- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'വല്ലാത്തൊരു പീഡന കാലമാണു കടന്നുപോയത്; ശത്രുക്കൾക്കു പോലും എന്റെ ഗതി വരാതിരിക്കട്ടെ'; ഗോവിന്ദച്ചാമിയെ സഹായിക്കാൻ കാലുമാറിയ ഡോക്ടറെന്നു മുദ്രകുത്തി ജനക്കൂട്ടം ആക്ഷേപിച്ച വേദന മാറാതെ ഡോ. ഉന്മേഷ്; സൗമ്യ വധക്കേസിലെ പോസ്റ്റ്മോർട്ടത്തിന്റെ പേരിൽ നടപടിക്കു വിധേയനായ ശേഷം കുറ്റക്കാരനല്ലെന്നു സർക്കാർ പറയുമ്പോൾ വൈകിയെത്തിയ നീതിയിൽ നെടുവീർപ്പിട്ട് ഫോറൻസിക് സർജൻ
തിരുവനന്തപുരം: കേരള മനസാക്ഷിയെ പിടിച്ചുകുലുക്കിയ സൗമ്യ വധക്കേസിൽ ഗോവിന്ദച്ചാമി ഇപ്പോഴും ജയിലിൽ സുഖജീവിതം നയിക്കുകയാണ്. കേരള ജനതയുടെ രോഷം മുഴുവൻ ഒരുകാലത്ത് ചാമിക്കെതിരെ ഉണ്ടായിരുന്നു. ഇതിനിടെയാണ് പ്രൊഫഷണൽ ഈഗോ തീർക്കാൻവേണ്ടി ഫോറൻസിക് സർജന്മാരും രംഗത്തെത്തിയത്. ഈ ഈഗോയുടെ ഇരയായിരുന്നു ഡോ. എ കെ ഉന്മേഷ്. ഗോവിന്ദച്ചാമിയെ സഹായിക്കാൻ വേണ്ടി പോസ്റ്റുമോർട്ടം റിപ്പോർട്ട് തയ്യാറാക്കിയ ഡോക്ടറെന്ന ചീത്തവിളി ഏറെ വേദനയോടെ കേൾക്കേണ്ടി വന്നു ഇദ്ദേഹത്തിന്. ഒടുവിൽ ആരോഗ്യ വകുപ്പ് അദ്ദേഹത്തെ കുറ്റവിമുക്തനാകുമ്പോൾ വൈകിയെത്തിയ നീതിയിൽ ആശ്വാസപ്പെടുകയാണ് ഡോ. ഉന്മേഷ്. സൗമ്യ വധക്കേസിൽ പോസ്റ്റ്‌മോർട്ടത്തിലെ കണ്ടെത്തലിന്റെ പേരിൽ നടപടിക്കു വിധേയനായിരുന്നു ഈ ഫൊറൻസിക് സർജൻ. ഉന്മേഷ് സത്യസന്ധനാണെന്നും പോസ്റ്റ്‌മോർട്ടം കണ്ടെത്തലിൽ അപാകതയില്ലെന്നും വ്യക്തമാക്കി ആരോഗ്യ വകുപ്പാണ് ഉത്തരവിറക്കിയത്. ഏഴുവർഷത്തിനു ശേഷമാണ് അദ്ദേഹം നിരപരാധിയെന്നു കണ്ടെത്തുന്നത്. ''സ്‌കൂളിൽ പഠിക്കുന്ന എന്റെ മകൾ ആക്ഷേപം സഹിക്കാനാകാതെ ഇന്റർവെൽ സമയത്തു
തിരുവനന്തപുരം: കേരള മനസാക്ഷിയെ പിടിച്ചുകുലുക്കിയ സൗമ്യ വധക്കേസിൽ ഗോവിന്ദച്ചാമി ഇപ്പോഴും ജയിലിൽ സുഖജീവിതം നയിക്കുകയാണ്. കേരള ജനതയുടെ രോഷം മുഴുവൻ ഒരുകാലത്ത് ചാമിക്കെതിരെ ഉണ്ടായിരുന്നു. ഇതിനിടെയാണ് പ്രൊഫഷണൽ ഈഗോ തീർക്കാൻവേണ്ടി ഫോറൻസിക് സർജന്മാരും രംഗത്തെത്തിയത്. ഈ ഈഗോയുടെ ഇരയായിരുന്നു ഡോ. എ കെ ഉന്മേഷ്. ഗോവിന്ദച്ചാമിയെ സഹായിക്കാൻ വേണ്ടി പോസ്റ്റുമോർട്ടം റിപ്പോർട്ട് തയ്യാറാക്കിയ ഡോക്ടറെന്ന ചീത്തവിളി ഏറെ വേദനയോടെ കേൾക്കേണ്ടി വന്നു ഇദ്ദേഹത്തിന്. ഒടുവിൽ ആരോഗ്യ വകുപ്പ് അദ്ദേഹത്തെ കുറ്റവിമുക്തനാകുമ്പോൾ വൈകിയെത്തിയ നീതിയിൽ ആശ്വാസപ്പെടുകയാണ് ഡോ. ഉന്മേഷ്.
