- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഇതെന്താ സ്ഥാനാർത്ഥിക്ക് ആദരാഞ്ജലിയോ? കേരളാ കോൺഗ്രസ് (എം) റാന്നി നിയോജക മണ്ഡലം കൺവൻഷനിൽ നാടകീയ രംഗങ്ങൾ; ഇറക്കുമതി ചെയ്ത പ്രവർത്തകർക്ക് എതിരേ പ്രതികരിച്ച ദളിത് നേതാവിനെ ജില്ലാ പ്രസിഡന്റ് മർദിച്ചു
റാന്നി: കേരളാ കോൺഗ്രസ് (എം) റാന്നി നിയോജക മണ്ഡലം കൺവൻഷനിൽ നാടകീയ രംഗങ്ങൾ. സ്ഥാനാർത്ഥിയുടെ ചിത്രം മേശയ്ക്കടിയിൽ തൂക്കിയിട്ടു. യോഗത്തിന് ഉപയോഗിച്ച ബാനറിൽ ജോസ് കെ മാണിയുടെ പടം. ആളെണ്ണം തികയ്ക്കാൻ മറ്റ് ജില്ലകളിൽ നിന്ന് ഇറക്കു മതി ചെയ്തു. ചോദ്യം ചെയ്ത ദളിത് ഫ്രണ്ട് സംസ്ഥാന നേതാവിനെ ജില്ലാ പ്രസിഡന്റും സെക്രട്ടറിയും ചേർന്ന് മർദിച്ചുവെന്ന് പരാതി.ഇന്നലെ വൈകിട്ട് അഞ്ചിന് നടന്ന യോഗത്തിലാണ് കൈയാങ്കളി നടന്നത്.
മാണി ഗ്രൂപ്പിന്റെ നിയോജക മണ്ഡലം കമ്മറ്റി ഏറെ നാളായി നിർജീവ അവസ്ഥയിലാണ്. ജില്ലാ പ്രസിഡന്റ് എൻഎം രാജു റാന്നിയിൽ മത്സരിക്കുന്നതിന് തയ്യാറെടുത്തപ്പോഴാണ് കമ്മറ്റി നിർജീവമായത്. കമ്മറ്റി ചേർന്നതായി പത്രവാർത്തകൾ നൽകുക മാത്രമാണ് ചെയ്തിരുന്നത്. അതിനിടെയാണ് റാന്നി സീറ്റ് എൽഡിഎഫ് മാണി ഗ്രൂപ്പിന് നൽകിയത്. റാന്നിയിൽ പാർട്ടിക്ക് എത്രമാത്രം ശക്തിയുണ്ടെന്ന് അറിയാൻ നിയോജക മണ്ഡലം കമ്മറ്റി വിളിക്കാൻ എൽഡിഎഫാണ് നിർദ്ദേശം നൽകിയത്. ഇതോടെ ജില്ലാ നേതൃത്വം വെട്ടിലായി. റാന്നിയിൽ വിരലിൽ എണ്ണാവുന്ന പ്രവർത്തകർ പോലുമില്ലെന്ന് മനസിലാക്കിയ ഇവർ പുറമേ നിലന്ന് ആളിനെ ഇറക്കാൻ തീരുമാനിച്ചു.
ആലപ്പുഴ, കോട്ടയം ജില്ലകളിൽ നിന്ന് കൊണ്ടു വന്നതും പത്തനംതിട്ടയിലെ മറ്റു മണ്ഡലങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്തതുമായ പ്രവർത്തകരുമായിട്ടാണ് യോഗം കൂടിയത്. സ്ഥാനാർത്ഥി പ്രമോദ് നാരായണൻ അഭ്യർത്ഥിച്ചത് പ്രകാരം ഏറെ നാളായി വിട്ടു നിൽക്കുന്ന സംസ്ഥാന കമ്മറ്റി അംഗം ഷാജി തേക്കാട്ടിൽ, ദളിത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി ജയകുമാർ എന്നിവർ യോഗത്തിനെത്തി. യോഗവേദിക്ക് പിന്നിൽ തൂക്കിയ ബാനറിൽ പാർട്ടി ചെയർമാൻ ജോസ് കെ മാണിയുടെ പടവും ചിഹ്നവും മാത്രവുമാണ് ഉണ്ടായിരുന്നത്. സ്ഥാനാർത്ഥിയുടെ പടം വേദിയിലുണ്ടായിരുന്ന മേശയ്ക്ക് വിരിപ്പായി തൂക്കിയിട്ടിരിക്കുകയായിരുന്നു. അതിന് മുകളിൽ വിളക്ക് കൂടി കത്തിച്ചു വച്ചതോടെ ആദരാഞ്ജലിക്ക് സമാനമായി.
തോമസ് ചാഴികാടനാണ് യോഗം ഉദ്ഘാടനം ചെയ്തത്. നിയോജക മണ്ഡലം പ്രസിഡന്റ് ആലിച്ചൻ ആറൊന്നിൽ അധ്യക്ഷനായി. സ്ഥാനാർത്ഥി പ്രമോദ് നാരായൺ പ്രസംഗിക്കാൻ എഴുന്നേറ്റപ്പോൾ സദസിന് പിന്നിൽ ഇരുന്ന ദളിത്ഫ്രണ്ട് നേതാവ് ജയകുമാർ എണീറ്റ് മുന്നോട്ടു വന്നു. വേദിക്ക് മുന്നിൽ വച്ച് ജയകുമാറിന്റെ കഴുത്തിൽ കുത്തിപ്പിടിച്ച് ജില്ലാ പ്രസിഡന്റ് എൻഎം രാജുവും സെക്രട്ടറി ജോർജ് ഏബ്രഹാമും മർദിക്കുകയായിരുന്നു. വെളിയിൽ ഇറക്കിയിട്ടും മർദനം തുടർന്നു. ജില്ലയ്ക്ക് വെളിയിൽ നിന്ന് വന്നവരും മർദിക്കാൻ കൂടിയെന്ന് പറയുന്നു.
മർദനത്തെ ചിലർ അപലപിച്ചു. ദളിത് പീഡനത്തിന് ജയകുമാർ പൊലീസിൽ പരാതി നൽകുമെന്ന് അറിയുന്നു.