പനാജി: പൊതുസ്ഥലങ്ങളിൽ മദ്യപിക്കുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കാൻ ഗോവൻ പൊലീസിന്റെ തീരുമാനം. പൊതുസ്ഥലങ്ങളിൽ മദ്യപിക്കുന്നത് നിരോധിച്ചു നേരത്തേ തന്നെ നിയമമുണ്ടെങ്കിലും ടൂറിസം സൗഹൃദ സംസ്ഥാനമായ ഗോവയിൽ ഇത് പാലിക്കുന്നത് അപൂർവമായാണ്. വിനോദ സഞ്ചാരികൾ വലിച്ചെറിയുന്ന മദ്യകുപ്പികളുടെ പൊട്ടിയ അവശിഷ്ടങ്ങൾമൂലം പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് ഏറുന്ന പശ്ചാത്തലത്തിലാണ് നിയമം കർശനമായി നടപ്പാക്കി നടപടികൾ എടുക്കാൻ പൊലീസ് തീരുമാനിച്ചിരിക്കുന്നത്.

ഉത്തര ഗോവ ജില്ലാ പൊലീസ് ഭരണകൂടമാണ് നിയമം കർശനമാക്കാൻ തീരുമാനിച്ചിരിക്കുന്നത്. കടലിൽ കുളിക്കുമ്പോഴും ബീച്ചുകളിൽ നടക്കുമ്പോഴും കുപ്പിച്ചില്ലുകൾ കൊണ്ട് അപകടമുണ്ടാകുന്നതായി കാണിച്ച് നിരവധി പരാതികളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കടൽത്തീരത്തും മറ്റു പൊതു സ്ഥലങ്ങളിലുമിരുന്ന് മദ്യപിക്കുന്നവർ മദ്യക്കുപ്പികൾ വലിച്ചെറിയുന്നതാണ് അപകടത്തിനിടയാക്കുന്നത്.

കൂടാതെ, പൊതുസ്ഥലങ്ങളിൽ മദ്യപിക്കുന്നത് ജനങ്ങൾക്ക് ശല്യമുണ്ടാക്കുന്നതായും പരാതിയുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് പൊതുസ്ഥലങ്ങളിൽ മദ്യപിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ നിർദ്ദേശിച്ചിരിക്കുന്നതെന്ന് പൊലീസ് സൂപ്രണ്ട് കാർത്തിക് കാശ്യപ് പറഞ്ഞു. അറസ്റ്റും പിഴ ചുമത്തലും അടക്കമുള്ള നടപടികളാണ് പൊലീസ് പരിഗണിക്കുന്നത്.

കഴിഞ്ഞ ഓഗസ്റ്റിലാണ് പൊതുസ്ഥലങ്ങളിൽ മദ്യനിരോധനം ഏർപ്പെടുത്തി ഗോവൻ സർക്കാർ നിയമഭേദഗതി കൊണ്ടുവന്നത്. ഇത്തരത്തിൽ പിടിക്കപ്പെടുന്നവർക്ക് 1,000 മുതൽ 10,000 രൂപവരെ പിഴയാണ് നിയമത്തിൽ നിർദ്ദേശിച്ചിരിക്കുന്നത്.