മൂവാറ്റുപുഴ: മൂവാറ്റുപുഴ ജപ്തി സംഭവത്തിൽ മാത്യു കുഴൽനാടൻ എംഎൽഎ നൽകിയ ചെക്ക് മാറാനാകില്ലെന്ന് മൂവാറ്റുപുഴ അർബൻ ബാങ്ക് നിലപാട് എടുത്തത് നാടകീയ രംഗങ്ങൾക്ക് ഇടയാക്കി. ജപ്തി നടപടിക്ക് ഇരയായ അജേഷിന്റെ കുടുംബം പ്രതിഷേധിച്ചതോടെ ചെക്ക് ഒടുവിൽ സ്വീകരിച്ചു. ജപ്തി വിവാദമായപ്പോൾ ബാങ്ക് ജീവനക്കാർ ചേർന്ന് വായ്പ തുക തിരിച്ചടച്ചിരുന്നു. തങ്ങളോട് ചോദിക്കാതെ എന്തിനാണ് ജീവനക്കാരുടെ പണം സ്വീകരിച്ചതെന്നായിരുന്നു അജേഷിന്റെ കുടുംബത്തിന്റെ ചോദ്യം. ഇതിന് പിന്നാലെ മാത്യു കുഴൽനാടൻ നൽകിയ 1,35,586 രൂപയുടെ ചെക്ക് ബാങ്ക് സ്വീകരിച്ചു. ജപ്തി വിഷയം വിവാദമായതോടെ അജേഷിന്റെ വായ്പ കുടിശ്ശിക സിഐടിയു അടയ്ക്കുമെന്ന് അറിയിച്ചിരുന്നു. എന്നാൽ തന്നെയും കുടുംബത്തെയും അപമാനിച്ച സിപിഎമ്മിന്റെ പണം തനിക്ക് വേണ്ടെന്നായിരുന്നു അജേഷ് പറഞ്ഞത്.

അജേഷും ഭാര്യയും ആശുപത്രിയിലായിരിക്കെ, പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഇറക്കിവിട്ടു വീടു ജപ്തി ചെയ്തതാണ് വിവാദമായത്. കുടുംബം കടം തീർക്കുന്നതിനായി മാത്യു കുഴൽനാടൻ എംഎൽഎ നൽകിയ ചെക്കുമായി എത്തിയപ്പോഴാണ് ബാങ്ക് നിഷേധാത്മക നിലപാട് സ്വീകരിച്ചത്.

നിലവിൽ കടം തീർത്ത നിലയിലാണെന്നും അതുകൊണ്ടു തന്നെ ചെക്ക് സ്വീകരിക്കാൻ സാധിക്കില്ലെന്നുമായിരുന്നു ജീവനക്കാർ വ്യക്തമാക്കിയത്. ഇതോടെ തർക്കമായി, മാത്യു കുഴൽനാടൻ എംഎൽഎയുടെ ശമ്പളം ഉൾപ്പട്ട തുകയുടെ 1,35,686 രൂപയുടെ ചെക്കാണ് ഇവർ സമർപ്പിച്ചത്.

കടം തീർത്ത വിവരം അറിയിച്ചിട്ടില്ലെന്നും കടം തീർക്കാനാണ് വന്നതെന്നും വീട്ടുടമസ്ഥൻ അജേഷും ഭാര്യ മഞ്ജുവും നിലപാട് എടുത്തതോടെ ബാങ്ക് ജീവനക്കാർക്ക് ചെക്ക് സ്വീകരിക്കാതെ വയ്യെന്നായി. തുടർന്ന് അവർ ചെക്ക് സ്വീകരിക്കുകയായിരുന്നു. പക്ഷേ അജേഷിന്റെ ലോൺ അക്കൗണ്ടിലേക്ക് വരവു വയ്ക്കാനാകില്ലെന്ന് മൂവാറ്റുപുഴ അർബൻ ബാങ്ക് ജീവനക്കാർ വ്യക്തമാക്കി.

പട്ടികജാതിക്കാരനായ അജേഷ് അഞ്ച് വർഷം മുമ്പ് തൊഴിലാവശ്യത്തിനായി എടുത്ത ഒരു ലക്ഷം രൂപയുടെ വായ്പയാണ് കുടിശ്ശികയായത്. തുടർന്ന് ജപ്തിക്കായി കഴിഞ്ഞ ശനിയാഴ്ച ബാങ്ക് ജീവനക്കാർ വീട്ടിലെത്തി. ഗുരുതരമായ ഹൃദ്രോഗത്തിന് ചികിത്സ തേടി അജേഷും കൂട്ടിരിപ്പുകാരിയായി ഭാര്യയും ഈ സമയം എറണാകുളം ജനറൽ ആശുപത്രിയിൽ ആയിരുന്നു. അജേഷ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആകുന്നത് വരെ ജപ്തി നീട്ടാൻ സമയം ചോദിച്ചെങ്കിലും ബാങ്ക് അനുവദിച്ചില്ല. തുടർന്ന് 12 വയസിൽ താഴെയുള്ള മൂന്ന് പെൺകുട്ടികളെ ഇറക്കിവിട്ട് വീട് ജപ്തി ചെയ്തു. ഇത് വലിയ വിവാദത്തിനും വിമർശനത്തിനും വഴി വച്ചതോടെയാണ് വായ്പ തിരിച്ചടച്ച് പ്രശ്‌നത്തിൽ നിന്ന് തലയൂരാൻ ബാങ്ക് ശ്രമിച്ചത്.

മാത്യു കുഴൻനാടൻ എംഎൽഎ അജേഷിന്റെ വായ്പ കുടിശ്ശിക എത്രയെന്ന് അറിയിക്കണമെന്നും സാമ്പത്തിക ബാധ്യത ഏറ്റെടുക്കാൻ തയ്യാറാണെന്നും വ്യക്തമാക്കി ബാങ്കിന് കത്ത് നൽകിയിരുന്നു. രണ്ട് മണിക്കൂറിനകം അജേഷിന്റെ വായ്പ ബാങ്ക് ജീവനക്കാർ തിരിച്ചടച്ചെന്ന് ഗോപി കോട്ടമുറിക്കൽ സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ടു. പിന്നാലെ തന്റെ അനുമതിയില്ലാതെ ബാങ്കിലടച്ച പണം തനിക്കാവശ്യമില്ലെന്ന് അജേഷ് പ്രതികരിക്കുകയായിരുന്നു.