സാൻഫ്രാൻസിസ്‌കോ: കാലിഫോർണിയയിലെ സാൻഫ്രാൻസിസ്‌കോ ബേ ഏരിയയിലെ മലയാളി സമൂഹം ആകാംക്ഷയോടെ കാത്തിരുന്ന സർഗ്ഗവേദിയുടെ രണ്ടാമത്തെ മുഴുനീള മലയാള നാടകം 'പെരുന്തച്ചൻ' 2018 സെപ്റ്റംബർ 16-നു ഹേവാർഡ് ഷാബോട് കോളജ് പെർഫോമിങ് ആർട്സ് സെന്ററിൽ നിറഞ്ഞ സദസിനു മുന്നിൽ വിജയകരമായി അരങ്ങേറി.

ബേ ഏരിയയിലെ കലാകാരന്മാരുടേയും സഹൃദയരുടേയും കൂട്ടായ്മയായ സർഗ്ഗവേദിയാണ് വള്ളുവനാട് നാദം കമ്യൂണിക്കേഷൻസിന്റെ പെരുന്തച്ചൻ നാടകത്തെ അമേരിക്കയിലെ അരങ്ങിലെത്തിച്ചത്. സർഗ്ഗവേദിയുടെ ആദ്യ നാടകമായ, 2017-ൽ അമേരിക്കയിലെ വിവിധ പട്ടണങ്ങളിൽ അവതരിപ്പിച്ച 'കാട്ടുകുതിര' നാടകം നൽകിയ പ്രതീക്ഷകളെ കവച്ചുവെയ്ക്കാൻ 'പെരുന്തച്ചന്' ആയതിൽ സർഗ്ഗവേദിക്ക് തീർച്ചയായും അഭിമാനിക്കാം.

'പറയിപെറ്റ പന്തിരുകുല'ത്തിലെ പെരുന്തച്ചൻ ഐതീഹ്യങ്ങളിലൂടെയും കാവ്യ, നാടക, സിനിമകളിലൂടെയും മലയാളികളുടെ മനസ്സിൽ നിറഞ്ഞുനിൽക്കുന്ന കഥാപാത്രമാണ്. പെരുന്തച്ചന്റെ കഥ, അതിന്റെ എല്ലാ പൊലിമകളിലൂടെയും കണ്ണഞ്ചിപ്പിക്കുന്ന രംഗസംവിധാനത്തിന്റെ പകിട്ടുകളിലൂടെയും സർഗ്ഗവേദി അരങ്ങത്തെത്തിച്ചപ്പോൾ അത് പ്രേക്ഷകർക്ക് ഗൃഹാതുരത്വത്തിന്റെ സുന്ദരമായ ഓർമ്മകൾ സമ്മാനിച്ചു.

സർഗ്ഗവേദിയുടെ ക്ഷണമനുസരിച്ച് പെരുന്തച്ചൻ കാണാനെത്തുമ്പോൾ കാണികളുടെ മനസ്സിലെ സംശയം വായിച്ചും, പറഞ്ഞും, കണ്ടും കേട്ടും ഏറെ പരിചയിച്ച പെരുന്തച്ചനെ സർഗ്ഗവേദി എങ്ങനെയാണ് ഈ നാടകത്തിലൂടെ അവതരിപ്പിക്കുക എന്നതായിരുന്നു. പക്ഷെ അവരുടെ ചിന്തകളെ മാറ്റിമറിച്ചുകൊണ്ട് ദൃശ്യവിസ്മയത്തിന്റെ അപാരതലങ്ങളിലേക്കു പെരുന്തച്ചൻ നടന്നുകയറി. ഒരു നല്ല സിനിമ കാണുമ്പോൾ പ്രേക്ഷകൻ എന്തെല്ലാം വികാരവിക്ഷോഭങ്ങളിലൂടെ കടന്നുപോകുമോ, അവയെല്ലാം സമ്മാനിക്കാൻ പെരുന്തച്ചന് കഴിഞ്ഞു. പാട്ടും, നൃത്തവും, സംഗീതവും കലാസംവിധാനവും, അഭിനയവും എല്ലാം ഒന്നിനൊന്നു മെച്ചമായിരുന്നു. പ്രൊഫഷണൽ നാടകത്തിന്റെ തനതായ ശൈലിയിൽ അവതരിപ്പിച്ച ഈ നാടകത്തിലെ അഭിനേതാക്കൾ ഒന്നിനൊന്നു മികച്ചുനിന്നു. അഭിനയകലയിലും കലാവിരുതിലും അഗ്രഗണ്യരാണ് സിലിക്കോൺവാലിയിലെ മലയാളികൾ എന്നു സർഗ്ഗവേദി വീണ്ടും തെളിയിച്ചു.

അമേരിക്കയിലെ പരിമിത സാഹചര്യങ്ങൾക്കുള്ളിൽനിന്നുകൊണ്ട് മനോഹരമായി നെയ്തെടുത്ത ഈ കലാശില്പം കാണികൾക്ക് ഒരു ദൃശ്യവിസ്മയമായിരുന്നു. ഗൃഹാതുരതയുണർത്തുന്ന പാട്ടുകളും സംഗീതവും കാണികളെ തെല്ലുനേരത്തേക്കൊന്ന് കേരളത്തിലേക്ക് കൂട്ടിക്കൊണ്ടുപോയ പ്രതീതി.

