- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒഡീഷയിൽ ബിജു ജനാതാദൾ.... ആന്ധ്രയിൽ ജ്ഗമോഹൻ റെഡ്ഡി.... പഞ്ചാബിൽ അകാലിദൾ.... യുപിയിൽ മായാവതിയും; വോട്ടെടുപ്പിനും എണ്ണലിനും മുമ്പ് തന്നെ ഫലം തെളിയുന്നു; രാഷ്ട്രപതി സ്ഥാനത്തെത്തുന്ന ആദ്യ ഗോത്രവർഗ്ഗ നേതാവാകും ദ്രൗപതി മുർമു; ചെറുപാർട്ടികളുടെ പിന്തുണയിൽ ഒഡീഷയിലെ ബിജെപി നേതാവ് ചരിത്രം രചിക്കും
ന്യൂഡൽഹി: ഒഡീഷയിൽ ബിജു ജനാതാദൾ.... ആന്ധ്രയിൽ ജ്ഗമോഹൻ റെഡ്ഡി.... പഞ്ചാബിൽ അകാലിദൾ.... മഹാരാഷ്ട്രയിൽ ശിവസേനയിലെ ഷിൻഡാ വിഭാഗവും. എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥിയായ ദ്രൗപദി മുർമുവിനു പിന്തുണയുമായി ശിരോമണി അകാലിദളും എത്തുമ്പോൾ ബിജെപിയുടെ രാഷ്ട്രീയ നീക്കം വലിയ വിജയമാകുകയാണ്. വൻഭൂരിപക്ഷത്തിൽ മുർമു ജയിക്കുമെന്ന് ഉറപ്പായി കഴിഞ്ഞു. മഹാരാഷ്ട്രയിലെ ഓപ്പറേൻ താമരയുടെ വിജയവും യുപിയിലെ ഉപതെരഞ്ഞെടുപ്പ് വിജയങ്ങളും ബിജെപിക്ക് രാഷ്ട്രീയ കരുത്ത് കൂട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതൽ പ്രാദേശിക പാർട്ടികൾ മുർമുവിന് പിന്തുണയുമായി എത്തുന്നത്.
ഇലക്ട്രൽ കോളേജിൽ മുർമുവിനെ ഒറ്റയ്ക്ക് ജയിപ്പിക്കാനുള്ള വോട്ട് ബിജെപിക്കുണ്ടായിരുന്നില്ല. ബീഹാറിലെ നിതീഷ് കുമാറിനെ അടർത്തി മാറ്റി ബിജെപി മുന്നണിയെ തകർത്ത് പ്രതിപക്ഷ സ്ഥാനാർത്ഥിയെ ജയിപ്പിക്കാമെന്ന കണക്കു കൂട്ടലിലായിരുന്നു കോൺഗ്രസ്. ഇതിന് എൻസിപി നേതാവ് ശരത് പവാറിനെ ചുമതലപ്പെടുത്തി. ഇതിനിടെയാണ് മഹാരാഷ്ട്രയിൽ സേനാ സർക്കാരിനെ പുറത്താക്കുന്ന നീക്കം തുടങ്ങിയത്. ഇത് ദേശീയ രാഷ്ട്രീയത്തിൽ പോലും ഞെട്ടലുണ്ടായി. ഇതിന് പിന്നാലെ എല്ലാം മുർമുവിന് അനുകൂലമായി. ഉത്തർപ്രദേശിൽ ബിഎസ് പിയും മായാവതിയും പോലും മുർമുവിനൊപ്പമാണ്.
പ്രതിപക്ഷ സഖ്യമായ യുപിഎയുടെ ഭാഗമല്ലാത്ത മിക്ക ചെറു രാഷ്ട്രീയ കക്ഷികളും മുർമുവിനെ പിന്തുണയ്ക്കുന്നുണ്ട്. കർണ്ണാടകയിലെ ജെഡിഎസും മുർമുവിന് ഏതാണ്ട് അനുകൂലമാണ്. ഈ സാഹചര്യം നൽകുന്നത് മുർമുവിന് വലിയ ഭൂരിപക്ഷമാകും. പഞ്ചാബിൽ ശിരോമണി അകാലിദൾ ബിജെപിയുമായി അടുക്കുകയും ചെയ്യുന്നു. ഇത് പഞ്ചാബ് രാഷ്ട്രീയത്തിലും ഭാവിയിൽ ഗുണം ചെയ്‌തേയ്ക്കും. ന്യൂനപക്ഷങ്ങളുടെയും ചൂഷിതരുടെയും പിന്നാക്ക വിഭാഗങ്ങളുടെയും സ്ത്രീകളുടെ അന്തസ്സിന്റെയും പ്രതീകമായാണ് ദ്രൗപദിയെ കാണുന്നതെന്ന് അകാലിദൾ പറഞ്ഞു. വെള്ളിയാഴ്ച ചണ്ഡിഗഡിൽ നടന്ന പാർട്ടിയുടെ കോർ കമ്മിറ്റി യോഗം ദ്രൗപദിയുടെ സ്ഥാനാർത്ഥിത്വം അംഗീകരിച്ചു പ്രമേയം പാസാക്കി.
