തിരുവനന്തപുരം: സംസ്ഥാനത്തെ ഡ്രൈവിങ്ങ് പരിശീലന കേന്ദ്രങ്ങളുടെ പ്രവർത്തനം അവതാളത്തിൽ. ലൈസൻസ് പരീക്ഷയ്ക്കുള്ള തീയ്യതി കിട്ടാതെ വലയുകയാണ് പഠിതാക്കൾ. മോട്ടോർ വാഹന വകുപ്പാകട്ടെ 2020 ഫെബ്രുവരിക്ക് ശേഷമുള്ള മുഴുവൻ ലേണേഴ്‌സിന്റെയും കാലാവധി നീട്ടിക്കൊണ്ടിരിക്കുകയുമാണ്. രണ്ട് ലോക്ഡൗണും തുടർനിയന്ത്രണങ്ങളുമാണ് ഡ്രൈവിങ്ങ് സ്‌കുളുകളുടെ പ്രവർത്തനത്തെ അവതാളത്തിലാക്കയത്.ആയിരങ്ങളാണ് ലേണേഴ്സ് ലൈസൻസെടുത്ത് ഡ്രൈവിങ് പരീക്ഷയ്ക്കുള്ള തീയതിക്കായി കാത്തരിക്കുന്നത്. ആറുമാസമാണ് ലേണേഴ്സ് ലൈസൻസ് കാലാവധി. അതിനുള്ളിൽ ഡ്രൈവിങ് പരീക്ഷ ജയിച്ചില്ലെങ്കിൽ വീണ്ടും ലേണേഴ്സെടുക്കണം.

കോവിഡ് നിയന്ത്രണം കാരണം ഒരു ട്രാൻസ്പോർട്ട് ഓഫീസിനുകീഴിൽ ദിവസം പരമാവധി 55 പേർക്കേ ടെസ്റ്റ് അനുവദിക്കുന്നുള്ളൂ. രാവിലെ 8.30 മുതൽ 9.30 വരെ 20 പേർക്കും 9.30 മുതൽ 10.30 വരെ 20 പേർക്കും തുടർന്നുള്ള ഒരുമണിക്കൂറിൽ 15 പേർക്കും. ചിലേടത്ത് 40 പേർക്കേ ഉള്ളൂ. കേരളത്തിൽ എൺപതോളം ആർ.ടി.ഒ./ജോയിന്റ് ആർ.ടി.ഒ. ഓഫീസുകളാണുള്ളതെന്നിരിക്കെ ദിവസം നാലായിരത്തോളം പേർക്കേ ടെസ്റ്റ് നടത്താൻ കഴിയുന്നുള്ളൂ. ഒന്നരവർഷം മുമ്പുള്ള അപേക്ഷകരാണിതിന് വന്നുകൊണ്ടിരിക്കുന്നത്.ടെസ്റ്റ് യഥാസമയം നടത്താൻ പറ്റാത്തതിനാൽ 2020 ഫെബ്രുവരിക്കുശേഷമുള്ള ലേണേഴ്സ് കാലാവാധി തുടർച്ചയായി നീട്ടിക്കൊടുക്കുകയാണ് മോട്ടോർ വാഹനവകുപ്പ്. ഏറ്റവുമൊടുവിൽ സെപ്റ്റംബർ 30 വരെ നീട്ടിയിട്ടുണ്ട്. ഇനിയും നീട്ടേണ്ടിവരുമെന്ന് വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.

ലേണേഴ്സ് ലൈസൻസുള്ളവർക്ക് മുന്നിലും പിന്നിലും 'എൽ' ബോർഡ് വെച്ച് വാഹനമോടിക്കാം, പക്ഷേ ശരിയായ ലൈസൻസുള്ള ഒരാൾ ഒപ്പമുണ്ടാകണം. ഈ നിബന്ധനയ്ക്കുനേരേ കണ്ണടയ്ക്കുകയാണ് ഇപ്പോൾ വകുപ്പ് ചെയ്യുന്നത്.ലേണേഴ്സിനുള്ള അപേക്ഷയും പരീക്ഷയും ഓൺലൈനാണ്. അതിന് എല്ലാവർക്കും തീയതി കിട്ടുന്നുണ്ട്. മിക്കവരും ജയിക്കുകയും ചെയ്യുന്നു. അതിനുശേഷമുള്ള ഡ്രൈവിങ് പരീക്ഷാ അപേക്ഷയും ഓൺലൈനാണ്. ഇതിലൂടെ തീയതി അനുവദിച്ചുകിട്ടും. ഈ തീയതിയാണ് ഇപ്പോൾ കിട്ടാത്തത്.

ഇതിനുള്ള പോർട്ടൽ തുറന്നുകിട്ടുന്നില്ലെന്ന് അപേക്ഷകർ പറയുന്നു. പുലർച്ചെ ആറിനും പാതിരാത്രിയും ഒന്നോ രണ്ടോ മിനിട്ട് നേരത്തേക്ക് ഇത് പ്രവർത്തന ക്ഷമമാകും. അതുകഴിയുമ്പോൾ അടയും. ആഴ്ചകളായി ശ്രമിച്ച് കിട്ടാത്തവർ നിരവധിയാണ്. കാവിഡിനുമുമ്പ് ദിവസം 100-120 പേർക്ക് പരീക്ഷ നടത്തിയിരുന്നു. കോവിഡ് കാരണം സ്വന്തം വാഹനം ഉപയോഗിക്കുന്നവരുടെ എണ്ണം ക്രമാതീതമായികൂടി വരികയാണ്. എന്നിരിക്കെ ലൈസൻസ് അപേക്ഷകരും കൂടി. അടുത്തകാലത്തായി പുരുഷന്മാരേക്കാൾ സ്ത്രീകളാണ് പഠിക്കാൻ വരുന്നതെന്ന് ഡ്രൈവിങ് സ്‌കൂൾ ഉടമകൾ പറയുന്നു.