സർഗ്ഗവേദിക്കുവേണ്ടി ഈ നാടകം സംവിധാനം ചെയ്തതും പ്രധാന കഥാപാത്രമായ പെരുന്തച്ചനായി അഭിനയിച്ചതും ജോൺ കൊടിയനാണ്. ജോൺ തന്നെയാണ് സർഗ്ഗവേദി അമേരിക്കൻ നഗരങ്ങളിൽ വിജയക്കൊടി പാറിച്ച കാട്ടുകുതിര എന്ന ആദ്യ നാടകത്തിന്റെ സംവിധായകനും.

വിനോദ് ജോൺ, രാജിമേനോൻ, ടോം ആന്റണി എന്നിവർ നിർമ്മാണത്തിന്റെ ചുക്കാൻ പിടിച്ചു. ശ്രീജിത് ശ്രീധരനാണ് പശ്ചാത്തല രംഗങ്ങൾ ഒരുക്കിയത്. എഴുത്തുകാരനും നടനുമായ മോൻസി സ്‌കറിയ സഹസംവിധായകനായിരുന്നു. മെൽവിൻ ജെറോം, ബെന്നി ആനോസ് എന്നിവർ സംഗീതം നൽകി.

ഡെന്നീസ് പാറേക്കാടൻ, ഷെമി ദീപക്, ശ്യാം ചന്ദ്, രശ്മി നാരായണൻ, സതീഷ് മേനോൻ, ശരത് ശങ്കരംകുമാരത്ത്, ബാബു ആലുംമൂട്ടിൽ, ടീന ചെറുവേലി, രേഷ്മ നാരായണസ്വാമി, ദീപക് എടപ്പാറ, ജന ശ്രീനിവാസൻ, ഡാനിഷ് തോമസ്, ലക്ഷ്മി ബൈജു, മഞ്ജുപിള്ള, സജിനാ അരുൺ, മഹാലക്ഷ്മി അരുൺ, ആന്മേരി ആന്റണി, മൃദുല കർത്താ എന്നിവർ വലുതും ചെറുതുമായ കഥാപാത്രങ്ങളുമായി നാടകത്തിൽ അഭിനയിച്ചു തകർത്തു.

നാരായണൻ, ലെസ്ലി പോൾ എന്നിവർ ശബ്ദവും, ലെബോൺ മാത്യു വെളിച്ചവും നിയന്ത്രിച്ചു. ജോജൻ ആന്റണി, സുബി ആൻഡ്രൂസ് എന്നിവർ ഫോട്ടോഗ്രാഫിയും, ഷാജി പരോൾ വീഡിയോഗ്രാഫിയും നിർവഹിച്ചു. ലത നാരായണൻ, ജാസ്മിൻ പരോൾ, ശ്രീജ മോഹൻ, പാറു സുദീഷ് എന്നിവരാണ് മേക്കപ്പിനു സഹായിച്ചത്. റാണി സുനിൽ ആയിരുന്നു പി.ആർ.ഒ. നാടകാവസാനം ഉമേഷ് നരേന്ദ്രനും ഐശ്വര്യ അരവിന്ദും ചേർന്ന് അഭിനേതാക്കളേയും അണിയറ പ്രവർത്തകരേയും സദസിനു പരിചയപ്പെടുത്തി.

നാടകത്തിൽ നിന്നുള്ള ലാഭത്തിന്റെ പകുതി കേരളത്തിലെ വെള്ളപ്പൊക്ക ദിരുതാശ്വാസത്തിനും, ബാക്കിയുള്ളതിൽ നല്ലൊരു തുക കേരളത്തിലെ ഒരു പഴയകാല നാടക നടനായ കെ.വി. ആന്റണി സഹായമായി നൽകാനുമാണ് ഉദ്ദേശിക്കുന്നതെന്നു സർഗ്ഗവേദി ഭാരവാഹികൾ അറിയിച്ചു.

സർഗ്ഗവേദി നടത്തിയ 2018-ലെ കഥാ-കവിതാ മത്സരത്തിലെ വിജയികളെ നാടക സ്റ്റേജിൽ പ്രഖ്യാപിച്ചു. ചെറുകഥാ മത്സരത്തിൽ ഒന്നാം സമ്മാനം ഇല്ലിനോയ്സിലെ എഡ്വേർഡ് വില്ലിൽ നിന്നുള്ള ഡോ. ഷീജ സിറിൽ എഴുതിയ 'പച്ച റോസാപ്പുക്കളും ചുവന്ന ഇലകളും' എന്ന കഥയ്ക്കാണ്. കവിതയിൽ മസാച്ചുസെറ്റ്സിലെ ടിങ്സ് ബറോയിൽ നിന്നുള്ള സിന്ധു നായർ എഴുതിയ 'ഒറ്റയ്ക്കായവർ' എന്ന കവിത ഒന്നാം സ്ഥാനവും, കാലിഫോർണിയയിലെ മിൽപിറ്റാസിൽ നിന്നുള്ള സ്മിത പുതുശേരി എഴുതിയ 'അച്ഛൻ' എന്ന കവിത രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

പ്രശസ്ത എഴുത്തുകാർക്ക് ബേ ഏരിയയിൽ വേദികളൊരുക്കുകയും, പുതിയ എഴുത്തുകാരെ പ്രോത്സാഹിപ്പക്കുകയും, സാഹിത്യ ചർച്ചകൾകൊണ്ട് വായനയെ സമ്പുഷ്ടമാക്കുകയും ചെയ്യുന്ന സർഗ്ഗവേദി ഈ നാടകം അമേരിക്കയിലെ മറ്റു നഗരങ്ങളിൽ അവതരിപ്പിക്കുന്നതിനു മലയാളി സംഘടനകളുടെ സഹായം അഭ്യർത്ഥിച്ചു. താത്പര്യമുള്ളവർ sargavediteam@gmail.com-എന്ന ഇമെയിലിൽ ബന്ധപ്പെടുക.