തിരുവനന്തപുരം: 'സ്ത്രീ സുരക്ഷ ഉറപ്പാക്കുമെന്നാണു സർക്കാർ ആവർത്തിച്ചു പറയുന്നത്. പക്ഷേ, എന്റെ കാര്യത്തിൽ എന്തു സുരക്ഷയാണ് ഈ സർക്കാർ നൽകുന്നത്. ജോലിക്കു പ്രവേശിച്ചാൽ കൊല്ലുമെന്നാണ് അവരുടെ ഭീഷണി. ജീവനിൽ കൊതിയുള്ളതിനാൽ പുറത്തിറങ്ങാതെ വീട്ടിൽ തന്നെയാണിരിപ്പ്. വധഭീഷണി ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയടക്കം ബന്ധപ്പെട്ട എല്ലാവർക്കും പരാതി നൽകി. ഒരു അദ്ധ്യാപിക എന്ന പരിഗണനപോലും സർക്കാർ എന്നോടു കാട്ടിയില്ല 'എസ്എഫ്‌ഐക്കാരുടെ വധഭീഷണി നേരിടുന്ന കേരള സർവകലാശാല സ്റ്റുഡൻസ് സർവീസസ് ഡയറക്ടർ ഡോ.ടി. വിജയലക്ഷ്മിയുടെ വാക്കുകളാണിവ. സർക്കാരും പൊലീസും നീതി നിഷേധിച്ചതോടെ സഹായം അഭ്യർത്ഥിച്ചു കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ഈ അദ്ധ്യാപിക.

വിജയലക്ഷ്മിയുടെ വാക്കുകളിലൂടെ:

മാർച്ച് 30, എന്റെ ജീവിതത്തിലെ കറുത്തദിനം. സർവകലാശാല കലോത്സവത്തിന്റെ അവസാന ഗഡുവായ ഏഴുലക്ഷം രൂപ ചട്ടവിരുദ്ധമായി നൽകണമെന്ന് ആവശ്യപ്പെട്ട് സിൻഡിക്കറ്റംഗം എ.എ.റഹീമിന്റെ നേതൃത്വത്തിലുള്ള എസ്എഫ്‌ഐ സംഘത്തിൽ നിന്നുണ്ടായ മാനസിക പീഡനം ഒരിക്കലും മറക്കാനാകില്ല. ഇരുന്ന ഇരുപ്പിൽ നിന്ന് എഴുന്നേൽക്കാൻ പോലും അനുവദിക്കാതെയായിരുന്നു അവരുടെ പീഡനം.

തീവ്രവാദികൾപോലും ചിലപ്പോൾ മനസ്സലിവു കാട്ടും, എന്നാൽ മൂത്രമൊഴിക്കണമെന്നു പറഞ്ഞിട്ടുപോലും ഇവരുടെ മനസ്സലിഞ്ഞില്ല. 'ഡയറക്ടർ എന്നു വച്ചാൽ വെറും ശിപ്പായി മാത്രമാണ്. കൂടുതൽ തലപൊക്കിയാൽ ആ തല പിന്നെ കാണില്ല തീർത്തുകളയും കൊല്ലാൻ ഞങ്ങൾ മടിക്കില്ല. ജീവൻ വേണേൽ ബിൽ ഒപ്പിട്ടു തന്നേക്കണം അല്ലെങ്കിൽ ശവമായിട്ടെ പുറത്തുപോകൂ, ഇനി ഈ പരിസരത്തു കണ്ടാൽ കൊന്നുകളയും' ഇതായിരുന്നു സിൻഡിക്കറ്റംഗത്തിന്റെ വാക്കുകൾ.

