മസ്‌ക്കറ്റ്: മലയാളികളുൾപ്പെടെ അഞ്ചു പേരുടെ മരണത്തിന് ഇടയാക്കിയ അപകടമുൾപ്പെടെ ഈദ് അവധി ദിവസങ്ങളിൽ ഒമാനിൽ അരങ്ങേറിയ വാഹനാപകടങ്ങളുടെ പശ്ചാത്തലത്തിൽ ജാഗ്രതാ നിർദേശവുമായി റോയൽ ഒമാൻ പൊലീസ്. വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും സുരക്ഷിത വാഹനമോടിക്കലിനുള്ള നിർദേശങ്ങളും ഒമാൻ പൊലീസ് നൽകി.
ഈദ് അവധി ദിനങ്ങളിൽ നടന്ന മൂന്ന് വ്യത്യസ്ത അപകടങ്ങളിലായി  ഒമ്പതു പേർ കൊല്ലപ്പെടുകയും 39 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. വാഹനമോടിക്കുന്നതിലെ അശ്രദ്ധയാണ് ഹൈമയിൽ ഏഴു പേരുടെ ജീവനെടുത്തതെന്നും പൊലീസ് വ്യക്തമാക്കുന്നു. മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ കാർ ബസിൽ ഇടിച്ചാണ് രണ്ട് മലയാളികൾ ഉൾപ്പെടെ ഏഴുപേർ മരിച്ചത്.

ഈദ് അവധി ദിവസങ്ങളിൽ നടക്കുന്ന ഇത്തരം അപകടങ്ങളെ ഭീതിയോടെയാണ് പൊലീസ് നോക്കിക്കാണുന്നത്. ഓരോ വർഷവും ഈദ് അവധിയിൽ അപകടങ്ങളുടെ പരമ്പര തന്നെയാണ് ഉണ്ടാകുന്നതെന്നും ഇതിനെതിരേ ഏവരും ജാഗ്രത പാലിക്കണമെന്നുമാണ് ആർഒപി വ്യക്തമാക്കുന്നത്.

റോഡ് സുരക്ഷയുടെ കാര്യത്തിൽ കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ ഏറെ പുരോഗമനം വന്നിട്ടുണ്ടെങ്കിലും ഓരോ വർഷവും അപകടങ്ങൾ വർധിച്ചു വരികയാണെന്ന് ഒമാൻ റോഡ് സേഫ്റ്റി അസോസിയേഷൻ ചൂണ്ടിക്കാട്ടി. ഗതാഗത നിയമം തെറ്റിക്കുന്നവരുടെ ലൈസൻസ് റദ്ദാക്കുക, ബസുകൾക്ക് സ്പീഡ് ലിമിറ്ററുകൾ ഘടിപ്പിക്കുക, ഗതാഗതം നിയമം തെറ്റിക്കുന്നവരുടെ വാഹനം പിടിച്ചെടുക്കുക തുടങ്ങിയ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും ഒമാൻ റോഡ് സേഫ്റ്റി അസോസിയേഷൻ പറയുന്നു.