ലണ്ടൻ: പാരിസിൽ നടക്കുന്ന കാലാവസ്ഥ ഉച്ചകോടിയുമായി ബന്ധപ്പെട്ടു നടന്ന പരിസ്ഥിതി സെമിനാറിൽ പങ്കെടുക്കാൻ എത്തിയ തോമസ് ഐസക് എം എൽ എയെ പോക്കറ്റടിച്ച് മോഷ്ടാക്കൾ.

പ്രസിദ്ധമായ ലൂവർ മ്യുസിയത്തിൽ വച്ചാണ് അദേഹത്തിന്റെ ബാഗിൽ നിന്നും 200 ഡോളർ നഷ്ട്ടമായത് . ഇകാര്യം അദ്ദേഹം തന്നെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ അറിയിക്കുകയായിരുന്നു. മുമ്പും പാരിസിൽ എത്തിയിട്ടുണ്ടെങ്കിലും ഇത്തവണ ലൂവർ മ്യുസിയം കാണണം എന്ന ആഗ്രഹം ഒടുവിൽ സാമ്പത്തിക നഷ്ട്ടം കൂടി വരുത്തുക ആയിരുന്നു . പണം പോയെങ്കിലും പാസ്‌പോർട്ട് ഭദ്രമായി മോഷ്ടാവ് എം എൽ എയുടെ സഞ്ചിയിൽ തന്നെ ഉപേക്ഷിച്ചിരുന്നു .

എങ്കിലും മോണാലിസ ചിത്രം കണ്ട സന്തോഷം അദേഹം മറച്ചു വയ്ക്കുന്നുമില്ല . അതിനിടെ ഇന്നലെ ലണ്ടനിൽ എത്തിയ അദേഹത്തിന് മലയാളി സുഹൃത്തുക്കൾ ചേർന്ന് പ്രോഗ്രസിവ് സൊസൈറ്റി പ്രേസിടന്റ്‌റ് സുഗതാൻ തെക്കെപ്പുരയുടെ നേതൃത്വത്തിൽ ഹൃദ്യാമായ സ്വീകരണം നല്കി . നാല് ദിവസത്തെ ബ്രിട്ടീഷ് സന്ദർശനത്തിൽ തിരക്കിട്ട പരിപാടികളാണ് അദ്ദേഹത്തിനുള്ളത്.

തിങ്കളാഴ്ച ബിർമിങ്ഹാം യൂണിവേഴ്‌സിറ്റിയിൽ ആലപ്പുഴ നഗരത്തിന്റെ സമഗ്ര വികസനം സംബന്ധിച്ച ചർച്ചയിൽ വിദഗ്ദ്ധരെ താൻ മുന്നോട്ട് വയ്ക്കുന്ന ആശയങ്ങൾ അദ്ദേഹം ധരിപ്പിക്കും . വികസന വിഷയത്തിൽ സർവകലാശാലയുടെ സാങ്കേതിക സഹകരണം ഉറപ്പാക്കുകയാണ് അദേഹത്തിന്റെ ലക്ഷ്യം .

പാരിസിൽ നടന്ന പോക്കറ്റടിയെ കുറിച്ച് എം എൽ എ എഴുതിയ കുറിപ്പ് ചുവടെ വായിക്കാം .

