- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊല്ലപ്പെട്ട ദൃശ്യ പ്ലസ്ടുവിൽ വിനീഷിന്റെ സഹപാഠി; അന്ന് മുതൽ തുടർച്ചയായ പ്രണയാഭ്യർത്ഥനയിൽ പൊറുതിമുട്ടിയപ്പോൾ പൊലീസിൽ പരാതിപ്പെട്ടു; ഇനി ശല്യം ചെയ്യില്ലെന്ന് എഴുതി നൽകിയത് വിനീഷിന്റെ അമ്മയും സഹോദരനും; അവഗണിക്കും തോറും വളർന്നത് സഹപാഠിയുടെ പ്രണയപ്പകയും
മലപ്പുറം: പെരിന്തൽമണ്ണയിൽ പ്രണയം നിരസിച്ചതിന്റെ പേരിൽ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി വിനീഷ് വിനോദ് കൊല്ലപ്പെട്ട ദൃശ്യയുടെ സഹപാഠിയായിരുന്നു. പ്ലസ് ടുവിൽ ദൃശ്യയോടൊപ്പം പഠിച്ചയാളാണ് വിനീഷ്. അന്ന് മുതൽ വിനീഷ് ദൃശ്യയോട് പ്രണയാഭ്യർത്ഥന നടത്തിയിരുന്നു. എന്നാൽ ഒരിക്കൽ പോലും ദൃശ്യ വിനീഷിന്റെ അഭ്യാർത്ഥന സ്വീകരിച്ചിരുന്നില്ല. മാത്രവുമല്ല വിനീഷ് പിറകെ നടന്ന് ശല്യം ചെയ്യുന്ന കാര്യം വീട്ടുകാരെ അറിയിക്കുകയും ചെയ്തിരുന്നു. വിനീഷിന്റെ ശല്യം സഹിക്കവയ്യാതെ മൂന്ന് മാസങ്ങൾക്ക് മുമ്പ് ദൃശ്യയും കുടുംബവും പൊലീസിൽ പരാതി നൽകിയിരുന്നു. പിന്നീട് വിനീഷും കുടുംബവും പൊലീസ് സ്റ്റേഷനിൽ എത്തി ഇനി ശല്യം ചെയ്യില്ലെന്ന് എഴുതി ഒപ്പിട്ടു നൽകിയതിന് ശേഷമാണ് ദൃശ്യയുടെ കുടുംബം പരാതി പിൻവലിച്ചത്.
വിനീഷിന്റെ അമ്മയും സഹോദരനുമാണ് അന്ന് പൊലീസ് സ്റ്റേഷനിലെത്തി ഇനി ദൃശ്യയെ ശല്യം ചെയ്യില്ലെന്ന് ഉറപ്പ് നൽകിയത്. അന്നു തന്നെ പൊലീസ് വിനീഷിന് താക്കീത് നൽകുകയും ചെയ്തിരുന്നു. എന്നാൽ അതിന് ശേഷവും വിനീഷ് ശല്യം ചെയ്യൽ തുടരുകയായിരുന്നു. ഇന്നലെ രാത്രിയിൽ ദൃശ്യയുടെ അച്ഛന്റെ കട കത്തിനശിച്ചപ്പോൾ തന്നെ അതിൽ ദുരൂഹതയുള്ളതായി സികെ ബാലചന്ദ്രനടക്കമുള്ളവർ ആരോപിച്ചിരുന്നു.
