ന്യൂഡൽഹി: രാജ്യം കാത്തിരിക്കുന്ന ചരിത്ര മുഹൂർത്തം ഇന്ന്.ഇന്ത്യയുടെ 15ാം രാഷ്ട്രപതിയായി ദ്രൗപതി മുർമു ചുമതലയേൽക്കും.രാവിലെ 10.15 മുതൽ പാർലമെന്റിന്റെ സെൻട്രൽ ഹാളിലാണ് സത്യപ്രതിജ്ഞ ചടങ്ങ്.സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ.വി.രമണ സത്യവാചകം ചൊല്ലിക്കൊടുക്കും.സ്ഥാനമേറ്റശേഷം പുതിയ രാഷ്ട്രപതി ചടങ്ങിനെ അഭിസംബോധന ചെയ്യും. തുടർന്ന് 11.05നു രാഷ്ട്രപതി ഭവനിലെത്തി സേനകളുടെ ഗാർഡ് ഓഫ് ഓണർ സ്വീകരിക്കുന്നതോടെ ചടങ്ങുകൾ പൂർത്തിയാകും.

രാവിലെ പത്തോടെയാകും സ്ഥാനമൊഴിയുന്ന രാഷ്ട്രപതിയും നിയുക്ത രാഷ്ട്രപതിയും രാഷ്ട്രപതിഭവനിൽ നിന്നു പാർലമെന്റിലെത്തുക. ഉപരാഷ്ട്രപതിയും ലോക്‌സഭാ സ്പീക്കറും സുപ്രീം കോടതി ചീഫ് ജസ്റ്റിസും ചേർന്ന് ഇരുവരെയും സെൻട്രൽ ഹാളിലേക്ക് ആനയിക്കും.ഇതോടെയാണ് ചടങ്ങുകൾ ആരംഭിക്കുക.

ചടങ്ങിൽ ഉപരാഷ്ട്രപതി എം. വെങ്കയ്യാ നായിഡു, പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്സഭ സ്പീക്കർ ഓം ബിർല, മന്ത്രിമാർ, സംസ്ഥാന ഗവർണർമാർ, മുഖ്യമന്ത്രിമാർ തുടങ്ങിയവർ പങ്കെടുക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.സ്ഥാനമൊഴിയുന്ന രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ സാന്നിധ്യവും ചടങ്ങിലുണ്ടാകും.

രാജ്യത്തെ പരമോന്നത ഭരണഘടനാ പദവിയിലെത്തുന്ന ആദിവാസി വിഭാഗത്തിലെ ആദ്യ അംഗവും രണ്ടാമത്തെ വനിതയുമാണ് മുർമു.സ്വാതന്ത്ര്യാനന്തരം ജനിക്കുന്ന ആദ്യത്തെ രാഷ്ട്രപതിയും ഉയർന്ന പദവി വഹിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയുമാണ് അവർ. 2015 മുതൽ 2021 വരെ ഝാർഖണ്ഡിലെ ആദ്യ വനിതാ ഗവർണറുമായിരുന്നു മുർമു.ഒഡീഷയിലെ പിന്നോക്ക ജില്ലയായ മയൂർഭഞ്ച് ഗ്രാമത്തിലെ ഒരു പാവപ്പെട്ട ആദിവാസി കുടുംബത്തിൽ ജനിച്ച ദ്രൗപതി മുർമു വെല്ലുവിളികൾക്കിടയിലും പഠനം പൂർത്തിയാക്കി. ഒഡീഷ മന്ത്രിസഭയിൽ മന്ത്രിയുമായിരുന്നു മുർമു.

വൻ ഭൂരിപക്ഷത്തോടെയാണ് 64 കാരി മുർമു രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ചരിത്രമെഴുതിയത്.രാം നാഥ് കോവിന്ദിന്റെ പിൻഗാമിയാകാൻ ഇലക്ടറൽ കോളേജ് ഉൾപ്പെടുന്ന എംപിമാരുടെയും എൽഎമാരുടെയും 64 ശതമാനത്തിലധികം വോട്ടുകൾ നേടിയാണ്് മുർമു വിജയിച്ചത്.മുർമുവിന് 6,76,803 വോട്ടുകൾ ലഭിച്ചു. സിൻഹയ്ക്ക് 3,80,177 വോട്ടുകൾ മാത്രമാണ് നേടാനായത്.