കുവൈറ്റ് സിറ്റി: കുവൈറ്റിൽ ഈ വർഷം ഇതുവരെ 32,000 പ്രവാസികളുടെ ഡ്രൈവിങ് ലൈസൻസുകൾ റദ്ദാക്കിയെന്ന് അധികൃതർ അറിയിച്ചു. വിവിധ മന്ത്രാലയങ്ങളിലെ വിവരങ്ങൾ ഉൾപ്പെടെ പരിശോധിച്ച ശേഷമാണ് ഇപ്പോൾ ലൈസൻസ് അനുവദിക്കുന്നതെന്നും അധികൃതർ അറിയിച്ചു.

ലൈസൻസ് ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയവരുടെയും അനധികൃതമായും വ്യാജ രേഖകൾ നൽകിയും സമ്പാദിച്ച ലൈസൻസുകളുമാണ് ഈ വർഷം ഇതുവരെയുള്ള 10 മാസത്തിനുള്ളിൽ റദ്ദാക്കിയത്.

ഈ വർഷം ഇതുവരെ 2400 കുവൈത്ത് സ്വദേശികളുടെ ഡ്രൈവിങ് ലൈസൻസുകളും റദ്ദാക്കിയിട്ടുണ്ട്. സ്വദേശികളിൽ മാനസിക രോഗമുള്ളവരുടെയും കാഴ്ച പരിശോധനയിൽ പരാജയപ്പെട്ടവരുടെയും ലൈസൻസുകളാണ് റദ്ദാക്കിയത്.

ഇവരിൽ ഭൂരിപക്ഷവും പുരുഷന്മാരാണ്. മുൻ വർഷങ്ങളിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ഈ വർഷം ഒക്ടോബർ അവസാനം വരെ അനുവദിച്ച പുതിയ ലൈസൻസുകളുടെ എണ്ണത്തിൽ 43 ശതമാനത്തിന്റെ കുറവും രേഖപ്പെടുത്തിയിട്ടുണ്ട്. 41,000 ഡ്രൈവിങ് ലൈസൻസുകളാണ് കുവൈത്തിൽ ഈ വർഷം അനുവദിച്ചത്.

രാജ്യത്തെ ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ കർശനമാക്കിയതും പരിശോധന കൂടുതൽ കാര്യക്ഷമമാക്കിയതുമാണ് അനുവദിക്കുന്ന ലൈസൻസുകളുടെ എണ്ണം കുറയാൻ പ്രധാന കാരണം.