- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ചികിൽസയ്ക്ക് വരുന്നവർക്ക് മരുന്നിനേക്കാൾ ഏറെ കിട്ടുക സ്നേഹവും ആശ്വാസവും; ഒപി സമയം കഴിഞ്ഞാലും എത്തുന്നവരെ എല്ലാം പരിശോധിക്കും; രോഗികളെ നോക്കുന്നത് 'അമ്മ'യെ പോലെ; നിഥിനയുടെ അമ്മയുടെ കൈ പിടിച്ചു നിന്നത് ഡോക്ടർമാർക്കിടയിലെ 'മദർ തെരേസ; ഡോ സു ആൻ സഖറിയ അശരണർക്ക് താങ്ങും തണലും
കോട്ടയം: നിഥിനയുടെ മൃതദേഹം പൊതു ദർശനത്തിന് വച്ചപ്പോൾ അലമുറയിട്ട് കരഞ്ഞ അമ്മ ബിന്ദുവിനെ മണികൂറുകളോളം ചേർത്ത് പിടിച്ച കോട്ടയം മെഡിക്കൽ കോളേജിലെ ഡോ.സു ആൻ സഖറിയയുടെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം മറുനാടൻ വാർത്തയാക്കിയിരുന്നു. രണ്ടു മണിക്കൂറുകളോളം ബിന്ദുവിന്റെ കരങ്ങൾ മുറുകെ പിടിച്ച് ഒരേ നിൽപ്പു നിന്ന ഡോക്ടറുടെ സ്നേഹത്തെ സോഷ്യൽ മീഡിയ ഹൃദയം നിറഞ്ഞ് അഭിനന്ദിച്ചു.
സോഷ്യൽ മീഡിയയിൽ ഈ ദൃശ്യങ്ങൾ വളരെ വേഗം വൈറലാവുകയും ചെയ്തു. ഇതേ തുടർന്ന് ഡോ.സു ആനെ പറ്റി മറുനാടൻ ചെറിയൊരു അന്വേഷണം നടത്തി. അപ്പോഴാണറിയുന്നത് ഡോക്ടർ കഴിഞ്ഞ 20 കൊല്ലമായി കോട്ടയം മെഡിക്കൽ കോളേജിൽ എത്തുന്ന രോഗികളോട് ഏറ കരുണയെടും വാൽസല്യത്തോടുമാണ് പെരുമാറുന്നതെന്ന്. രോഗികളോട് മാത്രമല്ല, ആശുപത്രി ജീവനക്കാരോടും ഇതേ പെരുമാറ്റം തന്നെ.
കോട്ടയം മെഡിക്കൽ കോളേജിൽ തന്നെ പഠിച്ചിറങ്ങിയ ഡോ.സു ആൻ സഖറിയ 2001 ലാണ് മെഡിക്കൽ കോളേജിൽ ജോലിക്ക് പ്രവേശിച്ചത്. ഫോറൻസിക് മെഡിസിനിൽ രണ്ടു വർഷവും, 2011 വരെ ജനറൽ മെഡിസിനിലും താൽക്കാലികമായി ജോലി ചെയ്തു. 2011 ലാണ് ജനറൽ മെഡിസിനിൽ ജോലി സ്ഥിരപ്പെടുന്നത്. ഈ കാലയളവിൽ ചികിത്സ തേടിയെത്തുന്നവർക്ക് മരുന്നിനേക്കാൾ അളവിൽ സ്നേഹവും ആശ്വാസ വാക്കുകളുമാണ് നൽകിയിരുന്നത്.
അതിനാൽ തന്നെ രോഗം വളരെ വേഗം ഭേദമാകുകയും ചെയ്തു. തീർത്തും അശരണരായവർക്ക് ഏതു രീതിയിലുള്ള വിട്ടുവീഴ്ച ചെയ്തും രോഗം ഭേദമാക്കുവാനായി അക്ഷീണം പ്രയത്നിക്കും. ഒ.പി സമയം കഴിഞ്ഞാലും കാത്തിരിക്കുന്നവരെ പരിശോധിച്ച് ചികിത്സ നൽകിയിട്ടേ ഇറങ്ങാറുള്ളൂ. അതിനാൽ തന്നെ മെഡിക്കൽ കോളേജിലെത്തുന്ന സാധാരണക്കാരുടെ മദർ തെരേസ തന്നെയായിരുന്നു ഡോ.സു ആൻ. ഒപ്പം ജോലി ചെയ്യുന്നവർക്കും എതിരഭിപ്രായം ഒന്നും തന്നെയില്ല. അമ്മ മക്കളെ എങ്ങനെയാണോ ശുശ്രൂഷിക്കുന്നത്, അതു പോലെയാണ് രോഗികളോട് ഡോക്ടറുടെ ഇടപെടൽ എന്ന് ഒരു ജീവനക്കാരി സാക്ഷ്യപ്പെടുത്തുന്നു.
ഇത്രയും അറിഞ്ഞപ്പോൾ തന്നെ ഡോക്ടറോട് ഒന്നു സംസാരിക്കണമെന്ന് തോന്നി. നമ്പർ തപ്പി പിടിച്ചു വിളിച്ചു. ചെറിയ കുശലാന്വേഷണം നടത്തിയ ശേഷം നിഥിനയുടെ വിവരങ്ങൾ ചോദിച്ചു. ദേവുവി(നിഥിന)നെയും അമ്മ ബിന്ദുവിനെയും കഴിഞ്ഞ 8 വർഷമായി അറിയാമെന്ന് ഡോ.സു ആൻ സഖറിയ പറഞ്ഞു.