സൗമ്യ വധക്കേസിൽ പോസ്റ്റ്‌മോർട്ടത്തിലെ കണ്ടെത്തലിന്റെ പേരിൽ നടപടിക്കു വിധേയനായിരുന്നു ഈ ഫൊറൻസിക് സർജൻ. ഉന്മേഷ് സത്യസന്ധനാണെന്നും പോസ്റ്റ്‌മോർട്ടം കണ്ടെത്തലിൽ അപാകതയില്ലെന്നും വ്യക്തമാക്കി ആരോഗ്യ വകുപ്പാണ് ഉത്തരവിറക്കിയത്. ഏഴുവർഷത്തിനു ശേഷമാണ് അദ്ദേഹം നിരപരാധിയെന്നു കണ്ടെത്തുന്നത്.
''സ്‌കൂളിൽ പഠിക്കുന്ന എന്റെ മകൾ ആക്ഷേപം സഹിക്കാനാകാതെ ഇന്റർവെൽ സമയത്തു ക്ലാസിൽ ഒളിച്ചിരുന്നിട്ടുണ്ട്. വീട്ടുകാർ തെരുവിൽ വിചാരണ ചെയ്യപ്പെട്ടു. ഗോവിന്ദച്ചാമിയെ സഹായിക്കാൻ കാലുമാറിയ ഡോക്ടറെന്നു പലരും എന്നെ ചൂണ്ടിക്കാട്ടി പറയുന്നതു കേൾക്കേണ്ടി വന്നു. വല്ലാത്തൊരു പീഡനകാലമാണു കടന്നുപോയത്. ശത്രുക്കൾക്കു പോലും എന്റെ ഗതി വരാതിരിക്കട്ടെ'': സർക്കാർ തീരുമാനം അറിഞ്ഞ ശേഷം എറണാകുളം ജനറൽ ആശുപത്രിയിൽ വെച്ച് ഉന്മേഷ് പ്രതികരിച്ചത് ഇങ്ങനെയാണ്.
2011 ൽ കേസിന്റെ വിചാരണ കോടതിയിൽ നടക്കുമ്പോൾ ഡോ. ഉന്മേഷ് പ്രതിഭാഗം ചേർന്നതായി പ്രോസിക്യൂഷൻ നിലപാട് എടുത്തതു വിവാദമായിരുന്നു. പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടർ, പ്രതി ഗോവിന്ദച്ചാമിക്കായി ഒത്തുകളിച്ചുവെന്ന മട്ടിൽ വിവാദം വളർന്നതോടെ ഉന്മേഷ് സസ്‌പെൻഷനിലായി. പിന്നാലെ പ്രതിയാക്കി ക്രിമിനൽ കേസും രജിസ്റ്റർ ചെയ്തു. തൃശൂർ വിജിലൻസ് കോടതിയും ഉന്മേഷ് കുറ്റക്കാരനല്ലെന്നു കണ്ടെത്തിയിരുന്നു. പ്രതിഭാഗം ചേർന്ന് ഉന്മേഷ് അവിഹിത നേട്ടമുണ്ടാക്കിയെന്ന പരാതിക്ക് അടിസ്ഥാനമില്ലെന്നും ദ്രുതപരിശോധനാ റിപ്പോർട്ടിൽ വിജിലൻസ് കോടതി കഴിഞ്ഞ വർഷം വ്യക്തമാക്കിയിരുന്നു.