ബോധംകെട്ടു വീഴുമെന്ന അവസ്ഥയിലായിരുന്ന തന്നെ ശാരീരികമായും അവർ കൈകാര്യം ചെയ്തു. തനിക്കു ചുറ്റും നിന്ന പെൺകുട്ടികളെകൊണ്ടു തലമുടി പിഴുതുപറിച്ചു. പിന്നെ പേനകൊണ്ടു മുതുകിൽ കുത്തി വേദനിപ്പിച്ചു. ഒടുക്കം വനിതാ കൗൺസിലറുടെ വകയായിരുന്നു പീഡനം. തുടർന്നു തന്നെയും വിസിയെയും ചേർത്തുള്ള അവിഹിതമാരോപിച്ചും ഇവർ മാനസികമായി ഉപദ്രവിച്ചു. യൂണിയൻ ചെയർപഴ്‌സൻ അഷിതയായിരുന്നു ഇതിനു നേതൃത്വം നൽകിയത്. ഈ കുട്ടി തന്റെ മുഖത്തു നോക്കി പല തവണ തെറിവിളിച്ചു. ശേഷം സ്ത്രീത്വത്തെ അപമാനിക്കും രീതിയിൽ മണിക്കൂറുകളോളം അധിക്ഷേപിച്ചു. സഹതാപം തോന്നി എന്നെ രക്ഷിക്കാൻ ശ്രമിച്ച സെക്യൂരിറ്റി ജീവനക്കാരെയും എസ്എഫ്‌ഐക്കാർ വിരട്ടിയോടിച്ചു.

സഹായിക്കാനെത്തിയ പൊലീസുകാരല്ലാം റഹീമിന്റെ വിരട്ടൽ ഭയന്നു പിന്മാറി. തുടർന്നു വിസിയെയും തന്നെയും ചേർത്ത് അവിഹിത ആരോപണം റഹീം വീണ്ടും ചർച്ചയാക്കി. പലതവണ അദ്ദേഹം അതുപറഞ്ഞ് അധിക്ഷേപിച്ചു. കലോത്സവത്തിന്റെ ഉദ്ഘാടന സമ്മേളനത്തിൽ വിസിയെ ഒഴിവാക്കിയതു ശരിയല്ലെന്നു ഞാൻ അഭിപ്രായപ്പെട്ടിരുന്നു. ഇതായിരുന്നു അവിഹിത ആരോപണങ്ങൾക്കു കാരണം. ഒടുവിൽ ഇവിടേക്കു മുൻ എംഎൽഎ ശിവൻകുട്ടി കടന്നുവന്നു. ഈസമയം ഇവിടെ അവിഹിതമാണു സഖാവേ എന്ന് എസ്എഫ്‌ഐക്കാരിൽ ഒരാൾ വിളിച്ചുപറഞ്ഞു. യൂണിവേഴ്‌സിറ്റി യൂണിയനുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ ചട്ടപ്രകാരം മാത്രമേ അനുവദിച്ചിരുന്നുള്ളൂ.

ഇതിന്റെ വൈരാഗ്യമാണ് എസ്എഫ്‌ഐക്കാർക്ക്. കഴിഞ്ഞവർഷം തനിക്കെതിരെ ഇവർ പോസ്റ്റർ പതിച്ചു. പിന്നീട് ഓഫിസിലെ ബോർഡുകൾ അടിച്ചുതകർത്തു. എന്നിട്ടും ഞാൻ പിൻവാങ്ങില്ലെന്നു കണ്ടതോടെയാണു കൊല്ലുമെന്ന ഭീഷണി. വിസിയെ ഉപരോധിക്കുക മാത്രമായിരുന്നില്ല അവർ ലക്ഷ്യമിട്ടത്. എന്നെ ആക്രമിക്കാനും പദ്ധതിയിട്ടു. വളരെ ആസൂത്രിതമായിട്ടായിരുന്നു നീക്കം. ഈ വിവരം എസ്എഫ്‌ഐയുമായി ബന്ധപ്പെട്ട ഒരു വിദ്യാർത്ഥിയാണു തന്നോടു പറഞ്ഞതെന്നും വിജയലക്ഷ്മി പറഞ്ഞു.