തിരുവനന്തപുരം: കോവിഡ് പോലെയോ മറ്റൊരു വൈറൽ പനിയെ പോലെയോ പടർന്നുപിടിക്കുന്ന ഒരു രോഗമല്ല നിപയെന്ന് ഐഎംഎ നിയുക്ത സംസ്ഥാന പ്രസിഡന്റ് ഡോ സുൽഫി നൂഹ്. നിപ വന്ന പോലെ പോകുമെന്ന് അദ്ദേഹം പറയുന്നു. ഇതിനായി മുൻവർഷങ്ങളിലെ ചില കണക്കുകളും അദ്ദേഹം തെളിവായി നിരത്തിയിട്ടുണ്ട്. ഇവിടെ ദിവസം മുപ്പതിനായിരത്തിലധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ 10 കൊല്ലത്തിനിടയ്ക്ക് 500ൽ താഴെ പേർക്ക് മാത്രമാണ് നിപ ബാധിച്ചത്. മുൻകരുതലുകൾ എല്ലാം സൂക്ഷിച്ചാൽ പടർന്നുപിടിക്കാൻ വളരെ സാദ്ധ്യത കുറഞ്ഞ രോഗമാണിതെന്ന് അദ്ദേഹം പറയുന്നു. ഫേസ്‌ബുക്ക് കുറിപ്പിലൂടെയാണ് ഡോക്ടർ രംഗത്തെത്തിയിരിക്കുന്നത്.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

നിപ്പ വന്ന പോലെ പോകും?

എന്താ സംശയമുണ്ടോ? സംശയമുണ്ടെങ്കിൽ ഈ കണക്കുകളൊന്നു നോക്കണം. 98 മുതൽ 2008 വരെ ലോകത്തെമ്പാടും നിപ്പ ബാധിച്ചത് വെറും 477 പേരിൽ. അതായത് 10 കൊല്ലത്തിനിടയ്ക്ക് 500ൽ താഴെ. ഇവിടെ ദിവസം 30000 കോവിഡ് വരുമ്പോഴാണ് നിപ്പ അഞ്ഞൂറിൽ താഴെ അതും10 കൊല്ലത്തിൽ. നിപ്പയുടെ ആർ, ബേസിക്ക് റീപ്രൊഡക്ടീവ് റേറ്റ് അല്ലെങ്കിൽ ആർ 0.2 ചുറ്റുവട്ടമായിരുന്നു കഴിഞ്ഞ തവണ.
കോവിഡ് പോലെയോ മറ്റൊരു വൈറൽ പനിയെ പോലെയോ പടർന്നുപിടിക്കുന്ന ഒരു രോഗമല്ല നിപ്പ.

ഒരുപക്ഷേ സെൽഫ് ലിമിറ്റിങ്ങ് എന്ന കടുത്ത വാക്ക് ഉപയോഗിക്കാമോയെന്നറിയില്ല. മുൻപ് കേരളത്തിൽ വന്നപ്പോഴും ഇത് അങ്ങനെ തന്നെയായിരുന്നു. അന്ന് കേരളത്തിൽ പുതിയ രോഗമായതുകൊണ്ടുതന്നെ അത് കണ്ടുപിടിക്കാൻ പെട്ടെന്ന് കഴിഞ്ഞത് വലിയ നേട്ടമായി.
സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ അന്നൊരു ഷെർലക്‌ഹോംസായത് പെട്ടെന്ന് രോഗനിർണയം സാധ്യമാക്കി. അതിനപ്പുറം നിപ്പയിൽ കേരളത്തിൽ വലിയ അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലയെന്നുള്ളതാണ് ശാസ്ത്രസത്യം.

