2015ൽ നടന്ന ഒരു വിവാഹത്തിനിടെ സ്‌കോട്ട്ലൻഡിലെ വധുവിന്റെ അമ്മ ധരിച്ച വസ്ത്രത്തിന്റെ നിറത്തെ ചൊല്ലി സൈബർ ലോകത്ത് വൻ നിറവാദം അരങ്ങേറിയിരുന്നത് ഓർക്കുമല്ലോ..? ആ സ്ത്രീ ധരിച്ചത് വെളുപ്പും സ്വർണവും കലർന്ന നിറമാണോ? അതോ നീലയും കറുപ്പും കലർന്ന നിറമാണോ..? എന്നതായിരുന്നു ആ വാഗ്വാദം. എന്നാൽ കളറിനെ ചൊല്ലിയുള്ള ആ തർക്കത്തിന് രണ്ട് കൊല്ലത്തിന് ശേഷം ഇപ്പോൾ പരിഹാരവുമായി ശാസ്ത്രജ്ഞർ രംഗത്തെത്തിയിരിക്കുന്നു. എന്തുകൊണ്ടാണ് ആളുകൾ ഒരേ നിറത്തെ രണ്ടായി കാണാനിടയായതെന്നാണ് ശാസ്ത്രം വിശദീകരിച്ചിരിക്കുന്നത്.

നമ്മുടെ ശരീരത്തിനകത്തുള്ള ക്ലോക്കിന്റെ പ്രവർത്തനമാണീ നിറവ്യത്യാസം അനുഭവിക്കാൻ പ്രധാന കാരണമെന്നാണ് ശാസ്ത്രജ്ഞന്മാർ വിശദീകരിച്ചിരിക്കുന്നത്. അതായത് രാവിലെ നേരത്തെ എഴുന്നേറ്റവർ ഈ വസ്ത്രത്തെ വെളുപ്പും സ്വർണവും കലർന്ന നിറമായി കാണാൻ സാധ്യതയേറെയാണെന്നാണ് ശാസ്ത്രം സമർത്ഥിക്കുന്നത്. 13,000 പേരെ ഉൾപ്പെടുത്തി നടത്തി ഓൺലൈൻ പഠനത്തിലൂടെയാണ് ഇതുമായി ബന്ധപ്പെട്ട വിശദീകരണം സയന്റിസ്റ്റുകൾ നൽകിയിരിക്കുന്നത്. ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിലെ ഗവേഷകനായ ഡോ. പാസ്‌കൽ വാലിസ്‌കാണീ പഠനത്തിന് നേതൃത്വം നൽകിയത്.

ഇതിന് മുമ്പ് ഈ വസ്ത്രം കണ്ടവരായിരുന്നു ഈ പഠനത്തിൽ പങ്കെടുത്തത്. വസ്ത്രം ഏത് തരത്തിലാണ് കണ്ടതെന്ന ചോദ്യമായിരുന്നു ഇവരോട് ചോദിച്ചിരുന്നത്. അഞ്ചിൽ നാല് പേരും ഇത് വെള്ളയും സ്വർണവും കലർന്ന നിറമാണെന്നാണ് വെളിപ്പെടുത്തിയത്. എന്നാൽ പകുതി പേരും ഇതിലെ ഷാഡോ കണ്ടിരുന്നില്ല. ഈ പഠനത്തിലൂടെ നമ്മുടെ ഉള്ളിലുള്ള ജൈവഘടികാരത്തിന്റെ പ്രവർത്തനത്തെക്കുറിച്ച് വിശദീകരിക്കുകയാണ് ഡോ.വാലിസ്‌ക് ശ്രമിക്കുന്നത്. ഇതിന് പുറമെ സൂര്യപ്രകാശത്തോടുള്ള നമ്മുടെ സാമീപ്യവും നിറത്തെ നിർണയിക്കുന്ന പ്രധാന ഘടകമായി വർത്തിക്കുന്നുവെന്നും അദ്ദേഹം വിശദീകരിക്കുന്നു.

ഒരാൾ കാണുന്ന അതേ കളറാണോ മറ്റൊരാളും കാണുന്നതെന്ന ചോദ്യത്തിനുള്ള ഉത്തരവുമാണീ ഗവേഷണമേകിയിരിക്കുന്നത്. രണ്ടു പേർ ഒരേ നിറത്തെ വ്യത്യസ്തമായി കാണുന്ന അവസരമുണ്ടാകാമെന്നാണിതിലൂടെ വെളിപ്പെട്ടിരിക്കുന്നത്. ഇല്യുമിനേഷനുമായി ബന്ധപ്പെട്ട അവസ്ഥകളിൽ ഇനിയും അവ്യക്തതകളുണ്ടെന്നും സ്‌കോട്ട്ലൻഡിലെ സിംഗറായ കൈയ്റ്റ്ലിൻ മാക് നെയിൽ ടംബ്ലറിൽ പോസ്റ്റ് ചെയ്ത ചിത്രത്തിലെ സ്ത്രീയുടെ വസ്ത്രത്തിന്റെ നിറവുമായി ബന്ധപ്പെട്ടായിരുന്നു 2015ൽ നിറവാദം ശക്തമാത്. ഈ ഫോട്ടോഗ്രാഫിലെ സ്ത്രീയുടെ വസ്ത്രത്തിന്റെ നിറം തന്റെ കൂട്ടുകാർ വ്യത്യസ്തമായിട്ടാണ് കാണുന്നതെന്നായിരുന്നു കൈയ്റ്റ്ലിൻ വെളിപ്പെടുത്തിയിരുന്നത്. തുടർന്ന് വസ്ത്രത്തിന്റെ നിറത്തെ ചൊല്ലി പക്ഷം തിരിഞ്ഞുള്ള ചർച്ചകൾ സജീവമായി ഉയരുകയും ചെയ്തിരുന്നു. കിം കർദാശിയാനെ പോലുള്ള നിരവധി പ്രമുഖരും ഇതിൽ ഭാഗഭാക്കായിരുന്നു.