മയാമി: അമേരിക്കയിലെ സൗത്ത് ഫ്ലോറിഡായിലെ പ്രധാന നഗരമായ പെംബ്രോക് പൈൻസ് സിറ്റിയുടെ പരിസ്ഥിതി കമ്മറ്റിയിലേക്ക് ഡോ.സുജമോൾ സ്‌കറിയാ തിരഞ്ഞെടുക്കപ്പെട്ടു. സിറ്റി മേയർ ഫ്രാങ്ക് ഓർട്ടീസും കമ്മീഷണർ ഐറിസ് സിപ്പിളും കൂടി സംയുക്തമായി ഡോ.സുജമോൾ സ്‌കറിയയുടെ പേര് നിർദ്ദേശിക്കുകയും സിറ്റി കൗൺസിൽ ഐക്യകണ്ഠേന അംഗീകരിക്കുകയും ചെയ്തു. സിറ്റി ഹാളിൽവച്ച് നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ കെരള സമാജം പ്രസിഡന്റ് ജോജി ജോൺ, ഡെമോക്രാറ്റിക് പാർട്ടി പ്രതിനിധി സാജൻ കുര്യൻ, ജോർജ് മലയിൽ തുടങ്ങിയവർ സന്നിഹിതർ ആയിരുന്നു.

വിവിധ തുറകളിൽ പ്രാഗൽഭ്യം തെളിയിച്ച പതിനൊന്നു വ്യക്തികൾ അടങ്ങിയ സമിതിയുടെ നിർദ്ദേശാനുസരണം ആയിരിക്കും പരിസ്ഥിതി സംബന്ധമായ വിഷയങ്ങളിൽ സിറ്റി കൗൺസിൽ തീരുമാനം എടുക്കുന്നത്.

മുംബൈ ഹിന്ദുജ നേഴ്സിങ് കോളേജിൽ നിന്ന് ഡിപ്ലോമ നേടിയ ഡോ.സുജമോൾ സ്‌കറിയ ഫ്ലോറിഡ അറ്റ്ലാന്റിക് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദവും ബിരുദാനധര ബിരുദവും ഡോക്ടറൽ ഡിഗ്രിയും നേടി.കോട്ടയം ജില്ലയിലെ തോട്ടക്കാട് കയ്യാലപറമ്പിൽ കറിയാകുട്ടിയുടെയും കുഞ്ഞമ്മയുടെയും മകളായ ഡോ.സുജമോൾ സ്‌കറിയ കഴിഞ്ഞ പതിനാറു വർഷമായി ഫ്ളോറിഡായിലെ ഹോളിവുഡ് സിറ്റിയിലെ മെമോറിയൽ റീജിയണൽ ഹോസ്പിറ്റലിലെ ഹൃദ്രോഗ വിഭാഗത്തിൽ സേവനം ചെയ്യുന്നു . പുളീംകുന്നു കൊടുപാടത്തിൽ ടോം ജോർജ് ആണ് ഭർത്താവ്.