സുപ്പർഹിറ്റ് മലയാള ചിത്രം ഡ്രൈവിങ്ങ് ലൈസൻസ് ഇനി തമിഴിലേക്കും. എസ്.ജെ സൂര്യയും ചിലമ്പരശനും പ്രധാന കഥാപാത്രങ്ങളായി ചിത്രം തമിഴിലേക്കും റീമേക്ക് ചെയ്യുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ.മാനാട് കോമ്പോ വീണ്ടും ഒന്നിക്കുന്ന സന്തോഷവും ആരാധകർക്കുണ്ട്.

വാലു, സ്‌കെച്ച്, സംഗത്തമിഴൻ എന്നീ ചിത്രങ്ങളൊരുക്കിയ വിജയ് ചന്ദർ ആയിരിക്കും സംവിധായകൻ. മലയാളത്തിൽ പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും അവതരിപ്പിച്ച കഥാപാത്രങ്ങളാണ് ചിമ്പുവും എസ്.ജെ. സൂര്യയും റീമേക്കിൽ അവതരിപ്പിക്കുക.
2019ലെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായിരുന്നു പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും പ്രധാനവേഷത്തിൽ എത്തിയ ഡ്രൈംവിഗ് ലൈസൻസ് എന്ന ചിത്രം.

സച്ചി എഴുതി ലാൽ ജൂനിയർ സംവിധാനം ചെയ്ത ചിത്രം ഹിന്ദിയിലും റീമേക്ക് ചെയ്യുന്നുണ്ട്. ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാറും ഇമ്രാൻ ഹാഷ്മിയുമാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്.സെൽഫി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ച കാര്യം നടൻ പൃഥ്വിരാജ് തന്നെയായിരുന്നു ആരാധകരെ അറിയിച്ചത്. രാജ് മേത്തയാണ് സെൽഫിയുടെ സംവിധാനം.

ചിത്രത്തിന്റെ ഹിന്ദിയിലെ നിർമ്മാതാക്കളിൽ ഒരാൾ കൂടിയാണ് പൃഥ്വിരാജ്. പൃഥ്വിരാജ് പ്രൊഡക്ഷൻസിനൊപ്പം മാജിക് ഫ്രെയിംസ്, ധർമ്മ പ്രൊഡക്ഷൻസ്, കേപ് ഓഫ് ഗുഡ് ഫിലിംസ് എന്നിവയുമായി സഹകരിച്ചാണ് ചിത്രം നിർമ്മിക്കുന്നത്.