റിയാദ്: ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരെ കുടുക്കാൻ കർശന നിയമനടപടികളുമായി സൗദി അറേബ്യ. വാഹനാപകടം കുറയ്ക്കുന്നതിന് നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പുതിയ നിയമപരിഷ്‌ക്കാരത്തിലാണ് ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർക്ക് കടുത്തശിക്ഷയുമായി അധികൃതർ മുന്നോട്ടു വന്നിരിക്കുന്നത്.

ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതായി കണ്ടുപിടിച്ചാൽ ആദ്യം അവർക്ക് പിഴ ശിക്ഷയായിരിക്കും വിധിക്കുക. എന്നാൽ തുടർച്ചയായി നിയമലംഘനം നടത്തുന്നവരെ ജയിലിൽ അടയ്ക്കാൻ തന്നെയാണ് ട്രാഫിക് അധികൃതരുടെ തീരുമാനം. പൊതുജനങ്ങളുടെ ജീവനു ഭീഷണിയാകുന്ന ഇത്തരം ചെയ്തികൾ ഇല്ലാതാക്കാനാണ് കടുത്ത നിയമങ്ങൾ നടപ്പാക്കുന്നതെന്ന് വക്താവ് അറിയിക്കുന്നു.

ലോകത്തിൽ തന്നെ റോഡപകട നിരക്ക് ഏറ്റവും കൂടുതലുള്ള രാജ്യങ്ങളിലൊന്നാണ് സൗദിയെന്നാണ് വിലയിരുത്തുന്നത്. 2014-ലെ ആദ്യ നാലു മാസത്തിനുള്ളിൽ തന്നെ 162,000 റോഡ് അപകടങ്ങളാണ് സൗദിയിൽ അരങ്ങേറിയത്. പ്രതിദിനം 20 പേരാണ് മരിക്കുന്നത്. അടുത്തിടെയുണ്ടായ വാഹനാപകടങ്ങളിൽ 12,200 പേർക്കാണ് പരിക്കേറ്റതെന്ന് പൊലീസ് റെക്കോർഡുകൾ വ്യക്തമാക്കുന്നു. അശ്രദ്ധമായി വാഹനം ഓടിക്കുന്നത് തന്നെയാണ് അപകടങ്ങൾക്ക് പ്രധാന കാരണം. ട്രാഫിക് നിയമങ്ങൾ പാലിക്കപ്പെടാത്തതും അപകട നിരക്ക് വർദ്ധിപ്പിക്കുന്നു.