ന്യൂഡൽഹി: കോവിഡ് പ്രതിരോധത്തിനായി ഡിഫൻസ് റിസർച്ച് ആൻഡ് ഡവലപ്‌മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) വികസിപ്പിച്ച 2-ഡിജി മരുന്ന് ജൂൺ ആദ്യ വാരം മുതൽ രാജ്യത്തെ എല്ലാ ആശുപത്രികളിലും ലഭ്യമാകും. ഡിആർഡിഒ വികസിപ്പിച്ചെടുത്ത 2-ഡിജിയുടെ ആദ്യ ബാച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഇന്ന് പുറത്തിറക്കിയിരുന്നു.

ആദ്യ ഘട്ടത്തിൽ ഈ മരുന്ന് എയിംസ്, സൈനിക ആശുപത്രികൾ, ഡിആർഡിഒ ആശുപത്രികൾ തുടങ്ങിയ സ്ഥലങ്ങളിൽ മാത്രമേ ലഭ്യമാകൂവെന്നും ജൂൺ മുതൽ രാജ്യത്തെ എല്ലാ ആശുപത്രികളിലും മരുന്നെത്തുമെന്നും ഡിആർഡിഒ ചെയർമാൻ ജി.സതീഷ് റെഡ്ഡി പറഞ്ഞു.

ഉത്പാദനം നടന്നുവരികയാണ്. രണ്ടാം ബാച്ച് മരുന്ന് മെയ് അവസാനത്തോടെ എത്തും. ജൂൺ ആദ്യം മുതൽ തന്നെ സ്ഥിരമായ ഉത്പാദനം നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

രണ്ടാം ബാച്ചിൽ ഉത്പാദനത്തിന്റെ അളവ് വർധിപ്പിക്കും. ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ അംഗീകാരത്തിന് ശേഷം പ്രവർത്തനം കാര്യക്ഷമമാക്കിയിട്ടുണ്ടെങ്കിലും സാധാരാണ ഉത്പാദനശേഷിയിലെത്താൻ ഒരു മാസത്തോളം എടുക്കുമെന്നും ഡിആർഡിഎ മേധാവി പറഞ്ഞു.

'കോവിഡ് ബാധിച്ച കോശങ്ങളിൽ നേരിട്ടാണ് മരുന്ന് പ്രവർത്തിക്കുക. വൈറസ് മറ്റു ആരോഗ്യകരമായ കോശങ്ങളിലേക്ക് കടക്കുന്നതിനെ ഇത് തടഞ്ഞ് നിർത്തും. രോഗപ്രതിരോധമായും ഇത് പ്രവർത്തിക്കുന്നതിനാൽ രോഗികൾക്ക് എളുപ്പത്തിൽ സുഖംപ്രാപിക്കാം. ഒരു വ്യക്തി അഞ്ചു മുതൽ ഏഴ് ദിവസം വരെ ദിവസം രണ്ടു തവണ വീതം മരുന്ന് കഴിക്കേണ്ടതുണ്ട്. ഓരോരുത്തരുടേയും ഭാരമനുസരിച്ചും ഡോക്ടർമാർ നിർദേശിക്കുന്നതിനനുസൃതവുമായിരിക്കും' ജി.സതീഷ് റെഡ്ഡി പറഞ്ഞു.

2-ഡിജിയുടെ ആദ്യബാച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും ആരോഗ്യമന്ത്രി ഹർഷ് വർധനും ചേർന്നാണ് പുറത്തിറക്കിയത്. അടിയന്തര ഉപയോഗത്തിനായി 2-ഡിയോക്‌സി ഡി-ഗ്ലൂക്കോസ് (2ഡിജി) മരുന്നിന് ഈ മാസമാദ്യം ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിജിസിഐ) അംഗീകാരം നൽകിയിരുന്നു.

'കോവിഡ് ചികിത്സയ്ക്ക് ഈ മരുന്ന് പ്രതീക്ഷ നൽകുന്നു. നമ്മുടെ രാജ്യത്തിന്റെ ശാസ്ത്രീയ വൈദഗ്ധ്യത്തിന്റെ മികച്ച ഉദാഹരണമാണിത്. നമ്മൾ വിശ്രമിക്കേണ്ട സമയമായിട്ടില്ല, നാം തളരേണ്ടതുമില്ല. ഓക്‌സിജൻ വിതരണം, ഐസിയു കിടക്കകൾ, ക്രയോജനിക് ടാങ്കറുകളുടെ ക്രമീകരണം തുടങ്ങി എല്ലാ കാര്യങ്ങളിലും സർക്കാർ ഗൗരവ നടപടികൾ സ്വീകരിച്ചിട്ടുണ്ട്' ഡിആർഡിഒയിൽ നടന്ന പരിപാടിയിൽ രാജ്‌നാഥ് സിങ് പറഞ്ഞു.

കോവിഡ്- ദുരിതാശ്വാസ നടപടികൾക്കായി സായുധ സേനയെ വിന്യസിക്കുന്നത് അതിർത്തിയിലെ തയ്യാറെടുപ്പിനെ യാതൊരു തരത്തിലും ബാധിച്ചിട്ടില്ലെന്നും രാജ്‌നാഥ് വ്യക്തമാക്കി. ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗികൾക്കു വേഗത്തിൽ ആശ്വാസം കിട്ടുന്നതിനും ഓക്‌സിജൻ ആശ്രിതത്വം കുറയ്ക്കുന്നതിനും 2-ഡിജി മരുന്നിനു കഴിയുമെന്നു ക്ലിനിക്കൽ പരീക്ഷണ ഫലങ്ങൾ ഉദ്ധരിച്ചു പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

ഹൈദരാബാദ് ആസ്ഥാനമായുള്ള ഡോ. റെഡ്ഡീസ് ലബോറട്ടറീസുമായി സഹകരിച്ചാണു ഡിആർഡിഒ ലാബ് 2-ഡിജി വികസിപ്പിച്ചത്. പൊടി രൂപത്തിൽ ലഭ്യമാകുന്ന മരുന്ന് വെള്ളത്തിനൊപ്പം കഴിക്കാം. കോവിഡ് ചികിത്സയ്ക്കു കൃത്യമായി മരുന്ന് ലഭ്യമായിട്ടില്ലാത്ത സാഹചര്യത്തിൽ രോഗതീവ്രത കുറയ്ക്കുന്നതിന് ഉപയോഗിക്കുന്ന ചുരുക്കം ചിലതിന്റെ കൂട്ടത്തിലാണ് 2-ഡിജിയും വരുന്നത്.