മുംബൈ: കൗതുകം അതിന്റെ എല്ലാ അതിർ വരമ്പുകളും ലംഘിച്ച് കൂടി നിന്നവരെ എല്ലാം മറ്റൊരു ലോകത്തേക്ക് കൊണ്ടു പോയ ശേഷമാണ് സോഫിയ എന്ന റോബോട്ട് ഇന്ത്യയിൽ നിന്നും മടങ്ങിയത്. മനുഷ്യരെ പോലെ കൂർമ്മ ബുദ്ധിയും ചോദിച്ചതിനെല്ലാം ബുദ്ധി പൂർവ്വമായി തന്നെ മറുപടി പറഞ്ഞുമാണ് ഇന്നലെ സോഫിയ കൂടി നിന്നവരെ എല്ലാം അത്ഭുത ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോയത്.

''നമസ്‌തേ ഇന്ത്യ, അയാം സോഫിയ.'' എന്നു പറഞ്ഞാണ് സോഫിയ ആവേശവും കൗതുകവും നിറച്ച് സംസാരിച്ച് തുടങ്ങിയത്. സാരിയുടുത്ത് തികഞ്ഞ ഇന്ത്യക്കാരിയായിട്ടായിരുന്നു സൗദി പൗരത്വം ലഭിക്കുകവഴി ലോകശ്രദ്ധയിലെത്തിയ സോഫിയാ റോബോട്ടിന്റെ രംഗ പ്രവേശം. മുംബൈ നഗരത്തിന്റെ ഹൃദയം കീഴടക്കിയ ശേഷമായിരുന്നു സോഫിയ തിരികെ പോയത്.

''സോഫിയ, ഡു യു നോ വെയർ ആർ യു?'' എന്ന അവതാരകയുടെ ചോദ്യത്തിനുള്ള സോഫിയയുടെ മറുപടി ഇങ്ങനെയായിരുന്നു. താൻ മുംബൈയിലെ ഐഐടി ടെക് ഫെസ്റ്റിലാണെന്നും 3114 പേർ തന്റെ മുൻപിലുണ്ട്. ഞാൻ ഇന്ത്യ കാണണമെന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു. ഇത്രയും പാരമ്പര്യവും സംസ്‌ക്കാരവും ഉള്ള രാജ്യത്ത് എത്തിച്ചേരാനായി. ഇന്ത്യക്കാർ സിലിക്കൺ വാലിയിൽ നൽകുന്ന സംഭാവന എന്തെന്ന് എനിക്കറിയാം. സ്‌പേസ് ടെക്‌നോളജിയിലും ഇന്ത്യ നൽകുന്ന സംഭാവന വലുതാണ്' സോഫി പറഞ്ഞു.

''ഞാനൊരു ആൺകുട്ടിയായിരുന്നെങ്കിൽ എന്നെ കല്യാണം കഴിക്കുമായിരുന്നോ?'' അവതാരകയുടെ മറ്റൊരു ചോദ്യം. ആ വാഗ്ദാനം ഞാൻ നിരസിക്കുന്നു എന്നാൽ തന്നെ സ്ത്രീയായി അംഗീകരിച്ചതിൽ സന്തോഷമെന്നായിരുന്നു മറുപടി.

സാങ്കേതിക തകരാർമൂലം ചോദ്യോത്തര സെഷൻ ഇടയ്ക്കുവച്ച് ഉപേക്ഷിക്കേണ്ടിവരുമോ എന്ന് ആശങ്ക ഉയർന്നെങ്കിലും പ്രശ്‌നം പിന്നീടു പരിഹരിച്ചു. കൂടിക്കാഴ്ച മൂന്നരയ്ക്കാണ് ആരംഭിച്ചത്. കർട്ടൻ ഉയർന്നപ്പോൾ സാരിയുടുത്തു നിൽക്കുന്ന സോഫിയയെ കണ്ടു ജനം ആർത്തുവിളിച്ചു.

ലോകത്തു മറ്റ് ഒട്ടേറെ പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ളപ്പോൾ റോബട്ടുകൾക്കുവേണ്ടി വൻതോതിൽ പണം ചെലവഴിക്കുന്നതു ശരിയാണോ എന്ന ചോദ്യത്തിനു പക്ഷേ, സോഫിയയ്ക്കു മറുപടി പറയാനായില്ല. സാങ്കേതിക തകരാർ ആണെന്നു സംഘാടകർ അറിയിച്ചതോടെ ചോദ്യോത്തര സെഷൻ തടസ്സപ്പെട്ടു. ആളുകൾ പിരിഞ്ഞുപോകാൻ ഒരുങ്ങിയെങ്കിലും പ്രശ്‌നം പരിഹരിച്ചതായി പിന്നാലെ അറിയിപ്പു വന്നു.

ധാരാളം കുട്ടികളും സോഫിയയെ കാണാനെത്തി. ഇംഗ്ലിഷ് ആയതിനാൽ പറഞ്ഞതു മനസ്സിലായില്ലെന്നും മറാഠിയിലായിരുന്നെങ്കിൽ ചോദ്യം ചോദിക്കുമായിരുന്നെന്നും കൂട്ടത്തിലൊരു പത്തുവയസ്സുകാരി പറഞ്ഞു. ഐഐടിയിൽ വെള്ളിയാഴ്ച ആരംഭിച്ച വാർഷിക ശാസ്ത്ര - സാങ്കേതിക മേളയായ ടെക്‌ഫെസ്റ്റിൽ വിശിഷ്ടാതിഥിയായാണു സോഫിയ എത്തിയത്.

ഹോങ്കോങിലാണ് സോഫിയ ജന്മമെടുത്തത്. 2015ലാണ് സോഫിയ പ്രവർത്തനം ആരംഭിച്ചത്. കഴിഞ്ഞ ഒക്ടോബറിലാണ് സോഫിയയ്ക്ക് പൗരത്വം നൽകി സൗദി അംഗീകരിച്ചത്.