മോണാലിസ തന്നെയാണ് താരം. ലൂവർ മ്യൂസിയത്തിൽ മോണാലിസയുടെ ചിത്രത്തിന്റെ അരികെയെത്താൻ അല്പം സമയം എടുത്തു. അത്രയേറെ കാഴ്ചക്കാരാണ് അവിടെ തടിച്ചു കൂടിയിരുന്നത്. ഫോടോ എടുപ്പിന്റെ ബഹളം. ഈ തിരക്കിലൂടെ കടന്നു ഞാൻ ചിത്രത്തിന്റെ അടുത്തെത്തി. കുറച്ചു നേരം നിന്നു കാണും. തിരിച്ചു പോരുമ്പോൾ എന്റെ തോൾ സഞ്ചിയുടെ സിപ് തുറന്നിര്ക്കുന്നു. സഞ്ചിക്കുള്ളിലെ അറയുടെ സിപ്പും തുറന്നു കിടക്കുന്നു. അറക്കുള്ളിലെ രണ്ടു നൂറിന്റെ ഡോളർ നോട്ടുകൾ കാണാനില്ല. ഭാഗ്യത്തിന് പാസ്സ്‌പോര്ട്ട് അറക്ക് പുറത്തു സഞ്ചിക്കുള്ളിൽ തന്നെ കിടപ്പുണ്ട്. പണം മോഷ്ടിച്ചവന് എന്തോ ദയ തോന്നി പാസ്‌പോര്ട്ട് എന്തായാലും അവിടെ തന്നെ വച്ച് . മോണാലിസ കാഴ്ചക്ക് ഇത്ര വില നല്‌കേണ്ടി വരുമെന്ന് ഞാൻ കരുതിയില്ല.

ഫേസ്‌ബുക്ക് സുഹൃത്ത് തൊടുപുഴക്കാരൻ അനസ് ആണ് എന്നെ ലൂവർ മ്യൂസിയത്തിൽ കൊണ്ട് പോയത്. അനസിനോടും ഡോളർ നഷ്ടപ്പെട്ട കഥ പറഞ്ഞില്ല. റൂമിൽ വല്ലതും കിടപ്പുണ്ടെങ്കിലോ? റൂമിലോന്നും കണ്ടെത്താനായില്ല. പണം പോയത് തന്നെ. കള്ളന്റെ വിരുതു നോക്കിക്കേ തോളിൽ കിടക്കുന്ന സഞ്ചി തുറന്നു പണമെടുത്തിട്ടും ഞാനറിഞ്ഞില്ല. മോണാലിസയുടെ ഒരു ചിരിയുടെ കഥയെ.

കഴിഞ്ഞ പ്രാവശ്യം പാരീസിൽ പോയപ്പോൾ ലൂവർ മ്യൂസിയത്തിൽ പോകാൻ കഴിഞ്ഞില്ല.ആ കുറവ് ഇത്തവണ തീർത്തു. ഉച്ച മുതൽ രാത്രി എട്ടു മണി വരെ അവിടെ തന്നെ ഇരുന്നു. ദാവിഞ്ചി, പിക്കാസോ, മോണേ, ഗാഗ്വിൻ തുടങ്ങിയവരുടെ ഒക്കെ മാസ്‌റർ പീസുകൾ അടങ്ങുന്ന ലോകത്തെ ഏറ്റവും വലിയ അപൂർവ കലാശേഖരങ്ങളിൽ ഒന്നാണ് ലൂവരിലെത്. പണ്ടിത് ഫ്രഞ്ച് രാജാക്കന്മാരുടെ കൊട്ടാരമായിരുന്നു. കൊട്ടാരത്തിന്റെ വാസ്തു ശില്പ ഭംഗി തന്നെ കാണാനുണ്ട്. പക്ഷെ ഒരു കാര്യം എനിക്കിഷ്ടമായില്ല. കൊട്ടാരം മുറ്റത്ത് പണിതിട്ടുള്ള സ്ഫടിക പിരമിഡ് .

അതിലാണ് മ്യൂസിയത്തിലെക്കുള്ള മുഖ്യ പ്രവേശന കവാടം. ഇത്തരത്തിൽ എന്ത് ഉപയോഗം ഉണ്ടായിരുന്നെന്നാലും കൊട്ടാരത്തിന്റെ വാസ്തു ശില്പ ശൈലിയോട് ഒട്ടും ഇണങ്ങാത്ത ഒരു പോക്കണം കേടായിട്ടാണ് എനിക്കിതു തോന്നിയത് .

 

 

മോണാലിസ തന്നെയാണ് താരം. ലൂവർ മ്യൂസിയത്തിൽ മോണാലിസയുടെ ചിത്രത്തിന്റെ അരികെയെത്താൻ അല്പം സമയം എടുത്തു. അത്രയേറെ കാഴ്ചക്കാര...

Posted by Dr.T.M Thomas Isaac on Friday, December 4, 2015