ശിരോമണി അകാലിദൾ അധ്യക്ഷൻ സുഖ്ബീർ സിങ് ബാദൽ, ദ്രൗപദിയുമായി കൂടിക്കാഴ്ച നടത്തി. മുതിർന്ന നേതാക്കളായ ബൽവീന്ദർ സിങ് ഭുന്ദർ, ചരൺജിത് സിങ് അത്വാൾ, പ്രേം സിങ് ചന്ദുമജ്ര, ഹർചരൺ ബെയിൻസ് എന്നിവരും ബാദലിനൊപ്പം ഉണ്ടായിരുന്നു. 'ന്യൂനപക്ഷങ്ങളുടെ മനസ്സിൽനിന്ന് അരക്ഷിതാവസ്ഥ ഇല്ലാതാക്കുക, പഞ്ചാബിന്, പ്രത്യേകിച്ച് സിഖുകാരുടെ നീതി തുടങ്ങിയ സുപ്രധാന വിഷയങ്ങളിൽ ബിജെപിയുമായി അഭിപ്രായ വ്യത്യാസങ്ങൾ നിലനിൽക്കുന്നു. എന്നാൽ ന്യൂനപക്ഷ വിഭാഗങ്ങളുടെ പ്രതീകമായാണ് ദ്രൗപദി മുർമുവിനെ കാണുന്നത്. ആദിവാസി, ന്യൂനപക്ഷ വിഭാഗങ്ങളെ പിന്തുണയ്ക്കുന്ന നിലപാടായിരുന്നു മഹാനായ ഗുരു സാഹിബിന്റേത്' ശിരോമണി അകാലിദൾ വ്യക്തമാക്കി.
പട്ടികവർഗ-ആദിവാസി വിഭാഗത്തിൽ നിന്നുള്ള നേതാവ് മത്സരിക്കുന്നതിനാൽ രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ നിന്നും പ്രതിപക്ഷം പിന്മാറണമെന്ന് ബിജെപി നേരത്തെ ആവശ്യപ്പെട്ടിരുന്നു. സ്വതന്ത്ര ഇന്ത്യ 75 വർഷം പിന്നിടുമ്പോൾ പട്ടിക വർഗ്ഗ വിഭാഗത്തിൽ നിന്നൊരു വനിത, ഇന്ത്യയുടെ പ്രസിഡന്റ് പദവിയിലെത്താൻ അവസരം ഒരുങ്ങിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ രാജ്യം ഒറ്റക്കെട്ടായി ദ്രൗപദി മുർമുവിനെ വിജയിപ്പിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. എന്നാൽ ബിജെപിയുടെ ആവശ്യം പ്രതിപക്ഷം തള്ളിയിരുന്നു. മത്സരത്തിൽ ഉറച്ചു നിൽക്കുന്നു. പ്രതിപക്ഷത്തിന്റെ സ്ഥാനാർത്ഥിയെ പിൻവലിക്കുന്ന പ്രശ്‌നമില്ല. ബിജെപിയുടെ സ്ഥാനാർത്ഥി തങ്ങൾ ഉദ്ദേശിച്ച ആൾ തന്നെയാണെന്നും പ്രതിപക്ഷ നേതാക്കൾ വ്യക്തമാക്കി.
മുൻ കേന്ദ്ര ധനമന്ത്രി യശ്വന്ത് സിൻഹയെയാണ് പ്രതിപക്ഷ സ്ഥാനാർത്ഥി. ബിജെപി പാർലമെന്ററി ബോർഡ് യോ?ഗമാണ് ജാർഖണ്ഡ് മുൻ ഗവർണറും ഒഡീഷ മുൻ മന്ത്രിയുമായിരുന്ന ദ്രൗപതി മുർമുവിനെ എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥിയായി നിശ്ചയിച്ചത്. രാഷ്ട്രപതി സ്ഥാനത്തെത്തുന്ന ആദ്യ ഗോത്രവർഗ്ഗ നേതാവാകും ദ്രൗപതി മുർമു. രാഷ്ട്രീയത്തിലെത്തുന്നതിന് മുമ്പ് അദ്ധ്യാപികയായിരുന്നു. കൗൺസിലറായാണ് രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കം. പിന്നീട് റായ് രംഗ്പുർ എൻ.എ.സിയുടെ വൈസ് ചെയർപേഴ്‌സണായി. ബിജെപി ടിക്കറ്റിൽ 2000ത്തിലും 2009ലും രണ്ടുതവണ റായ് രംഗ്പൂർ എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടു. 2000ത്തിൽ അധികാരത്തിലെത്തിയ ബിജെപി-ബി.ജെ.ഡി ഒഡീഷ സർക്കാരിൽ ഗതാഗതം, വാണിജ്യം, മത്സ്യബന്ധനം, മൃഗസംരക്ഷണം തുടങ്ങിയ വകുപ്പുകൾ കൈകാര്യം ചെയ്തു.
