കുവൈത്ത് സിറ്റി: പുതിയ ഡ്രൈവിങ് ലൈസൻസ് നിയമം പ്രാബല്യത്തിൽ വന്നതോടെ പഴയ ഡ്രൈവിങ് ലൈസൻസുകളുടെ അംഗീകാരം റദ്ദാക്കിയെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.പഴയനിയമപ്രകാരമുള്ള ലൈസൻസുകൾ പുതുക്കുന്നതിന് നിയമപരിഷ്‌കരണം തടസ്സമാകില്ലെന്നും മന്ത്രാലയം വിശദീകരിച്ചു.

വിദേശികൾക്ക് ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള ശമ്പള പരിധി 400 ദിനാറിൽ നിന്ന് 600 ദീനാറായി ഉയർത്തിയതാണ് ലൈസൻസ് നിയമത്തിലെ കാതലായ പരിഷ്‌കരണം .നേരത്തെ അടിസ്ഥാന ശമ്പളം 400 ആയിരുന്നപ്പോൾ കരസ്തമാക്കിയവരിൽ നിന്നും ഡ്രൈവിങ് ലൈസൻസ് തിരിച്ചു വാങ്ങുമെന്നാണ് വാർത്ത പരന്നിരുന്നത്.

മറ്റൊരു തൊഴിലിലേക്ക് വിസ മാറിയാൽ ലൈസൻസ് പുതിയ നിയമപ്രകാരം പുതുക്കണം. പഴയത് കാലാവധി തീരുന്നതുവരെ നിലനിൽക്കും. ഒരു ദീനാറാണ് ലൈസൻസ് പുതുക്കാൻ നൽകേണ്ടത്. കാലാവധിയുള്ള ലൈസൻസ് നഷ്ടപ്പെട്ടാലും ഒരു വർഷംകൂടി പുതുക്കിനൽകും. എന്നാൽ, ഇഖാമ കാലാവധിക്കുള്ളിൽ മാത്രമേ ഡ്രൈവിങ് ലൈസൻസും നൽകുകയുള്ളൂ. മറ്റൊരു പ്രധാന പരിഷ്‌കരണം ഡ്രൈവിങ് ലൈസൻസിന്റെ കാലപരിധി ഇഖാമ കാലാവധിയുമായി ബന്ധിപ്പിക്കുമെന്നുള്ളതാണ്. ഇഖാമ കാലാവധി അവസാനിക്കുമ്പോൾതന്നെ ലൈസൻസിന്റെ കാലപരിധിയും അവസാനിക്കും. വിദേശികൾക്ക് ഒരു വർഷത്തേക്കാണ് പുതിയ ലൈസൻസ് നൽകുന്നത്.

രാജ്യത്തെ ഗതാഗത കുരുക്കും വാഹനാപകടങ്ങളും കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ലൈസൻസ് നടപടിക്രമങ്ങളിൽ പരിഷ്‌കരണം ഏർപ്പെടുത്തുത്തിയത്.