- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഫ്ഗാനിൽ വിളയുന്ന ഹെറോയിൻ; പാക്കിസ്ഥാനിൽ നിന്നും കപ്പലിൽ പുറങ്കടലിൽ എത്തും; ഏജന്റുമാർ ബോട്ടിൽ കൊച്ചിയിലേക്കും; ലക്ഷദ്വീപ് തീരത്തെ കരുതലിൽ കുടുങ്ങിയത് 526 കോടി രൂപ വിലവരുന്ന 218 കിലോഗ്രാം ഹെറോയിൻ; 'ഓപറേഷൻ ഖോജ്ബീൻ' തുടരും; കൊച്ചിയിലേക്ക് മയക്കുമരുന്ന് വരുന്ന പുതിയ വഴി കണ്ടെത്തുമ്പോൾ
കൊച്ചി: ഗുജറാത്തിലെ തീരങ്ങളിലായിരുന്നു വൻ തോതിൽ ഹെറോയിൻ എത്തിക്കൊണ്ടിരുന്നത്. പാക്കിസ്ഥാനിൽ നിനനും അഫ്ഗാനിൽ നിന്നുമായിരുന്നു ഇതെല്ലാം. എന്നാൽ കസ്റ്റംസ് അവിടെ പിടിമുറുക്കി. ഇതോടെ കടത്തുകാർ താവളം കൊച്ചിയിലേക്ക് മാറ്റി. അഫ്ഗാനിസ്ഥാനിൽ നിന്നു കടൽമാർഗം കടത്തിക്കൊണ്ടു വന്ന 526 കോടി രൂപ വിലവരുന്ന 218 കിലോഗ്രാം ഹെറോയിൻ തീരസംരക്ഷണ സേനയും ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസും (ഡിആർഐ) ചേർന്നു പിടികൂടുമ്പോൾ കേരളം മയക്കുമരുന്ന് മാഫിയയുടെ പ്രിയ താവളമായി മാറുകയാണ്.
തീരസംരക്ഷണ സേനയുടെ 'സുജീത്ത്' ബോട്ടിലെത്തിയ ഡിആർഐ ഉദ്യോഗസ്ഥർ ലക്ഷദ്വീപ് അഗത്തി തീരം വഴി സംശയകരമായി നീങ്ങിയ 2 ഇന്ത്യൻ ബോട്ടുകളെ കണ്ടെത്തി പിടികൂടുകയായിരുന്നു. 20 തൊഴിലാളികൾ ഉണ്ടായിരുന്നു. ചോദ്യം ചെയ്യലിൽ ബോട്ടുകളിൽ ലഹരിമരുന്ന് ഒളിപ്പിച്ച വിവരം തൊഴിലാളികൾ സമ്മതിച്ചു. 2 ദിവസം മുൻപ് കസ്റ്റഡിയിലെടുത്ത ബോട്ടുകൾ കൊച്ചിയിലെ കോസ്റ്റ് ഗാർഡ് ആസ്ഥാനത്ത് എത്തിച്ചു പരിശോധന നടത്തിയപ്പോഴാണ് ഒരു കിലോഗ്രാം ഹെറോയിൻ വീതമുള്ള 218 പൊതികൾ കണ്ടെത്തിയത്.
ഏറെ നാളായി കൊച്ചി മയക്കു മരുന്ന് മാഫിയയുടെ പിടിയിലാണ്. ചെന്നൈയിൽ നിന്നും മറ്റും മയക്കു മരുന്ന് എത്തിക്കുന്നതാണ് രീതി. ഇതിന ്മാറ്റം വരുന്നു. അഫ്ഗാനിൽ നിന്ന് പോലും കടൽ വഴി കൊച്ചിയിലേക്ക് സാധനം കൊണ്ടു വരുന്നുവെന്നതിന് തെളിവാണ് കഴിഞ്ഞ ദിവസത്തെ ഹെറോയിൻ വേട്ട. കേരളത്തെ മയക്കു മരുന്നിൽ മുക്കുന്ന കടൽ വഴിയാണ് ഇതിൽ തെളിയുന്നത്.