'ബിന്ദുവിന്റെ അമ്മയെയും ചികിത്സിച്ചത് ഞാനായിരുന്നു. പിന്നീട് ബിന്ദു രോഗാതുരയായപ്പോൾ എന്റെ ചികിത്സയിലായി. ബിന്ദുവിന്റെ ഒപ്പം എപ്പോഴും ദേവു എത്തുമായിരുന്നു. ഞങ്ങൾ ഒരുപാട് സംസാരിക്കും. നിഷ്ക്കളങ്കയായ പെൺകുട്ടി. ആരെയും സഹായിക്കാനുള്ള മനസ്സിന്റെ ഉടമ, സാമൂഹിക പ്രശ്നങ്ങളിൽ ഇടപെട്ട് പരിഹാരം കാണുന്നവൾ ഇതൊക്കെയാണ് നിഥിനയെ എന്നിലേക്ക് ആകർഷിച്ചത്. കൂടാതെ എന്റെ മകന്റെ പ്രായമായിരുന്നു അവൾക്ക്. എല്ലാ ദിവസവും വിളിക്കും. കാണുമ്പോഴൊക്കെ ഒന്നിച്ചു നിന്നു സെൽഫിയെടുക്കും. എന്ത് കാര്യമുണ്ടെങ്കിലും അഭിപ്രായം ചോദിക്കുമായിരുന്നു. അങ്ങനെ അവൾ എന്റെ പ്രിയപ്പെട്ടവരിൽ ഒരാളായിരുന്നു';- ഡോ.സു ആൻ സഖറിയ പറഞ്ഞു.
വെള്ളിയാഴ്ച ഉച്ചയോടെയാണ് നിഥിനയുടെ മരണ വാർത്ത ഡോ.സു ആൻ അറിയുന്നത്. 'വാർഡിൽ റൗണ്ട്സിനിടക്ക് ബിന്ദുവിന്റെ ഫോൺ വന്നിരുന്നു. എന്നാൽ ആ സമയം എടുക്കാൻ കഴിഞ്ഞില്ല. അൽപ്പസമയം കഴിഞ്ഞപ്പോൾ പാലാ മരിയൻ ഹോസ്പിറ്റൽ പി.ആർ.ഒ വിളിച്ചു. നിഥിന മരണപ്പെട്ടു എന്നും അമ്മ ബിന്ദുവിന് സംസാരിക്കാനുണ്ടെന്നും പറഞ്ഞു. ഒരു നിമിഷം കണ്ണിൽ ഇരുട്ടുകയറുന്നതു പോലെ തോന്നി. 'ദേവു പോയി മാഡം' എന്ന് നിലവിളിച്ചു കൊണ്ട് ബിന്ദു പറഞ്ഞു. പിന്നെ ബിന്ദു പറയുന്നതൊന്നും മുഴുവൻ കേൾക്കാൻ കഴിഞ്ഞില്ല. എന്തോ മറുപടി പറഞ്ഞ് ഫോൺ വച്ചു. ആകെ തളർന്നു പോയി. ഇന്നലെ ഉച്ചയോടെ ആണ് തുറുവേലിക്കുന്നിലെ വീട്ടിലേക്ക് ദേവുവിനെ കാണാനെത്തുന്നത്';- ഡോ.സു ആൻ നെടുവീർപ്പോടെ പറഞ്ഞു നിർത്തി.
കോട്ടയം താഴത്തടങ്ങാടിയിലാണ് ഡോ.സു ആൻ താമസിക്കുന്നത്. ഒപ്പം അമ്മയും മകനുമുണ്ട്. മകൻ ജോൺ ബംഗളൂരുവിൽ ബി.കോം വിദ്യാർത്ഥിയാണ്. ഡോ.സു ആന്റെ മാതാപിതാക്കൾ വിദേശത്തായിരുന്നതിനാൽ ഒരു പ്രത്യേക പേരിടുകയായിരുന്നു. അങ്ങനെയാണ് ഇന്ത്യയിൽ അധികം ആർക്കും ഇല്ലാത്ത സു ആൻ സഖറിയ (Sue Ann Zachariah) എന്ന പേരിനുടമയായത്.
കഴിഞ്ഞ ദിവസം മറുനാടനാണ് നിഥിനയുടെ മൃതദേഹത്തിന് സമീപം അമ്മ ബിന്ദുവിന്റെ കരങ്ങൾ കൂട്ടിപ്പിടിച്ച് മണിക്കൂറുകളോളം ഒരേ നിൽപ്പു നിന്ന ഡോ.സു ആന്റെ വാർത്ത ദൃശ്യങ്ങളടക്കം വാർത്ത നൽകിയത്. മകൾ പോയ ദുഃഖത്തിൽ പൊട്ടിക്കരയുന്ന ബിന്ദുവിനെ തന്റെ ശരീരത്തിലേക്ക് ചേർത്തു പിടിച്ചു ആശ്വസിപ്പിക്കുകയും പിന്നീട് കൈകൾ കൂട്ടിപ്പിടിച്ച് നിൽക്കുകയുമായിരുന്നു. മൃതശരീരം ചിതയിലേക്ക് എടുക്കുന്ന സമയം വരെ 2 മണിക്കൂറോളമാണ് ഡോക്ടർ ഒരേ നിൽപ്പു നിന്നത്.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.