അന്ന് നിപ്പ ബാധിച്ചത് വെറും 19 പേരിൽ മാത്രം. മുൻകരുതലുകൾ എല്ലാം സൂക്ഷിച്ചാൽ പടർന്നുപിടിക്കാൻ വളരെ സാധ്യത കുറഞ്ഞ രോഗം.
കോവിഡ് 19 മിന്നൽവേഗത്തിൽ പറക്കുമ്പോൾ നിപ്പ ഒച്ചിന്റെ വേഗത്തിൽ ഇഴയും. പറഞ്ഞുവന്നത്, നിപ്പ വന്ന പോലെ പോകും! അതാണ്.
നിപ്പ ഒരു സൂനോടിക് രോഗം.അതായത് മൃഗങ്ങളിൽ നിന്ന് പകരുന്ന രോഗം, പ്രധാനമായും വവ്വാലുകളിൽ നിന്നും.
രോഗലക്ഷണങ്ങൾ ശക്തമായ പനി ചുമ ശ്വാസംമുട്ടൽ ശരീരവേദന തലവേദന എന്നിവ.

ഗുരുതരമായ ശ്വാസതടസ്സം ഉണ്ടാക്കുന്ന തരത്തിൽ ശ്വാസകോശങ്ങളെ ബാധിക്കുപോഴും തലച്ചോറിനെ ബാധിക്കുപോഴും മരണം സംഭവിക്കാം. ഒരു വാക്‌സിൻ ലഭ്യമല്ല. ഒരുപക്ഷേ വാക്‌സിൻ ആവശ്യമുണ്ടോ എന്നുള്ളതാണ് ഏറ്റവും പ്രസക്തം. വളരെ ചുരുക്കം പേരെ ബാധിക്കുന്ന ഒരു അസുഖത്തിന് വാക്‌സിൻ പഠനങ്ങൾ കൂടുതൽ നടന്നിട്ടില്ല എന്നുള്ളത് സത്യം.

എങ്ങനെ തടയാമെന്നുള്ളതാണല്ലോ ഏറ്റവും പ്രസക്തമായ ചോദ്യം. നിപ്പാ രോഗം ബാധിച്ച ആൾക്കാരെ സംരക്ഷിക്കുന്നവരും രോഗ ചികിത്സ നടത്തുന്ന ആരോഗ്യ പ്രവർത്തകരും പ്രത്യേകം കരുതൽ വേണം. വവ്വാലുകൾ കടിച്ച ഫലവർഗ്ഗങ്ങൾ ഉപയോഗിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധ.
ഇതിലെ ഒരുപക്ഷേ ഭയപ്പെടുത്തുന്ന ഭാഗം നിപ്പയുടെ മോർട്ടാലിറ്റി റേറ്റ് ആണ്. ഏതാണ്ട് 40 മുതൽ 75ശതമാനം വരെ.

വളരെ ചുരുക്കം പേരെ ബാധിക്കുന്നതുകൊണ്ട് തന്നെ പെട്ടെന്ന് നിയന്ത്രണവിധേയമാക്കാൻ സാധ്യതയുള്ള രോഗമാണ് നിപ. ഒരാളിലേക്ക് അണുബാധ ഉണ്ടായാൽ രോഗലക്ഷണങ്ങൾ പുറത്തുവരാൻ 14 ദിവസത്തോളമെടുക്കും. നമ്മുടെ കോവിഡ് ഡെൽറ്റ വകഭേദത്തിന് ഇത് ഏതാണ്ട് മൂന്നു ദിവസങ്ങൾ. പറഞ്ഞുവന്നത് നിപ്പ വന്ന പോലെ പോകും.

മുൻപും അങ്ങനെതന്നെ കോവിഡ്-19 മായി താരതമ്യം ചെയ്യുമ്പോൾ നിപ്പ നിസ്സാരം. മുൻകരുതലുകളും മുന്നൊരുക്കങ്ങളും രോഗ പ്രതിരോധ മാർഗങ്ങളും സ്വീകരിക്കേണ്ടയെന്നർത്ഥമില്ല. എന്നാൽ നിപയെ ഭയന്നോടരുതെന്ന് മാത്രം വിളിച്ചു പറയേണ്ടി വരുന്നു.

നിപ്പ വന്ന പോലെ പോകും..
ഉറപ്പായും.

ഡോ സുൽഫി നൂഹു