- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രോഗികളുടെ നീണ്ടനിര ശ്രദ്ധിക്കാതെ ഡോക്ടറുടെ ഫോൺ വിളി; വീഡിയോ ചിത്രീകരിച്ച യുവാവിനെ സെക്യൂരിറ്റിക്കാർ പുറത്താക്കി; നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഡോക്ടറുടെ 'കൃത്യനിർവഹണ'ത്തിൽ പ്രതിഷേധമുയർത്തി സൈബർ ലോകം
തിരുവനന്തപുരം: സർക്കാർ ആശുപത്രികളെക്കുറിച്ചുള്ള പരാതികൾക്കു കൈയും കണക്കുമില്ല. മികച്ച പ്രവർത്തനവും രോഗികളോടുള്ള സമീപനവും കൊണ്ട് ചില സർക്കാർ ആശുപത്രികളും ജീവനക്കാരും ശ്രദ്ധനേടുമ്പോഴും പൊതുവിൽ മോശം അനുഭവമാണു സർക്കാർ ആശുപത്രികളിൽ നിന്നുണ്ടാകുന്നതെന്നാണു പരാതി. കഴിഞ്ഞ ദിവസം നെടുമങ്ങാട്ടെ സർക്കാർ ആശുപത്രിയിൽ നടന്ന സംഭവത്തിന്
തിരുവനന്തപുരം: സർക്കാർ ആശുപത്രികളെക്കുറിച്ചുള്ള പരാതികൾക്കു കൈയും കണക്കുമില്ല. മികച്ച പ്രവർത്തനവും രോഗികളോടുള്ള സമീപനവും കൊണ്ട് ചില സർക്കാർ ആശുപത്രികളും ജീവനക്കാരും ശ്രദ്ധനേടുമ്പോഴും പൊതുവിൽ മോശം അനുഭവമാണു സർക്കാർ ആശുപത്രികളിൽ നിന്നുണ്ടാകുന്നതെന്നാണു പരാതി.
കഴിഞ്ഞ ദിവസം നെടുമങ്ങാട്ടെ സർക്കാർ ആശുപത്രിയിൽ നടന്ന സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വൻ പ്രതിഷേധമാണ് ഉയരുന്നത്. 'അത്യാഹിത വിഭാഗത്തിൽ എത്ര രോഗികളുണ്ടെങ്കിലും പ്രശ്‌നമില്ല. എന്റെ ആവശ്യം കഴിഞ്ഞു മതി ബാക്കിയൊക്കെ' എന്ന നിലപാടുമായി ഫോണിൽ അരമണിക്കൂറോളം വാചകമടിച്ച ഡോക്ടർക്കെതിരെ സൈബർ ലോകത്തു പ്രതിഷേധം രൂക്ഷമായി.
അത്യാഹിത വിഭാഗത്തിലെ രോഗികളുടെ നീണ്ട നിര ശ്രദ്ധിക്കാതെയാണ് നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ആർഎംഒ കൂടിയായ ഡോ. സുനിത ഹമീദ് ഏറെനേരം ഫോണിൽ സംസാരിച്ചത്. ശനിയാഴ്ച രാത്രി നടന്ന സംഭവത്തിന്റെ വീഡിയോ ഫേസ്‌ബുക്കിൽ പ്രചരിച്ചതോടെ ഇതിനകം കണ്ടത് മൂന്നരലക്ഷത്തോളം പേരാണ്.
അത്യാഹിത വിഭാഗത്തിൽ വലിയ തിരക്കുള്ള ദിവസമായിരുന്നു ഡോക്ടറുടെ ഫോൺവിളി. ഒരു ഡോക്ടർ മാത്രമായിരുന്നു ഡ്യൂട്ടിയിലുണ്ടായിരുന്നത്. തിരക്ക് കൂടിയപ്പോൾ ആശുപത്രി ആർ.എം.ഒ കൂടിയായ ഡോ. സുനിത ഹമീദ് എത്തി. തുടർന്ന് ക്യൂവിൽ നിന്നിരുന്ന കുറച്ചുപേരെ പരിശോധനയ്ക്കായി അവരുടെ മേശയ്ക്കടുത്തേക്ക് കൊണ്ടുപോയി.
കൈക്കുഞ്ഞുമായെത്തിയ ഒരു യുവതിയെ പരിശോധിച്ചു തുടങ്ങിയ സമയത്താണ് ഡോക്ടർക്ക് ഫോൺ വന്നത്. ഏകദേശം 20 മിനിട്ടോളം ഡോക്ടർ സംസാരം തുടർന്നതായി പരാതിയുണ്ട്. ഏറെനേരമായിട്ടും സംസാരം അവസാനിപ്പിക്കാത്തതിനാൽ നെഞ്ചുവേദനയുമായി ക്യൂവിൽ നിന്നിരുന്ന ചുള്ളിമാനൂർ സ്വദേശി ഷംനാദ് ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയായിരുന്നു.
ഡോക്ടർ ഫോണിൽ സംസാരിക്കുമ്പോൾ കുഞ്ഞുങ്ങളുമായെത്തിയ നിരവധിപേർ ക്യൂവിൽ കാത്തുനിൽക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇതിനിടെ ദൃശ്യം പകർത്തുന്നതു കണ്ട സെക്യൂരിറ്റി ജീവനക്കാരൻ അത് തടയാനെത്തി. ഇത്രയും രോഗികൾ നിൽക്കുമ്പോൾ ഏറെ നേരം ഫോൺ വിളിക്കുന്നതിനെതിരെ പ്രതിഷേധിച്ച ഷംനാദിനെ സെക്യൂരിറ്റിക്കാർ പുറത്താക്കുകയും ചെയ്തു. ഇതിനിടെ, ബഹളം കൂടിയതോടെ ഡോക്ടർ സംസാരം അവസാനിപ്പിക്കുകയും ചെയ്തു. മാത്രമല്ല, ഒരാൾ തന്റെ ഫോട്ടോയെടുത്തെന്ന് കാട്ടി ഡോക്ടർ സുനിത നെടുമങ്ങാട് പൊലീസിൽ പരാതിയും നൽകി.
