തിരുവനന്തപുരം: എല്ലാ അർത്ഥത്തിലും കേഡർ സ്വഭാവത്തിൽ പ്രവർത്തിക്കുന്ന പാർട്ടിയാണ് സിപിഐ(എം) എന്നത് ആ പാർട്ടിയെ കുറിച്ച് അറിവുള്ളർക്കെല്ലാം വ്യക്തമായ കാര്യമാണ്. അടച്ചിട്ട മുറിയിൽ നടക്കുന്ന തിരഞ്ഞെടുപ്പ് പ്രക്രിയയും ചർച്ചകളുമൊക്കെ മാദ്ധ്യമങ്ങളിൽ വരണമെങ്കിൽ ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. പാർട്ടിയുടെ നയരേഖയും മറ്റും ചോർന്നുകിട്ടുമെങ്കിലും അത് നേതാക്കളുമായുള്ള ബന്ധം കൊണ്ട് രഹസ്യമായാണ് കിട്ടാറ്. എന്നാൽ, സീതാറാം യച്ചൂരിയെ സിപിഐ(എം) അഖിലേന്ത്യാ സെക്രട്ടറിയായി തെരഞ്ഞെടുത്തതോടെ സിപിഐ(എം) പാർട്ടിയുടെ ആ ഇരുമ്പമുറ പൊളിച്ചു. ചരിത്രത്തിൽ തന്നെ ആദ്യമായി പാർട്ടി സെക്രട്ടറിയെ തിരഞ്ഞെടുക്കുന്ന സമയത്തെ ചിത്രം പുറത്തുവന്നു. കേന്ദ്ര കമ്മിറ്റി അംഗം ഡോ. തോമസ് ഐസക്കാണ് ഈ ചിത്രം തന്റെ ഫേസ്‌ബുക്കിലൂടെ പുറത്തുവിട്ടത്. പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ള യെച്ചൂരിയെ പിന്തുണച്ച് കൊണ്ട് കൈപൊക്കുന്നു. പിന്നാലെ, മറ്റ് അംഗങ്ങളും കൈ ഉയർത്തി വോട്ട് രേഖപ്പെടുത്തുന്നതുമാണ് ചിത്രത്തിൽ. സിപിഎമ്മിന്റെ സമ്മേളന ചിരത്രത്തിൽ തന്നെ അത്യപൂർവ്വമായ സംഭവമായാണ് ഇതിനെ വിലയിരുത്തുന്നത്.

സെക്രട്ടറിയെ തെരഞ്ഞെടുക്കുന്നതിൽ പാർട്ടിക്കുള്ളിൽ തർക്കങ്ങൾ ഉണ്ടായെന്നും വോട്ടെടുപ്പ് ഉറപ്പായപ്പോൾ എസ്ആർപി പിന്മാറി എന്നുമുള്ള ചാനൽ വാർത്തകളെ പ്രതിരോധിക്കാൻ വേണ്ടിയാണ് തോമസ് ഐസക് സിപിഐ(എം) സെക്രട്ടറിയെ തിരഞ്ഞെടുക്കുന്ന ചിത്രം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തത്. യെച്ചൂരിയെ കാരാട്ട് ഔദ്യോഗകമായി പ്രഖ്യാപിച്ച ശേഷം വേദയിൽ നേതാക്കൾ കൈകോർത്തിരിക്കുന്ന ചിത്രവും ഇതോടൊപ്പം തോമസ് ഐസക് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ ചിത്രത്തോടൊപ്പം മാദ്ധ്യമവാർത്തകൾ തെറ്റാണെന്ന കുറിപ്പും അദ്ദേഹം ഫേസ്‌ബുക്കിലിട്ടിട്ടുണ്ട്.

ആ ഫേസ്‌ബുക്ക് കുറിപ്പ് ഇങ്ങനെയാണ്: വിശാഖപട്ടണം വിമാനത്താവളത്തിൽ നിന്നാണ് ഇത് എഴുതുന്നത് .ടി വി ചാനലുകളും ഓൺലൈൻ പോർട്ടലുകളും ഒരേതരം കഥകൾ ആണ് മെനയുന്നത്. 'പോളിറ്റ് ബ്യൂറോയിൽ കടുത്ത വാഗ്വാദങ്ങൾക്ക് ശേഷം എസ് ആർ പിക്ക് പിന്തുണ. പക്ഷെ കേന്ദ്രകമ്മിറ്റിയിൽ ഭൂരിപക്ഷം യച്ചൂരിക്ക്. കേരളത്തിൽ നിന്നുള്ള കേന്ദ്ര കമ്മിറ്റി അംഗങ്ങളിലും വിള്ളൽ .മത്സരം ഉറപ്പായപ്പോൾ മണിക്ക് സർക്കാർ ഇടപെട്ടു. എസ് ആർ പി പിൻവാങ്ങി. യച്ചൂരി സെക്രട്ടറി ആയി. ശുദ്ധ നുണയാണ്. പോളിറ്റ് ബ്യൂറോയിലെ ചർച്ച എന്തെന്ന് എനിക്കറിയില്ല. പക്ഷെ കേന്ദ്രകമ്മിറ്റിയിൽ വാഗ്വാദം പോയിട്ട് ചർച്ച പോലും ഉണ്ടായില്ല. പ്രകാശ് കാരാട്ട് സീതാറാമിന്റെ പേര് നിർദ്ദേശിച്ചു. എസ് ആർ പി പിന്താങ്ങി. കമ്മിറ്റി ഏകകണ്ഠമായി യച്ചൂരിയുടെ പേര് അംഗീകരിച്ചു. അത്ര തന്നെ.