പോസ്റ്റ്‌മോർട്ടം ചെയ്തതാര് എന്ന തർക്കമാണു സൗമ്യ വധക്കേസിനെ തുടക്കം മുതൽ വിവാദത്തിലാക്കിയത്. ഡോ.ഉന്മേഷ് തന്നെയാണു ചെയ്തത് എന്ന് വ്യക്തമായിരുന്നെങ്കിലും ഫൊറൻസിക് മേധാവിയായിരുന്ന ഡോ. ഷെർളി വാസുവിനെയാണു പ്രോസിക്യൂഷൻ സാക്ഷിയാക്കിയത്. അസോഷ്യേറ്റ് പ്രഫസറായിരുന്ന ഡോക്ടർ എ.കെ.ഉന്മേഷിനെ പ്രതിഭാഗവും സാക്ഷിയാക്കി. കോടതി സമൻസ് അയച്ചതുപ്രകാരം ഉന്മേഷ് ഹാജരായി മൊഴി നൽകി.
ഡോ. ഷേർളിയുടെയും ഉന്മേഷിന്റെയും മൊഴികൾ തമ്മിൽ കാര്യമായ വ്യത്യാസം ഒന്നുമുണ്ടായില്ലെങ്കിലും ഇതോടെ ഉന്മേഷ് പ്രതിഭാഗം ചേർന്നുവെന്ന മട്ടിൽ പ്രചാരണങ്ങളുണ്ടായി. ഉന്മേഷ് സസ്‌പെൻഷനിലുമായി. പൊതുപ്രവർത്തകനായ ജോർജ് വട്ടുകുളത്തിന്റെ പരാതിയിൽ തൃശൂർ വിജിലൻസ് കോടതി ദ്രുതപരിശോധനയ്ക്കും ഉത്തരവിട്ടെങ്കിലും പരാതിക്ക് അടിസ്ഥാനമില്ലെന്നു കണ്ടെത്തുകയായിരുന്നു.
2016 മേയിൽ അന്വേഷണ ഉദ്യോഗസ്ഥൻ ഷാജ് ജോസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. ഇതിന്റെ റിപ്പോർട്ടിലാണ് ഉന്മേഷ് അവിഹിതനേട്ടം ഉണ്ടാക്കിയതിന് ഒരു തെളിവുമില്ലെന്ന് അന്വേഷണസംഘം വ്യക്തമാക്കിയത്. അത്തരം തെളിവൊന്നും ഹാജരാക്കാൻ പരാതിക്കാരനും കഴിഞ്ഞില്ല. സാക്ഷികളെയും എതിർകക്ഷികളെയും വിസ്തരിക്കുകയും 22 രേഖകൾ പരിശോധിക്കുകയും ചെയ്ത ശേഷമായിരുന്നു കോടതി വിധി. കൂടുതൽ നടപടി ആവശ്യമില്ലെന്നും ശുപാർശ ചെയ്തുള്ള റിപ്പോർട്ട് കോടതി അതേപടി അംഗീകരിക്കുകയായിരുന്നു. പ്രോസിക്യൂഷനോ പ്രതിഭാഗമോ സാക്ഷിയാക്കിയാലും കോടതി വിളിച്ചാൽ ഹാജരായി സത്യം ബോധിപ്പിക്കാൻ ഉദ്യോഗസ്ഥനു ബാധ്യതയുണ്ടെന്നും അതിന്റെ പേരിൽ കുറ്റം ആരോപിക്കാൻ കഴിയില്ലെന്നും കൂടി തൃശൂർ വിജിലൻസ് കോടതി വിധിയിൽ വ്യക്തമാക്കിയിരുന്നു.
സസ്പെൻഷൻ അടക്കമുള്ള അച്ചടക്ക നടപടിക്ക് വിധേയനായിരുന്ന ഡോ.ഉന്മേഷിനെ കുറ്റവിമുക്തനാക്കിയതോടെ സ്ഥാനക്കയറ്റം അടക്കം തടഞ്ഞുവച്ച ആനുകൂല്യങ്ങൾ നൽകിയാണ് സർവീസിൽ തിരിച്ചെടുക്കുകയെന്നാണ് വിവരം. നേരത്തെ നടത്തിയ വിജിലൻസ് അന്വേഷണത്തിലും ഉന്മേഷിനെ കുറ്റവിമുക്തനാക്കി റിപ്പോർട്ട് നൽകിയിരുന്നു.
വിവാദമായ ആ പോസ്റ്റുമോർട്ടം റിപ്പോർട്ട് എവിടെ?
