കോട്ടയം: മഹാത്മഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ലെറ്റേഴ്സ് ഡയറക്ടർ ഡോ.വി സി ഹാരിസ് (59) അന്തരിച്ചു. വാഹനാപകടത്തിൽ പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. നിരൂപകൻ, നാടകപ്രവർത്തകൻ തുടങ്ങി വിവിധ മേഖലകളിൽ ശ്രദ്ധേയനായിരുന്നു അദ്ദേഹം. അഡ്വ. അനില ജോർജാണ് ഭാര്യ.

മയ്യഴിയിൽ ആണ് ഇദ്ദേഹത്തിന്റെ ജനനം. സ്‌കൂൾ വിദ്യാഭ്യാസം മയ്യഴിയിലെ ജവഹർലാൽ നെഹ്രു ഹൈസ്‌കൂളിൽ. കണ്ണൂർ എസ്.എൻ കോളേജിലും കാലിക്കറ്റ് സർവ്വകലാശാല ഇംഗ്ലീഷ് വിഭാഗത്തിലുമായി പഠനം. ഫറൂക്ക് കോളേജിൽ ഇംഗ്ലീഷ് വിഭാഗത്തിൽ ലക്ൾചററായി ജോലിചെയ്തിരുന്നു. കോട്ടയത്തെ മഹാത്മാഗാന്ധി സർവ്വകലാശാലയിലെ സ്‌കൂൾ ഓഫ് ലെറ്റേഴ്സിൽ അദ്ധ്യാപകനായി.

സാഹിത്യനിരൂപകനും ചലച്ചിത്രനിരൂപകനും ചലച്ചിത്രസംവിധായകനും സർവ്വകലാശാല അദ്ധ്യാപകനുമാണ് വി സി,ഹാരിസ്. മലയാളത്തിൽ ഉത്തരാധുനികതയെക്കുറിച്ചുനടന്ന സംവാദങ്ങളിൽ ശ്രദ്ധേയമായ പങ്കാളിത്തം വഹിച്ച ആളാണ് ഇദ്ദേഹം. കണ്ണൂർ എസ്.എൻ കോളേജിലും കാലിക്കറ്റ് സർവ്വകലാശാല ഇംഗ്ലീഷ് വിഭാഗത്തിലുമായി പഠനം. ഫറൂക്ക് കോളേജിൽ ഇംഗ്ലീഷ് വിഭാഗത്തിൽ ലക്ൾചററായി ജോലിചെയ്തിരുന്നു.

സ്‌കൂൾ ഓഫ് ലെറ്റേഴ്‌സ് ഡയറക്ടർ സ്ഥാനത്തുനിന്ന് അദ്ദേഹത്തെ നീക്കിയതിനെതിരെ കഴിഞ്ഞ മാസം കാമ്പസിൽ വിദ്യാർത്ഥി പ്രക്ഷോഭം നടന്നിരുന്നു .തുടർന്ന് അദ്ദേഹത്തെ തിരിച്ചെടുത്തു. ഒക്ടോബർ അഞ്ചിനാണ് ഓട്ടോയിൽ യാത്രചെയ്യുന്നതിനിടെ കുഴഞ്ഞുവീണ് അപകടമുണ്ടായത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

കമലാദാസിന്റെ ചന്ദനമരങ്ങൾ, മേതിലിന്റെ ആൽഫ്രെഡ് ഹിച്ച് കോക്കിന്റെ പ്രേമഗാനം, പി ടി നരേന്ദ്രനാഥിന്റെ നമ്പൂരിച്ചനും ദിവ്യമന്ത്രവും, നരേന്ദ്രപ്രസാദിന്റെ സൗപർണിക, പി ബാലചന്ദ്രന്റെ പാവം ഉസ്മാൻ തുടങ്ങിയവ ഇംഗ്‌ളീഷിലേയ്ക്കാക്കിയത് ഹാരിസാണ്. ഡിസി ബുക്‌സ് നവ സിദ്ധാന്തങ്ങൾ പുറത്തിറക്കുമ്പോൾ എഡിറ്റർമാരിൽ ഒരാളായിരുന്നു ഹാരിസ്. 'എഴുത്തും വായനയും' എന്ന സാഹിത്യ നിരുപണഗ്രന്ഥവും. സമാഹരിക്കാത്ത നിരവധി ലേഖനങ്ങൾ ഇംഗ്‌ളീഷിലും മലയാളത്തിലുമായി എഴുതിയിട്ടുണ്ട്.

പല നാടകാവതരണങ്ങളിലും രചയിതാവും സംവിധായകനും നടനുമായി അദ്ദേഹത്തിന്റെ പങ്കാളിത്തമുണ്ടായിരുന്നു. സാമുവൽ ബെക്കറ്റിന്റെ കൃതി, 'ക്രാപ്‌സ് ലാസ്റ്റ് ടേയ്പ്' മലയാളത്തിലേക്ക് വിവർത്തനം ചെയ്യുകയും, ക്രാപ്പായി വേഷമിട്ടുകൊണ്ട് ആ ഏകാംഗ നാടകം സംവിധാനം ചെയ്ത് അരങ്ങിലെത്തിക്കുകയും ചെയ്തു.

ഫ്രഞ്ച് സൈദ്ധാന്തികൻ ഴാക് ദറിദയെ കേരളസമൂഹത്തിനു പരിചയപ്പെടുത്തികൊടുത്ത വ്യക്തി കൂടിയാണ് വി സി ഹാരിസ്.
ബ്രിസ്‌ബെയിൻ ചലച്ചിത്രമേളയിൽ മലയാളം സിനിമകളുടെ ക്യൂറേറ്ററായും പങ്കെടുത്തിരുന്നു ഇദ്ദേഹം.

ആറ് സിനിമകളിലും അദ്ദേഹം വേഷമിട്ടു. ടി കെ രാജീവ് കുമാറിന്റെ ജലമർമ്മരം, സുമാ ജോസൺ സംവിധാനം ചെയ്ത സാരി, ജി എസ് വിജയൻ സംവിധാനം ചെയ്ത കവർ സ്റ്റോറി, ശിവപ്രസാദ് സംവിധാനം ചെയ്ത സ്ഥലം, എ ബി വർഗീസ് സംവിധാനം ചെയ്ത മൺസൂൺ മാംഗോസ്, സിദ്ധർഥ് ശിവ സംവിധാനം ചെയ്ത സഖാവ് എന്നീ സിനിമകളിലാണ് അഭിനയിച്ചത്.