ആരോ മനപ്പൂർവ്വം കത്തിച്ചതാണെന്ന് ഇന്നലെ രാത്രിയിൽ തന്നെ സംശയിച്ചിരുന്നു. കാരണം തീ പിടിക്കാനുള്ള യാതൊരു കാരണവും അവിടെയുണ്ടായിരുന്നില്ല. ഷോർട്ട് സർക്യൂട്ടോ ഇടിമിന്നലോ ഉണ്ടായിരുന്നില്ല. ഷോർട്ട് സർക്യൂട്ട് ഇല്ലാതിരിക്കാൻ എല്ലാ ദിവസവും കടയിലെ വൈദ്യുത ബന്ധം വിച്ഛേദിക്കാറുണ്ടായിരുന്നു. ഇന്നലെയും അത് ചെയ്തിരുന്നു. മാത്രവുമല്ല ഇന്നലെ തീ പടർന്നത് ഗോഡൗണിൽ നിന്നാണ്. ഇവിടെ കേവലം ഒരു കേബിൾ വലിച്ച് ബൾബിടുക മാത്രമാണ് ചെയ്തിരുന്നത്. അതുകൊണ്ട് തന്നെ ഷോർട്ട് സർക്യൂട്ടല്ല എന്ന് ഇന്നലെ തന്നെ ഉറപ്പിച്ചിരുന്നു. ഇടിമിന്നലിന്റെ സാധ്യതയും ഇന്നലെ തന്നെ തള്ളിക്കളഞ്ഞിരുന്നു. ആരെങ്കിലും മനപ്പൂർവ്വം കത്തിച്ചതാകാമെന്ന ബലമായ സംശയത്തിലായരുന്നു ബാലചന്ദ്രൻ. എന്നാൽ അതിന് പിന്നിൽ വിനീഷാണ് എന്ന് ഇന്ന് രാവിലെയാണ് ബോധ്യപ്പെട്ടത്. രാവിലെ സംശയം മാത്രമായിരുന്നെങ്കിൽ അറസ്റ്റിലായതിന് ശേഷം വിനീഷ് തീയിട്ടതും താനാണെന്ന കാര്യം സമ്മതിച്ചിട്ടുണ്ട്. ഒറ്റപ്പാലത്തുള്ള ലോ കോളേജിലെ എൽഎൽബി വിദ്യാർത്ഥിയാണ് കൊല്ലപ്പെട്ട ദൃശ്യ. പരിക്കേറ്റ ദൃശ്യയുടെ സഹോദരി ദേവശ്രീയുടെ നില ഗുരുതരമായി തുടരുകയാണ്. നെഞ്ചിലും കയ്യിലുമാണ് ദേവശ്രീക്ക് കുത്തേറ്റിട്ടുള്ളത്.
കൊലപാതകത്തിന് ശേഷം രക്ഷപ്പെടാനായി ഓട്ടോയിലേക്ക് ഓടിക്കയറിയ വിനീഷിനെ ഓട്ടോ ഡ്രൈവർ ജൗഹറാണ് തന്ത്രപൂർവ്വം പൊലീസ് സ്റ്റേഷനിലെത്തിച്ചത്. ഓട്ടോയിലേക്ക് ഓടിക്കയറിയ വിനീഷിനോട് ശരീരത്തിലെ രക്തപ്പാടുകളെ കുറിച്ച് ചോദിച്ചപ്പോൾ അപകടത്തിൽ നിന്നും രക്ഷപ്പെട്ട് വരികയാണെന്നാണ് പറഞ്ഞത്. ഈ സമയത്ത് തന്നെ കൊലപാതകം നടന്ന വാർത്ത സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പ്രതി വിനീഷ് ജൗഹറിന്റെ ഓട്ടോയിലേക്ക് ഓടിക്കയറുന്നത് കണ്ട് നാട്ടുകാർ കൊലപാതകം നടത്തി രക്ഷപ്പെടുന്ന പ്രതിയാണ് വാഹനത്തിൽ കയറിയത് എന്ന് ജൗഹറിനെ രഹസ്യമായി അറിയിക്കുകയായിരുന്നു. പിന്നീട് തന്ത്രപൂർവ്വം വിനീഷിന് സംശയം തോന്നാത്ത വിധം ജൗഹർ വാഹനം പൊലീസ് സ്റ്റേഷനിലേക്ക് എത്തിക്കുകയായിരുന്നു. വാഹനം പൊലീസ് സ്റ്റേഷനിലേക്ക് പോകുമ്പോൾ തന്നെ നാട്ടുകാർ ജൗഹറിന്റെ വാഹനത്തിൽ പ്രതിയുണ്ടെന്ന വിവരം പൊലീസിനെ അറിയിച്ചിരുന്നു.