- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കടത്താൻ ശ്രമിച്ചത് ആക്രമണത്തിന് ഉപയോഗിക്കാവുന്ന റിമോട്ട് നിയന്ത്രിച്ച് പറത്താൻ കഴിയുന്ന ഉപകരണങ്ങൾ; ഒളിപ്പിച്ചത് ചോക്ലേറ്റ് പൊതികളിലും ബിസ്കറ്റിനൊപ്പവും; പിടിച്ചെടുത്തത് ഭീകരാക്രമണത്തിന് ഉപയോഗിക്കാൻ കഴിയുന്ന ആളില്ലാ വിമാനങ്ങൾക്ക് സമാനമായ എട്ട് ഡ്രോണുകൾ; ഷാർജയിൽ നിന്ന് തിരുവനന്തപുരത്ത് എത്തിയവരുടെ ലക്ഷ്യം കണ്ടെത്താൻ അന്വേഷണം
തിരുവനന്തപുരം: നിരോധിച്ച ഡ്രോണുകളുമായി വിദേശത്തുനിന്നെത്തിയ നാലു യാത്രക്കാർ തിരുവനന്തപുരം വിമാനത്താവളത്തിൽ പിടിയിലാകുമ്പോൾ വിശദ അന്വേഷണത്തിന് പൊലീസ്. കണ്ടെത്തിയത് നിരോധിച്ച വിഭാഗത്തിലുള്ള ഡ്രോണുകളായതിനാൽ സംസ്ഥാന-കേന്ദ്ര രഹസ്യ പൊലീസ് വിഭാഗങ്ങളും അന്വേഷണമാരംഭിച്ചു. കൂടുതൽ തെളിവു കിട്ടിയാൽ സംഭവത്തിൽ അന്വേഷണം വിദേശത്തേക്കും നീളും.
ഷാർജയിൽനിന്ന് ചൊവ്വാഴ്ച രാത്രി 11.30-ന് തിരുവനന്തപുരത്തെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാരാണ് കസ്റ്റംസിന്റെ എയർ ഇന്റലിജൻസ് വിഭാഗം പിടികൂടിയത്. കസ്റ്റംസ് എയർ ഇന്റലിജൻസ് അസി. കമ്മിഷണർ എൻ.എസ്.ദേവ്, സൂപ്രണ്ട് സി.രാമചന്ദ്രൻ, ഇൻസ്പെക്ടർമാരായ ഡി.വിശാഖ്, ദിലേഷ്, അമൻ എന്നിവരാണ് ഇവരെ പിടികൂടിയത്. തീവ്രവാദികൾക്ക് കൈമാറുകയായിരുന്നോ ഉദ്യേശമെന്ന സംശയവും ഉയരുന്നുണ്ട്.
മഹാരാഷ്ട്രക്കാരായ ഗുൽദാസ് അബ്ദുൽ കരീം, മുഹമ്മദ് സോയൻ ഉസ്മാൻ, ത്രിവേണി പ്രമോദ്, തമിഴ്നാട് സ്വദേശിയായ മുഹമ്മദ് ഇർഫാൻ എന്നിവരാണ് പിടിയിലായത്. ഇവരിൽനിന്ന് അത്യാധുനിക സംവിധാനങ്ങളോടുകൂടിയതും ദൃശ്യങ്ങൾ ചിത്രീകരിക്കാൻ മികച്ച ശേഷിയുള്ളതുമായ എട്ട് ഡ്രോണുകളാണ് പിടിച്ചെടുത്തത്. ഇവർക്കെതിരേ കസ്റ്റംസ് കേസെടുത്തിട്ടുണ്ട്. നാല് ഐഫോണുകളും നാല് വാച്ചുകളും ഇവരിൽനിന്നു കണ്ടെടുത്തിട്ടുണ്ട്.
ബാഗുകൾക്കുള്ളിൽ ചോക്ലേറ്റ് പൊതികളിലും ബിസ്കറ്റ് പൊതികളിലുമായാണ് ഡ്രോണിന്റെ ഭാഗങ്ങൾ ഇളക്കി ഒളിപ്പിച്ചിരുന്നതെന്ന് കസ്റ്റംസ് അധികൃതർ പറഞ്ഞു. അതായത് പിടിക്കപ്പെടാതിരിക്കാനുള്ള മുൻ കരുതലുകൾ എല്ലാം അവർ എടുത്തിരുന്നു. സംശയം തോന്നിയുള്ള പരിശോധനയിലാണ് ഡ്രോൺ കണ്ടെത്തിയത്. പത്തു ദിവസം മുൻപ് സന്ദർശക വിസയിൽ മുംബൈ വഴിയാണ് നാലുപേരും ഷാർജയിലെത്തിയത്.
ഷാർജയിലുള്ളവരാണ് തങ്ങൾക്ക് ഡ്രോണുകൾ തന്നുവിട്ടതെന്ന് പിടിയിലായവർ കസ്റ്റംസ് അധികൃതരോടു സമ്മതിച്ചു. തമിഴ്നാട്ടിലെത്തിച്ച ശേഷം ഇവ വാങ്ങാനായി ആളെത്തുമെന്നാണ് തന്നയച്ചവർ ഇവർക്കു നൽകിയ നിർദ്ദേശം. ഇന്ത്യയിൽ നിരോധിച്ചിരിക്കുന്ന വിദേശ വിഭാഗത്തിലുള്ള ഡ്രോണുകളാണ് കണ്ടെടുത്തത്. ഈ വിവരം പൊലീസിനും കേന്ദ്ര ഏജൻസികൾക്കും കൈമാറി. ഇതോടെയാണ് അവർ അന്വേഷണം തുടങ്ങിയത്.
ഭീകരരും സാമൂഹിക വിരുദ്ധരും റിമോട്ട് നിയന്ത്രിച്ച് പറത്താൻ കഴിയുന്ന ഉപകരണങ്ങൾ ഉപയോഗിച്ച് ആക്രമണം നടത്താനുള്ള സാധ്യത കണക്കിലെടുത്താണ് ചില ഇനം ഡ്രോണുകൾക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