കോഴിക്കോട്: മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭാ മലബാർ ഭദ്രാസനാധിപൻ ഡോ. സഖറിയ മാർ തെയോഫിലോസ് (65) കാലം ചെയ്തു. അർബുദ രോഗത്തെ തുടർന്നു ചികിത്സയിലായിരുന്നു. കോഴിക്കോട് എംവിആർ കാൻസർ സെന്ററിലായിരുന്നു അന്ത്യം. ഭൗതികശരീരം കോഴിക്കോട് ചാത്തമംഗലത്തെ മൗണ്ട് ഹെർമോൻ അരമനയിലേക്കു മാറ്റും. കോയമ്പത്തൂരിലെ തടാകം ക്രിസ്തുശിഷ്യ ആശ്രമത്തിലാണ് കബറടക്കം.

പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി ചെങ്ങരൂരിൽ മഞ്ഞാനാംകുഴിയിൽ ചാണ്ടിപ്പിള്ളയുടെയും അച്ചാമ്മയുടെയും മൂന്ന് മക്കളിൽ രണ്ടാമനാണ്. 1991 മെയ്‌ 15ന് ചെങ്ങരൂർ സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ വെച്ച് ഫിലിപ്പോസ് മാർ തിയോഫിലോസിൽ നിന്നാണ് അദ്ദേഹം വൈദിക പട്ടം സ്വീകരിച്ചത്. വൈദികവൃത്തിക്കു പുറമെ ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമായിരുന്നു.

ന്യൂയോർക്കിലെ സെന്റ് വ്‌ലാഡിമിർസ്, ജറുസലമിലെ സെന്റ് ജോർജ് കോളജ് എന്നിവിടങ്ങളിൽ ഗവേഷണം നടത്തി ഡോക്ടറേറ്റ് നേടിയ അദ്ദേഹം സഭാജീവിത പഠനസഹായി, കൃപാവരങ്ങൾ, രണ്ടു കൊരിന്ത്യർ വ്യാഖ്യാനം, ബുക്ക് ഓഫ് പ്രേയർ ആൻഡ് സേക്രഡ് സോങ്‌സ് എന്നീ ഗ്രന്ഥങ്ങളുടെ കർത്താവാണ്.

മാർ ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് വിദ്യാർത്ഥി പ്രസ്ഥാനം (എം.ജി.ഒ.സി.എസ്.എം.) ജനറൽ സെക്രട്ടറി, എം.ജി.ഒ.സി.എസ്.എം. ചാരിറ്റബിൾ സൊസൈറ്റി സെക്രട്ടറി, ഓർത്തഡോക്‌സ് സ്റ്റഡി ബൈബിൾ കൺവീനർ, സെന്റിനറി പ്രോജക്ട് എക്‌സിക്യൂട്ടീവ് ഡയറക്ടർ, മാർ ഗ്രിഗോറിയോസ് റിഹാബിലിറ്റേഷൻ സെന്റർ ഫോർ ബ്ലൈൻഡ് വൈസ് പ്രസിഡന്റ്, മാർ ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് ക്രിസ്ത്യൻ മേഴ്‌സി ഫെലോഷിപ്പ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.