ന്യൂഡൽഹി: ജമ്മുവിലെ ഡ്രോൺ ഭീകരാക്രമണത്തിന് പിന്നാലെ ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിരോധ - ആഭ്യന്തര മന്ത്രിമാരും ദേശീയ സുരക്ഷാ ഉപദേഷ്ടാവും യോഗത്തിൽ പങ്കെടുത്തു. ആക്രമണങ്ങളെ ശക്തമായി പ്രതിരോധിച്ച് മുന്നോട്ടുപോകാനുള്ള നിർദ്ദേശം സൈന്യത്തിന് യോഗം നൽകി. ശക്തമായ ഇടപെടൽ വേണമെന്ന് ഐക്യരാഷ്ട്ര സഭയിലും ഇന്ത്യ ആവശ്യപ്പെട്ടു.

അതിർത്തികളിൽ ഡ്രോൺ ഉപയോഗിച്ചുള്ള ആക്രമണം ഭീഷണിയായിരിക്കെയാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതലയോഗം . ലഡാക്ക് സന്ദർശനം പൂർത്തിയാക്കി എത്തിയ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങ് മേഖലയിലെ സാഹചര്യങ്ങൾ പ്രധാനമന്ത്രിയെ ധരിപ്പിച്ചു. ജമ്മു ആക്രമണത്തെ സംബന്ധിച്ച് വിശദമായ ചർച്ച നടന്നെന്നാണ് റിപ്പോർട്ടുകൾ. രാജ്‌നാഥ് സിങ്ങിനെ കൂടാതെ ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ദോവൽ, എന്നിവരും പങ്കെടുത്തു.

പുതിയ ആക്രമണ രീതിയെ പ്രതിരോധിക്കുന്നത് സംബന്ധിച്ച ചർച്ചകൾ യോഗത്തിൽ നടന്നു. സൈന്യത്തിൽ വരുത്തേണ്ട ആധുനികവൽക്കരണം, അടിയന്തിര മാറ്റങ്ങൾ, എന്നിവയെ കുറിച്ചും ചർച്ച നടന്നതായാണ് സൂചന. മോദിയുമായുള്ള കൂടിക്കാഴ്‌ച്ചക്ക് മുന്നോടിയായി ഉന്നത വ്യോമസേന ഉദ്യോഗസ്ഥരെ രാജ്‌നാഥ് സിങ്ങ് കണ്ടിരുന്നു.

ഭീകരാക്രമണങ്ങൾക്കെതിരായ ഐക്യരാഷ്ട്രസഭയുടെ യോഗത്തിലാണ് ഇന്ത്യ നിലപാട് കർശനമാക്കിയത്. ഇത്തരം ആക്രമണങ്ങൾക്ക് സാങ്കേതികവിദ്യയുടെ ദുരുപയോഗത്തിനായി ചില രാജ്യങ്ങളുടെ സഹായം കിട്ടുന്നുവെന്ന് ഇന്ത്യ തുറന്നടിച്ചു. ഇതിനെതിരെ യോജിച്ച പ്രവർത്തനമുണ്ടാകണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. പാക്കിസ്ഥാന് ഡ്രോൺ ഉപയോഗത്തിന് ചൈനയുടെ സഹായം കിട്ടുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് ഇന്ത്യ ഈക്കാര്യം ഉന്നയിച്ചത്.

ഇതിനിടെ ജമ്മു ഡ്രോൺ ആക്രമണത്തിലുള്ള അന്വേഷണം കേന്ദ്ര ആഭ്യന്തര മന്ത്രാലയം എൻഐഎയ്ക്ക് കൈമാറി.. അവന്തിപ്പുരയിൽ സിപിഒ ഫയാസ് അഹമ്മദിനെയും കുടുംബത്തെയും കൊലപ്പെടുത്തിയ സംഭവത്തിന് പിന്നിൽ ജയ്‌ഷേ ഭീകരരാണെന്ന് ജമ്മു കശ്മീർ പൊലീസ് വ്യക്തമാക്കി.

ഇന്നലെ ജമ്മുവിലെ സൈനിക കേന്ദ്രത്തിനു സമീപത്തും രണ്ടു ഡ്രോണുകൾ കണ്ടതോടെ സൈന്യം അതീവജാഗ്രതയിലാണ്. രണ്ടു ഡ്രോണുകളും സൈന്യം വെടിവച്ച് തുരത്തുകയായിരുന്നു. പാക്ക് ഭീകര സംഘടനയായ ലഷ്‌കറെ തയ്ബയാണ് ആക്രമണത്തിനു പിന്നിലെന്ന് ജമ്മു കശ്മീർ പൊലീസ് മേധാവി ദിൽബാഗ് സിങ് വ്യക്തമാക്കിയിരുന്നു. ഞായറാഴ്ചയാണ് ജമ്മു വിമാനത്താവളത്തിലെ വ്യോമകേന്ദ്രത്തിനു നേരേ ഡ്രോൺ ആക്രമണം ഉണ്ടായത്. രാജ്യത്ത് ആദ്യമായാണ് ഇത്തരത്തിൽ സൈനിക കേന്ദ്രത്തിനു നേരേ ഡ്രോൺ ആക്രമണം.