- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിടികിട്ടാപുള്ളിയെ തേടി രാത്രി എത്തിയതിന് ബന്ധുക്കളുടെ ഭീഷണി; മൈദ കമ്പനിക്ക് സമീപം എത്തിയപ്പോൾ ജീപ്പിലേക്ക് ബോംബേറ്; ഡ്രാഗൺ ദീപുവിനെ ഇനിയും പിടികൂടാനാകാതെ കണ്ണൂർ പൊലീസ്; ഹരിദാസൻ വധക്കേസിലെ പ്രതികൾ പൊലീസിനേയും വിരട്ടുമ്പോൾ
തലശേരി: പിടികിട്ടാപ്പുള്ളിയും നിരവധി കേസുകളിലെ പ്രതിയുമായ ഡ്രാഗൺ ദീപുവിനെ തെരഞ്ഞ് വീട്ടിൽ പോയപ്പോൾ പൊലിസിനെ ഭീഷണിപ്പെടുത്തിയതിന് ബന്ധുക്കൾക്കെതിരെ കേസെടുത്തു. കുടുംബാംഗങ്ങളായ മീനു രവീന്ദ്രൻ , അഭിലാഷ് എന്നിവർക്കെതിരെയാണ് കേസെടുത്തത്. രാത്രിയിൽ ദീപുവിനെ അന്വേഷിച്ചു വീട്ടിലെത്തിയ പൊലീസിനോട് ഇവർ തട്ടി കയറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്. ഇതിനിടെ ഡ്രാഗൺ ദീപുവിനായി പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
തൃശൂർ നോട്ടു തട്ടിപ്പു കേസിൽ പ്രതിയായ ദീപു ബിജെപി ശക്തികേന്ദ്രങ്ങളിൽ ഒളിവിൽ താമസിക്കുന്നുണ്ടെന്നാണ് പൊലിസിന് ലഭിച്ച രഹസ്യ വിവരം. സിപിഎം പ്രവർത്തകൻ പുന്നോൽ താഴെവയലിലെ കെ. ഹരിദാസൻ വധക്കേസ് പ്രതിയെ അന്വേഷിച്ച് മടങ്ങുകയായിരുന്ന പൊലീസ് ജീപ്പിനുനേരെയാണ് ബോംബേറ് നടന്നത്. സംഭവത്തിൽ ആർക്കും പരിക്കില്ലെങ്കിലും പ്രതികളെ പിടികൂടുന്നതിനായി പൊലീസ് ചാലക്കര മേഖലയിൽതെരച്ചിൽ നടത്തിവരികയാണ്.
ഹരിദാസൻ വധക്കേസിലെ പിടികിട്ടാപ്പുള്ളിയായ ദീപക് എന്ന ഡ്രാഗൺ ദീപുവിനെ അന്വേഷിച്ച് വീട്ടിൽ പോയി മടങ്ങുകയായിരുന്ന ന്യൂമാഹി സ്റ്റേഷനിലെ പൊലീസുകാർ സഞ്ചരിച്ച ജീപ്പിനുനേരെയായിരുന്നു ബോംബേറ്. മാഹി പള്ളൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ചാലക്കര മൈദ കമ്പനിക്കു സമീപം ബുധനാഴ്ച രാത്രി 11.30 ഓടെയായിരുന്നു സംഭവം. ദീപക്കിന്റെ ചാലക്കര വരപ്രത്ത് കാവിനടുത്ത മീത്തലെ കേളോത്ത് വീട്ടിൽ വീട്ടിൽ പരിശോധന നടത്തി മടങ്ങുകയായിരുന്നു പൊലീസ്. മൈദ കമ്പനിക്കു സമീപമെത്തിയപ്പോൾ ജീപ്പിന്റെ പിൻവശത്തേക്ക് ബോംബെറിയുകയായിരുന്നു. ന്യൂമാഹി എസ്ഐ ടി.എം. വിപിനും സംഘവുമാണ് ജീപ്പിലുണ്ടായിരുന്നത്.
സംഭവസ്ഥലത്ത് പൊലീസ് പരിശോധന നടത്തി. ബോംബാക്രമണം നടത്തിയവരെ കണ്ടെത്താനായി മാഹി പൊലീസ് മേധാവി രാജ ശങ്കർ വള്ളാട്ട്, പള്ളൂർ എസ്‌ഐ പ്രതാപൻ എന്നിവരുടെ നേതൃത്വത്തിൽ റെയ്ഡ് തുടരുകയാണ്. കണ്ണൂരിൽനിന്ന് വിരലടയാള വിദഗ്ധരും ബോംബ് സ്‌കോഡും പ്രദേശത്ത് പരിശോധന നടത്തി. ഹരിദാസൻ വധക്കേസിലെ മൂന്നാംപ്രതിയാണ് ദീപക്. തൃശൂർ ജില്ലയിൽനിന്ന് 98 ലക്ഷം രൂപ തട്ടിപ്പറിച്ച കേസിൽ ദീപകിനെ പിടികിട്ടാപ്പുള്ളിയായി നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ഇതിനിടയിലാണ് കൊലപാതകത്തിലും പ്രതിയായത്. ഹരിദാസൻ വധക്കേസിൽ നാലാം പ്രതി ന്യൂമാഹി ഈയ്യത്തുങ്കാട് പുത്തൻപുരയിൽ പുണർതത്തിൽ എൻ. നിഖിൽ നമ്പ്യാറും (27) ഒളിവിലാണ്. മത്സ്യത്തൊഴിലാളിയായിരുന്ന ഹരിദാസിനെ കഴിഞ്ഞ ഫെബ്രുവരി 21ന് പുലർച്ചെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ആർഎസ്എസ്-ബിജെപി പ്രവർത്തകർ സംഘം ചേർന്ന് വെട്ടിക്കൊലപ്പെടുത്തിയെന്നാണു കേസ്.
ബിജെപി തലശേരി മണ്ഡലം പ്രസിഡന്റ് കെ. ലിജേഷ് ഒന്നാംപ്രതിയായ കേസിൽ ഒരു സ്ത്രീയടക്കം 17 പ്രതികളുണ്ട്. 15 പേരെ അറസ്റ്റ് ചെയ്തു. ഒരാളൊഴികെ മറ്റു പ്രതികളെല്ലാം റിമാൻഡിലാണ്. തലശേരി ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിൽ മെയ് 20 ന് പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്