ഇനി അഭിപ്രായ വ്യത്യാസം ഉണ്ടായി എന്ന് തന്നെ ഇരിക്കട്ടെ, അതിൽ യാതൊരു പിശകും ഞാൻ കാണുന്നില്ല. തിരുവായ്ക്ക് എതിർവാ ഇല്ലാത്ത ഒരു പാർട്ടി അല്ല സിപിഐഎം. പക്ഷെ ഇക്കാര്യത്തിൽ ഒരു തർക്കവും ഉണ്ടായില്ല എന്നതാണ് വാസ്തവം. ഇല്ലാത്ത കഥകൾ മെനഞ്ഞുണ്ടാക്കുന്നത് എന്നെ അദ്ഭുതപ്പെടുത്തുന്നു.

സീതാറാം യെച്ചൂരിയെ കേന്ദ്രകമ്മിറ്റി ഏകകണ്ഠമായി തെരഞ്ഞെടുക്കുന്ന ചിത്രമാണ് ആദ്യത്തേത്. പുതിയ പോളിറ്റ് ബ്യൂറോ സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതാണ് രണ്ടാമത്തെ ചിത്രം. ഇരുപത്തിയൊന്നാം പാർട്ടി കോൺഗ്രസിനെ ഭാവിയുടെ കോൺഗ്രസ് എന്നാണ് സഖാവ് യച്ചൂരി വിശേഷിപ്പിച്ചത്. അതിനായുള്ള പുതിയ രാഷ്ട്രീയ കാഴ്ചപ്പാട് കോൺഗ്രസ് അംഗീകരിച്ചു. ഇനി അത് നടപ്പാക്കുവാൻ ആവശ്യമായ സംഘടന തീരുമാനങ്ങൾ വരാൻ പോകുന്ന പ്ലീനത്തിൽ ഉണ്ടാവും അങ്ങനെ പുതിയ കാലത്തിലെ വെല്ലുവിളികൾ നേരിടാൻ സിപിഐ എം തയ്യാറെടുക്കുകയാണ്.

പാർട്ടി സെക്രട്ടറിയെ തിരഞ്ഞെടുക്കുന്ന ചിത്രം തോമസ് ഐസക് പുറത്തുവിട്ടതോടെ സിപിഐ(എം) കാലത്തിന് അനുസരിച്ച് മാറുകയാണോ എന്ന ചോദ്യവും ഫേസ്‌ബുക്കിലൂടെ ചിലർ ഉന്നയിക്കുന്നുണ്ട്. കാലത്തിന് അനുസരിച്ച് മാറേണ്ടത് സിപിഎമ്മിന് അനിവാര്യമായ കാര്യമാണെന്നും ചിലർ അഭിപ്രായപ്പെടുന്നു. മുൻകാലങ്ങളിലൊക്കെ പാർട്ടി സെക്രട്ടറി തെരഞ്ഞെടുപ്പ് നടക്കുമ്പോൾ അതിന്റെ ചിത്രങ്ങൾ പുറത്തുവന്നിരുന്നില്ല. എന്നാൽ പാർട്ടിക്ക് നേരെ ആരോപണങ്ങൾ ഉയരുമ്പോൾ അതിനെ പ്രതിരോധിക്കാൻ ഇങ്ങനെയുള്ള ചിത്രങ്ങൾ ആവശ്യമാണെന്ന അഭിപ്രായം രേഖപ്പെടുത്തുന്നവരും കുറവല്ല. എന്നാൽ, സംഘടനാ തെരഞ്ഞെടുപ്പിന്റെ ചിത്രം അനുവാദമില്ലാതെ പുറത്തുവിട്ടതിന്റെ പേരിൽ തോമസ് ഐസക് അച്ചടക്ക നടപടി നേരിടേണ്ടി വരുമോ എന്ന കാര്യം ഇനിയും വ്യക്തമല്ല.