ഗ്ലെൻഡൈവ്: മൊണ്ടാനയിലുള്ള യെല്ലോസ്‌റ്റോൺ നദിയിൽ ഓയിൽ വിതരണ പൈപ്പുപൊട്ടി വെള്ളം മലിനമായതിനെത്തുടർന്ന് ഗ്ലെൻഡൈവ് നിവാസികൾക്ക് കുടിവെള്ളം മുട്ടി.  ഗ്ലെൻഡൈവ് സിറ്റിയിലേക്കുള്ള ജലവിതരണ സംവിധാനത്തിലാണ് 50,000 ഗാലനോളം (1,89,000 ലിറ്റർ) ഓയിൽ കലർന്ന് കുടിവെള്ളം മലിനമായത്.

യെല്ലോസ്‌റ്റോൺ നദിയിൽ നിന്ന്  ഗ്ലെൻഡൈവ് വാട്ടർ സപ്ലൈ സംവിധാനത്തിലേക്കാണ് ഓയിൽ വിതരണ പൈപ്പു പൊട്ടിയത്. ഒമ്പതു മൈലുകളോളം ദൂരത്തിൽ ഓയിൽ ലീക്ക് ഉണ്ടായതായി കമ്പനിയായ ബ്രിജ്ജർ പൈപ്പ്‌ലൈൻ വ്യക്തമാക്കി. ഓയിൽ നദീജലത്തിലേക്ക് കലർന്നതിനെത്തുടർന്ന് ഇവിടെ നിന്നുള്ള ജലവിതരണം  അധികൃതർ നിർത്താലാക്കി. അതേസമയം അമ്പതോളം വീടുകളിലെത്തിയ കുടിവെള്ളത്തിൽ എണ്ണ മണവും ചുവയും ഉണ്ടായതായി നിവാസികൾ റിപ്പോർട്ട് ചെയ്തു.

ഗ്ലെൻഡൈവ് നിവാസികൾക്ക് ട്രക്കുകളിൽ ശുദ്ധജലമെത്തിച്ച് വിതരണം ചെയ്യുകയാണ് അധികൃതരിപ്പോൾ. എണ്ണപൈപ്പ് ചോർച്ചയുടെ കാരണം കണ്ടെത്താൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് കമ്പനിയിപ്പോൾ. അതേസമയം എണ്ണചോർച്ച തടഞ്ഞ് യെല്ലോസ്‌റ്റോൺ നദിയിലെ ജലത്തിലെ മാലിന്യം പൂർണമായും നീക്കം ചെയ്തതിനു ശേഷം മാത്രമേ ഇവിടെ നിന്നുള്ള കുടിവെള്ളം ഉപയോഗിക്കാൻ പാടുള്ളൂ എന്ന് ഗ്ലെൻഡൈൻ നിവാസികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

നിലവിൽ എൺവയോൺമെന്റ് പ്രൊട്ടക്ഷൻ ഏജൻസി നടത്തിയ പരിശോധനയിൽ ജലത്തിൽ ഹൈഡ്രോകാർബണുകളുടെ സാന്നിധ്യം ഉയർന്ന തോതിൽ കണ്ടെത്തിയിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ കൂടുതൽ പരിശോധന നടത്തി റിപ്പോർട്ട് തൃപ്തികരമായാൽ മാത്രമേ വെള്ളം ഉപയോഗിക്കാൻ അനുവാദം നൽകൂ.