അഫ്ഗാനിസ്ഥാനിൽ ഉൽപാദിപ്പിച്ച ഹെറോയിൻ പാക്കിസ്ഥാനിൽ നിന്നാണ് സംഘം എത്തിച്ചതെന്ന് കരുതുന്നതായി ഡി ആർ ഐ വൃത്തങ്ങൾ പറഞ്ഞു. കപ്പലിൽ പുറങ്കടലിൽ എത്തിച്ചശേഷം ബോട്ടിലേക്ക് മാറ്റുകയായിരുന്നു. ഇത് ഏറ്റുവാങ്ങി മടങ്ങിയ സംഘത്തെയാണ് ലക്ഷദ്വീപിലെ അഗത്തിക്കടുത്തുനിന്ന് പിടികൂടിയത്. കന്യാകുമാരിയായിരുന്നു ബോട്ടിന്റെ ലക്ഷ്യമെന്നാണ് സൂചന. കന്യാകുമാരിയിൽ ചരക്ക് ഇറക്കി റോഡ് മാർഗ്ഗം കേരളത്തിലെത്തിക്കലായിരുന്നു പദ്ധതി. എന്നാൽ പിടിയിലായവരുടെ ഈ മൊഴി പൂർണ്ണമായും വിശ്വസിച്ചിട്ടില്ല. കൊച്ചിയിലേക്ക് തന്നെയാണ് ഇതുകൊണ്ടു വന്നതെന്നാണ് നിഗമനം.
ഒരു മാസത്തിനിടയിൽ ഡിആർഐ നടത്തിയ നാലാമത്തെ വൻ ലഹരി പിടിച്ചെടുക്കലാണ് ഇത്. രാജ്യാന്തര വിപണിയിൽ ഏകദേശം 2500 കോടി രൂപ വിലമതിക്കുന്ന ലഹരി മരുന്നാണ് ഒരു മാസത്തിനിടയിൽ പിടികൂടിയത്. 2021 ഏപ്രിലിനു ശേഷം 26,000 കോടി രൂപ വിലമതിക്കുന്ന 3800 കിലോഗ്രാം ലഹരിമരുന്നു ഡിആർഐയും മൂന്നു വർഷത്തിനിടയിൽ 6200 കോടി രൂപ വിലമതിക്കുന്ന 3 ടൺ ലഹരിമരുന്നു തീരസംരക്ഷണ സേനയും പിടികൂടിയിട്ടുണ്ട്. ഇറാൻ, പാക്കിസ്ഥാൻ ബോട്ടുകളിൽ കടത്താൻ ശ്രമിച്ച എകെ47 തോക്കുകളും കൈത്തോക്കുകളും ശ്രീലങ്കൻ സ്വദേശികളിൽ നിന്നു പിടികൂടിയിരുന്നു.
മെയ് ഏഴിന് ഡയറക്ടററേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസും (ഡി.ആർ.ഐ) തീരസംരക്ഷണ സേനയും 'ഓപറേഷൻ ഖോജ്ബീൻ' എന്ന പേരിൽ സംയുക്തമായി ആരംഭിച്ച പരിശോധനയിലാണ് രണ്ട് ബോട്ടുകളിൽ ഒളിപ്പിച്ച 218 കിലോ മയക്കുമരുന്ന് പിടിച്ചെടുത്തത്. തീരസംരക്ഷണ സേനയുടെ സുജീത് എന്ന കപ്പലിൽ സേനാംഗങ്ങളും ഡി.ആർ.ഐ ഉദ്യോഗസ്ഥരും ചേർന്ന് നിരന്തര നിരീക്ഷണത്തിലൂടെ സംശയകരമായ സാഹചര്യത്തിൽ പ്രിൻസ്, ലിറ്റിൽ ജീസസ് എന്നീ ബോട്ടുകൾ മെയ് 18ന് പിടികൂടുകയായിരുന്നു.
ചോദ്യം ചെയ്യലിൽ ബോട്ടിലുണ്ടായിരുന്ന ചിലർ കുറ്റം സമ്മതിച്ചു. മയക്കുമരുന്ന് നിരോധന നിയമപ്രകാരം കേസെടുത്ത് കൂടുതൽ തിരച്ചിലും അന്വേഷണവും നടത്തിവരുകയാണ്. ബോട്ടിലുണ്ടായിരുന്ന 20 പേരിൽ മലയാളികളും തമിഴ്‌നാട് സ്വദേശികളുമുണ്ട്.
മറുനാടന് മലയാളി ബ്യൂറോ