ഷംനാദ് പിന്നീട് സ്വകാര്യ ആശുപത്രിയിലെത്തി ചികിത്സ തേടി. ഇതിനു ശേഷമാണ് ദൃശ്യങ്ങൾ ഫേസ്‌ബുക്കിൽ അപ് ലോഡ് ചെയ്തത്. 'നെടുമങ്ങാട് ജില്ലാ ഹോസ്പിറ്റലിൽ എനിക്ക് നേരിടേണ്ടിവന്ന പ്രശ്നം ആണ് ഈ വീഡിയോ. ഡ്യൂട്ടിയിലുള്ള ഡോക്ടർ രോഗികളെ പരിശോധിക്കാതെ ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കുന്നു 20 മിനിട്ടോളം ക്ഷമിച്ചതിനുശേഷമാണ് ഞാൻ ഈ വീഡിയോ എടുക്കുന്നത്. നെഞ്ചുവേദന ആയിട്ടാ ഞാൻ അവിടെ പോയത്. വീഡിയോ എടുത്തതു കാരണം എനിക്കു അവിടെ ചികിൽസ കിട്ടിയില്ല. ഞാൻ പ്രൈവറ്റ് ഹോസ്പിറ്റലിൽ പോയി ചികിൽസിച്ചു. 400 രൂപ ചെലവായി. പണം പോയതിൽ അല്ല. ഈ ഡോക്ടർ ചെയ്തത് തെറ്റാണെന്നു തോന്നുന്നു എങ്കിൽ ഈ വീഡിയോയും മെസേജും ഷെയർ ചെയ്യൂ.' എന്ന് ഷംനാദ് ആവശ്യപ്പെടുകയും ചെയ്തു.
Got it as a forward. Pls share it..നെടുമങ്ങാട് ജില്ലാ ഹോസ്പിറ്റലിൽ എനിക്ക് നേരിടേണ്ടിവന്ന പ്രശ്നം ആണ് മുകളിൽ കാണുന്ന വീടിയോ ഡ്യൂട്ടിയിലുള്ള ഡോക്ടർ രോഗികളെ പരിശോധിക്കാതെ ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കുന്നു 20 മിനിട്ടോളം ക്ഷമിച്ചതിനുശേഷമാണ് ഞാൻ ഈ വീഡിയോ എടുക്കുന്നത് നെഞ്ചുവേതന ആയിട്ടാ ഞാൻ അവിടെ പോയത് വീഡിയോ എടുത്തതു കാരണം എനിക്കു അവിടെ ചികിൽസ കിട്ടിയില്ല ഞാൻ പ്രൈവറ്റ് ഹോസ്പിറ്റലിൽ പോയി ചികിൽസിച്ചു 400rs ചെലവായി പണം പോയതിൽ അല്ല ഈ ഡോക്ടർ ചെയ്തത് തെറ്റാണെന്നു തോന്നുന്നു എങ്കിൽ ☝ഈ വീടിയോയും മെസേജും ഷെയർ ചെയ്യൂ pls.. Shamnad.chmr
Posted by Vinod Chandra on Sunday, December 27, 2015
രോഗികൾ ചികിത്സയ്ക്കായി കാത്തുനിൽക്കുമ്പോൾ ഫോണിലൂടെ നാട്ടുവർത്തമാനം പറഞ്ഞ് ബുദ്ധിമുട്ടിക്കുന്നത് ജനങ്ങളെ അറിയിക്കാനാണ് ഫേസ്‌ബുക്കിലിട്ടതെന്ന് ഷംനാദ് പറഞ്ഞു. ദൃശ്യങ്ങൾ സഹിതം പരാതി മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും വകുപ്പധികാരികൾക്കും ഷംനാദ് അയച്ചിട്ടുണ്ട്.
ഡോക്ടർ സുനിതയ്ക്ക് വാർഡ് ഡ്യൂട്ടിയാണുണ്ടായിരുന്നതെന്നും തിരക്ക് കുറയ്ക്കാൻ എത്തിയതിനിടയിൽ അത്യാവശ്യമായി വന്ന കാൾ എടുക്കുക മാത്രമേ ഉണ്ടായിട്ടുള്ളൂവെന്നുമാണ് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം.
എന്തായാലും രോഗികളോടു സർക്കാർ ആശുപത്രി ജീവനക്കാർ കാട്ടുന്ന അവഗണനയോടുള്ള മറ്റൊരു ഉദാഹരണം കൂടിയാണ് ഈ സംഭവം. ഉള്ളതെല്ലാം വിറ്റുപെറുക്കി സ്വകാര്യാശുപത്രിയെത്തന്നെ അഭയം പ്രാപിക്കാൻ സാധാരണക്കാരെ പ്രേരിപ്പിക്കുന്നത് ഇത്തരത്തിലുള്ള ഉത്തരവാദിത്വമില്ലായ്മയാണെന്ന് സൈബർ ലോകം കുറ്റപ്പെടുത്തുന്നു. ഡോക്ടർക്കെതിരെ രൂക്ഷമായ ഭാഷയിലാണ് ഏവരും വിമർശനം ഉന്നയിക്കുന്നത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനും രോഗികൾക്കു യഥാസമയം കൃത്യമായ പരിചരണം ലഭിക്കാനും സർക്കാർ നടപടി സ്വീകരിക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്.