിയവ എല്ലാം വർദ്ധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുകയാണ് ഈ സർക്കാർ. എന്നാൽ സർക്കാരിന്റെ ധൂർത്തിന് ഒട്ടുംകുറവുമില്ല. എല്ലാറ്റിനും മാതൃക കാട്ടേണ്ട മുഖ്യമന്ത്രിയാണ് ധൂർത്തിന്റെ കാര്യത്തിൽ ഏറ്റവും മുന്നിൽ. സർക്കാരിന്റെ ധൂർത്തും അഴിമതിയുമാണ് സംസ്ഥാനം കടക്കെണിയിലേയ്ക്ക് പോകുന്നതിന്റെ പ്രധാന കാരണം. ഇങ്ങനെ പോയാൽ ലങ്കൻ പ്രസിഡന്റിന്റെ നീന്തൽകുളത്തിൽനിന്ന് ക്ലിഫ് ഹൗസിലെ നീന്തൽകുളത്തിലേയ്ക്ക് അധികദൂരമില്ലെന്നർത്ഥം.