ഗോവിന്ദച്ചാമി പ്രതിയായ കേസിൽ ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയ ആ പോസ്റ്റുമോർട്ടം റിപ്പോർട്ട് എവിടെ? ഡോ. ഉന്മേഷും ഡോ. രാജേന്ദ്രപ്രസാദുമാണ് യഥാർഥത്തിൽ പോസ്റ്റുമോർട്ടം നടത്തിയതെന്ന് സർക്കാർ റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, ഉന്മേഷ് തയ്യാറാക്കിയ പോസ്റ്റുമോർട്ടം റിപ്പോർട്ട് എവിടെയാണെന്ന് കണ്ടെത്താനായിട്ടില്ല. അതേക്കുറിച്ച് സർക്കാർ ഒന്നും പറയുന്നുമില്ല. സുപ്രീംകോടതി വരെയെത്തിയ ഈ കേസിൽ യഥാർഥ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇതുവരെ ഹാജരാക്കപ്പെട്ടിട്ടില്ലെന്നത് നിയമവൃത്തങ്ങളെ കുഴക്കും. പോസ്റ്റുമോർട്ടം നടത്തിയ ഫൊറൻസിക് സർജന്മാർക്ക് കോടതിയിൽ മൊഴിനൽകാൻ കഴിയാതിരുന്നത് കേസിന് വലിയ തിരിച്ചടിയായി. പ്രതി ഗോവിന്ദച്ചാമി വധശിക്ഷയിൽനിന്ന് രക്ഷപ്പെട്ടതും ഫൊറൻസിക് പിഴവ് കാരണമായിരുന്നു. റിപ്പോർട്ട് കണ്ടെടുക്കാനായാൽ കേസിൽ പുതിയ വഴിത്തിരിവുണ്ടായേക്കുമെന്ന് നിയമ വിദഗ്ദ്ധർ പറയുന്നു.
2016 ഫെബ്രുവരി രണ്ടിനാണ് ഗോവിന്ദച്ചാമി പെൺകുട്ടിയെ ട്രെയിനിൽ ആക്രമിക്കുന്നതും തള്ളിയിട്ട് ക്രൂരമായി ബലാത്സംഗം ചെയ്യുന്നതും. തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന പെൺകുട്ടി ആറിന് മരിച്ചു. ഡോ. ഉന്മേഷും ഡോ. വി.കെ. രാജേന്ദ്രപ്രസാദും നടത്തിയ പോസ്റ്റ്മോർട്ടത്തിന്റെ റിപ്പോർട്ട് ഫൊറൻസിക് വിഭാഗം മേധാവിയായ ഡോ. ഷേർളി വാസുവിന് സമർപ്പിച്ചു. എന്നാൽ കോടതിയിലെത്തിയത് ഷേർളി വാസു സ്വന്തമായി തയ്യാറാക്കി അവരുടെ ഒപ്പോടുകൂടിയ മറ്റൊരു റിപ്പോർട്ടായിരുന്നു. പോസ്റ്റുമോർട്ടം ചെയ്തവർക്ക് പകരം കോടതിയിൽ മൊഴി നൽകിയതും ഷേർളി വാസു തന്നെ.
ഷേർളി വാസുവിന്റെ റിപ്പോർട്ടും മൊഴിയും ഏറെ വൈരുധ്യങ്ങൾ നിറഞ്ഞതാണെന്ന് നിയമവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. തലയ്ക്കു ക്ഷതമേറ്റ പെൺകുട്ടിയുടെ താടിയെല്ലും കവിളെല്ലും 13 പല്ലും തകർന്ന അവസ്ഥയിലായിരുന്നു. ഗോവിന്ദച്ചാമി പെൺകുട്ടിയെ മലർത്തിക്കിടത്തിയപ്പോൾ രക്തപ്രവാഹം ശ്വാസകോശത്തിലേക്ക് കയറി തടസ്സമുണ്ടാകുകയും തലച്ചോറിലേക്ക് ഓക്സിജൻ കിട്ടാതെ വരികയും ചെയ്തതാണ് മരണകാരണമെന്നാണ് ഷേർളി വാസുവിന്റെ റിപ്പോർട്ടിലുള്ളത്. ഇത് ഗോവിന്ദച്ചാമിക്ക് തുണയായി. മലർത്തിക്കിടത്തിയാൽ മരിക്കുമെന്ന് ഗോവിന്ദച്ചാമിക്ക് അറിയില്ലായിരുന്നുവെന്നും ബലാത്സംഗം മാത്രമായിരുന്നു അയാളുടെ ഉദ്ദേശ്യമെന്നും കോടതി നിഗമനത്തിലെത്തിയത് ഷേർളി വാസുവിന്റെ ഈ മൊഴിയിലൂടെയാണ്.