മലപ്പുറം: പ്രണയം നിരസിച്ചതിന്റെ പേരിൽ വീട്ടിൽ കയറി 21കാരിയെ കുത്തിക്കൊന്ന കേസിൽ പ്രതിയെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. അക്രമത്തിൽ പരുക്കേറ്റ സഹോദരി 14കാരി അപകട നില തരണംചെയ്തു. രാവിലെ പ്രതി വിനീഷ് വിനോദിനെ കൊല്ലപ്പെട്ട ദൃശ്യയുടെ ഏലംകുളത്തെ വീട്ടിലെത്തിച്ചാണ് അന്വേഷണ സംഘം തെളിവെടുത്തത്.

കൊല്ലപ്പെട്ട ഏലംകുളം എളാട് കൂഴന്തറ സ്വദേശിയും എൽ.എൽ.ബി വിദ്യാർത്ഥിനിയുമായ ദൃശ്യയുടെ(21) ശരീരത്തിൽ 22 മുറിവുകളുണ്ടെന്നാണ് ഇൻക്വസ്റ്റ് റിപ്പോർട്ട്. ആഴത്തിലേറ്റ മുറിവുകാരണം ആന്തരിക രക്തസ്രാവമാണ് മരണത്തിന് ഇടയാക്കിയതെന്നാണ് പോസ്റ്റമോർട്ടത്തിലെ പ്രാഥമിക നിഗമനം. നെഞ്ചിൽ നാലുതവണയും വയറിൽ മൂന്നുതവണയും കുത്തിയിട്ടുണ്ട്. കൂടാതെ കൈയിലടക്കം ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും മുറിവുകളുണ്ട്.

അടുക്കള വഴി ദൃശ്യയുടെ വീട്ടിൽ കയറിയ പ്രതി വിനീഷ് വിനോദ് അവിടെയുണ്ടായിരുന്ന വണ്ണം കുറഞ്ഞ് നീളം കൂടിയ കത്തിയെടുത്താണ് ദൃശ്യയെ ആക്രമിച്ചത്. തന്റെ കൈവശമുണ്ടായിരുന്ന ചെറിയ കത്തിയേക്കാൾ ഫലപ്രദമാണെന്നതിനാലായിരുന്നു ഇതെന്ന് പ്രതി തെളിവെടുപ്പിനിടെ പൊലീസിനോട് പറഞ്ഞു. പ്രതിയെ ഇന്നലെ ദൃശ്യയുടെ വീട്ടിലും പരിസരത്തുമെത്തിച്ച് തെളിവെടുത്തു.

ദൃശ്യയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ കുത്തേറ്റ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള സഹോദരി 14വയസ്സുകാരി ദേവശ്രീ ശസ്ത്രക്രിയക്ക് ശേഷം അപകടനില തരണം ചെയ്തു വരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. കൊലപാതകത്തിന് തലേന്ന് രാവിലെ മഞ്ചേരി നറുകരയിലെ വാടകവീട്ടിൽ നിന്ന് നടന്നും ലിഫ്റ്റ് ചോദിച്ച് ചരക്കലോറിയിലും ബൈക്കിലുമായി യാത്ര ചെയ്തുമാണ് വൈകന്നേരത്തോടെ വിനീഷ് പെരിന്തൽമണ്ണയിലെത്തിയത്.

ദൃശ്യയുടെ പിതാവിന്റെ കടയ്ക്ക് തീയിട്ട ശേഷം നഗരത്തിൽ തന്നെ നിന്നു. രാത്രി അവിടെ നിന്നും 15 കിലോമീറ്ററോളം നടന്ന് ദൃശ്യയുടെ വീടിന്റെ സമീപത്തെ റബർ തോട്ടത്തിലും മറ്റുമായി ഒളിച്ചിരുന്നു. രാവിലെ വീട്ടിലുണ്ടായിരുന്ന ദൃശ്യയുടെ പിതാവ് പുറത്തേക്ക് പോയതോടെ തടയാനാരുമില്ലെന്ന് ഉറപ്പാക്കിയാണ് വീട്ടിലേക്ക് അതിക്രമിച്ചു കയറിയത്.തെളിവെടുപ്പ് വിവരമറിഞ്ഞ് നാട്ടുകാർ രോഷാകുലരായി സംഭവസ്ഥലത്ത് തടിച്ചുകൂടി. ഏറെ പണിപ്പെട്ടാണ് പൊലീസ് തെളിവെടുപ്പ് പൂർത്തിയാക്കിയത്.

കട കത്തിക്കുവാൻ താൻ ഉപയോഗിച്ച ലൈറ്ററും ധരിച്ചിരുന്ന ചെരുപ്പും മാസ്‌കും ദൃശ്യയുടെ വീട്ടിൽ ഉപേക്ഷിച്ചതായി പ്രതി പറഞ്ഞു. ഇവ പൊലീസ് കണ്ടെടുത്തു.രാവിലെ പത്തിനാരംഭിച്ച തെളിവെടുപ്പ് ഉച്ചയ്ക്ക് 12.30 വരെ നീണ്ടു. ഉച്ചയ്ക്കു ശേഷം വൈദ്യപരിശോധന നടത്തി പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൂടുതൽ അന്വേഷണത്തിനായി വിനീഷിനെ കസ്റ്റഡിയിൽ കിട്ടാൻ പൊലീസ് അപേക്ഷ സമർപ്പിക്കും.