2013 മുതൽ 2015 വരെ എസ്.ടി മോർച്ചയുടെ ദേശീയ നിർവാഹക സമിതി അംഗമായിരുന്നു ദ്രൗപതി മുർമു. 2015ൽ ഝാർഖണ്ഡിലെ ആദ്യ വനിത ഗവർണറായി മുർമു സത്യപ്രതിജ്ഞ ചെയ്തു. 2015 മുതൽ 2021 വരെ ഝാർഖണ്ഡ് ഗവർണറായി സേവനം അനുഷ്ഠിച്ചു. ഝാർഖണ്ഡിലെ ഒമ്പതാം ഗവർണറായിരുന്നു ഇവർ. ഇന്ത്യയിലെ ഒരു സംസ്ഥാനത്തിലെ ഗവർണറായ ആദ്യ ?ഗോത്രവിഭാഗം വനിതയുമാണ് മുർമു. സാന്താൽ വംശജയായ 64കാരിയുടെ പേര് 2017ലെ രാഷ്ട്രപതി തെരഞ്ഞെടുപ്പിലും ഉയർന്നുകേട്ടിരുന്നു. 1958 ജൂൺ 20നാണ് ജനനം. വെല്ലുവിളികൾക്കിടയിലും പഠനം പൂർത്തിയാക്കി. ഭുബനേശ്വറിലെ രമാദേവി വിമൻസ് കോളജിൽനിന്ന് ബി.എ പൂർത്തിയാക്കി. പിന്നീട് റായ് രംഗ്പൂരിലെ ശ്രീ അരബിന്ദോ ഇന്റഗ്രൽ എജൂക്കേഷൻ സെന്ററിൽ അദ്ധ്യാപികയായി. പരേതനായ ശ്യാം ചരൺ മുർമുവാണ് ഭർത്താവ്.
പ്രതിപക്ഷം മുമ്പോട്ട് വയ്ക്കുന്നത് ബിജെപിയുടെ മുൻ നേതാവിനെയാണ്. ബിഹാറിലെ പട്‌ന സ്വദേശിയാണ് 84കാരനായ യശ്വന്ത് സിൻഹ മുൻ ഐ.എ.എസ് ഉദ്യോഗസ്ഥനായിരുന്നു. 1960 മുതൽ സിവിൽ സർവിസിന്റെ ഭാഗമായിരുന്ന സിൻഹ 24 വർഷത്തെ സേവനം അവസാനിപ്പിച്ച് രാഷ്ട്രീയത്തിലെത്തി. 1984ലായിരുന്നു ജനത പാർട്ടിയിലേക്കുള്ള പ്രവേശനം. 1986ൽ ജനതാ പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറിയായി. 1988ൽ രാജ്യസഭ എംപിയുമായി അദ്ദേഹം. 1989ൽ ജനതാദൾ രൂപീകരിച്ചപ്പോൾ സിൻഹയെ പാർട്ടി ജനറൽ സെക്രട്ടറിയാക്കി. 1990-1991ലെ ചന്ദ്രശേഖർ സർക്കാരിൽ ധനമന്ത്രിയായിരുന്നു അദ്ദേഹം.
കൂടാതെ 1998 മാർച്ച് മുതൽ 2002 ജൂലൈ വരെ അടൽ ബിഹാരി വാജ്‌പേയ് സർക്കാരിലും ധനമന്ത്രിയായിരുന്നു സിൻഹ. പിന്നീട് 2002 ജൂലൈ മുതൽ 2004 മെയ് വരെ വിദേശ കാര്യമന്ത്രിയുമായി. 2018ൽ ബിജെപിയിൽനിന്ന് രാജിവെച്ചു. 2021 മാർച്ച് 13നായിരുന്നു സിൻഹയുടെ തൃണമൂൽ കോൺഗ്രസ് പ്രവേശനം. പ്രതിപക്ഷപാർട്ടികളുടെ രാഷ്ട്രപതി സ്ഥാനാർത്ഥിയാകുന്നതിന് 2022 ജൂൺ 21ൽ തൃണമൂൽ വിടുകയുംചെയ്തു.
മറുനാടന് മലയാളി ബ്യൂറോ