മസ്‌കറ്റ്: ഒമാനിൽ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന വനിതകൾക്ക് പ്രയോജനപ്രദമായ രീതിയിൽ പുതിയ ഭേദഗതികൾ നടപ്പിൽ വരുത്താൻ മന്ത്രാലയം പദ്ധതിയിടുന്നു. ഇപ്പോൾ നൽകിവരുന്ന പ്രസവാവധി 60 ദിവസമായി വർദ്ധിപ്പിക്കുന്നതാണ് ഇതിൽ പ്രധാനം. നിലവിൽ സ്വകാര്യമേഖലയിൽ 50 ദിവസമാണ് പ്രസവാവധി ലഭിക്കുന്നത്. ഇതാണ് പത്ത് ദിവസംകൂടി വർദ്ധിപ്പിച്ചുകൊണ്ട് പുതിയ തൊഴിൽ നിയമം കൊണ്ടുവരാൻ ആലോചിക്കുന്നത്. ഇതിന് പുറമെ ദിവസത്തിൽ ഒരു മണിക്കൂർ കുഞ്ഞിന് മുലയൂട്ടുന്നതിനായി അവധിയെടുക്കാനും സ്ത്രീകൾക്ക് അവസരം നൽകുന്നതായിരിക്കും പുതിയ നിയമമെന്ന് ജനറൽ ഫെഡറേഷൻ ഒമാൻ വക്താവ് പറഞ്ഞു.

കുട്ടികളുടെ സംരക്ഷണത്തിനും സുരക്ഷിതത്വത്തിനുമായി ഓഫീസുകളുടെ അടുത്ത് നഴ്‌സറികൾ സ്ഥാപിക്കുക എന്ന നിർദ്ദേശവും പരിഗണനയിൽ ഉണ്ട്. സ്വകാര്യ, പൊതു മേഖലകളിൽ നിലനിൽക്കുന്ന ഒരു വലിയ വ്യത്യാസം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ തൊഴിൽ നിയമം കൊണ്ടുവരുന്നത്.

ട്രേഡ് യൂണിയൻ അംഗങ്ങൾക്ക് പുതിയ നിയമം നിയമ സുരക്ഷിതത്വവും ഉറപ്പുവരുത്തുന്നുണ്ട്. സ്വകാര്യമേഖലയിൽ ജോലി അന്വേഷിക്കുന്നവർക്ക് കുറച്ചുകൂടി കാര്യക്ഷമമായ അവസരങ്ങൾ ഒരുക്കുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ടെന്നാണ് അധികൃതരുടെ വെളിപ്പെടുത്തൽ. 2014 മെയ് 1നാണ് പുതിയ നിയമത്തിന്റെ ഡ്രാഫ്റ്റിൽ ഒപ്പുവച്ചത്.